2018-01-15 18:02:00

സൃഷ്ടി പ്രതിഫലിപ്പിക്കുന്ന ദൈവിക മഹിമാതിരേകം!


സങ്കീര്‍ത്തനം 24-ന്‍റെ പഠനം (4)

ആരാണ് ഈ മഹത്വത്തിന്‍റെ രാജാവ്?
സര്‍വ്വശക്തനും നിത്യനും നീതിമാനുമായവന്‍..?
ശക്തനായ കര്‍ത്താവ്...!
കവാടങ്ങളേ, പുരാതന കവാടങ്ങളേ,
ശിരസ്സുയര്‍ത്തുവിന്‍
ഉയര്‍ന്നുനില്ക്കുവിന്‍, രാജാവു പ്രവേശിക്കട്ടെ!
മഹത്വത്തിന്‍റെ രാജാവു പ്രവേശിക്കട്ടെ!
ആരാണ് ഈ മഹത്വത്തിന്‍റെ രാജാവ്?
ദൈവമാണ് സ്രാഷ്ടാവായവന്‍,
അവിടുന്നാണ് മഹത്വത്തിന്‍റെ രാജാവ്!

സങ്കീര്‍ത്തനം 24-ന്‍റെ 8, 9, 10 പദങ്ങളാണ് നാം മേലുദ്ധരിച്ചത് അല്ലെങ്കില ശ്രവിച്ചത്. പദങ്ങളുടെ വ്യാഖ്യാനത്തിലൂടെ ഈ പുരാതനമായ ഗീതത്തിന്‍റെ പഠനം തുടരാം. ആകെ 10 പദങ്ങള്‍ മാത്രമുള്ളതില്‍ 7 പദങ്ങളുടെയും വ്യാഖ്യാനം നാം കണ്ടതാണ്. പദങ്ങളുടെ പരിചയപ്പെടലിലൂടെയും വിദഗ്ദ്ധരുടെ വ്യാഖ്യാനങ്ങളിലൂടെയും ദാവീദു രാജാവു രചിച്ച ഈ ഗീതം ദൈവിക സാന്നിദ്ധ്യത്തിന്‍റെ പ്രഘോഷണമാണെന്നു വ്യക്തമാകുന്നു. സ്രഷ്ടാവായ ദൈവം തന്‍റെ ജനമായ ഇസ്രായേലിനു നല്കിയ കല്പനകള്‍ ദൈവിക സാന്നിദ്ധ്യത്തിന്‍റെ പ്രതീകമായിത്തീരുന്നു. പത്തുപ്രമാണങ്ങള്‍ അവര്‍ കല്‍ഫലകങ്ങളില്‍ കൊത്തിസൂക്ഷിച്ചു. അത് ഒരു കൂടാരത്തില്‍ പ്രതിഷ്ഠിച്ചു, പിന്നെ ദേവാലയം പണികഴിപ്പിച്ചശേഷം അവ അതില്‍ സ്ഥാപിച്ചു. അക്കാലം മുതല്‍ ഈ ഗീതം സ്രഷ്ട്രാവും പരിപാലകനുമായ യാഹ്വേയുടെ സാന്നിദ്ധ്യാവബോധത്തിന്‍റെ സ്തുതിപ്പും ആരാധനക്രമഗീതവുമായി മാറിയെന്നു കാലം തെളിയിക്കുന്നു. അവ പുതിയനിയമ കാലത്തും ഉപയോഗിക്കാന്‍ തുടങ്ങി. മാത്രമല്ല, ആധുനിക കാലത്തും സഭയുടെ ആരാധനക്രമത്തില്‍ ഈ ഗീതവും, ഇതുപോലെ മറ്റുഗീതങ്ങളും സ്ഥാനം പിടിച്ചിരിക്കുന്നു. അതിനാല്‍ ഈ ഗീതത്തിന്‍റെ ഉള്‍ക്കാമ്പ് എത്ര ഗഹനമാണെന്നും, ആത്മീയമാണെന്നും, അനുദിന ജീവിതത്തില്‍ പ്രസ്ക്തമാണെന്നും നമുക്ക് മനസ്സിലാക്കാം. തന്‍റെ ജനത്തെ ഭരിക്കുകയും നയിക്കുകയും സംരക്ഷിക്കുകയുംചെയ്യുന്ന സ്രഷ്ട്രാവായ ദൈവത്തെ സമാരാധ്യനായ രാജാവായി കണ്ടുകൊണ്ടും, അംഗീകരിച്ചുകൊണ്ടും ദാവീദു രാജാവു സ്ഥലകാല സീമകളെ അതിലംഘിക്കുന്ന രീതിയില്‍, ആത്മീയ വീക്ഷണത്തോടെയും ആഴമായ വിശ്വാസത്തോടെയും സങ്കീര്‍ത്തനം 24 തലമുറകള്‍ക്കായി പകരുന്നുതന്നിരിക്കുന്നു.

സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം ഗാഗുല്‍ ജോസഫും സംഘവും.

Musical Version of Ps.24
കര്‍ത്താവാഗതനാകുന്ന മഹത്വത്തിന്‍റെ രാജാവ്,
ആഗതനാകുന്നു, മഹത്വത്തിന്‍റെ രാജാവ്.

ഗീതത്തിന്‍റെ പ്രായോഗികതയും പ്രസക്തിയും എടുത്തുപറയുന്നൊരു സംഭവം നിരൂപകന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ ഗ്ലാസ്ഗോ രാജ്യാന്തര പ്രദര്‍ശനത്തിന്‍റെ ഉദ്ഘാടനചടങ്ങളില്‍ സങ്കീര്‍ത്തനം 24 ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടത് ബ്രിട്ടിഷ് സമ്രാജ്യത്തിന്‍റെ അന്നത്തെ ജോര്‍ജ്ജ് ആറാമന്‍ രാജാവാണ്. 1938-ലെ പ്രദര്‍ശനത്തിന്‍റെ ആരംഭത്തില്‍ ഇത് ആലപിക്കപ്പെടണമെന്നാണ് രാജാവ് ആവശ്യപ്പെട്ടത്. 1851-ല്‍ ലണ്ടനിലെ മഹാപ്രദര്‍ശനത്തില്‍ ഉപയോഗിച്ചതിന്‍റെ ചരിത്ര പശ്ചാത്തലം മാത്രമല്ല, ഈ ഗീതത്തില്‍‍ തെളിഞ്ഞുനില്ക്കുന്ന സൃഷ്ടിയെയും ദൈവത്തെയും സംബന്ധിച്ച ആത്മീയതയുടെ ഭംഗികൂടെ ആയിരുന്നിരിക്കണം, രാജ്യാന്തര പ്രദര്‍ശനത്തിന്‍റെ ആരംഭത്തില്‍ ഈ ഗീതം വീണ്ടും ഉപയോഗിക്കാന്‍ അനുഗ്രഹപൂര്‍ണ്ണനായ ജോര്‍ജ്ജു രാജാവിനെ പ്രേരിപ്പിച്ചത്. രാജകീയ സ്വഭാവമുള്ള സങ്കീര്‍ത്തനം ശ്രേഷ്ഠമായ ചടങ്ങിന് ഉപയോഗിക്കാന്‍ കാലഘട്ടത്തിന്‍റെ സാമ്രാജ്യ പശ്ചാത്തലം തീര്‍ച്ചായായും പ്രേരകമായിട്ടുണ്ട് എന്നും നമുക്ക് അനുമാനിക്കാം.

സകല ജനതകളുടെയും സൃഷ്ടവസ്തുക്കളുടെയും മുമ്പില്‍ മഹത്വത്തിന്‍റെ രാജാവായ ദൈവം പ്രത്യക്ഷപ്പെടുന്നതായും, അവിടുന്ന് ആരാധിക്കപ്പെടുന്നതായും വരികള്‍ വെളിപ്പെടുത്തുന്നു. അവിടുന്നില്‍ വിശ്വസിക്കുകയും, അവിടുത്തെ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരുടെ മുന്നില്‍ ദൈവം അവിടുത്തെ പ്രാഭവം, മഹത്വം വെളിപ്പെടുത്തുന്നു. സഹിക്കുന്നവരുടെയും, അനുതാപഭാരത്താല്‍ തകര്‍ന്നവരുടെയും മദ്ധ്യേ അവിടുന്ന് സാന്ത്വനമായി എഴുന്നള്ളുന്നു. പുറപ്പാടിന്‍റെ പുസ്തകം സൂചിപ്പിക്കുന്നതുപോലെ,
“എവിടെല്ലാം എന്‍റെ നാമം അനുസ്മരിക്കാന്‍ ഇടവരുത്തുമോ,
അവിടെല്ലാം ഞാന്‍ നിങ്ങളുടെ അടുക്കലേയ്ക്കു വരികയും,
നിങ്ങളെ അനുഗ്രഹിക്കുകയും ചെയ്യും.” (പുറ. 20, 24).

