2018-01-15 09:02:00

സുവിശേഷാനന്ദവുമായി പാപ്പായുടെ 22-ാമതു പര്യടനം


ഫ്രാന്‍സീസ് പാപ്പാ, 2018, ജനുവരി 15-21 തീയതികളില്‍ ചിലി, പെറു രാജ്യങ്ങളിലേയ്ക്കു നടത്തുന്ന പര്യടനത്തിനൊരുക്കമായി, അവിടുത്തെ സഹോദരങ്ങള്‍ക്കായി ജനുവരി 9-ാം തീയതി വീഡിയോ സന്ദേശം നല്‍കിയിരുന്നു. ‘പെറുവിലെയും ചിലിയിലെയും സഹോദരീസഹോദരന്മാരെ’ എന്ന അഭിസംബോധനയോടെ ആരംഭിക്കുന്ന സന്ദേശത്തില്‍, അവരെ ഏറ്റം വാത്സല്യത്തോടെ അഭിവാദ്യം ചെയ്തുകൊണ്ട്, സുവിശേഷാനന്ദത്തിന്‍റെ ഒരു തീര്‍ഥാടകനായി, സമാധാനവും പ്രത്യാശയും പങ്കുവയ്ക്കുന്നതിനായി താന്‍ എത്തുന്നുവെന്ന് പാപ്പാ അവരോടു പ്രസ്താവിക്കുന്നു.

പാപ്പാസ്ഥാനം ഏറ്റെടുത്ത വര്‍ഷമായ 2013-ല്‍ ബ്രസീലിലേയ്ക്ക് നടത്തിയ ആദ്യയാത്ര, തുടര്‍ന്ന് 2018-ന്‍റെ ആരംഭത്തില്‍ത്തന്നെ നടത്തുന്ന 22-ാമത് അപ്പസ്തോലിക പര്യടനത്തില്‍ എത്തിനില്‍ക്കുകയാണ്.  2014, 2015 വര്‍ഷങ്ങളില്‍ അഞ്ചുവീതവും 2016-ല്‍ ആറും 2017-ല്‍ നാലും അപ്പസ്തോലികപര്യടനങ്ങ ളാണ് പാപ്പാ നടത്തിയിരിക്കുന്നത്. ആദ്യയാത്രയ്ക്കുശേഷം, 2015-ല്‍ ബൊളീവിയ, ഇക്വദോര്‍, പരാ ഗ്വേ എന്നീ രാജ്യങ്ങളും  2017- ല്‍ കൊളൊംബിയ രാജ്യവും സന്ദര്‍ശിക്കുന്നതിന് തെക്കേ അമേരിക്കയിലേക്ക് പാപ്പാ അപ്പസ്തോലിക പര്യടനങ്ങള്‍ നടത്തിയിരുന്നു. 2018-ലെ പര്യടനപദ്ധതികളുടെ ആരംഭവും തെക്കേ അമേരിക്കയിലേക്കു നടത്തുന്ന 22-ാമത് അപ്പസ്തോലിക പര്യടനമാണ്. അതെ, ത ക്കേ അമേരിക്കയുടെ പടിഞ്ഞാറന്‍തീരം ഏതാണ്ടു പൂര്‍ണമായും പാപ്പായുടെ ഈ സന്ദര്‍ശനത്താല്‍ അനുഗൃഹീതമാവുകയാണ്.  അവരോടൊന്നിച്ചു ചേരുമ്പോള്‍ താന്‍ ആഗ്രഹിക്കുന്നത് എന്താണെന്നു പാപ്പാ വീഡിയോ സന്ദേശത്തില്‍ അവരെ അറിയിക്കുന്നുണ്ട്:

നിങ്ങളുമായി കൂടിക്കാണുന്നതിന്, നിങ്ങളുടെ കണ്ണുകളിലേക്കു നോക്കുന്നതിന്, നിങ്ങളുടെ വദനങ്ങളും ശക്തിയും ദര്‍ശിക്കുന്നതിന്, നാമൊരുമിച്ച്, ദൈവത്തിന് നമ്മോടുള്ള അടുപ്പം, നമ്മെ പുല്‍കുകയും സമാശ്വാസിപ്പിക്കുകയും ചെയ്യുന്ന അവിടുത്തെ, വാത്സല്യവും കാരുണ്യവും അനുഭവിക്കുന്നതിന്, ഞാന്‍ ആഗ്രഹിക്കുന്നു.

