സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പ്രത്യേകഇനങ്ങള്‍ \ സുവിശേഷപരിചിന്തനം

ശിഷ്യത്വത്തിന്‍റെ വിലയും സമര്‍പ്പണവും

ക്രിസ്തു ശിഷ്യത്വം - RV

13/01/2018 11:40

വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 1, 35-42.

1. ഇതാ, ദൈവത്തിന്‍റെ കുഞ്ഞാട്!  യോഹ. 1, 29 

കൃത്യതയുള്ളപ്പോഴാണ് നാം ജീവിതചുറ്റുപാടില്‍ ഒരാളെ ചൂണ്ടിക്കാണിക്കുന്നത്. യേശുവിനെക്കുറിച്ച് സ്നാപക യോഹന്നാന് അത്രത്തോളം ക്ലിപ്തതയുണ്ടായിരുന്നു. അവിടുന്ന് മിശിഹായാണെന്നും ലോകരക്ഷകനാണെന്നും, ദൈവത്തിന്‍റെ കുഞ്ഞാടാണെന്നും അവിടുത്തെ മുന്നോടിയായ യോഹന്നാന്‍ കാലക്രമത്തില്‍ മനനംചെയ്തിരിക്കാം. അതുകൊണ്ടാണ് അദ്ദേഹം തന്‍റെതന്നെ ശിഷ്യന്മാര്‍ക്ക്  ക്രിസ്തുവിനെ ചൂണ്ടിക്കാണിച്ചുകൊടുക്കാന്‍ സാധിച്ചത്. ലോകത്തിന് ചൂണ്ടിക്കാണിച്ചു കൊടുത്തത്. മാത്രമല്ല, അവിടുത്തെ അനുഗമിക്കാന്‍ അവര്‍ക്ക് പ്രചോദനം നല്കിയതും. “ഇതാ, ദൈവത്തിന്‍റെ കുഞ്ഞാട്! ഇതാ, ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്നവന്‍! നിങ്ങള്‍ അവിടുത്തെ പിന്‍ചെല്ലുവിന്‍!” ഉടനെ അവര്‍ അവിടുത്തെ പിന്‍ചെന്നുവെന്ന് ക്രിസ്തുവിനെ ആദ്യം അനുഗമിച്ച രണ്ടുപേരില്‍ ഒരാളായ വിശുദ്ധ യോഹന്നാന്‍ തന്‍റെ സുവിശേഷത്തില്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു (യോഹ. 1, 27).

2. ആദ്യ ശിഷ്യന്മാര്‍   
അവരായിരുന്നു ആദ്യം ക്രിസ്തുവിലേയ്ക്ക് എത്തിയത്, ആദ്യം ക്രിസ്തുവിനെ അനുഗമിച്ചവര്‍ – ഗലീലിയില്‍നിന്നുമുള്ള മീന്‍പിടുത്തക്കാരായ യോഹന്നാനും അന്ത്രയോസും! പാവപ്പെട്ടവരുടെ ആത്മീയ ഉണര്‍വിനെ നാം പലപ്പോഴും തരം തിരിച്ചുകാട്ടുകയും, ഇടിച്ചുകാട്ടുകയും ചെയ്യാറുണ്ട്. അത് ദൈവം കാട്ടുന്ന പക്ഷാപാതമായി കണക്കാക്കപ്പെടാറുമുണ്ട്. എന്നാല്‍ ഓര്‍ക്കണം, തീരത്തു പണിയെടുത്തു ജീവിക്കുന്ന ഇവരെ ക്രിസ്തു അവിടുത്തെ പക്കലേയ്ക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നില്ല. മറിച്ച് അവരില്‍ പലരും നാളുകളായി സ്നാപക യോഹന്നാന്‍റെ ശിഷ്യരായിരുന്നു. നിരന്തരമായ സാധനകളിലൂടെയും തപശ്ചര്യകളിലൂടെയും യോഹന്നാന്‍ അവരുടെ ഹൃദയങ്ങള്‍ ഒരുക്കുകയായിരുന്നു. “കുന്നു നിരപ്പാക്കിയും, താഴ്വാരം ഉയര്‍ത്തിയും, വളഞ്ഞവഴികള്‍ നേരെയാക്കിയുമൊക്കെ…” (ലൂക്ക 3, 5) ഒരുക്കിയ അവരുടെ ഹൃദയവയലുകള്‍ക്കു മീതെയാണ് ദൈവകൃപയുടെ മഴ പെയ്തിറങ്ങിയത്.

