സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

കുടിയേറ്റക്കാരുടെ ആഗോളദിനം പാപ്പാ ഫ്രാന്‍‍സിസിന്‍റെ സന്ദേശം

പൊതുകൂടിക്കാഴ്ചാ വേദിയില്‍... സന്ദേശം നല്കവെ.. - AFP

14/01/2018 12:24

 104-‍Ɔമത് ആഗോള ദിനത്തില്‍ പാപ്പാ ഫ്രാന്‍സിസ് നല്കുന്ന സന്ദേശം.

 “കുടിയേറ്റക്കാരെയും അഭയാര്‍ത്ഥിക്കളെയും സ്വീകരിക്കാം, സംരക്ഷിക്കാം, സഹായിക്കാം, പുനരധിവസിപ്പിക്കാം.”

1. കുടിയേറ്റം – കാലത്തിന്‍റെ കാലൊച്ച 
പ്രിയ സഹോദരങ്ങളേ, “പരദേശികളെ സ്വദേശികളെപ്പോലെ നിങ്ങളുടെ നാട്ടില്‍ സ്വീകരിക്കണം. നിങ്ങളെപ്പോലെതന്നെ അവരെയും സ്നേഹിക്കണം. കാരണം നിങ്ങളും പരദേശികളായിരിക്കയും അലഞ്ഞുതിരിയുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്. ഞാന്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവാണ്” (ലേവ്യര്‍ 19, 24). ദാരിദ്ര്യം, അഭ്യാന്തരകലാപം, പ്രകൃതിക്ഷോഭം, പീഡനങ്ങള്‍, യുദ്ധം എന്നിവയാല്‍ നാടും വീടും വിട്ടിറങ്ങേണ്ടിവരുന്ന കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും അവരുടെ ശോചനീയമായ അവസ്ഥയെക്കുറിച്ചുള്ള ആശങ്കയും അവബോധവും സഭാശുശ്രൂഷയുടെ ആരംഭംമുതല്‍ തന്നിലുള്ളത് പാപ്പാ ആമുഖമായി പ്രസ്താവിച്ചു.

2. പരദേശിയില്‍ ഒളിഞ്ഞിരിക്കുന്ന ക്രിസ്തു 
അഭയം തേടുന്നവര്‍ നമ്മുടെ വാതുക്കല്‍ വന്നു മുട്ടുമ്പോള്‍, പരിത്യക്തരും പരദേശികളുമായ എക്കാലത്തെയും മനുഷ്യരുമായി തന്നെത്തന്നെ സാരൂപ്യപ്പെടുത്തിയിട്ടുള്ള ക്രിസ്തുവുമായി ഒരു കൂടിക്കാഴ്ചയ്ക്കുള്ള അവസരമായി  കുടിയേറ്റത്തെ  കാണേണ്ടതാണ് (മത്തായി 25, 35-43).  മെച്ചപ്പെട്ട ഭാവിതേടി മാതൃരാജ്യം വിട്ടിറങ്ങാനും കുടിയേറാനും നിര്‍ബന്ധിതരാകുന്ന ഓരോ വ്യക്തിയെയും ദൈവം സഭയുടെ മാതൃസ്നേഹത്തിലാണ് ഭരമേല്പിക്കുന്നത്.1 അതിനാല്‍, ഔദാര്യത്തോടും ഉത്തരവാദിത്വത്തോടും, വിവേകത്തോടും ദീര്‍ഘവീക്ഷണത്തോടുംകൂടെ തങ്ങളുടെ കഴിവിനൊത്ത് ഈ ആഗോള കുടിയേറ്റ പ്രതിഭാസത്തോട് പ്രത്യുത്തരിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്ന വിശ്വാസികളായ സ്ത്രീ പുരുഷന്മാരുമായി പങ്കുവയ്ക്കുന്നത് സഭയുടെ ഈ വലിയ ഉത്തരവാദിത്വമാണ്.  അതിനാല്‍, ഈ കൂട്ടുത്തരവാദിത്വത്തെ പ്രധാനമായും – സ്വീകരിക്കുക, സംരക്ഷിക്കുക, പ്രചരിപ്പിക്കുക, പുനരധിവസിപ്പിക്കുക എന്നിങ്ങനെ നാലു ക്രിയകളാല്‍ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണ്. 2