ഫ്രാന്‍സീസ് പാപ്പായുടെ യാത്രയും സന്ദര്‍ശന പരിപാടികളും

വി. ജോണ്‍ പോള്‍ പാപ്പായ്ക്കുശേഷം ചിലി, പെറു രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് ഫ്രാന്‍സിസ് പാപ്പായാണ്.  1985-ല്‍ പെറു സന്ദര്‍ശിച്ച, തീര്‍ഥാടകനായ പാപ്പാ എന്നു വിളിക്കപ്പെടുന്ന വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ, 1987-ലാണ് ചിലി സന്ദര്‍ശിച്ചത്.

ഫ്രാന്‍സീസ് പാപ്പായുടെ 22-ാമത് അപ്പസ്തോലികപര്യടനത്തില്‍ ആദ്യസന്ദര്‍ശനത്തിനു വേദിയാകുന്നത് ചിലിയാണ്. റോമിലെ ഫ്യുമിച്ചീനോ വിമാനത്താവളത്തില്‍ നിന്ന് ജനുവരി 15-ാംതീയതി രാ വിലെ 8.30-ന് പുറപ്പെടുന്ന പാപ്പായ്ക്ക് ചിലിയുടെ തലസ്ഥാനമായ സാന്തിയാഗോയിലേക്കു 15 മണി ക്കൂര്‍ 40 മിനിറ്റ് യാത്ര ചെയ്യേണ്ടതുണ്ട്. ഇറ്റലിയില്‍നിന്നുളള യാത്രയില്‍ പാപ്പാ കടന്നുപോകുന്ന രാജ്യങ്ങള്‍ ഫ്രാന്‍സ്, സ്പെയിന്‍, മാറൊക്കോ, കാപോ വേര്‍ദേ, സെനഗള്‍, ബ്രസീല്‍, പരാഗ്വേ, അര്‍ജന്‍റീന എന്നിവയാണ്. അവിടെ പ്രാദേശികസമയം രാത്രി 8.10-നാണ് പാപ്പാ എത്തിച്ചേരുക.  റോമിലെ സമയത്തില്‍നിന്ന് നാലുമണിക്കൂര്‍ പുറകിലാണ് ചിലിയുടെ സമയരേഖ എന്നതിനാല്‍ റോമില്‍ അപ്പോള്‍ സമയം പാതിരാ കഴിഞ്ഞ് പത്തുമിനിറ്റ് .

ചിലിയുടെ തലസ്ഥാനനഗരിയായ സാന്തിയാഗോയില്‍ പാപ്പാ രാഷ്ട്രീയബഹുമതികളോടെ സ്വീകരിക്കപ്പെടും. പ്രസിഡന്‍റ് മിചേല്‍ ബചെലെത് (Michelle Bachelet) സാന്തിയാഗോ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ റിക്കാര്‍ദോ എസ്സാത്തി അന്ദ്രേല്ലോ SDB, ചിലിയിലെ മെത്രാന്‍സമിതി പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് സാന്തിയാഗോ സില്‍വ റെതാമാലെസ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും.

തുടര്‍ന്ന് അവിടെ അപ്പസ്തോലിക സ്ഥാനപതിമന്ദിരത്തിലെത്തി, അത്താഴത്തിനുശേഷം വിശ്രമിക്കുന്ന പാപ്പാ 16-ാം തീയതി സാന്തിയാഗോയില്‍ ചിലിയന്‍ സന്ദര്‍ശനപരിപാടികള്‍ ആരംഭിക്കുകയായി.  പലാസ്യോ ദെ ല മൊണേദ എന്ന രാഷ്ട്രപതിമന്ദിരത്തില്‍ രാഷ്ട്രാധികാരികളുമായും പൗരപ്രമുഖര്‍, നയതന്ത്രപ്രതിനിധികള്‍ എന്നിവരുമായും രാഷ്ട്രത്തിന്‍റെ പ്രസിഡന്‍റുമായും ഔപചാരിക കൂടിക്കാഴ്ച നടത്തുകയും ചെയ്യുന്നതാണ്.