3.  സ്നാപകന്‍റെ ഹൃദയവിശാലത   
യോഹന്നാന്‍ ഒരു കിളിക്കൂടുപോലെ തന്‍റെ വാതിലുകള്‍ തുറന്നുവെച്ച് അവരെ വളര്‍ത്തുകയും, ചിറകുകള്‍ക്ക് ദൃഢത കിട്ടുവോളം അവരെ വളര്‍ത്തുകയും, പിന്നെ പക്വമാര്‍ന്ന കാലത്ത് അവരെ ക്രിസ്തുവാകുന്നു ആകാശത്തേയ്ക്ക് പറത്തുകയുമാണ് ചെയ്തത്. യോഹന്നാനെപ്പോലെ മറ്റൊരു ഗുരുവും ഇതുപോലെ തന്‍റെ ശിഷ്യരെ കൈമാറുകയോ കൈവിട്ടുകളയുകയോ ചെയ്തിട്ടുണ്ടാവില്ല. യേശുവിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് സ്നാപകന്‍ തന്‍റെ ശിഷ്യന്മാരെ അവിടുത്തെ പക്കലേയ്ക്ക് പറഞ്ഞയച്ച ആ സമയം സുവിശേഷകന്‍ യോഹന്നാന്‍, ഏകദേശം 10-Ɔ൦ മണിക്കൂര്‍ എന്ന് കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു (യോഹ. 1, 39). കാരണം അദ്ദേഹം അക്കൂട്ടത്തില്‍ ഒരാളായിരുന്നു.  

4. മനുഷ്യന്‍ ചുവടൊന്നു വെയ്ക്കുമ്പോള്‍...! 
അവര്‍ പിന്നാലെ വരുന്നതുകണ്ട് യേശു ചോദിച്ചു. “നിങ്ങള്‍ എന്താണ് അന്വേഷിക്കുന്നത്?” (യോഹ. 1, 38). മനുഷ്യന്‍ ദൈവത്തിലേയ്ക്ക് ഒരു ചുവടു വയ്ക്കുമ്പോള്‍ ദൈവം അവനിലേയ്ക്കും ചുവടുകള്‍ എടുക്കുന്നു. മനുഷ്യന്‍ ഒരു ചുവടെടുത്താല്‍ ദൈവം നമ്മിലേയ്ക്ക് 7 ചുവടെടുക്കും എന്നൊരു പുരാതന മൊഴിയുണ്ട്. ബൈബിളില്‍ പൂര്‍ണ്ണതയുള്ള എണ്ണമാണ് ഏഴ്! അത്രയേറെ ഉദാരമതിയാണ് നമ്മെ വിളിച്ച് ആയുസ്സു നല്കിയ ദൈവമെന്ന് ചുരുക്കം. അതായത് ശിഷ്യന്‍ ഗുരുവിനെ ഗൗരവമായി എടുക്കുമ്പോള്‍, ഗുരുവും ശിഷ്യനെ ഗൗരവമായി മാനിക്കുന്നു.