Musical Version Ps. 4
കര്‍ത്താവാഗതനാകുന്ന മഹത്വത്തിന്‍റെ രാജാവ്,
ആഗതനാകുന്നു, മഹത്വത്തിന്‍റെ രാജാവ്.
ഭൂമിയും അതിലെ നിവാസികളും
ഭൂതലം അതിലെ സമസ്ഥവസ്തുക്കളും കര്‍ത്താവിന്‍റേത്സ
മുദ്രങ്ങള്‍ക്കു മേലെ അതിനടിസ്ഥാനമുറപ്പിച്ചതും
നദികള്‍ക്കു മേലെ അതിന്‍റെ സ്ഥാനമുറപ്പിച്ചതും കര്‍ത്താവല്ലോ.

ദൈവമാണ് പ്രപഞ്ചസ്രഷ്ടാവ്. സകലതും അവിടുത്തേതാണ്. എന്നാല്‍ പദങ്ങളില്‍ സൃഷ്ടിയെപ്പറ്റിയുള്ള വര്‍ണ്ണന പഴയ നിയമത്തിലേതാണെന്നു കാണാം. ഉലപ്ത്തി പുസ്തകം പറയുന്ന സൃഷ്ടിയുടെ ചിന്തകളാണ് പദങ്ങളില്‍ ചുരുളഴിയുന്നത്. ദൈവം അരുളിച്ചെയ്തു.

“ജലമദ്ധ്യത്തില്‍ ഒരു വിതാനം ഉണ്ടാകട്ടെ,
അതു ജലത്തെ രണ്ടായി ഭാഗിക്കട്ടെ.
ദൈവം വിതാനമുണ്ടാക്കുകയും, അതിനു താഴെയുള്ള ജലത്തെ
മുകളിലുള്ള ജലത്തില്‍നിന്നു വേര്‍തിരിക്കുകയും ചെയ്തു.
അപ്രകാരം സംഭവിച്ചപ്പോള്‍, വിതാനത്തിന് അവിടുന്ന് ആകാശമെന്നു പേരിട്ടു.
അപ്പോള്‍ സന്ധ്യയായി ഉഷസ്സായി, രണ്ടാം ദിവസം!”  (Genesis 2, 2).

ഇനി, ദേവാലയം ഇരിക്കുന്ന മലയില്‍, പരിശുദ്ധ സ്ഥലത്ത് കയറാന്‍ പ്രദക്ഷിണമായി നീങ്ങുന്ന തീര്‍ത്ഥാടകര്‍ ചോദിക്കുന്നത് - ആരാണ് ഇവിടെ പ്രവേശിക്കുക? ആരാണ് കര്‍ത്താവിന്‍റെ സന്നിധിയില്‍ പ്രവേശിക്കാന്‍ യോഗ്യനായവന്‍?  ഇത് ഇസ്രായേലിലെ നിയമപ്രകാരമുള്ള ദേവാലയ പ്രവേശനം സംബന്ധിച്ച ചോദ്യമാണ്.  പുരോഹിതര്‍ നിയമാനുസൃതം നല്കുന്ന ഉത്തരമാണ് സങ്കീര്‍ത്തകന്‍ പദങ്ങളില്‍ ഉള്‍ചേര്‍ത്തിരിക്കുന്നത് – ആന്തരികവും ബാഹ്യവുമായ വിശുദ്ധിയാണ് അതിന് ആവശ്യം. തീര്‍ച്ചയായും വിഗ്രഹാരാധനയും കള്ളസത്യവും ദേവാലയ പ്രവേശനത്തിനു തടസ്സം നില്ക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ കര്‍ത്താവിന്‍റെ ഉടമ്പടി അനുസരിച്ചു ജീവിക്കുന്നവര്‍ക്ക് അവിടുത്തെ അനുഗ്രഹത്തിലും, നീതിയിലും പങ്കു ലഭിക്കുന്നു. ദൈവത്താല്‍ അനുഗ്രഹിക്കപ്പെടുന്നത് നീതിമാനാണ്, സത്യനിഷ്ഠയുള്ളവനാണ്. ദൈവത്തിന്‍റെ നിയമമനുസരിച്ചു ജീവിക്കുന്നവനാണ് നീതിമാനെന്നും, യഥാര്‍ത്ഥ വിശ്വാസിയെന്നും ഗീതത്തിന്‍റെ വരികള്‍ വ്യക്തമാക്കുന്നു.