തെക്കേ അമേരിക്കയുടെ പടിഞ്ഞാറുഭാഗത്ത് തെക്കുവടക്കായി നീണ്ടുകിടക്കുന്ന രാജ്യമായ ചിലിയിലെ ത്രിദിന സന്ദര്‍ശനത്തില്‍, സാന്തിയാഗോ, തെമൂക്കോ, ഇക്കിക്കെ എന്നീ മുഖ്യനഗരങ്ങളിലാണ് പാപ്പാ വിശ്വാസികളോടൊത്തുചേരുക. ഓരോ നഗരത്തിലും അവരോടു ചേര്‍ന്ന് ദിവ്യബലിയര്‍പ്പിക്കുകയും അവര്‍ക്കു വചനസന്ദേശം നല്‍കുകയും ചെയ്യും. കൂടാതെ മെത്രാന്‍ സമിതിയെയും, വൈദികരും സന്യസ്തരും, വൈദികവിദ്യാര്‍ഥികളുമുള്‍പ്പെടെയുള്ള സംഘത്തെയും പാപ്പാ അഭിസംബോധന ചെയ്യുന്നതാണ്. ഈശോസഭാംഗമായിരുന്ന വി. അല്‍ബേര്‍തോ ഹുര്‍ത്താദോ യുടെ സാന്തിയാഗോയിലെ തീര്‍ഥാടനകേന്ദ്രം സന്ദര്‍ശിക്കുകയും അവിടെയുള്ള ഈശോസഭാസഹോദര ങ്ങളുമായി സ്വകാര്യകൂടിക്കാഴ്ച നടത്തുകയും ചെയ്യുന്ന പാപ്പാ, തെമൂക്കോയിലെ മായ്പൂവില്‍ കാര്‍മിനെനാഥയുടെ തീര്‍ഥാടനകേന്ദ്രവും സന്ദര്‍ശിക്കും.

18-ാംതീയതി രാവിലെ സാന്തിയാഗോയിലെ അപ്പസ്തോലിക സ്ഥാനപതിമന്ദിരത്തില്‍ നിന്ന് യാത്ര യയപ്പു സ്വീകരിച്ച്, ഇക്കിക്കേയിലെത്തുന്ന പാപ്പാ, അവിടെ 11.30-നര്‍പ്പിക്കുന്ന ദിവ്യബലിക്കുശേഷം അവിടെ ലൂര്‍ദുനാഥയുടെ നാമത്തിലുള്ള തീര്‍ഥാനടകേന്ദ്രം സന്ദര്‍ശിക്കുന്നു. ചിലിയന്‍ സന്ദര്‍ശനത്തി നു പര്യവസാനം കുറിച്ചുകൊണ്ട്, വിമാനത്താവളത്തിലെ രാഷ്ട്രത്തിന്‍റെ ഔദ്യോഗിക യാത്രയയപ്പു സ്വീകരിച്ച്, പെറുവിനെ ലക്ഷ്യമാക്കി നീങ്ങും.  അപ്പോള്‍ പ്രാദേശികസമയം വൈകുന്നരം അഞ്ചുമണി കഴിഞ്ഞ് അഞ്ചുമിനിട്ട്.

സാന്തിയാഗോയില്‍ നിന്ന് വൈകിട്ട് 5.05-നു പുറപ്പെടുന്ന പാപ്പാ പെറുവിലെ, ലീമയിലേയ്ക്ക് രണ്ടു മണിക്കൂര്‍ പത്തുമിനിറ്റു യാത്ര ചെയ്യുമെങ്കിലും അവിടെ 5.20 എത്തിച്ചേരും.  കാരണം. പെറുവിലെ സമയരേഖ രണ്ടുമണിക്കൂര്‍ പുറകിലാണ്.  അതായത് റോമിലെ സമയത്തില്‍ നിന്നും ആറുമണിക്കൂര്‍ പുറകില്‍.  പെറുവിന്‍റെ തലസ്ഥാനമായ ലീമാനഗരം ലീമായിലെ വി. റോസയുടെ നാമത്താല്‍ നമുക്കേവര്‍ക്കും സുപരിതമാണ്.  ലീമായി ലെത്തുന്ന പാപ്പാ ഔദ്യോഗിക സ്വീകരണത്തിനുശേഷം, സ്ഥാനപതിമന്ദിരത്തിലെത്തി അത്താഴത്തിനുശേഷം പ്രാര്‍ഥനയ്ക്കും വിശ്രമത്തിനുമായി നീങ്ങും. 

