2018-01-09 10:00:00

സൃഷ്ടികള്‍ക്ക് മാര്‍ഗ്ഗദീപമായി സ്രഷ്ടാവിന്‍റെ കല്പനകള്‍


സങ്കീര്‍ത്തനം 24 – ഒരു രാജകീയ ഗീതത്തിന്‍റെ പഠനം – ഭാഗം-3.

ദാവീദു രാജാവിന്‍റെ കാലം മുതല്‍ ഇസ്രായേലില്‍ പ്രയോഗത്തിലുണ്ടായിരുന്ന ഒരു ആരാധനക്രമ ഗീതത്തിന്‍റെയും രാജകീയ സങ്കീര്‍ത്തനത്തിന്‍റെയും പഠനം തുടരുകയാണ് – സങ്കീര്‍ത്തനം 24!  പഠനത്തിന്‍റെ മൂന്നാം ഭാഗമാണിന്ന്.  നാം പദങ്ങള്‍ ഒന്നൊന്നായി പരിചയപ്പെടുകയാണല്ലോ.  10 പദങ്ങള്‍ മാത്രമാണ് ഈ ഗീതത്തിനുള്ളതെന്ന് ഓര്‍ക്കണം. വളരെ ഹ്രസ്വമാണിതെന്നു ചുരുക്കം. ചെറുതെങ്കിലും, ദേവാലയ ശുശ്രൂഷകളിലെ നിരന്തരമായ പ്രയോഗംകൊണ്ടുതന്നെ ഏറെ ജനകീയമായ സങ്കീര്‍ത്തനമാണിതെന്ന് നമുക്ക് മനസ്സിലാക്കാം. ദാവീദു രാജാവിനാല്‍ രചിക്കപ്പെട്ട്, ഇസ്രായേലിന്‍റെ ആരാധാനക്രമഗീതമായി മാറിയ സങ്കീര്‍ത്തനമെന്നു പറയുമ്പോള്‍ ഏകദേശം 3000 വര്‍ഷങ്ങളിലൂ‌ടെ കടന്നുവന്നതിന്‍റെ ഉപയോഗബലവും പാരമ്പര്യവും ഈ ഗീതത്തിനുണ്ടെന്നു അനുമാനിക്കാം. സങ്കീര്‍ത്തനത്തിന്‍റെ ആദ്യത്തെ ഏഴു പദങ്ങള്‍ പരിചയപ്പെട്ടതില്‍നിന്നും വ്യക്തമായി മനസ്സിലാകുന്ന മൂന്നു കാര്യങ്ങള്‍ പങ്കുവച്ചുകൊണ്ട് ബാക്കിയുള്ള പദങ്ങളുടെ പഠനത്തിലേയ്ക്കു കടക്കാം.

1.  ദൈവം നിയമദാതാവ് 
ആദ്യത്തെ നിഗമനം, തീര്‍പ്പ്... ദാവീദു രാജാവ് രചിച്ചതെന്ന് പണ്ഡിതന്മാര്‍ സ്ഥാപിക്കുന്ന  ഗീതം, ദൈവിക സാന്നിദ്ധ്യം പ്രകീര്‍ത്തിക്കുന്ന സ്തുതിപ്പാണ്. സ്രഷ്ടാവായ ദൈവത്തിന്‍റെ സാന്നിദ്ധ്യം അവിടുത്തെ കല്പനയില്‍ സങ്കീര്‍ത്തകന്‍ ​അംഗീകരിക്കുന്നു, ഏറ്റു പാടുന്നു. പിന്നെ ദൈവമാണ് ഈ പ്രപഞ്ചത്തെയും ജീവജാലങ്ങളെയും, അതിനെല്ലാം മകുടമായ മനുഷ്യനെയും സൃഷ്ടിച്ചത്. മനുഷ്യര്‍ ഈ ഭൂമുഖത്ത് ജീവിക്കേണ്ടത് എപ്രകാരമെന്നു പഠിപ്പിക്കുന്ന മാര്‍ഗ്ഗദീപങ്ങളായ കല്പനകള്‍ ദൈവം നല്കി. പുറപ്പാടു കാലത്ത് സീനായ് മലയില്‍വച്ച് മോശ ദൈവത്തില്‍നിന്നും സ്വീകരിച്ച