3. അഭയം തേടിയെത്തുന്നവരെ സ്വീകരിക്കാം”  
ഇന്നിന്‍റെ സാഹചര്യത്തില്‍ സ്വാഗതംചെയ്യുക എന്നു പറയുമ്പോള്‍ എല്ലാറ്റിനും ഉപരിയായി അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും അവര്‍ ആഗ്രഹിക്കുന്ന അല്ലെങ്കില്‍ ലക്ഷ്യംവയ്ക്കുന്ന രാജ്യങ്ങളില്‍ നിയമപരമായും സുരക്ഷിതമായും സ്വീകൃതമാകാന്‍ വാതിലുകള്‍ തുറന്നുകൊടുക്കേണ്ടതാണ്. സാദ്ധ്യതകള്‍ നല്കുക എന്നാണ് ഇതിനര്‍ത്ഥം!  ഇത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ വളരെ പ്രത്യക്ഷവും പ്രകടവുമായ വിധത്തില്‍ ഒരു ത്യാഗമനഃസ്ഥിതിയോടെ മനുഷ്യത്വപരമായി ‘വീസ’ നല്കുകയാണു വേണ്ടത്.    വിവിധ രാജ്യങ്ങളിലെ ക്യാമ്പുകളിലും അതിര്‍ത്തികളിലും ക്ലേശിക്കുന്ന അഭയാര്‍ത്ഥിക്കൂട്ടങ്ങള്‍ക്കുവേണ്ടി ഇനിയും രാജ്യങ്ങള്‍ മാനുഷിക പരിഗണനയില്‍ സാമൂഹികമായ സഹായത്തിന്‍റെയോ ദത്തെടുക്കലിന്‍റെയോ പദ്ധികളിലൂടെ പരിത്യക്തരായവരെ പിന്‍തുണയ്ക്കേണ്ടതാണ്.  അതുപോലെ അയല്‍രാജ്യത്തെ അഭ്യന്തരകലാപമോ യുദ്ധമോ ഭയന്ന് ജീവരക്ഷാര്‍ത്ഥം അഭയംതേടി വരുന്നവര്‍ക്ക് താല്കാലിക വീസ നല്കേണ്ടതാണ്. അഭയാര്‍ത്ഥികളുടെയും കുടിയേറ്റക്കാരുടെയും കൂട്ടവും ഏകപക്ഷീയവുമായ പുറത്താക്കലും നാടുകടത്തലും പ്രശ്നങ്ങള്‍ക്ക് ഉചിതമായ പരിഹാര മാര്‍ഗ്ഗമല്ല, പ്രത്യേകിച്ച് അവര്‍ തിരിച്ചു ചെല്ലുന്നിടങ്ങളില്‍ മനുഷ്യാന്തസ്സും അടിസ്ഥാന അവകാശങ്ങളും മാനിക്കപ്പെടാത്ത ഇടമാണെങ്കില്‍.3  അതിനാല്‍ മാനുഷ്യാന്തസ്സിന് ഇണങ്ങുന്ന അടിസ്ഥാന പാര്‍പ്പിട സൗകര്യങ്ങള്‍ അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും നല്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 