5.  “നിങ്ങള്‍ എന്താണ് അന്വേഷിക്കുന്നത്? യോഹ. 1, 38
ഏതൊരു യാത്രയ്ക്കും അതിന്‍റേതായ ചില വ്യക്തതകള്‍ ആവശ്യമാണ്. നാം മിഴി പൂട്ടി ധ്യാനിക്കണം. ക്രിസ്തുവില്‍ ഞാനെന്താണ് തിരയുന്നത്? ഒരിക്കല്‍ അവിടുന്നു ചേദിച്ചില്ലേ, “അപ്പം മുറിച്ചതുകൊണ്ടാണോ, നിങ്ങള്‍ എന്നെ പിന്‍‍ചെന്നത്?” (യോഹ. 6, 26). അപ്പം ഭൗതികതയുടെ സ്പര്‍ശമാണ്. എന്നാല്‍ ധ്യാനപൂര്‍ണ്ണമായ മറുപടിയാണ് പിന്നെ അവിടുത്തേയ്ക്കു ലഭിച്ചത്. “അങ്ങു വസിക്കുന്ന ഇടം ഞങ്ങള്‍ക്ക് കാണിച്ചു തരിക!” (യോഹ. 1, 38). ചോദ്യത്തിന് രണ്ടു തലങ്ങള്‍ ഉള്ളതായി മനസ്സിലാക്കാം. ആദ്യമായി, ഭൗമികമായ പാര്‍പ്പിടം എവിടെ? രണ്ടാമതായി അവിടുന്ന ഈ ലോകത്തിന്‍റെ ഭാഗമല്ലെന്ന് അവര്‍ക്കറിയാം! മറ്റേതോ ലോകത്തിന്‍റെ അവകാശിയും ഉടയവനുമാണ് അവിടുന്ന്! ആ ലോകത്തെക്കുറിച്ച് ഞങ്ങളോടു പറയുക, ഞങ്ങളെ പഠിപ്പിക്കുക!  അതായത്, “യേശുവേ, അങ്ങേ നിത്യതയുടെ വെളിച്ചം ഞങ്ങള്‍ക്കു തരിക!” എന്നാണ്!!

6. ഇതെന്‍റെ താല്ക്കാലിക ഭവനം!  
വീട് ഭൂമിയുടെ ഭാഗമല്ലെന്നു തിരിച്ചറിഞ്ഞ ഒരാള്‍ക്കു മാത്രമേ, ചെറിയ കാര്യങ്ങളില്‍നിന്ന് കുതറി നില്ക്കാനുള്ള ബലമുണ്ടാവുകയുള്ളൂ. “ഇതെന്‍റെ താല്‍ക്കാലിക ഭവനം,” എന്ന് അതുകൊണ്ടാണ് വിശുദ്ധ ചാവറയച്ചന്‍ കൂനമ്മാവിലെ തന്‍റെ ആശ്രമമുറിയില്‍ ഒരു ചെറിയ മാവിന്‍ പലകയില്‍ കൊത്തിവച്ചത്.  അങ്ങനെ നമ്മുടെ ഭവനങ്ങള്‍ക്ക് ഒരു ആത്മീയ തലവും മൂല്യവുമുണ്ട്. സ്നേഹത്തില്‍ ജീവിക്കുന്ന ഒരാളുടെ ഭവനം സ്നേഹമാണ്. അതുപോലെ കാരുണ്യത്തില്‍ ജീവിക്കുന്ന ഒരാളുടെ ഭവനം കാരുണ്യവുമാണ്. അങ്ങനെയെങ്കില്‍ യേശുവിന്‍റെ ഭവനം മൂല്യങ്ങളുടേതാണ്, സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെതാണെന്നു പറയാം. അങ്ങയുടെ മൂല്യാവബോധത്തിലേയ്ക്ക് ഞങ്ങളെ കൈപിടിച്ചുയര്‍ത്തണമേ! എന്നായിരിക്കണം ശിഷ്യന്മാര്‍ ക്രിസ്തുവിനോട് പ്രാര്‍ത്ഥിച്ചത്. മറ്റൊരു വാക്കില്‍ സുവിശേഷാധിഷ്ഠിതമായ ജീവിതത്തിനുള്ള ബലത്തിനായിട്ടാണ് അവര്‍ പ്രാര്‍ത്ഥിച്ചത്. സുവിശേഷാധിഷ്ഠിത ജീവിതത്തിനുള്ള ആശീര്‍വ്വാദം നമുക്ക് ഇന്നും അനിവാര്യമാണ്.