പെറുവിലും മൂന്നുദിവസങ്ങളിലായിട്ടാണ് പര്യടനപരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. 19-ാം തീയതി പ്വെര്‍ത്തോ മാല്‍ദൊണാദോയിലും 20-ാംതീയതി ത്രൂഹിജോയിലും പര്യടനസമാപനദിനമായ 21-ാംതീയതി ഞായറാഴ്ചയില്‍ ലീമായിലുമാണ് പാപ്പായുടെ സന്ദര്‍ശന പരിപാടികള്‍.  മാര്‍പ്പാപ്പായുടെ പൊതുപരിപാടികളായി, ദിവ്യബലിയര്‍പ്പണം, രാഷ്ട്രാധികാരികളും പൗരപ്രമുഖരുമായും, വൈദികരും സന്യസ്തരും സെമിനാരിവിദ്യാര്‍ഥികളുമായും ഉള്ള കൂടിക്കാഴ്ച എന്നിവയാണുള്ളത്. ലീമായിലെ സ്ഥാനപതി മന്ദിരത്തില്‍ ദിവ്യബലിയര്‍പ്പിച്ചു കൊണ്ടാവും പാപ്പാ സന്ദര്‍ശനപരിപാടികളിലേക്കു പ്രവേശിക്കുക.

പ്വെര്‍ത്തോ മാല്‍ദൊണാദോയിലെത്തുന്ന പാപ്പാ, അവിടെ ദൈവമാതാവിന്‍റെ നാമത്തിലുള്ള കൊളിസേയോ മന്ദിരത്തില്‍ ആമസോണിയന്‍ ജനതകളുമായും തുടര്‍ന്ന് ഹോര്‍ഹെ ബസാദ്രെ മന്ദിരത്തില്‍ വിവിധ ജനതകളുമായും പൊതുകൂടിക്കാഴ്ച നടത്തുകയും സന്ദേശം നല്‍കുകയും ചെയ്യുന്നതാണ്. തുടര്‍ന്ന് മധ്യാഹ്നത്തോടുകൂടി, ഒഗാര്‍ പ്രിന്‍സിപ്പീത്തോ എന്ന സ്ഥാപനത്തില്‍ അനാഥരായ കുട്ടികളെ സന്ദര്‍ശിക്കും.  അന്നേദിവസം പാപ്പായുടെ ഉച്ചഭക്ഷണം അപ്പാക്തോണെ എന്നപേരിലുള്ള ഒരു കേന്ദ്ര ത്തില്‍ വച്ചായിരിക്കും. തദ്ദേശീയ ആമസോണിയന്‍ ജനതകളുടെ ഒന്‍പതു പ്രതിനിധികള്‍ അവിടെ പാപ്പായോടൊത്തു ഭക്ഷണത്തിനിരിക്കുമെന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്.

പാപ്പാ നാലുമണിയ്ക്കുശേഷമാണ് രാഷ്ട്രാധികാരികളുമായും മറ്റു പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചയ്ക്കെത്തുക.  പ്രസിഡന്‍റ് പെദ്രോ പാബ്ലോ കുസിന്‍സ്കിയുമായുള്ള സ്വകാര്യകൂടിക്കാഴ്ചയുമുണ്ടാകും. അതിനുശേഷം സാന്‍ പെദ്രോ ദേവാലയത്തില്‍ സന്ദര്‍ശനം നടത്തി തന്‍റെ സഹോദരസന്യാസികളായ നൂറോളം ഈശോസഭാംഗങ്ങളുമായി സംസാരിക്കുന്നതിനും പാപ്പാ സമയം കണ്ടെത്തും.  രണ്ടാംദിനം അതായത്, ജനുവരി 20-ാംതീയതി ത്രുഹിജോയില്‍ രാവിലെ പത്തുമണിക്ക് പാപ്പാ ദിവ്യബലിയര്‍പ്പിക്കുകയും സന്ദേശം നല്‍കുകയുംചെയ്യും.  ദിവ്യബലിയര്‍പ്പണശേഷം അതിമെത്രാസന മന്ദിരത്തിലെത്തി ഉച്ചഭക്ഷണം കഴിച്ചശേഷം സാന്തമരിയ കത്തീഡ്രലില്‍ ഒത്തുചേരുന്ന വിശ്വാസികളെ സന്ദര്‍ശിച്ച്, 3.30-ഓടുകൂടി വൈദികരും, സന്യസ്തരും, വൈദികവിദ്യാര്‍ഥികളുടെയും സംഘത്തെ അ ഭിസംബോധന ചെയ്യുന്നതാണ്.  പര്യടനാവസാനദിനം, ഞായറാഴ്ച പെറുവിലെ വിശുദ്ധരുടെ തിരുശ്ശേഷിപ്പു വണക്കം നടത്തുന്ന പാപ്പാ, വിശ്വാസികളോടുകൂടി ഈ വിശുദ്ധരോടുള്ള മധ്യസ്ഥ പ്രാര്‍ഥ നയില്‍ പങ്കെടുക്കും. മെത്രാന്‍മാരുമായുള്ള കൂടിക്കാഴ്ചയെത്തുടര്‍ന്ന്, ഞായറാഴ്ചയില്‍ പതിവുള്ള ത്രികാലജപം നയിക്കുന്ന പാപ്പാ, പര്യടന സമാപനം കുറിച്ചുകൊണ്ട്  ഉച്ചകഴിഞ്ഞ് നാലുമണിക്ക്, കൃതജ്ഞതാബലിയര്‍പ്പിക്കുന്നു. താമസിയാതെ ലീമാ വിമാനത്താവളത്തിലെത്തി, ഔദ്യോഗിക യാത്രയയപ്പു സ്വീകരിച്ച് റോമിലേയ്ക്കു മടങ്ങുമ്പോള്‍ തന്‍റെ 22-ാം അപ്പസ്തോലിക പര്യടനത്തിനു തിരശ്ശീല വീഴുകയായി.