കുടിയേറ്റക്കാരെ സ്വീകരിക്കുന്നതില്‍ മെച്ചപ്പെട്ട പരിപാടികളും വ്യക്തിഗത കൂടിക്കാഴ്ചയ്ക്കുള്ള സംവിധാനങ്ങളും പലേയിടങ്ങളിലും ഉണ്ടായിട്ടുണ്ട്.4 രാഷ്ട്രത്തിന്‍റെ സുരക്ഷയ്ക്കുംമേലെ വ്യക്തിയുടെ ജീവനും സുരക്ഷയും മാനിക്കപ്പെടണമെന്ന അടിസ്ഥാനതത്ത്വം തന്‍റെ മുന്‍ഗാമി പാപ്പാ ബെനഡിക്ട് 16-Ɔമന്‍ രാഷ്ട്രങ്ങളോട് ഊന്നിപ്പറഞ്ഞിട്ടുള്ളത് ഇവിടെ അനുസ്മരിക്കുന്നു.5   അതിനാല്‍ രാജ്യാതിര്‍ത്തികളുടെ ഉത്തരവാദിത്വം വഹിക്കുന്നവരും,   കാവല്‍നില്ക്കുന്നവരും ഈ അടിസ്ഥാന കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. കുടിയേറ്റക്കാരുടെ ഇന്നിന്‍റെ ചുറ്റുപാടുകള്‍ പരിശോധിക്കുമ്പോള്‍, അഭയവും സുരക്ഷയും തേടിയെത്തുന്നവര്‍ക്ക് പ്രാഥമിക സൗകര്യങ്ങളും വ്യക്തിഗത സുരക്ഷയും ലഭ്യമാക്കേണ്ടതാണ്. അനധികൃതമായി കുടിയേറുന്നവരെ ബന്ധികളാക്കി തടഞ്ഞു വയ്ക്കുന്നതിനു പകരം ബദല്‍ മാര്‍ഗ്ഗങ്ങളിലൂടെ ഓരോ മനുഷ്യന്‍റെയും അന്തസ്സിന് ഇണങ്ങുന്ന വിധത്തില്‍ അവര്‍ക്ക് ജീവിത സൗകര്യങ്ങള്‍  ലഭ്യമാക്കാനുള്ള വഴികള്‍ ആരായേണ്ടതാണ്.6

4. കുടിയേറ്റക്കാര്‍ക്കു നല്കേണ്ട സംരക്ഷണം 
“സംരക്ഷിക്കാം! “  ഈ  രണ്ടാമത്തെ ക്രിയയില്‍ നിയമവ്യവസ്ഥിതികള്‍ക്കു പുറമേ, അഭയാര്‍ത്ഥികളുടെയും കുടിയേറ്റക്കാരുടെയും അന്തസ്സും അവകാശങ്ങളും സംരക്ഷിക്കുന്നതു സംബന്ധിച്ച വിവിധ കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ട്.7  കുടിയേറ്റക്കാരുടെ സുരക്ഷ തുടങ്ങേണ്ടത് ഉദ്ദിഷ്ടരാജ്യത്തിനും ലക്ഷ്യസ്ഥാനത്തിനും മുന്നേ, ആദ്യം യാത്രതുടങ്ങുന്ന  മാതൃരാജ്യത്തു തന്നെയാണ്. അവര്‍ പുറപ്പെടുന്നതിനുമുന്‍പേ അനധികൃത കുടിയേറ്റത്തിനുള്ള സാദ്ധ്യതകള്‍ ഒഴിവാക്കി അവര്‍ക്ക് വേണ്ട സഹായം  നല്കേണ്ടതാണ്.8 ശരിയായ തിരിച്ചറിയല്‍ കാര്‍ഡും രേഖകളും കുടിയേറ്റക്കാര്‍ എപ്പോഴും കരുതുക, ഓരോ സ്ഥലത്തും നീതി തേടേണ്ട രീതികള്‍, ഒരു ജോലിയും അത്യാവശ്യം ജീവിതസൗകര്യങ്ങളും ലഭിക്കുന്നതുവരെ കുടുംബത്തിന്, അല്ലെങ്കില്‍ കുടിയേറുന്നത്രയും വ്യക്തികള്‍ക്ക് ജീവിച്ചുപോകാന്‍ ആവശ്യം പണം  ഒരു ബാങ്ക്  ഇടപാടുവഴി നല്കുക,  ഇതോടൊപ്പം അവരുടെ യഥാര്‍ത്ഥമായ കഴിവുകളും അറിവും കൂടിയാകുമ്പോള്‍ അഭയംതേടുന്നവര്‍ അവരെ സ്വീകരിക്കുന്ന രാജ്യത്തിനും സമൂഹത്തിനും  കരുത്തും മുതല്‍ക്കൂട്ടുമായി മാറുന്നു.9  അതിനാല്‍ കുടിയേറ്റക്കാര്‍ എത്തിപ്പെടുന്ന രാജ്യങ്ങളില്‍  അവരുടെ മനുഷ്യാന്തസ്സു മാനിക്കപ്പെട്ട് അടിസ്ഥാനപരമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യവും, തൊഴില്‍ അവസരങ്ങളും, ആശയവിനിമയ സൗകര്യങ്ങളും നല്കേണ്ടതാണ്.  അതുപോലെ മറിച്ചും, കുടിയേറ്റ മണ്ണില്‍നിന്നും തിരിച്ച് അവരുടെ മാതൃരാജ്യങ്ങളിലേയ്ക്ക് പോകേണ്ടിവന്നാലും സാമൂഹികവും തൊഴില്‍പരവുമായി അവരെ പുനരധിവസിപ്പിക്കപ്പെടാനുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കപ്പെടേണ്ടതാണ്.