7. വന്നു കാണുക!  യോഹ. 1, 39-41.  
പിന്നെ ക്രിസ്തു അവരോടു പറഞ്ഞത്, Come and see!  “വന്നു കാണുത”യെന്നാണ്! അതൊരു തുറവാണ്. അതിനര്‍ത്ഥം ഇനി എന്‍റെ അനുഭവങ്ങളിലേയ്ക്ക് പ്രവേശിച്ചു കൊള്ളുക എന്നാണ്.  അതായത്, പുഴയോരത്തുനിന്ന് പുഴയിലേയ്ക്ക് ഇറങ്ങി സ്നാനം ചെയ്യുകയെന്നാണ്. അത് തീര്‍ച്ചയായും അത്ര എളുപ്പമുള്ള കാര്യവുമല്ല. ഒരിക്കല്‍ മറ്റൊരു ചെറുപ്പക്കാരന്‍ യേശുവിനോട് അങ്ങയുടെ വീട് എവിടെയെന്നു ചോദിച്ചപ്പോള്‍ പറഞ്ഞത്, “കുരുവിക്കു കൂടും കുറുനിരികള്‍ക്ക് മാളവുമുള്ള ഭൂമിയില്‍ മനുഷ്യപുത്രന് തലചായ്ക്കാന്‍ ഇടമില്ല” (മത്തായി 8, 20). അതായത് ക്രിസ്തു തന്‍റെ ശിഷ്യരെ കൂട്ടിക്കൊണ്ടുപോകുന്നത് സുരക്ഷിതത്വത്തിന്‍റെ കോട്ടകളിലേയ്ക്കല്ല, അരക്ഷിതാവസ്ഥകളുടെ തുറസ്സായ ഇടങ്ങളിലേയ്ക്കാണ്. Sail to the uncharted seas! അവിടത്തോടൊപ്പം ആയിരിക്കുക എന്നാല്‍ തലചായ്ക്കാന്‍ ഇടമില്ലാത്തവരോടൊപ്പം ആയിരിക്കുക എന്നുകൂടിയാണ് With restless people! എല്ലാ അര്‍ത്ഥത്തിലും സ്വസ്ഥതയോ നിദ്രയോ ഇല്ലാത്ത മനുഷ്യരോടൊപ്പം ആയിരിക്കുകയെന്നാണ്. ശിഷ്യത്വത്തിന് നാം കൊടുക്കേണ്ട വിലയാണിത്.

8. ആഞ്ഞൂസ് ദേയീ...!   
സെബാസ്റ്റ്യന്‍ പള്ളത്തോടിന്‍റെ നോവലാണ്, ആഞ്ഞൂസ് ദേയി – ദൈവത്തിന്‍റെ കുഞ്ഞാട്! ക്രിസ്തുവിനെയാണ് സ്നാപക യോഹന്നാന്‍ ഇന്നത്തെ സുവിശേഷത്തില്‍ ദൈവത്തിന്‍റെ കുഞ്ഞാടെന്നു വിശേഷിപ്പിക്കുന്നത്. എന്നാല്‍ ആ ദിവ്യകുഞ്ഞാടിനെ പിന്‍ചെല്ലുന്ന സകലരും ദൈവത്തിന്‍റെ കുഞ്ഞാടുകളായി മാറുന്നവെന്നാണ് പള്ളിത്തോടു വിവക്ഷിക്കുന്നത്, അനുസ്മരിപ്പിക്കുന്നത്. ക്രിസ്തുശിഷ്യന്‍, വിളികേട്ട് അവിടുത്തെ അനുഗമിച്ചവന്‍ സാക്ഷാല്‍ ദൈവത്തിന്‍റെ കുഞ്ഞാടായി മാറുന്നു, ബലിയാടായി മാറുന്നു. ഗുരുവിന്‍റെ രൂപീകരണത്തിലൂടെ വളരുന്ന ശിഷ്യന്‍ അര്‍പ്പകനായ “ആഞ്ഞൂസ് ദേയി”യായി മാറുന്നു, മാറണം!

