2018-01-12 10:01:00

ആസന്നമാകുന്ന സിനഡും പാപ്പാ ഫ്രാന്‍സിസിന്‍റെ നവീനതയും


ജനുവരി 11-Ɔ൦ തിയതി വ്യാഴാഴ്ച വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രൊ പരോളിന്‍ വത്തിക്കാന്‍റെ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തിന്‍റെ പ്രസക്തഭാഗങ്ങള്‍.

മെത്രാന്മാരുടെ 25-Ɔമത് സാധാരണ സിനഡ് 
2018-Ɔമാണ്ട് സഭയ്ക്ക് ഏറെ പ്രധാനപ്പെട്ടതാകുന്നത് ഒക്ടോബറില്‍ നടക്കാന്‍ പോകുന്ന യുവജനങ്ങളെ കേന്ദ്രികരിച്ചുള്ള സിനഡു സമ്മേളനത്തോടെയാണ്. കര്‍ദ്ദിനാള്‍ പരോളിന്‍ അഭിമുഖത്തില്‍ പറഞ്ഞു. ഒക്ടോബറില്‍ വത്തിക്കാനില്‍ സംഗമിക്കുന്ന മെത്രാന്മാരുടെ സിനഡു സമ്മേളനം യുവജനങ്ങളുടെ സമൂഹിക ജീവിതത്തിന്‍റെ എല്ലാ മേഖലകളെയും സ്പര്‍ശിക്കും. യുവജനങ്ങളുടെ ആശങ്കയെയും കുറവുകളെയും എന്നപോലെ, അവരുടെ ആശകളും, ആഗ്രഹങ്ങളും, സഭയില്‍നിന്നുമുള്ള പ്രതീക്ഷകളും, ഇന്ന് അവര്‍ നേരിടുന്ന വെല്ലുവിളികളും സിനഡിന്‍റെ പഠനരേഖയില്‍ (Preparatory Document) ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യുവജനങ്ങള്‍ക്ക് സഭയില്‍ എന്തുചെയ്യാനാകും? 
യുവജനങ്ങളോടുള്ള സമീപനത്തെക്കുറിച്ചുള്ള ശൈലിയില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സിനഡു സമ്മേളനത്തില്‍ അവലംബിക്കാന്‍ ആഗ്രഹിക്കുന്ന പ്രവര്‍ത്തന മാതൃക, സഭയുടെ പിതൃഭാവത്തിന്‍റെയല്ല, മറിച്ച് സഭയും യുവജനങ്ങളുമായുള്ള നവമായൊരു ബന്ധത്തിന്‍റെയും സംവാദത്തിന്‍റെയും ശൈലിയായിരിക്കണമെന്ന് നിഷ്ക്കര്‍ക്കുന്നുണ്ട്. എന്നാല്‍ അതിലൂടെ സഭ യുവജനങ്ങള്‍ക്കുവേണ്ടി എന്തു ചെയ്യാന്‍ ആഗ്രഹിക്കുന്നു, എന്നതിനെക്കാള്‍ സഭയ്ക്കുവേണ്ടി യുവജനങ്ങള്‍ക്ക് എന്തുചെയ്യാന്‍ ഇന്നു സാധിക്കുമെന്നു ചിന്തിക്കാനാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ ആഗ്രഹമെന്നു കര്‍ദ്ദിനാള്‍ പരോളിന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. സഭയിലെ സുവിശേഷ ജീവിതത്തിനായും, സുവിശേഷ മൂല്യങ്ങളുടെ പ്രചാരണത്തിനായും ഇന്നത്തെ യുവതയ്ക്ക് എന്തുചെയ്യാനാകും എന്നു ചോദിക്കാനാണ് പാപ്പാ ഫ്രാന്‍സിസ് ആഗ്രഹിക്കുന്നത്. കര്‍ദ്ദിനാള്‍ പരോളിന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. പാപ്പായുടെ നവമായ ഈ വീക്ഷണത്തോട് യുവജനങ്ങള്‍ ഉണര്‍വ്വോടും ഔദാര്യത്തോടുംകൂടെ പ്രതികരിക്കുകയും പിന്‍താങ്ങുകയും ചെയ്യുമെന്ന് ഉറപ്പുണ്ടെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ അഭിമുഖത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചു.

കുടുംബങ്ങളുടെ ആഗോളസംഗമവും സ്നേഹത്തിന്‍റെ ആനന്ദവും
കത്തോലിക്കാ കുടുംബ ജീവിതത്തെ ആഴമായി സ്പര്‍ശിക്കുന്ന സ്നേഹത്തിന്‍റെ ആനന്ദം (Amoris Laetitiae),  അയര്‍ലണ്ടിലെ ഡബ്ളിന്‍ നഗരത്തില്‍ 2018 ആഗസ്റ്റില്‍ സമ്മേളിക്കാന്‍ പോകുന്ന ആഗോള കത്തോലിക്കാ കുടുംബസംഗമം എന്നിവയെ സംബന്ധിച്ചുള്ള ചോദ്യങ്ങളോടും കര്‍ദ്ദിനാള്‍ പരോളിന്‍ അഭിമുഖത്തില്‍ പ്രതികരിച്ചു. പാപ്പാ ഫ്രാന്‍സിസിന്‍റെ അജപാലന വീക്ഷണത്തിന്‍റെ നവമായ മാതൃക ശ്രദ്ധേയമാകുന്ന പ്രബോധനമാണ് ‘സ്നേഹത്തില്‍ ആനന്ദം’. പ്രമാണരേഖയുടെ വരികളില്‍ കാണുന്ന നവീനത സഭയുടെ അരൂപിയിലും സഭാജീവിതത്തിലും പ്രബോധനത്തിലും വരേണ്ടതുമാണ്. മാറ്റങ്ങള്‍ എപ്പോഴും, പ്രത്യേകിച്ച് നവീനതയുള്ള മാറ്റങ്ങള്‍ പലപ്പോഴും ക്ലേശകരമാണെന്നും അതിനോടു ചിലരെങ്കിലും നിഷേധാത്മകമായി പ്രതികരിക്കുന്നതും എതിര്‍ക്കുന്നതും സ്വാഭാവികമാണെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ തുറന്നു പ്രസ്താവിച്ചു. നവയുഗത്തില്‍ കുടുംബങ്ങളോടും യുവജനങ്ങളോടും ക്രിസ്തുവിന്‍റെ നവീനതയുള്ള സുവിശേഷാരൂപിയോടും തുറവുള്ളവരും, സുവിശേഷചൈതന്യം സ്വാംശീകരിച്ചും അതിനെ അടിസ്ഥാനമാക്കിയും ജീവിതങ്ങളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും ക്രമപ്പെടുത്തണമെന്നാണ് പാപ്പാ ഫ്രാന്‍സിസ് ആഗ്രഹിക്കുന്നതെന്ന് അഭിമുഖത്തില്‍ കര്‍ദ്ദിനാള്‍ പരോളിന്‍ പ്രതികരിച്ചു. 








All the contents on this site are copyrighted ©.