2018-01-08 18:15:00

ജെറി അമല്‍ദേവ് പാടുന്ന ‘ഓര്‍മ്മയിലെ ഒരീണം!’


എറണാകുളത്തെ കണ്ണംകുന്നത്ത് ദേവാലയ പശ്ചാത്തലത്തില്‍ അമല്‍ദേവ്  മനസ്സിലേറ്റിയ  ഒരു നല്ല ഈണം. അമല്‍ദേവ് ആലപിക്കുന്നു :

തനിക്ക് 10-12 വയസ്സുള്ളപ്പോള്‍ ഫ്രഞ്ച് കര്‍മ്മലീത്ത വൈദികന്‍ എറണാകളത്തെ കണ്ണംകുന്നത്തു പള്ളിയില്‍ (St. Rita’s Monastery Church, Ernakulam) ഇംഗ്ലിഷില്‍ പാടി പഠിപ്പിച്ച  O How I Wish to be in Bethlehm!  എന്ന ഗാനത്തിന്‍റെ ഗതകാല സുഖസ്മരണയില്‍ നടത്തിയ സൃഷ്ടിയാണിത്. ഏകദേശം 1949-ല്‍ കേട്ടു പഠിച്ച ഈണം തന്‍റെ ഇപ്പോഴത്തെ കൊച്ചിയിലെ വസതിയില്‍ ഇരുന്നു മൂളിയപ്പോള്‍ മനസ്സില്‍ വന്നത് തനിമയാര്‍ന്ന മലയാളം വരികളായിരുന്നു. ഇംഗ്ലിഷ് മൂല രചനയ്ക്ക് സമാന്തര വരികള്‍ അമല്‍ദേവ് തന്നെ മലയാളത്തില്‍ കുറിച്ചിട്ടു. സുഹൃത്ത് ചെറിയാന്‍ കുനിയന്തോടത്ത് പിന്നീട് അത് മിനുസപ്പെടുത്തി. ആദിതാളത്തിലായിരുന്ന ഇംഗ്ലിഷ് ഈണം മിശ്രച്ചാപ്പു താളത്തിലേയ്ക്ക് മറിച്ചിട്ടുവെന്ന് അമല്‍ദേവു എന്നോടു പറഞ്ഞു.

കിഴക്കും പടിഞ്ഞാറും സംഗീതത്തിന്‍റെ പൊരുള്‍ അറിയുന്ന അമല്‍ദേവിന്‍റെ തന്മയത്വവും തനിമയും വിളിച്ചോതുന്ന നല്ലൊരു സൃഷ്ടിയായ ഈ ക്രിസ്തുമസ് ഈണം അദ്ദേഹത്തിന്‍റെ ശബ്ദത്തില്‍ “സിങ് ഇന്ത്യ” സംഘത്തോടൊപ്പം റെക്കോര്‍ഡ് ചെയ്തത് 2015-ലായിരുന്നു.   

പല്ലവി

തൂമഞ്ഞുപൊഴിക്കും കണ്ണുമിഴിക്കും (2)
കന്നിനിലാവേ, പൊന്നണിരാവില്‍ (2)
മിന്നിവരുന്നു!
വിണ്‍ദൂതരോടൊപ്പം ഏറ്റമടുപ്പം (2)
ചേര്‍ന്നു വണങ്ങാം താണുവണങ്ങാം (2)
കേണുവണങ്ങാം!!

അനുപല്ലവി

കുളിരാര്‍ന്നിടും പുല്‍ക്കൂട്ടിലായ്ശ്രീ
യേശുഭൂജാതന്‍
സ്നേഹാംശുതൂകും പാലകന്‍
വിണ്ണാളുമാരാധ്യന്‍.

ഒന്നാംചരണം

പൊല്‍ത്താരംപോലെ പൂംപൈതല്‍ മുന്നില്‍
പാരാകെ ശാന്തി പൂകുന്നു
കൈവല്യം പൂത്തിടും നേത്രങ്ങള്‍ തോറും (2)
കാണുന്നു സ്വര്‍ഗ്ഗത്തില്‍ സന്തോഷം നേരില്‍
വന്നീടാം നാമൊന്നായ് ആരാധിച്ചീടാന്‍
തന്നീടാം സ്നേഹത്തില്‍ പൂത്താലം കൈയ്യില്‍.
                                                  -    കുളിരാര്‍ന്നിടും (അനുപല്ലവി).

രണ്ടാംചരണം

കാലത്തില്‍ ദീപം മിന്നുന്നൂ ചാരെ
കാലിത്തൊഴുത്തില്‍ നാം കാണ്മൂ
ഒന്നായി മേഷങ്ങള്‍ ഗോശാല മുന്നില്‍
സാമോദം നാഥന്‍റെ പാദെ നില്ക്കുന്നു.
വന്നീടാം നാമൊന്നായ് ആരാധിച്ചീടാന്‍
തന്നീടാം സ്നേഹത്തില്‍ പൂത്താലം കൈയ്യില്‍.
                                                -     കുളിരാര്‍ന്നിടും (അനുപല്ലവി).








All the contents on this site are copyrighted ©.