5. കുടിയേറ്റത്തിലെ കുട്ടികള്‍ 
കുട്ടികളുടെ അവകാശം സംബന്ധിച്ച രാജ്യാന്ത കാരാരുകള്‍ പ്രകാരം (International Convention on the Rights of the Child) പ്രായപൂര്‍ത്തിയെത്താത്ത കുട്ടികള്‍ക്ക് ആവശ്യമായ സഹായവും സംരക്ഷണവും നല്കേണ്ടതാണ്. അവരെ കുടിയേറ്റവുമായി ബന്ധപ്പെട്ട എല്ലാവിധ ശിക്ഷണനടപടികളില്‍നിന്നും ഒഴിവാക്കി പ്രാഥമികവും,  തുടര്‍ന്ന് രണ്ടാം ഘട്ടത്തിലുമുള്ള വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭ്യമാക്കേണ്ടതാണ്.   അവര്‍ പ്രായപൂര്‍ത്തിയെത്തുമ്പോള്‍ രാജ്യത്തെ മറ്റു കുട്ടികളെപ്പോലെതന്നെ തുടര്‍വിദ്യാഭാസം ചെയ്യാനുള്ള സൗകര്യങ്ങളും ഒരുക്കേണ്ടതാണ്.   

അതുപോലെ കൂടുംബങ്ങളില്‍നിന്നും പറിച്ചെടുക്കപ്പെട്ട പ്രായപൂര്‍ത്തിയെത്താത്ത കുട്ടികള്‍ക്കും, കൂടിയേറ്റത്തില്‍ കൂടെ ആരുമില്ലാത്ത അല്ലെങ്കില്‍ അനാഥരാക്കപ്പെട്ട കുഞ്ഞുങ്ങള്‍ക്കും  താല്ക്കാലിക സംരക്ഷണവും, ദത്തെടുക്കാനുള്ള സൗകര്യങ്ങളും പരിഗണിക്കേണ്ടതാണ്.10  കൂടിയേറ്റ സാഹചര്യങ്ങളില്‍ ജനിക്കുന്ന കുട്ടികള്‍ ഉടനെ രേഖീകരിക്കപ്പെടുകയും, തുടര്‍ന്ന് പൗരത്വത്തിനും ദേശീയതയ്ക്കുമുള്ള അവരുടെ അവകാശങ്ങള്‍ മാനിക്കപ്പെടേണ്ടതുമാണ്.  രാജ്യാന്തര നിയമങ്ങളുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് അനുസൃതമായി ഒത്തുനോക്കുകയാണെങ്കില്‍, അതുവഴി ചിലപ്പോള്‍ കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും അനുഭവിക്കേണ്ടി വരുന്ന പൗരത്വമില്ലായ്മയും അതുമായി ബന്ധപ്പെട്ട പ്രതിബന്ധങ്ങളും പലപ്പോഴും ഒഴിവാക്കാവുന്നതാണ് 11.  അതുപോലെ  കുടിയേറ്റക്കാരുടെ താല്ക്കാലിക രേഖകളുടെ കുറവോ ഇല്ലായ്മയോ ഒരിക്കലും അവരുടെ ആരോഗ്യപരിചരണത്തിനോ, ജോലിയുടെ വാര്‍ദ്ധക്യകാല  വേദനത്തിനോ തടസ്സമാകരുത്.  അതുപോലെ അവരുടെ നാടുകടത്തലിനും ഇടയാക്കരുത്.

