സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

ഗ്ലോരിയയും ആമുഖപ്രാര്‍ത്ഥനയും- പാപ്പായുടെ പൊതുദര്‍ശനപ്രഭാഷണം

ഫ്രാന്‍സീസ് പാപ്പായുമൊത്ത് ഒരു "സെല്‍ഫി", പൊതുദര്‍ശന പരിപാടി, വത്തിക്കാന്‍,10/01/18 - REUTERS

10/01/2018 12:42

ശൈത്യകാലമെങ്കിലും, ഏതാണ്ട് വസന്തകാല പ്രതീതിജനിപ്പിക്കുന്ന താപനില അനുഭവപ്പെട്ട ഇക്കഴിഞ്ഞ രണ്ടുദിനങ്ങളെ അപേക്ഷിച്ച് അല്പം കൂടുതല്‍ തണുപ്പുണ്ടായിരുന്ന ഒരു ദിനമായിരുന്നു റോമില്‍ ഈ  ബുധനാഴ്ച (10/01/18) .സൂര്യപ്രഭയില്‍ മുങ്ങിനിന്ന  അന്ന് ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയുടെ വേദി, കഴിഞ്ഞ വാരത്തിലെപ്പോലെതന്നെ, വിശുദ്ധ പത്രോസിന്‍റെ   ബസിലിക്കയ്ക്കടുത്തുള്ള പോള്‍ ആറാമന്‍ ശാലയായിരുന്നു. വിവിധരാജ്യാക്കാരായിരുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകരും സന്ദര്‍ശകരും ഈ പൊതുദര്‍ശനപരിപാടിയില്‍ പങ്കെടുക്കുന്നതിന് വത്തിക്കാനില്‍ എത്തിയിരുന്നു. നിരവധി വൈദികാര്‍ത്ഥികളും സര്‍വ്വകാലാശാല വിദ്യാര്‍ത്ഥികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. പോള്‍ ആറാമന്‍ ശാലയിലേക്ക് പ്രവേശിച്ച പാപ്പായെ അവിടെ  സന്നിഹിതരായിരുന്നവര്‍ കൈയ്യടിച്ചും പാട്ടുപാടിയും ആരവമുയര്‍ത്തിയും വരവേറ്റു.പുഞ്ചിരിതൂകി ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് വേദിയിലേക്കു നീങ്ങിയ പാപ്പാ, ചിലരോടു കുശലം പറയുകയും അവര്‍ക്ക്  ഹസ്തദാനമേകുകയും പിഞ്ചുകുഞ്ഞുങ്ങളെ ആശീര്‍വ്വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വേദിയിലെത്തിയ പാപ്പാ റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30 ഓടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്‍റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു- കൃപയും സത്യവും നിറഞ്ഞതും പിതാവിന്‍റെ ഏകജാതന്‍റേതുമായ മഹത്വം. 15 യേഹന്നാന്‍ അവനു സാക്ഷ്യം നല്കിക്കൊണ്ട് വിളിച്ചുപറഞ്ഞു: ഇവനെപ്പറ്റിയാണ് ഞാന്‍ പറഞ്ഞത്, എന്‍റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ വലിയവനാണ്; കാരണം എനിക്കുമുമ്പുതന്നെ അവനുണ്ടായിരുന്നു.16 അവന്‍റെ പൂര്‍ണ്ണതയില്‍നിന്നു നാമെല്ലാം കൃപയ്ക്കുമേല്‍ കൃപ സ്വീകരിച്ചരിക്കുന്നു.” (യോഹന്നാന്‍1:14-16)

ഈ ഭാഗം പാരായണംചെയ്യപ്പെട്ടതിനു ശേഷം, പാപ്പാ പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ താന്‍ വിശുദ്ധ കുര്‍ബ്ബാനയെ അധികരിച്ചു നടത്തിപ്പോരുന്ന പ്രബോധനപരമ്പര തുടര്‍ന്നു. ലത്തീന്‍ റീത്തിന്‍റെ ആരാധനാക്രമമനുസരിച്ചുള്ള വിശുദ്ധകുര്‍ബ്ബാനയിലെ “ അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം” എന്നാരംഭിക്കുന്ന ഗ്ലോരിയ ഗീതവും ആമുഖപ്രാര്‍ത്ഥനയുമായിരുന്നു പാപ്പാ വിശകലനം ചെയ്തത്.