സാമൂവേല്‍ പ്രവചകനപ്പോലെ നമുക്കും പ്രാര്‍ത്ഥിക്കാം, “ദൈവമേ, അങ്ങെന്നെ വിളിച്ചുവല്ലോ!  ഇതാ, അങ്ങേ ദാസന്‍ ശ്രവിക്കുന്നു!” (1സാമു. 3, 7). സങ്കീര്‍ത്തകനും അതേ സമര്‍പ്പണത്തിന്‍റെ നാദത്തിലും സ്വരത്തിലുമാണ് ആലപിക്കുന്നത്, “വരുന്നു ഞാന്‍ പിതാവേ, നിന്‍ തിരുവുള്ളം നറവേറ്റാന്‍, തരുന്നു ഞാന്‍ പിതാവേ, നിന്‍ കരുണയെഴും കരതാരില്‍....!!”  (സങ്കീര്‍ത്തനം 39).

9.  കുടിയേറ്റക്കാരുടെ  ആഗോളദിനം   സഭ ജനുവരി 14-Ɔ൦ തിയതി ഞായറാഴ്ച, കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും
104-‍Ɔമത് ആഗോളദിനം ആചരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട പാപ്പാ ഫ്രാന്‍സിസ് നല്കുന്ന സന്ദേശമാണ്,  “കുടിയേറ്റക്കാരെയും അഭയാര്‍ത്ഥിക്കളെയും സ്വീകരിക്കാം, സംരക്ഷിക്കാം, സഹായിക്കാം, പുനരധിവസിപ്പിക്കാം!”   “പരദേശികളെ സ്വദേശികളെപ്പോലെ നിങ്ങളുടെ നാട്ടില്‍ സ്വീകരിക്കണം. നിങ്ങളെപ്പോലെതന്നെ അവരെയും സ്നേഹിക്കണം. കാരണം നിങ്ങളും പരദേശികളായിരിക്കയും അലഞ്ഞുതിരിയുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്. ഞാന്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവാണ്” (ലേവ്യര്‍ 19, 24), എന്ന പഴയനിയമ വചനം പാപ്പാ ആമുഖമായി തന്‍റെ സന്ദേശത്തില്‍ ഉദ്ധരിക്കുന്നു. ദാരിദ്ര്യം, അഭ്യന്തരകലാപം, പ്രകൃതിക്ഷോഭം, പീഡനങ്ങള്‍, യുദ്ധം എന്നിവയാല്‍ നാടും വീടും വിട്ടിറങ്ങേണ്ടി വരുന്ന കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും, അവരുടെ ശോചനീയമായ അവസ്ഥയെയുംകുറിച്ചുള്ള ആശങ്കയോടും അവബോധത്തോടുകൂടെ നാം കുടിയേറ്റക്കാരെ സ്നേഹത്തോടും ആര്‍ദ്രതയോടുംകൂടെ ഉള്‍ക്കൊള്ളണമെന്ന് പാപ്പാ അനുസ്മരിപ്പിക്കുന്നു. 

അഭയം തേടുന്നവര്‍ നമ്മുടെ വാതുക്കല്‍ വന്നു മുട്ടുമ്പോള്‍, പരിത്യക്തരും പരദേശികളുമായ എക്കാലത്തെയും മനുഷ്യരുമായി സാരൂപ്യപ്പെടുത്തിയിട്ടുള്ള ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള അവസരമായി അതിനെ കാണേണ്ടതാണെന്നും പാപ്പാ ആഹ്വാനംചെയ്യുന്നു (മത്തായി 25, 35-43). 


(William Nellikkal)

13/01/2018 11:40