6. കുടിയേറുന്നവരെ പിന്‍തുണയ്ക്കുക  
അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും, അവരെ സ്വീകരിക്കുന്ന സമൂഹങ്ങള്‍ക്കും അടിസ്ഥാനപരമായി സ്രഷ്ടാവായ ദൈവം വിഭാവനംചെയ്തിട്ടുള്ള  മനുഷ്യത്വത്തില്‍ ജീവിക്കാനുള്ള സാദ്ധ്യതകള്‍ നല്കുക, എന്നതാണ് പിന്‍തുണയ്ക്കുക എന്ന പ്രയോഗംകൊണ്ട് ഉദ്ദേശിക്കുന്നത്.12 ഇക്കൂട്ടത്തില്‍ ഏറെ പ്രാധാന്യം നല്കേണ്ടത് അവരുടെ വിശ്വാസവും അതിന്‍റെ പ്രായോഗിക നിഷ്ഠകളും ഉള്‍ക്കൊള്ളുന്ന മതാത്മക ജീവിതത്തിന്‍റെ ശരിയായ മൂല്യത്തിനാണ്.  

എല്ലാ കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും ​അംഗീകരിക്കപ്പെടേണ്ട നല്ല കഴിവുകളുണ്ട്.  “തൊഴിലിന് അതില്‍ത്തന്നെ എല്ലാവരെയും കൂട്ടിയിണക്കാനും ഒന്നിപ്പിക്കാനുമുള്ള കഴിവുണ്ട്”13. തൊഴില്‍ പരിശീലനം, പുതിയ ഭാഷാപഠനം, പൗരത്വത്തിന്‍റെ രേഖകള്‍ ഒരുക്കുക  എന്നിവ കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും കഴിയുന്നത്ര അവരുടെ ഭാഷയില്‍ നല്കിക്കൊണ്ട് അവരെ എത്രയും വേഗം സമൂഹത്തില്‍ ഉള്‍ച്ചേര്‍ക്കാനുള്ള ബോധപൂര്‍വ്വകമായ ശ്രമങ്ങളെ പ്രേത്സാഹിപ്പിക്കേണ്ടതാണ്. എന്നാല്‍ കുട്ടികളും പ്രായപൂര്‍ത്തിയെത്താത്തവരുമായ കുടിയേറ്റക്കാരുടെ കാര്യത്തില്‍ തൊഴിലുമായി അവരെ ബന്ധപ്പെടുത്തുപ്പോള്‍ അവരുടെ പഠനത്തിന്‍റെയും വളര്‍ച്ചയുടെയും സാദ്ധ്യതകള്‍ നഷ്ടപ്പെടുത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. “മൂല്യങ്ങളുടെ സമഗ്രതയ്ക്കുള്ള ഘടകവും, ജീവസംസ്ക്കാരത്തിന്‍റെ സ്രോതസ്സുമാണ് കുടുംബം,” എന്നു കുടിയേറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ 2006-ല്‍ പ്രസ്താവിച്ചത് മുന്‍പാപ്പാ ബെന‍ഡിക്ടാണ്.