10 കല്പനകളാണവ. മോശ കല്‍ഫലകങ്ങളില്‍ അവ കൊത്തിവച്ചു, സൂക്ഷിച്ചു, പ്രമാണങ്ങളായി ജനത്തിനു നല്കി.  തുടര്‍ന്ന് വാഗ്ദത്തഭൂമിയിലേയ്ക്കുള്ള പുറപ്പാടിലും, അനുദിന ജീവിതത്തിലും ദൈവജനത്തിന് കല്പനകള്‍ മാര്‍ഗ്ഗദീപമായും ജീവിത വെളിച്ചമായും മാറുന്നു. കല്പനകളുടെ കല്‍ഫലകങ്ങള്‍ ജീവല്‍ബന്ധിയായ സരോപദേശങ്ങളായി തീര്‍ന്നു. അതിനാല്‍ ദൈവമായ കര്‍ത്താവാണ് ഇസ്രായേലിന്‍റെ സ്രഷ്ടാവും നായകനും, നാഥനും, നിയമദാതാവുമെന്ന് പ്രഘോഷിക്കുന്ന ആരാധനക്രമഗീതമാണ് ഈ സങ്കീര്‍ത്തനം. ആറു പദങ്ങളുടെ പഠനത്തില്‍നിന്നും നമുക്ക് സ്വരൂപിക്കാവുനന ആദ്യത്തെ തീര്‍പ്പാണിത്.

2. മഹിമ വെടിഞ്ഞ് മനുജരോടൊത്തു വസിക്കുന്ന ദൈവം
രണ്ടാമതായി, സങ്കീര്‍ത്തനം 24, ദൈവിക സാന്നിദ്ധ്യത്തിന്‍റെ ഗീതമാണ്. ഈ പ്രപഞ്ചത്തില്‍ മാത്രമല്ല, വാഗ്ദത്തപേടകത്തില്‍, ദൈവകല്പനങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന പേടകത്തില്‍ കര്‍ത്താവു വസിക്കുന്നു. ഇത് വിശ്വാസമാണ്. വാഗ്ദത്ത പേടികം സ്ഥാപിച്ചിരിക്കുന്ന കൂടാരത്തിലും, സ്വാഭാവികമായി കര്‍ത്താവു വസിക്കുന്നു എന്ന് ഇസ്രായേല്‍ വിശ്വസിക്കുകയും അത് നാം പഠന വിഷയമാക്കിയിരിക്കുന്ന ഗീതം - 24 സ്ഥാപിക്കുകയും ചെയ്യുന്നു. പുറപ്പാടുകാലത്ത് കാര്‍ത്താവിന്‍റ സാന്നിദ്ധ്യം ഉറപ്പിച്ച വാഗ്ദത്തപേടകവും, അത് ഉള്‍ക്കൊള്ളുന്ന കൂടാരവും ഇസ്രായേലിലെ നേതാക്കാന്മാരും, പ്രമുഖരും സകല ജനങ്ങളും പൂജ്യമായി കരുതിപ്പോന്നു. കര്‍ത്താവിന്‍റെ സാന്നിദ്ധ്യാവബോധത്തില്‍ മോശ കൂടാരത്തില്‍ പ്രവേശിക്കുന്നതും, പാര്‍ക്കുന്നതും, അവിടെ ദൈവവുമായി സംവദിക്കുന്നതും ആയിരിക്കുന്നതും നാം പുറപ്പാടു ഗ്രന്ഥത്തിലും, പിന്നീട് നിയമാവര്‍ത്തന പുസ്തകത്തിലും വായിക്കുന്നുണ്ട്. അതിനാല്‍ സ്രഷ്ട്രാവും പരിപാലകനുമായ യാഹ്വേയുടെ സാന്നിദ്ധ്യാവബോധത്തിന്‍റെയും സ്തുതിപ്പിന്‍റെയും ആരാധനക്രമഗീതമാണ് ഇതെന്ന് പദങ്ങളുടെ പരിചയപ്പെടലിലൂടെ സ്ഥാപിക്കാം. തന്‍റെ ജനത്തെ ഭരിക്കുകയും നയിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സ്രഷ്ട്രാവായ ദൈവത്തെ സമാരാധ്യനായ രാജാവിന്‍റെ സാന്നിദ്ധ്യമായിട്ടു കാണുന്നതുകൊണ്ടും, അംഗീകരിക്കുന്നതു കൊണ്ടടുമാണല്ലോ, ദാവീദു രാജാവു തന്നെ ഇപ്രകാരം രചിച്ചത്,

Recitation :
കര്‍ത്താവ് ആഗതനാകുന്നു, മഹത്വത്തിന്‍റെ രാജാവ്,
ആഗതനാകുന്നു... മഹത്വത്തിന്‍റെ രാജാവ്..