ചിലി, പെറു രാജ്യങ്ങളുടെ ചരിത്രം

പാപ്പാ തന്‍റെ വീഡിയോ സന്ദേശത്തില്‍ ഇപ്രകാരം പറയുന്നുണ്ട്:

എനിക്ക് പ്രതിബദ്ധതയോടും സമര്‍പ്പണത്തോടും കൂടി നെയ്തെടുത്ത നിങ്ങളുടെ രാജ്യങ്ങളുടെ ചരി ത്രം അറിയാം.  ദൈവത്തോടും ആവശ്യത്തിലിരിക്കുന്ന സഹോദരങ്ങളോടുമുള്ള വിശ്വാസ ത്തിനും സ്നേഹത്തിനും, പ്രത്യേകിച്ച് സമൂഹത്തില്‍ ഉപേക്ഷിക്കപ്പെട്ടവരോടുള്ള നിങ്ങളുടെ പ്രത്യേക സ്നേ ഹത്തിനും നിങ്ങളോടു ചേര്‍ന്നു നന്ദി പറയാന്‍ എനിക്കാഗ്രഹമുണ്ട്.

തെക്കേ അമേരിക്കയില്‍ നിന്നുള്ള പാപ്പായ്ക്ക് ഇരുരാജ്യങ്ങളും അവയുടെ ചരിത്രങ്ങളും പരിചിതമാണ്.  ഈ രാജ്യങ്ങളുടെ സ്ഥാനവും ചരിത്രവും സമാനതകളുള്ളതാണ് എന്നു പറയാം. ചിലി തെക്കേഅമേരിക്കയുടെ പടിഞ്ഞാറുഭാഗത്ത്, തെക്കുവടക്കായി തീരത്തോടു ചേര്‍ന്നു നീണ്ടുകിടക്കുന്ന രാജ്യമാണെങ്കില്‍, തെക്കേ അമേരിക്കയുടെ അതേ ഭാഗത്തുതന്നെ ചിലിയുടെ വടക്കന്‍ അയല്‍രാജ്യമായി സ്ഥിതിചെയ്യുന്ന രാജ്യമാണ് പെറു റിപ്പബ്ലിക്. ഈ രണ്ടു രാജ്യങ്ങളും ഭൂമിശാസ്ത്രപരമായ വൈവിധ്യത്താല്‍ ജൈവവൈവിധ്യത്തിന്‍റെ മനോഹാരിതയ്ക്കും ഇടം നേടിയിരിക്കുന്നവയാണ്..  പസഫിക് തീരത്തെ വരണ്ട സമതലങ്ങളും, വടക്കുതെക്കായി നീണ്ടുകിടക്കുന്ന ആന്‍ഡിസ് പര്‍വതവും, ആമസോണ്‍ മഴക്കാടുകളും, വ്യത്യസ്തങ്ങളായ പുരാതന പാരമ്പര്യങ്ങള്‍ക്ക് നിവാസസ്ഥാനങ്ങളായിത്തീര്‍ന്നു. സ്പാനിഷ് സാമ്രാജ്യം അതിന്‍റെ  തെക്കേഅമേരിക്കന്‍ കോളനിവത്ക്കരണത്തില്‍ ഈ രണ്ടു രാജ്യങ്ങളെയും അതായത് ചിലിയെയും പെറുവിനെയും ചേര്‍ത്തു. പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഈ രണ്ടു രാജ്യങ്ങളും സ്വാതന്ത്ര്യം നേടിയത്.

