2018-01-08 13:35:00

ഏറ്റം വേധ്യര്‍ക്കെതിരായ ദ്രോഹം സാത്തന്‍റെ പ്രവര്‍ത്തനം-പാപ്പാ


ഏറ്റം ബലഹീനരെ നിന്ദിക്കുന്നത് സാത്താന്‍റെ പ്രവര്‍ത്തനമാണെന്ന് മാര്‍പ്പാപ്പാ.

വത്തിക്കാനില്‍ താന്‍ വസിക്കുന്ന, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ പ്രഭാത വിശുദ്ധകുര്‍ബ്ബാനാര്‍പ്പണം, ഏതാനും നാളത്തെ ഇടവേളയ്ക്കു ശേഷം ഈ തിങ്കളാഴ്ച (08/01/18) പുനരാരംഭിച്ച ഫ്രാന്‍സീസ് പാപ്പാ വചനവിശകലനം നടത്തുകയായിരുന്നു.

ഉപവിപ്രവര്‍ത്തനം ചെയ്യണമെന്ന ആഗ്രഹം ഉണ്ടാകുമ്പോള്‍ അത് പരിശുദ്ധാരൂപിയുടെ പ്രചോദനമാണെന്നു നാം പറയാറുള്ളത് അനുസ്മരിച്ച പാപ്പാ, അതു പോലെ തന്നെ, അപരനെ ആക്രമിക്കണമെന്ന തോന്നല്‍ നമ്മുടെ ഉള്ളില്‍ ഉണ്ടാകുമ്പോള്‍ അവിടെ നടക്കുന്നത് സാത്താന്‍റെ പ്രവര്‍ത്തനമാണ് ​എന്ന് പറഞ്ഞു.

സാത്താനില്‍ സഹാനുഭൂതിയില്ലയെന്നും ബലഹീനനെ ആക്രമിക്കുന്ന പ്രവണത ഒരുവനില്‍ ഉണ്ടാകുന്നതിനെക്കുറിച്ച് മനശാസ്ത്രജ്ഞന്മാര്‍ അവരുടെതായ വിശദീകരണങ്ങള്‍ നല്കുമെങ്കിലും ഈ പ്രവണതയ്ക്കു കാരണം ഉത്ഭവപാപത്തിന്‍റെ കറയാണെന്ന് പാപ്പാ വിശദീകരിച്ചു.

കറുത്തവനൊ, പരദേശിയൊ, തടിയനൊ ആയിരിക്കുന്നതിന്‍റെ പേരില്‍ നിസ്സാഹായാവസ്ഥയില്‍ ആയിരിക്കുന്നവനെ, അല്ലെങ്കില്‍, ബലഹീനനെ ആക്രമിക്കുന്ന പ്രവണത വിദ്യാലയങ്ങളിലും മറ്റും കുട്ടികളിലും ദൃശ്യമാണെന്നു പറഞ്ഞ പാപ്പാ അതിനര്‍ത്ഥം നമ്മുടെ ഉള്ളില്‍ എന്തോ ഒരു കരട് ഉണ്ടെന്നും അത് ജന്മപാപത്തിന്‍റെ  കറയാണ് എന്നാണ് താന്‍ കരുതുന്നതെന്നും പാപ്പ വെളിപ്പെടുത്തി.

സഹാനുഭൂതി എന്ന ദൈവ കൃപയ്ക്കായി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.   








All the contents on this site are copyrighted ©.