ഇത് സങ്കീര്‍ത്തനം 24-ന്‍റെ പത്താമത്തെ പദമാണ്. അതിന്‍റെ അവസാനം ഒരു തീര്‍പ്പായിട്ടാണ് ഗായകന്‍ മേല്‍ പ്രഭണിതം ആലപിക്കുന്നത്.

സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്.
ആലാപനം ഗാഗുല്‍ ജോസഫും സംഘവും.

Musical Version of Ps.24
കര്‍ത്താവാഗതനാകുന്ന മഹത്വത്തിന്‍റെ രാജാവ്,
ആഗതനാകുന്നു, മഹത്വത്തിന്‍റെ രാജാവ്.

3. ദൈവസന്നിധിയിലെ യോഗ്യത
ഈ ഗീതത്തിന്‍റെ പഠനം മൂന്നാതായി നല്കുന്ന വെളിച്ചം എന്താണെന്നു പറയാം.  ഇവിടെ ദൈവത്തോടുള്ള മനുഷ്യന്‍റെ പ്രതികരണമാണ്. അല്ലെങ്കില്‍ ദൈവത്തോടുള്ള സമീപനത്തെക്കുറിച്ചാണ് പദങ്ങള്‍ പരാമര്‍ശിക്കുന്നത്. ആദ്യ പദങ്ങളില്‍ നാം കണ്ടതാണ് - ദൈവം സ്രഷ്ടാവും നായകനുമാണ്. അവിടുന്ന് കല്പനകള്‍ നല്കി നമ്മെ നയിക്കുന്ന, സാരോപദേശങ്ങള്‍ നല്കി പാലിക്കുന്നു. അവിടുന്നു ജനത്തിന്‍റെ രാജാവാണ്, നായകനാണ്! അതിനാല്‍ ജനം അവിടുത്തെ സ്തുതിക്കുന്നു, അവിടുത്തെ സന്നിധി ചേരാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍, സങ്കീര്‍ത്തകന്‍ നമുക്കൊരു താക്കീതു നല്‍കുന്നുണ്ട്. കര്‍ത്താവിന്‍റെ സന്നിധി പ്രാപിക്കാന്‍ ആഗ്രഹിക്കുന്നവന്‍ അതിന് യോഗ്യനായിരിക്കണം, യോഗ്യതയുണ്ടായിരിക്കണം! എന്തെല്ലാമാണ് യോഗ്യതകള്‍? കര്‍ത്താവിന്‍റെ മലയില്‍ നില്ക്കുവാനും, അവിടുത്തെ വിശുദ്ധ സ്ഥലത്തു പ്രവേശിക്കുവാനും ആര്‍ക്കാണ് യോഗ്യതയുള്ളതെന്ന് സങ്കീര്‍ത്തകന്‍ മൂന്നാമത്തെ പദത്തില്‍ ചോദിക്കുന്നുണ്ട്. എന്നിട്ട് നാലാമത്തെ പദത്തില്‍ അതിന് ഉത്തരവും നല്‍കുന്നു. ഉത്തരമിങ്ങനെയാണ്... ഓര്‍ക്കുന്നുണ്ടാകാം.

Recitation :
കളങ്കമറ്റ കൈകളും നിര്‍മ്മലമായ ഹൃദയവും ഉള്ളവന്‍,
വ്യര്‍ത്ഥമായി വിധിക്കാത്തവന്‍, കള്ളസത്യം പറയാത്തവനും.