പ്രഭാഷണസംഗ്രഹം :

ഔദ്ധത്യം അഴിച്ചു മാറ്റിവച്ച് നാം പാപികളാണ് എന്ന അവബോധത്തോടും മാപ്പുലഭിക്കും എന്ന പ്രത്യാശയോടുംകൂടി,  നാം എന്തായിരിക്കുന്നുവോ ആ അവസ്ഥയില്‍, ദൈവതിരുമുമ്പില്‍ നില്ക്കാന്‍ അനുതാപകര്‍മ്മം നമ്മെ സഹായിക്കുന്നുവെന്ന് വിശുദ്ധകുര്‍ബ്ബാനയെ അധികരിച്ചുള്ള പ്രബോധനപരമ്പരയില്‍ നാം കണ്ടു.

മനുഷ്യന്‍റെ ദുരവസ്ഥയും ദൈവികകാരുണ്യവും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ നിന്നാണ് “ഗ്ലോരിയ” ഗീതത്തില്‍ ആവിഷ്കൃതമായ കൃതജ്ഞതാഭാവം ജീവസുറ്റതാകുന്നത്. പരിശുദ്ധാത്മാവില്‍ ഒന്നുചേര്‍ന്ന് സഭ ദൈവപിതാവിനെയും കുഞ്ഞാടായ ദൈവത്തെയും  മഹത്വപ്പെടുത്തുകയും ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന പുരാതനവും ധന്യവുമായ ഒരു ഗീതമാണ് ഇത്.

ഈ ഗീതത്തിന്‍റെ “അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം” എന്ന തുടക്കം ബത്ലഹേമില്‍ യേശു പിറന്നപ്പോള്‍ ദൈവദൂതര്‍ ആലപിച്ച ഗാനത്തിന്‍റെ ആവര്‍ത്തനമാണ്, ആകാശത്തിന്‍റെയും ഭൂമിയുടെയും ആശ്ലേഷത്തിന്‍റെ ആനന്ദപൂര്‍ണ്ണമായ വിളംബരംമാണ്. പ്രാര്‍ത്ഥനയില്‍ ഒന്നുചേര്‍ന്നിരിക്കുന്ന നമ്മെയും ഈ ഗീതം സ്പര്‍ശിക്കുന്നു: അതായത്" അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം”

അനുതാപ ശുശ്രൂഷാനന്തരം ഉടന്‍ ആലപിക്കപ്പെ‌ടുന്ന “ഗ്ലോരിയ”യയ്ക്കു ശേഷം വരുന്ന പ്രാര്‍ത്ഥന, ആമുഖ പ്രാര്‍ത്ഥന എന്നാണ് അറിയപ്പെടുന്നത്. ഗ്ലോരിയഗീതം ഇല്ലാത്തപ്പോഴും അനുതാപശുശ്രൂഷയ്ക്കുശേഷം ചൊല്ലപ്പെടുന്നത് ഈ പ്രാര്‍ത്ഥനയാണ്., ദിവസങ്ങളും ആരാധനക്രമവത്സരത്തിലെ കാലങ്ങളുമനുസരിച്ച് വിശുദ്ധ കുര്‍ബ്ബാനയുടെ മാറിമാറിവരുന്ന  സവിശേഷത ഈ ആമുഖപ്രാര്‍ത്ഥനയില്‍ ആവിഷ്കൃതമാകുന്നു. തന്നോടൊപ്പം ഒരു നിമിഷം മൗനമായി പ്രാര്‍ത്ഥിക്കാന്‍ പുരോഹിതന്‍ വിശ്വാസികളെ ക്ഷണിക്കുന്നു. ദൈവസാന്നിധ്യത്തിലാണ് നാം നില്ക്കുന്നതെന്ന അവബോധം ഉളവാക്കുന്നതിനും വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കുചേരുന്ന ഒരോരുത്തരുടെയും വ്യക്തിപരമായ നിയോഗം സമര്‍പ്പിക്കുന്നതിനുമാണിത്. നമുക്കു പ്രാര്‍ത്ഥിക്കാം എന്ന് കാര്‍മ്മികന്‍ ക്ഷണിക്കുന്നു. തുടര്‍ന്ന് നിശബ്ദതയുടെ നിമിഷമാണ്. ഓരോ വ്യക്തിയും പ്രാര്‍ത്ഥനയില്‍ യാചിക്കാനുള്ള അവനവന്‍റെ  ആവശ്യങ്ങള്‍ ഓര്‍ക്കുന്നു.