കുടുംബങ്ങളുടെ സമഗ്രത അല്ലെങ്കില്‍ പൂര്‍ണ്ണത നിലനിര്‍ത്താന്‍വേണ്ടി  സാധിക്കുമെങ്കില്‍ ചിലവില്ലാതെതന്നെ മാതാപിതാക്കളെയും കാരണവന്മാരെയും കുഞ്ഞുങ്ങളെയും ഒന്നിപ്പിക്കാനും, ഒരുമിച്ചു പാര്‍ക്കാനുമുള്ള സാദ്ധ്യതകള്‍ കണ്ടെത്തേണ്ടതാണ്. അതുപോലെ കുടിയേറ്റക്കാര്‍ക്കിടയിലെ അംഗവൈകല്യമുള്ളവരെ പ്രത്യേകം പിന്‍തുണയ്ക്കുകയും അവരോട് പ്രത്യേക പരിഗണന കാണിക്കുകയും വേണം. കുടിയേറ്റക്കാര്‍ക്കു നിരവധി രാജ്യങ്ങള്‍ നല്കുന്ന അകമഴിഞ്ഞ സഹായങ്ങള്‍ ഇവിടെ ഏറ്റുപറയുമ്പോഴും, കുടിയേറ്റത്തിന്‍റെ വര്‍ദ്ധിച്ച നിരക്ക് ഇന്ന് അനുഭവിക്കുന്ന വികസ്വരരാജ്യങ്ങളിലെ ജനങ്ങളുടെ മരുന്ന്, വിദ്യാഭ്യാസം സാമൂഹിക സുരക്ഷ എന്നിവകൂടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഒപ്പം തദ്ദേശ സമൂഹങ്ങളിലെ ക്ലേശിക്കുന്നവരെയും സാമ്പത്തിക ക്ലേശങ്ങള്‍ അനുഭവിക്കുന്നവരെയും ഈ സാമൂഹിക പിന്‍തുണയില്‍ പങ്കുകാരാക്കേണ്ടതാണ്.15

7. കുടിയേറ്റവും പുനരധിവാസവും  
അവസാനമായി, കുടിയേറിയവരെ “പുനരധിവസിപ്പിക്കുക” അല്ലെങ്കില്‍ സമന്വയിപ്പിക്കുക എന്നു പറയുന്നത്, തദ്ദേശജനങ്ങള്‍ക്കൊപ്പമുള്ള  അവരുടെ പാരസ്പരികതയും പങ്കുവയ്ക്കുന്ന സാംസ്ക്കാരിക വളര്‍ച്ചയുമാണ്.  മറിച്ചാകരുത്. നവാഗതരുടെ  സംസ്ക്കാരത്തനിമയും അനന്യതയും ശൈലീവിശേഷണങ്ങളും നശിപ്പിക്കുന്നതോ അതിനെ അടിച്ചമര്‍ത്തുന്നതോ അല്ല കുടിയേറ്റത്തിലെ പുനരധിവസിപ്പിക്കല്‍. മറ്റുള്ളവരുമായുള്ള കൂടിക്കാഴ്ചയും സഹവാസവുംവഴി  തമ്മില്‍ കൂടുതല്‍ അറിയാനും തുറവോടെ നന്മയുടെ മൂല്യങ്ങളും രീതികളും കൈമാറാനും പങ്കുവയ്ക്കാനും അവരെ സഹായിക്കേണ്ടതാണ്. ദൈവം മാനവികതയ്ക്കു സമ്മാനിച്ചിട്ടുള്ള സംസ്ക്കാരത്തിന്‍റെ ബഹുമുഖഭാവങ്ങള്‍ അറിയാനും അംഗീകരിക്കാനും അവര്‍ക്ക്  ഇടനല്കേണ്ടതാണ്.16  