ചുരുക്കിപ്പറയുകയാണെങ്കില്‍, വിശുദ്ധിയുള്ള ഹൃദയത്തോടെ, നിര്‍മ്മലമായ ഹൃദയത്തോടെ വേണം നാം കര്‍ത്താവിന്‍റെ സന്നിധി പ്രാപിക്കാന്‍. എന്തിനും അങ്ങനെ ആയിരിക്കണമല്ലോ. നമുക്ക് അടിസ്ഥാന യോഗ്യത ഉണ്ടായിരിക്കണം. നാം യോഗ്യത ആര്‍ജ്ജിക്കണം. മനസ്സിലേയ്ക്ക് ഓടിവരുന്നത് വത്തിക്കാനിലെത്തുന്ന മറ്റു രാജ്യങ്ങളുടെ പുതിയ അംബാസിഡര്‍മാരുടെ ചിത്രമാണ്. അവര്‍ പാപ്പായെ കാണാനെത്തിയാല്‍ ഓഫിസില്‍ ചെന്ന് അഭിവാദ്യം പറയുന്നതും, ഉടനെ അവരുടെ കൈയ്യില്‍ സൂക്ഷിച്ചിരിക്കുന്ന യോഗ്യതാപത്രികകള്‍ പാപ്പായ്ക്കു സമര്‍പ്പിക്കുകയാണ്. തമ്മില്‍ ഉരിയാടുന്നതിനു മുന്നേതന്നെ യോഗ്യതാ പത്രികകള്‍ സമര്‍പ്പിച്ച്, പരിശുദ്ധ സിംഹാസനവുമായി തന്‍റെ രാജ്യത്തെപ്രതി നയതന്ത്ര ബന്ധത്തില്‍ ഏര്‍പ്പെടാന്‍ യോഗ്യാനാണെന്ന് പാപ്പായെ  ബോധ്യപ്പെടുത്തുകയാണ് നവാഗതനായ നയതന്ത്രജ്ഞന്. പത്രികകള്‍ പരിശോധിച്ചശേഷമാണ് പാപ്പാ പുതിയ സ്ഥാനപതിയുമായി സംവാദത്തില്‍ ഏര്‍പ്പെടുന്നത്. പരിചയപ്പെടുന്നതും രാജ്യത്തെ സാമൂഹ്യ രാഷ്ട്രീയ ചുറ്റുപാടുകള്‍ അന്വേഷിക്കുന്നതും, ആരായുന്നതുമെല്ലാം. ഏതു കാര്യത്തിനും ഒരു അടിസ്ഥാനയോഗ്യത ആവശ്യമാണെന്ന് സങ്കീര്‍ത്തകനും ഉദ്ബോധിപ്പിക്കുകയാണ്. ദൈവസന്നിധിയില്‍ ആയിരിക്കുവാനും, അവിടുത്തോട് സംവദിക്കുവാനുമുള്ള യോഗ്യതയും തയ്യാറെടുപ്പും നമുക്ക് ആവശ്യമാണ്.

3. ശുദ്ധിയുടെ ഭാരതീയനിഷ്ഠ  
ഭാരിതീയ രീതിയില്‍ ചിന്തിച്ചാല്‍  ഈശ്വരസന്നിധാനത്തില്‍ പ്രവേശിക്കുന്നവന് അടിസ്ഥാനപരമായി - ദേഹശുദ്ധിയുണ്ടായിരിക്കണം, മനഃശുദ്ധിയുണ്ടായിരിക്കണം, പിന്നെ സ്ഥലശുദ്ധിയും. ഇത് ഭാരതീയ ആരാധനയുടെ ശാസ്ത്രവും നിഷ്ഠയുമാണ്. പ്രാര്‍ത്ഥിക്കാന്‍ നില്ക്കേണ്ടത്, ഈശ്വരസാന്നിദ്ധ്യത്തില്‍ അണയേണ്ടതിന്‍റെ അടിസ്ഥാന യോഗ്യതയും തയ്യാറെടുപ്പുമാണിത്. ഭാരതീയ നിഷ്ഠയാണിത്. ഇതു തന്നെയാണ് 24-ാം സങ്കീര്‍ത്തനം നമ്മെ പഠിപ്പിക്കുന്ന മൂന്നാമത്തെ ചിന്ത – ദൈവസന്നിധിയില്‍ നില്ക്കാന്‍ യോഗ്യതയുണ്ടായിരിക്കുക. അതിനു നാം ഒരുങ്ങണം, ബാഹ്യവും ആന്തരികവുമായ വിശുദ്ധിയോടും നൈര്‍മ്മല്യത്തോടുംകൂടെ നാം ഒരുങ്ങുക!