വിശ്വാസജീവിതം

ചിലിയില്‍ ഏതാണ്ട് രണ്ടുകോടിയോളം അടുത്തുവരുന്ന ജനസംഖ്യയില്‍ കത്തോലിക്കര്‍ 67 ശതമാനം വരും. 16-ാം നൂറ്റാണ്ടിലെ സ്പാനിഷ് അധിനിവേശത്തോടെയാണ് ചിലിയില്‍ ക്രിസ്തുമതം ആ വിര്‍ഭവിച്ചത്. മിഷന്‍ പ്രവര്‍ത്തനങ്ങളുമായി പതിനാറാം നൂറ്റാണ്ടില്‍ തന്നെ ഡോമിനിക്കന്‍, ഫ്രാന്‍സിസ്ക്കന്‍, ഈശോസഭ, അഗസ്റ്റീനിയന്‍, എന്നീ സന്യാസസഭകളും എത്തിച്ചേര്‍ന്നു. ഈ കാലഘട്ടം നിരവധി മിഷനറിമാരുടെ രക്തസാക്ഷിത്വം കൊണ്ടും മുദ്രിതമായി എന്നതും ശ്രദ്ധേയമാണ്. 

1561-ല്‍ സാന്തിയാഗോ രൂപത നിലവില്‍ വന്നു.   ചിലിയുടെ സ്വാതന്ത്ര്യലബ്ധിക്കുശേഷം 1833 മെയ് 25-ന്  കത്തോലിക്കാവിശ്വാസം രാജ്യത്ത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.  ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍, 1904-ല്‍ ആദ്യത്തെ ദേശീയ യൂക്കരിസ്റ്റിക് കോണ്‍ഗ്രസ് നടക്കുകയുണ്ടായി. 1908-ല്‍ സാന്തിയാഗോയില്‍ അമലോത്ഭവമാതാവിന്‍റെ തീര്‍ഥാടനകേന്ദ്രം ഉദ്ഘാടനം ചെയ്യപ്പെട്ടു.  വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ അപ്പസ്തോലിക പര്യടനത്തിനിടയില്‍, ചിലിയുടെ മധ്യസ്ഥയായ കാര്‍മിനെനാഥയ്ക്ക് രാജ്യത്തെ സമര്‍പ്പിക്കുകയും ആന്ദെയിലെ തെരേസാ ദി ജെസു എന്ന സന്യാസിനിയുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം നടത്തുകയും ചെയ്തു എന്നത് ചിലിയന്‍ കത്തോലിക്കാസഭയിലെ മഹത്തായ സംഭവമായിരുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ തന്നെ 1993-ല്‍ ഈ സന്യാസിനിയെ വിശുദ്ധപദത്തിലേയ്ക്കുയര്‍ത്തിയപ്പോള്‍ ചിലിയിലെ പ്രഥമ വിശുദ്ധയായി ഉയര്‍ന്നു. പിന്നീട്, ഈശോസഭാംഗമായ അല്‍ബേര്‍തോ ഹുര്‍ത്താദോയും 2005-ല്‍ വിശുദ്ധപദവിയിലേയ്ക്കുയര്‍ത്തപ്പെടുകയുണ്ടായി.

മൂന്നുകോടിയിലധികം ജനങ്ങളുള്ള പെറു റിപ്പബ്ലിക്കില്‍ 81 ശതമാനവും കത്തോലിക്കരാണ്. ബാക്കിയുള്ളവരില്‍ ഇവാഞ്ചലിക്കല്‍ വിശ്വാസികള്‍ 13 ശതമാനത്തോളം വരും.  മതവിശ്വാസമില്ലാത്തവരും മറ്റു മതവിശ്വാസികളുമാണ് ബാക്കിയുള്ള ആറു ശതമാനം.