ഈ മൗനം വാക്കുകളുടെ അഭാവമായി ചുരുങ്ങരുത്, മറിച്ച്, മറ്റു സ്വരങ്ങള്‍, അതായത് നമ്മുടെ ഹൃദയത്തിന്‍റെ, സര്‍വ്വോപരി പരിശുദ്ധാരൂപിയുടെ സ്വനം ശ്രവിക്കാന്‍ നാം സന്നദ്ധരാകുകയാണ് ചെയ്യേണ്ടത്. ആരാധനാക്രമത്തില്‍ വിശുദ്ധ മൗനത്തിന്‍റെ സ്വഭാവം അത് സംഭവിക്കുന്ന നിമിഷത്തെ ആശ്രയിച്ചിരിക്കുന്നു. അനുതാപകര്‍മ്മവേളയിലും, പ്രാര്‍ത്ഥിക്കാനുള്ള ക്ഷണത്തിനു ശേഷവും ഈ മൗനം ധ്യാനനിര്‍ല്ലീനരാകുന്നതിന് സഹായിക്കുന്നു. തിരുവചന വായനയ്ക്കും സുവിശേഷപ്രഭാഷണത്തിനും ശേഷമുള്ള നിശബ്ദത നാം ശ്രവിച്ചവയെക്കുറിച്ച് ഹ്രസ്വമായി മനനം ചെയ്യാനുള്ള ഒരു വേളയാണ്. ദിവ്യകാരുണ്യസ്വീകരണാനന്തരമാകട്ടെ ഈ മൗനം സ്തുതിയുടെയും യാചനയുടെയുമായ ആന്തരികപ്രാര്‍ത്ഥനയ്ക്ക് സഹായകമാണ്. ആകയാല്‍ ആമുഖപ്രാര്‍ത്ഥനയ്ക്കു മുമ്പുള്ള മൗനം നമ്മെത്തന്നെ ധ്യാനനിമഗ്നരാക്കുന്നതിനും നാം അവിടെ ആയിരിക്കുന്നത് എന്തിനാണ് എന്നു ചിന്തിക്കുന്നതിനും നമ്മെ സഹായിക്കുന്നു. കര്‍ത്താവിന് നമ്മുടെ ഉള്ളം തുറന്നുകൊടുക്കുന്നതിന് നമ്മുടെ ആത്മാവിന്‍റെ സ്വനം ശ്രവിക്കേണ്ടതിന്‍റെ പ്രാധാന്യം ഇവിടെ പ്രസ്പഷ്ടമാകുന്നു. ഒരു പക്ഷേ നാം ദിവ്യബലിയ്ക്കായി എത്തിയിരിക്കുന്നത് ദിവസങ്ങള്‍ നീണ്ട കഷ്ടപ്പാടുകളു‌ടേയും സന്തോഷസന്താപങ്ങളുടേയും വേളകളില്‍ നിന്നായിരിക്കാം. നമ്മുടെ കുടുംബാംഗങ്ങളേയും രോഗികളായ സുഹൃത്തുക്കളേയും കഷ്ടപ്പാടുകളിലൂടെ കടന്നുപോകുന്നവരെയുംകുറിച്ച് ദൈവത്തോടു സംസാരിക്കാനും അവിടത്തെ സഹായം അപേക്ഷിക്കാനും നാം ആഗ്രഹിക്കുന്നുണ്ടാകും, സഭയുടെയും ലോകത്തിന്‍റെയും ഭാഗധേയങ്ങള്‍ അവടത്തേക്കു സമര്‍പ്പിക്കാന്‍ നാം അഭിലഷിക്കുന്നു. അതിന് നമെല്ലാവരുടെയും ആവശ്യങ്ങള്‍ ഒന്നുചേര്‍ത്ത് എല്ലാവരുടെയും നാമത്തില്‍  പുരോഹതിന്‍ ഉച്ചത്തില്‍, ഈ ആമുഖപ്രാര്‍ത്ഥനവഴി ദൈവത്തിന് സമര്‍പ്പിക്കുന്നതിന് മുമ്പ് ഈ നിശബ്ദത ആവശ്യമാണ്. ഈ ആമുഖ പ്രാര്‍ത്ഥനയോടെയാണ് വിശുദ്ധകുര്‍ബ്ബാനയുടെ പ്രാരംഭകര്‍മ്മം അവസാനിക്കുന്നത്. മൗനത്തിന്‍റെ ഈ വേള ആചരിക്കാന്‍ ഞാന്‍ വൈദികരെ ഹൃദയംഗമായി ഓര്‍മ്മിപ്പിക്കുകയാണ്. ഇവി‍ടെ ധൃതികൂട്ടേണ്ടതില്ല.