ഈ പാരസ്പരികത യാഥാര്‍ത്ഥ്യമാക്കാന്‍ ഒരു രാജ്യത്ത് ദീര്‍ഘകാലം കുടിയേറിപ്പാര്‍ത്തവര്‍ക്ക് സൗജന്യമായും,  മറ്റു സാങ്കേതികത തടസ്സങ്ങള്‍ ഇല്ലാതെയും  അവരുടെ കുടിയേറ്റ ജീവിതത്തിന് നിയമസാധുത നല്കിക്കൊണ്ടുമായിരിക്കണം. കുടിയേറുന്നവരുടെ പുനരധിവാസത്തെ സഹായിക്കുന്ന സാംസ്ക്കാരിക കൈമാറ്റ പരിപാടികള്‍, പ്രാദേശിക സമൂഹമായി ഇടപഴകാനുള്ള സാദ്ധ്യതകള്‍ എന്നിവയിലൂടെ എല്ലാവിധത്തിലും ഒരു കൂട്ടായ്മയുടെ സംസ്ക്കാരം വളര്‍ത്താന്‍ ശ്രമിക്കേണ്ടതാണ്.
ഇനി കുടിയേറിയിട്ടും വിപരീത സാഹചര്യങ്ങളുടെ സമ്മര്‍ദ്ധംമൂലം തിരികെ സ്വന്തംനാട്ടിലേയ്ക്ക് പോകേണ്ടി വരുന്നവരുമുണ്ട്. അങ്ങനെയുള്ളവരെ സ്വന്തംനാട് തുറവോടെ സ്വീകരിക്കേണ്ടതാണ്.

8. കുടിയേറ്റപ്രതിഭാസവും സഭാമാതാവിന്‍റെ ആകുലതയും 
കുടിയേറ്റക്കാര്‍ക്ക്, വിശിഷ്യ അനധികൃത കുടിയേറ്റക്കാര്‍ക്ക് യൂറോപ്പിലേയ്ക്കുള്ള പിന്‍വാതില്‍ എന്നു പറയാവുന്ന ഇറ്റലിയിലെ ലാമ്പദൂസാ ദ്വീപ് 2013 ജൂലൈ 8-ന് സന്ദര്‍ശിച്ചതിനുശേഷമാണ് കുടിയേറ്റത്തിന്‍റെ സൂക്ഷ്മ തലങ്ങളിലേയ്ക്ക് കടക്കാന്‍ പരിശുദ്ധാത്മാവ് തന്നെ പ്രേരിപ്പിച്ചതെന്ന് പാപ്പാ ഫ്രാന്‍സിസ് ആവര്‍ത്തിച്ചു പ്രസ്താവിച്ചിട്ടുണ്ട്. സഭാ നവീകരണത്തിന്‍റെ ഭാഗമായി സമഗ്ര മാനവപുരോഗതിക്കായുള്ള വിഭാഗത്തില്‍ (Dycastery for Integral Human Development) കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും, വിവിധ കാരണങ്ങളാല്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കുമായി ഒരു പ്രത്യേക വിഭാഗം ഉള്‍പ്പെടുത്തുകയുണ്ടായി. അതുപോലെ മനുഷ്യക്കടത്തിന് ഇരയാകുന്നവരെക്കുറിച്ചും സഭ ഇന്ന് ഏറെ ആകുലപ്പെടുന്നുണ്ട്.   