മറ്റു തെക്കേഅമേരിക്കന്‍ രാജ്യങ്ങളിലെന്ന പോലെ, ഇവിടെയും സുവിശേഷവത്ക്കരണം നടത്തിയത് സ്പാനിഷ് മിഷനറിമാരാണ്.  1536-ല്‍ ആദ്യരൂപത, കുസ്കോ (CUZCO) നിലവില്‍ വന്നു.  1541-ല്‍ ലീമാ രൂപതയും. അമേരിക്കയുടെ പ്രധാനമധ്യസ്ഥ എന്ന് അറിയപ്പെടുന്ന ലീമായിലെ റോസയുടെ വിശുദ്ധപദപ്രഖ്യാപനം 1671-ല്‍ നടന്നു. 1917-ലാണ് ലീമായില്‍ അപ്പസ്തോലിക സ്ഥാനപതിമന്ദിരം സ്ഥാപിക്കുന്നത്.

ഈ കത്തോലിക്കാ രാജ്യങ്ങളോടു സന്ദര്‍ശനത്തിനുമുമ്പ് പാപ്പാ നല്‍കുന്ന ഉദ്ബോധനമിതാണ്:

ഉത്ഥിതനായ ക്രിസ്തുവുമായുളള കണ്ടുമുട്ടല്‍ നമ്മില്‍ പ്രത്യാശയെ സ്ഥിരപ്പെടുത്തും.  നാം ഈലോക കാര്യങ്ങളില്‍ നങ്കൂരമിടപ്പെട്ട് വസിക്കേണ്ടവരല്ല.  നമ്മുടെ നോട്ടം, ഇതിനെ മറികടന്നു പോകേണ്ടതാണ്. നമ്മുടെ കഷ്ടതകളില്‍ നമ്മെ സുഖപ്പെടുത്തുന്ന അവിടുത്തെ കരുണയില്‍ നമ്മുടെ ദൃഷ്ടികള്‍ ഉറപ്പിക്കാം. എഴുന്നേറ്റു മുന്നോട്ടു നീങ്ങാന്‍ നമുക്ക് ഉത്തേജനം തരുന്നത് അവിടുന്നു മാത്രമാണ്.  ദൈവത്തിന്‍റെ അടുപ്പം നമ്മുടെ കരങ്ങള്‍ക്ക് സ്പര്‍ശനീയമാകട്ടെ, നമ്മുടെ ചുറ്റുമുള്ളവരോടൊത്ത്, സൗഹൃദത്തോടും സാഹോദര്യത്തോടുംകൂടിയ ഉറച്ച കാല്‍വയ്പുകളോടെ നീങ്ങുന്ന സജീവസമൂഹമായിത്തീരുന്നതിനിടയാക്കട്ടെ! ഒരേ വിശ്വാസത്തിലും പ്രത്യാശയിലും നമ്മെ സ്ഥിരപ്പെടുത്താന്‍ മറ്റുള്ളവരെ കണ്ടുമുട്ടുന്നതിനു ഇറങ്ങുന്ന സഹോദരങ്ങളാണ് നാം.

പാപ്പായുടെ സന്ദര്‍ശനത്തോടടുത്ത ദിവസം, അതായത് ജനുവരി 12, വെള്ളിയാഴ്ചയില്‍ ചിലിയുടെ തലസ്ഥാനമായ സാന്തിയാഗോയില്‍ നാലു ദേവാലയങ്ങളില്‍ അഗ്നിബോംബാക്രമണമുണ്ടായ വാര്‍ത്ത നമ്മെ നടുക്കുന്നതാണ്.  പാപ്പായ്ക്കെതിരെ ഭീഷണിയുയര്‍ത്തുന്ന കുറിപ്പുകളും അക്രമികള്‍ വിതറിയിരുന്നു.  ഈ അക്രമങ്ങളിലും തങ്ങളില്‍, അസ്വസ്ഥതയെക്കാള്‍ പ്രതീക്ഷയാണ് മുന്നിട്ടുനില്‍ക്കുന്നതെന്നുള്ള സാന്തിയാഗോ അതിരൂപതാധ്യക്ഷന്‍റെ വചനങ്ങള്‍ എല്ലാ ഹൃദയങ്ങളും ഏറ്റുവാങ്ങട്ടെ. 








All the contents on this site are copyrighted ©.