2018-01-08 13:51:00

മാമ്മോദീസാ:വിശ്വാസസംവേദനത്തിന്‍റെ ആദ്യ പടി-പാപ്പാ


“കുടുംബഭാഷ”യിലൂടെ മാത്രമെ വിശ്വാസം പകര്‍ന്നു നല്കാനാകൂ എന്ന് മാര്‍പ്പാപ്പാ.

യേശുവിന്‍റെ ജ്ഞാസ്നാനത്തിരുന്നാള്‍ ദിനമായിരുന്ന ഞായറാഴ്ച (07/01/18) വത്തിക്കാനില്‍ സിസ്റ്റയിന്‍ കപ്പേളയില്‍ വച്ച് താന്‍ 34 നവജാതശിശിക്കള്‍ക്ക്  മാമ്മോദീസാ നല്കിയ ദിവ്യപൂജാവേളയില്‍ വചനസന്ദേശമേകുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

വിശ്വാസം പകര്‍ന്നു നല്കുകയെന്ന മാതാപിതാക്കളുടെ ക‌ടമ നിര്‍വ്വഹണത്തിന്‍റെ ആദ്യ പടിയാണ് അവര്‍ സ്വന്തം കുഞ്ഞുങ്ങളെ ജ്ഞാന്സാനത്തിനായി കൊണ്ടുവരുന്നതെന്ന് പറഞ്ഞ പാപ്പാ മാതാപിതാക്കളുടെയും മുത്തശ്ശീമുത്തശ്ശന്മാരുടെയും ഭാഷയിലൂടെ, കുടുംബത്തിന്‍റെ  ഭാഷയിലൂടെ മാത്രമെ വിശ്വാസ സംവേദനം സാധ്യമാകൂ എന്ന് ഉദ്ബോധിപ്പിച്ചു.

ആകയാല്‍ കുടുംബത്തിന്‍റെ സ്നേഹത്തിന്‍റെ ഭാഷയില്‍ വിശ്വാസം പകരുക മാതാപിതാക്കളുടെ കടമയാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

വിശ്വാസം പകര്‍ന്നു നല്കുന്നതിന് നമുക്ക് തനിച്ച് സാധിക്കില്ലെന്നും അതിന് പരിശുദ്ധാരൂപിയുടെ സഹായം അനിവാര്യമാണെന്നും പറഞ്ഞ പാപ്പാ അതുകൊണ്ടാണ് മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ മാമ്മോദീസാ മുക്കാന്‍ കൊണ്ടുവരുന്നതെന്നും ഈ മാമ്മോദീസാ അവര്‍ പരിശുദ്ധാരൂപിയെ സ്വീകരിക്കുന്നതിനു വേണ്ടിയാണെന്നും വിശദീകരിച്ചു.   

ദിവ്യപൂജാവേളയില്‍ കുഞ്ഞുങ്ങള്‍ വിശന്നു കരയുന്നെങ്കില്‍ ഭയലേശമന്യേ അവരെ മുലയൂട്ടുകയും അവര്‍ക്ക് ഭക്ഷ​ണം നല്കുകയും ചെയ്യാന്‍, അതും സ്നേഹത്തിന്‍റെ   ഭാഷയാണ് എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ട് പാപ്പാ  പ്രചോദനം പകര്‍ന്നു. 








All the contents on this site are copyrighted ©.