Musical Version of Ps. 4
കര്‍ത്താവിന്‍റെ മലയില്‍ ആരു പ്രവേശിക്കും
അവിടുത്തെ വിശുദ്ധമന്ദിരത്തില്‍ ആരു നിലനില്‍ക്കും
കളങ്കമറ്റഹൃദയവും നിര്‍മ്മല  മനസ്സുമുള്ളവര്‍
മിഥ്യയുടെമേല്‍ മനസ്സു പതിക്കാത്തവനും
കള്ളസത്യം പറയാത്തവനും.

ഇനി ഒരു പ്രത്യേക രീതിയിലൂടെയാണ് 7, 8 പദങ്ങള്‍ സങ്കീര്‍ത്തകന്‍ അവതരിപ്പിക്കുന്നത്. ചോദ്യോത്തര രീതിയാണത്. പദങ്ങള്‍ ശ്രവിച്ചുകൊണ്ട് നമുക്കത് എളുപ്പത്തില്‍ മനസ്സിലാക്കാം.

Recitation :
കമാനങ്ങളേ, കവാടങ്ങളേ, ഉയര്‍ന്നുനില്ക്കുവിന്‍, ശിരസ്സുയര്‍ത്തി നില്ക്കുവിന്‍
എന്തെന്നാല്‍ മഹത്വത്തിന്‍റെ രാജാവു പ്രവേശിക്കട്ടെ!
ആരാണീ മഹത്വത്തിന്‍റെ രാജാവ്? ശക്തനും മഹത്വപൂര്‍ണ്ണനും
യുദ്ധവീരുമായ രാജാവ്!

നാടകീയമാണ് പദങ്ങളിലെ ചിത്രീകരണം! ദൈവജനത്തിന്‍റെ പ്രദക്ഷിണം വാഗ്ദത്തപേടുകവുമായുള്ള പ്രദക്ഷിണം ദേവാലയത്തിലേയ്ക്ക് നീങ്ങുകയാണ്, ദേവാലയത്തില്‍ പ്രവേശിക്കുകയാണ്. എന്നിട്ട് ഗായക സംഘം ചിട്ടയായി ആദ്യത്തെ സംഘം പാടുന്നു. കമാനങ്ങളേ, കവാടങ്ങളെ ശിരസ്സുയര്‍ത്തി നില്ക്കുവിന്‍, ഉയര്‍ന്നു നില്ക്കുവിന്‍, കാരണം... മഹത്വത്തിന്‍റെ രാജാവ് ഇതാ, ആഗതനാകുന്നു.  കര്‍ത്താവു പ്രവേശിക്കട്ടയെന്ന്. ആദ്യ സംഘം അങ്ങനെ ദൈവിക സാന്നിദ്ധ്യത്തെക്കുറിച്ചും, അവര്‍ എഴുന്നള്ളിക്കുന്ന വാഗ്ദത്തെ പേടകത്തെക്കുറിച്ചും ജനങ്ങളെ അനുസ്മരിപ്പിച്ചു കഴിയുമ്പോള്‍, രണ്ടാമത്തെ സംഘം അതിനോട് പ്രത്യുത്തരിച്ചുകൊണ്ട് ആലപിക്കുന്ന രീതി പദങ്ങള്‍ വെളിപ്പെടുത്തുന്നതു. അതൊരു ചോദ്യമാണ്. 

ആരാണീ രാജാവ്, ആരാണീ മഹത്വത്തിന്‍റെ രാജാവ്?
ആരാണ് ശക്തനും വീരനുമായ കര്‍ത്താവ്? യുദ്ധവീരനും,
സംരക്ഷകനുമായ ജനത്തിന്‍റെ രാജാവ് ആരാണ്? ഗീതം നല്കുന്ന ഉത്തരം ശ്രദ്ധേയം!

Musical Version Ps. 4
കര്‍ത്താവാഗതനാകുന്ന മഹത്വത്തിന്‍റെ രാജാവ്,
ആഗതനാകുന്നു, മഹത്വത്തിന്‍റെ രാജാവ്.
ഭൂമിയും അതിലെ നിവാസികളും
ഭൂതലം അതിലെ സമസ്ഥവസ്തുക്കളും കര്‍ത്താവിന്‍റേത്
സമുദ്രങ്ങള്‍ക്കു മേലെ അതിനടിസ്ഥാനമുറപ്പിച്ചതും
നദികള്‍ക്കു മേലെ അതിന്‍റെ സ്ഥാനമുറപ്പിച്ചതും കര്‍ത്താവല്ലോ.








All the contents on this site are copyrighted ©.