 Musical Version of Ps. 4
കര്‍ത്താവിന്‍റെ മലയില്‍ ആരുപ്രവേശിക്കും
അവിടുത്തെ വിശുദ്ധമന്ദിരത്തില്‍ ആരു നിലനില്‍ക്കും
കളങ്കമറ്റഹൃദയവും നിര്‍മ്മല മനസ്സുമുള്ളവര്‍
മിഥ്യയുടെമേല്‍ മനസ്സു പതിക്കാത്തവനും
കള്ളസത്യം പറയാത്തവനും.

അങ്ങനെ വിശുദ്ധിയും നീതിയുമുളളവര്‍ ദേവാലയത്തില്‍, ദൈവസന്നിധിയിലായിരിക്കാന്‍ ആഗ്രഹിക്കുന്നു. കമാനങ്ങള്‍ അല്ലെങ്കില്‍ കവാടങ്ങള്‍ ദേവാലയത്തിന്‍റേതെന്നു വളരെ ഭൗമികമായും, സാക്ഷാല്‍ ദൈവസന്നിധിയിലേയ്ക്കുള്ള കവാടമോ, സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള കമാനമോ എന്ന്, ആത്മീയമായും നാം മനസ്സിലാക്കണം. അദൃശ്യനും സിംഹാസനസ്ഥനുമായ ദൈവം സ്ഥല-കാല സമീമകളെ അതിലംഘിക്കുന്നു. ഭൗതികവും സ്വര്‍ഗ്ഗീയവുമെന്നുള്ള വ്യത്യാസം കൂടാതെ ദേവാലയം പ്രപഞ്ചത്തെ മുഴുവനെയും പ്രതിനിധാനം ചെയ്യുന്നു. ശക്തിയും മഹത്വവും തേജസ്സും പ്രതാപവും ദൈവിക മഹിമാവിന്‍റെ ഭാഗമാണ്. അങ്ങനെയുള്ള മഹത്വത്തിന്‍റെ രാജാവാണ് സ്രഷ്ടാവും പ്രപഞ്ചദാതാവായ ദൈവവുമെന്ന് പദങ്ങള്‍ വെളിപ്പെടുത്തുന്നു. ദൈവമാണ് ലോകത്തിന്‍റെ അതിനാഥനും സംരക്ഷകനുമെന്ന് 24-Ɔ൦ സങ്കീര്‍ത്തനം സമര്‍ത്ഥിക്കുന്നു. അവിടുത്തെ പാടി സ്തുതിക്കുന്നു! നീതിമാന്മാരുടെ ഗണം അവിടുത്തെ അനുഗമിക്കുന്നു. അങ്ങനെ പദങ്ങളില്‍ പ്രപഞ്ചത്തിന്‍റെ മുഴുവന്‍ കേന്ദ്രബിന്ദു ദൈവം തന്നെ! അവിടുന്നു പ്രത്യക്ഷപ്പെട്ടതും സന്നിഹിതവുമായ സ്ഥലവും സമൂഹവുമാണ് – നമ്മുടെ ഭൂമി, ഈ ലോകവും, ഈ പ്രപഞ്ചവും...! പിന്നെ നാം അവിടുത്തെ ജനമാണ്, അജഗണമാണ്!!

Musical Version Ps. 4
കര്‍ത്താവാഗതനാകുന്ന മഹത്വത്തിന്‍റെ രാജാവ്,
ആഗതനാകുന്നു, മഹത്വത്തിന്‍റെ രാജാവ്.
ഭൂമിയും അതിലെ നിവാസികളും
ഭൂതലം അതിലെ സമസ്ഥവസ്തുക്കളും കര്‍ത്താവിന്‍റേത്സ
മുദ്രങ്ങള്‍ക്കു മേലെ അതിനടിസ്ഥാനമുറപ്പിച്ചതും
നദികള്‍ക്കു മേലെ അതിന്‍റെ സ്ഥാനമുറപ്പിച്ചതും കര്‍ത്താവല്ലോ.








All the contents on this site are copyrighted ©.