2018-01-15 12:36:00

വിദ്വേഷത്തിനുകാരണമായാല്‍ ഭയവും സന്ദേഹവും പാപം- പാപ്പാ


ഭയവും സംശയവും പാപമല്ല, എന്നാല്‍ അവ നമ്മുടെ പ്രതികരണങ്ങളെയും തിരഞ്ഞെടുപ്പുകളെയും മറ്റും നയിക്കുകയും വിദ്വേഷത്തിനു കാരണമാകുകയും ചെയ്യുമ്പോള്‍ പാപമായി പരിണമിക്കുന്നുവെന്ന് മാര്‍പ്പാപ്പാ.

ആഗോളസഭാതലത്തില്‍ അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കുമായുള്ള നൂറ്റിനാലാം ലോകദിനം ആചരിക്കപ്പെട്ട ഞായറാഴ്ച (14/01/18) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ താന്‍ മുഖ്യകാര്‍മ്മികനായര്‍പ്പിച്ച ദിവ്യബലിമദ്ധ്യ നടത്തിയ വചനവിശകലനത്തില്‍ ഫ്രാന്‍സീസ് പാപ്പാ കുടിയേറ്റക്കാരായി എത്തുന്നവരെ ആതിഥേയനാടുകള്‍ ഭയത്തോടെ നോക്കുന്നതിനെക്കുറിച്ചും അതുപോലെതന്നെ കുടിയേറ്റക്കാരിലുളാവാകുന്ന ആശങ്കയെക്കുറിച്ചും പരാമര്‍ശിക്കുകയായിരുന്നു.

കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും നാടിന്‍റെ ക്രമസമാധന നിലയുടെ താളം തെറ്റിക്കുകയൊ, നാളുകള്‍ നീണ്ട കഠിനാദ്ധ്വാനം കൊണ്ട് കെട്ടിപ്പ‌ടുത്തവയില്‍ നിന്നെന്തെങ്കിലും കവര്‍ന്നെടുക്കുകയൊ ചെയ്യുമെന്ന ഭയവും സംശയവും ആതിഥ്യനാ‌ടിനും, എതിര്‍പ്പും, വിവേചനവും, പരാജയവും വിമര്‍ശനും തങ്ങള്‍ക്കെതിരെ ഉണ്ടാകുമെന്ന ഭയം അഭയാര്‍ത്ഥികള്‍ക്കും ഉണ്ടായാല്‍ അത് തീര്‍ത്തും മനസ്സിലാക്കാവുന്നതും ന്യായവുമാണെന്നു പാപ്പാ പറഞ്ഞു.

എന്നാല്‍ ഈ ഭയവും സംശയവും നമ്മുടെ പ്രതികരണത്തെ നിര്‍ണ്ണയിക്കുകയും നമ്മുടെ തിരഞ്ഞെടുപ്പുകള്‍ക്ക് അടിസ്ഥാനമാകുകയും, പരസ്പ്പരാദരവിനും ഉദാരതയ്ക്കും വീഴ്ചവരുത്തുകയും വിദ്വേഷത്തെയും തിരസ്കരണമനോഭാവത്തെയും ഊട്ടിവളര്‍ത്തുകയും ചെയ്യുമ്പോള്‍ അവ പാപമായി പരിണമിക്കുന്നുവെന്നും പാപ്പാ വിശദീകരിച്ചു.

കര്‍ത്താവുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള സവിശേഷാവസരമായ, അപരനുമായുള്ള സമാഗമം, വ്യത്യസ്തനുമായുള്ള സമാഗമം, അയല്‍ക്കാരനുമായുള്ള കൂടിക്കാഴ്ച നാം തള്ളിക്കളയുന്നത് പാപമാണെന്ന് പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

ദരിദ്രനിലും പരിത്യക്തനിലും, അഭയാര്‍ത്ഥിയിലും, രാഷ്ട്രീയാഭയം തേടുന്നവനിലും സന്നിഹിതനായ യേശുവുമായുള്ള കൂടിക്കാഴ്ചയാണ് കുടിയേറ്റക്കാര്‍ക്കും  അഭയാര്‍ത്ഥികള്‍ക്കും വേണ്ടിയുള്ള ദിനാചരണത്തിന്‍റെ പ്രാര്‍ത്ഥനയുടെ ഉറവിടമെന്നും പാപ്പാ പറഞ്ഞു.

കുടിയേറ്റക്കാരെ സ്വീകരിക്കുകയും മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുകയെന്നാല്‍ പ്രാദേശിക സമൂഹത്തെ സംബന്ധിച്ചിടത്തോളെ അര്‍ത്ഥമാക്കുന്നത് വൈവിധ്യത്തിന്‍റെ സമ്പന്നതയ്ക്ക് മുന്‍വിധികൂടാതെ സ്വയം തുറന്നുകൊടുക്കുകയും പുതിയതായി എത്തിച്ചേര്‍ന്നവരുടെ കഴിവുകളും പ്രത്യാശകളും, അതുപോലെതന്നെ, അവരുടെ വേധ്യതയും ആശങ്കകളും മനസ്സിലാക്കുകയുമാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

അപരന്‍റെ സംസ്കാരത്തിലേക്കു കുടക്കുകയും നമ്മില്‍ നിന്ന് വ്യത്യസ്തരായവരുടെ അവസ്ഥയിലേക്കു പ്രവേശിക്കുകയും അവരുടെ ചിന്തകളും അനുഭവങ്ങളും മനസ്സിലാക്കുകയും ചെയ്യുക ആയാസകരമാണെന്ന വസ്തുതയും പാപ്പാ അനുസ്മരിച്ചു.     








All the contents on this site are copyrighted ©.