അജപാലന പാരമ്പര്യത്തില്‍ മേല്പറഞ്ഞ കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സഭ പൂര്‍ണ്ണമായും സമര്‍പ്പിക്കുന്നുണ്ട്. എന്നിരുന്നാലും ഈ വലിയ ലക്ഷ്യം അതിന്‍റെ ഫലപ്രാപ്തിയില്‍  എത്തിക്കാന്‍ രാഷ്ട്രീയ സമൂഹത്തിന്‍റെയും പൗരസമൂഹത്തിന്‍റെയും പിന്‍തുണ അവരുടെ ഉത്തരവാദിത്വങ്ങള്‍ക്കു അനുസൃതമായി നിര്‍വ്വഹിക്കേണ്ടതാണ്.  2016 സെപ്തംബര്‍ 29-ന് ഐക്യ രാഷ്ട്ര സംഘടയുടെ ന്യൂയോര്‍ക്ക് ആസ്ഥാനത്തു സംഗമിച്ച ഉച്ചകോടിയില്‍ കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ജീവന്‍ പരിരക്ഷിക്കുന്നതിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഉതകുന്ന നിര്‍ണ്ണായകമായ നടപടികള്‍ സ്വീകരിക്കുകയും, ഈ ഉത്തരവാദിത്വം ആഗോളതലത്തില്‍ പങ്കുവയ്ക്കാനും ഉറപ്പുനല്കുകയുണ്ടായി. ഈ ലക്ഷ്യപ്രാപ്തി 2018 അവസാനിക്കുന്നതിനു മുന്‍പായി രണ്ടു ആഗോള ഉടമ്പടികളായി രാഷ്ട്രങ്ങള്‍ ഒരുക്കാമെന്നും,  അവ അംഗീകരിക്കാമെന്നും ഉറപ്പുനല്കിയിട്ടുള്ളതുമാണ്. ഈ രണ്ടു ഉടമ്പടികളില്‍ ഒന്ന് അഭയാര്‍ത്ഥികള്‍ക്കും മറ്റേത് കുടിയേറ്റക്കാര്‍ക്കുമുള്ളതാണ്.

9. നസ്രത്തിലെ മറിയം  കുടിയേറ്റക്കാരുടെ അമ്മ!   
പ്രിയ സഹോദരങ്ങളേ, കിടിയേറ്റത്തെ സംബന്ധിച്ച് കാലികമായി നടപ്പാക്കിയിട്ടുള്ള നല്ല കാര്യങ്ങള്‍ക്കൊപ്പം അടുത്തുവരുന്ന മാസങ്ങളില്‍ പ്രാവര്‍ത്തികമാക്കാനുള്ളതാണ് മേല്‍ വിവരിച്ച  നാലു ക്രിയകള്‍ - സ്വീകരിക്കുക, സംരക്ഷിക്കുക, പിന്‍തുണയ്ക്കുക, പുനരധിവസിപ്പിക്കുക!   ആഗോള ഉടമ്പടികള്‍ അംഗീകരിക്കപ്പെടേണ്ടതിന് മേല്‍ വിവരിച്ച സന്ദേശം ഉള്‍ക്കൊള്ളാന്‍ രാഷ്ട്രീയ- സാമൂഹിക സേവകരെ അല്ലെങ്കില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള എല്ലാവരെയും ക്ഷണിക്കുന്നു.

നാടുകടത്തലിന്‍റെ തിക്താനുഭവങ്ങളുള്ള ദൈവമാതാവ്, പരിശുദ്ധ കന്യകാനാഥ (മത്തായി 2, 13-15) തന്‍റെ പുത്രനെ കാല്‍വരിയിലേയ്ക്ക് സ്നേഹപൂര്‍വ്വം അനുഗമിച്ചു. അതില്‍പ്പിന്നെ അവിടുത്തെ സ്വര്‍ഗ്ഗീയ മഹത്വത്തിലും പങ്കുകാരിയായി. ലോകത്തെ സകല അഭയാര്‍ത്ഥികളുടെയും കുടിയേറ്റക്കാരുടെയും പ്രത്യാശയും, അവരെ സ്വീകരിക്കുന്ന സമൂഹങ്ങളുടെ ആശകളും ഈ അമ്മയുടെ മാദ്ധ്യസ്ഥത്തില്‍ സമര്‍പ്പിക്കാം. അങ്ങനെ യേശുവിന്‍റെ പരമോന്നതമായ സ്നേഹത്തിന്‍റെ കല്പനയോട് പ്രതികരിച്ചുകൊണ്ട് നമുക്കും അപരിചിതരെയും പരദേശികളെയും നമ്മെപ്പോലെതന്നെ സ്നേഹിക്കാം!


(William Nellikkal)

14/01/2018 12:24