കൈവിരിച്ചുപിടിച്ചുകൊണ്ടാണ് പുരോഹിതന്‍ ഈ പ്രാര്‍ത്ഥന ചൊല്ലുക. ആദ്യനൂറ്റാണ്ടുമുതല്‍തന്നെ ക്രിസ്ത്യാനികള്‍ സ്വീകരിച്ചിരുന്ന പ്രാര്‍ത്ഥനാഭാവമാണിതെന്ന് റോമിലെ ഭൂഗര്‍ഭക്കല്ലറകളിലെ, അഥവാ, കാറ്റക്കോമ്പുകളിലെ ചിത്രങ്ങള്‍ സാക്ഷിക്കുന്നു. കുരിശില്‍ ക്രിസ്തു കൈവിരിച്ചു കിടക്കുന്നതിന്‍റെ അനുകരണമാണ് കൈവിരിച്ചുപിടിച്ചുകൊണ്ടു പ്രാര്‍ത്ഥിക്കുന്ന രീതി.

റോമന്‍ റിത്തിലെ പ്രാര്‍ത്ഥനകള്‍ സംക്ഷിപ്തങ്ങളും സാരസാന്ദ്രങ്ങളുമാണ്. വളരെ നല്ല ധ്യാനങ്ങള്‍ക്ക് വിഷയങ്ങളാണ് ഈ പ്രാര്‍ത്ഥനകള്‍. ദിവ്യബലിക്കു പുറത്തും ഈ പ്രാര്‍ത്ഥനകള്‍ ധ്യാനവിഷയമാക്കുന്നത് ദൈവത്തോട് പ്രാര്‍ത്ഥിക്കേണ്ടത് എങ്ങനെയാണെന്നും, ഉപയോഗിക്കേണ്ട വാക്കുകള്‍ ഏവയാണെന്നുമൊക്കെ മനസ്സിലാക്കുന്നതിന് സഹായിക്കും. ആരാധനാക്രമം നമുക്ക് യഥാര്‍ത്ഥ പ്രാര്‍ത്ഥനാപരിശീലന കേന്ദ്രമായി ഭവിക്കട്ടെ.

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.

പതിവുപോലെ, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്ത പാപ്പാ ക്രിസ്തുവിന്‍റെ സ്നേഹം തങ്ങളുടെ സമപ്രായക്കാര്‍ക്കിടയില്‍ എത്തിക്കുന്ന സംവാഹകരാകാന്‍ യുവജനത്തിനും, തങ്ങളുടെ വേദനകള്‍ക്കുള്ള ആശ്വാസം ദൈവത്തിന്‍റെ കാരുണ്യത്തില്‍ കണ്ടെത്താന്‍ രോഗികള്‍ക്കും, പരസ്പരമുള്ള വിശ്വസ്ത സ്നേഹത്തിലൂടെ വിവാഹമെന്ന കൂദാശയുടെ സൗകുമാര്യത്തിന് സാക്ഷികളാകാന്‍ നവദിമ്പതികള്‍ക്കും പ്രചോദനം പകര്‍ന്നു.

പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

10/01/2018 12:42