2018-01-06 12:49:00

അന്വേഷണത്വര, നിസ്സംഗത, ഭീതി- തിരുജനനം ഉളവാക്കിയ ഭാവങ്ങള്‍


താല്പര്യത്തോടുകൂടിയ അന്വേഷണത്വര, നിസ്സംഗത, ഭീതി എന്നീ മൂന്നു മനോഭാവങ്ങള്‍ യേശുവിന്‍റെ ആഗമനത്തില്‍ ലോകത്തില്‍ പ്രകടമായി എന്ന് മാര്‍പ്പാപ്പാ.

ദൈവാവിഷ്കരണത്തിരുന്നാള്‍ ദിനത്തില്‍, ശനിയാഴ്ച (06/01/18) വത്തിക്കാനില്‍ മദ്ധ്യാഹ്നത്തില്‍ നയിച്ച പ്രാര്‍ത്ഥനയ്ക്കു മുമ്പ് ഫ്രാന്‍സീസ് പാപ്പാ, ലത്തീന്‍ റീത്തിന്‍റെ  ആരാധനാക്രമമനുസരിച്ച് അന്നത്തെ ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട മത്തായിയുടെ സുവിശേഷം, രണ്ടാം അദ്ധ്യായം 1 മുതല്‍ 12 വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന കിഴക്കു നിന്ന് ജ്ഞാനികള്‍ ഉണ്ണിയേശുവിനെ അന്വേഷിച്ചെത്തുന്ന സംഭവം വിശകലനം ചെയ്യുകയായിരുന്നു.

ജ്ഞാനികള്‍ അതീവതാല്പര്യത്തോടെ ഉണ്ണിയേശുവിനെ തിരഞ്ഞെത്തിയപ്പോള്‍ കടകവിരുദ്ധമായ മനോഭാവങ്ങളാണ് മറ്റുള്ളവരില്‍ സംജാതമാകുന്നതെന്ന് പാപ്പാ ഹേറോദസ് രാജാവിനുണ്ടാകുന്ന ഭീതിയും പ്രധാനപുരോഹിതരിലും  നിയമജ്ഞരിലും ഉളവാകുന്ന നിസ്സംഗതയും ഉദാഹരിച്ചുകൊണ്ട് വിശദീകരിച്ചു.

യേശുവിന്‍റെ ആഗമനം ഒരു ഭീഷണിയായി കാണുന്നതിനുള്ള കാരണം സ്വാര്‍ത്ഥതയാണെന്ന് പാപ്പാ വ്യക്തമാക്കി.

മാനുഷികമായ ഉന്നതാഭിലാഷങ്ങളു‌ടെയും സൗകര്യങ്ങളുടെയും തിന്മയിലേക്കുള്ള ചായ്വുകളുടെയും പിന്നാലെ പോകുമ്പോള്‍ ഒരുവന് യേശു ഒരു പ്രതിബന്ധമായി അനുഭവപ്പെടുമെന്ന് പാപ്പാ പറഞ്ഞു.

യേശു രക്ഷകനാണെന്നറിഞ്ഞിട്ടും അങ്ങനെയല്ല എന്ന രീതിയില്‍ ജീവിക്കാനുളള പ്രലോഭനത്തില്‍, നിസ്സംഗതയില്‍ നിപതിക്കുന്ന അപകടവും പാപ്പാ എടുത്തുകാട്ടി.

എന്നാല്‍ നാം ജീവിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നത് യേശുവിനെ ഉത്സാഹത്തോടെ അന്വേഷിച്ചിറങ്ങിയ ജ്ഞാനികളെപ്പോലെയാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

ഈ ദിനങ്ങളില്‍ കര്‍ത്താവിന്‍റെ തിരുപ്പിറവി ആഘോഷിക്കുന്ന കത്തോലിക്കാ-ഓര്‍ത്തോഡോക്സ് പൗരസ്ത്യസഭകള്‍ക്ക് പാപ്പാ ത്രികാലപ്രാര്‍ത്ഥനാവേളയില്‍ ആശംസകളര്‍പ്പിച്ചു.

പ്രത്യക്ഷീകരണത്തിരുന്നാളിനോടനുബന്ധിച്ച് പാരമ്പര്യവേഷമണിഞ്ഞ് അശ്വ സൈന്യമുള്‍പ്പെടെയുള്ള, വിവിധരൂപങ്ങള്‍ ഉള്‍പ്പെടുത്തി പ്രകടനം കവ്ചവെച്ച മോന്തി പ്രെനെസ്തീനി പ്രദേശത്തുകാരെ പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്തു.  








All the contents on this site are copyrighted ©.