സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ വചനസമീക്ഷ

വഴികാട്ടുന്ന നക്ഷത്രം ദര്‍ശിക്കാന്‍ ഉന്നതത്തിലേക്കു നോക്കുക

പ്രത്യക്ഷീകരണത്തിരുന്നാള്‍ ദിവ്യബലി, ഫ്രാന്‍സീസ് പാപ്പാ ഉണ്ണിയേശുവിനെ ചുംബിക്കുന്നു, വത്തിക്കാന്‍, വിശുദ്ധപത്രോസിന്‍റെ ബസിലിക്ക 06/01/18 - ANSA

06/01/2018 12:38

 

യഥാര്‍ത്ഥ ജീവിതം നയിക്കണമെങ്കില്‍ ഉദാത്തമായ ഒരു ലക്ഷ്യവും  ഉന്നതത്തിലേക്കുള്ള നോട്ടവും അത്യന്താപേക്ഷിതമാണെന്ന് മാര്‍പ്പാപ്പാ.

യഹൂദരുടെ രാജാവായി ജനിച്ചവനെ അന്വേഷിച്ച് പൗരസ്ത്യദേശത്തുനിന്ന്, ഒരു നക്ഷത്രത്തെ പിന്‍ചെന്ന്, ബത്ലഹേമിലെ കാലിത്തൊഴുത്തിലെത്തിയ ജ്ഞാനികള്‍ ഉണ്ണിയേശുവിനെ കുമ്പിട്ടാരാധിക്കുകയും പൊന്നും മീറയും കുന്തുരുക്കവും കാഴ്ചയായി അര്‍പ്പിക്കുകയും ചെയ്ത സംഭവം അനുസ്മരിക്കുന്ന പ്രത്യക്ഷീകരണത്തിരുന്നാള്‍  ആചരിക്കപ്പെട്ട ശനിയാഴ്ച (06/01/18) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ സുവിശേഷ ചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

എന്തുകൊണ്ട് ഈ ജ്ഞാനികള്‍ മാത്രം നക്ഷത്രം ദര്‍ശിച്ച് ഉണ്ണിയേശുവിന്‍റെ പക്കല്‍ എത്തിച്ചേര്‍ന്നു എന്ന യാഥാര്‍ത്ഥ്യം വിശകലനം ചെയ്ത പാപ്പാ  അവരുടെ മൂന്നു പ്രവര്‍ത്തികള്‍, അതായത്, അവര്‍ നക്ഷത്രം കാണുന്നു, യാത്രചെയ്യുന്നു, കാഴ്ചസമര്‍പ്പിക്കുന്നു എന്നിവ, എടുത്തുകാട്ടി.

നക്ഷത്രത്തെ കാണണമെങ്കില്‍ നോട്ടം ഉന്നതത്തിലേക്കായിരക്കണമെന്ന് പറഞ്ഞ പാപ്പാ പലരും അതു കാണാതിരുന്നത് അവര്‍ ഭൂമിയെ മാത്രം നോക്കി തൃപ്തിയടഞ്ഞതുകൊണ്ടാണെന്നും ആരോഗ്യവും അല്പം പണവും വിനോദവും മാത്രം അവര്‍ക്ക് മതിയായിരുന്നുവെന്നും എന്നാല്‍ പൂജരാജാക്കാന്മാരാകട്ടെ ഒഴുക്കില്‍പ്പെട്ടുപോകുന്നതിനും ഉപരിപ്ലവതയില്‍ കഴിയുന്നതിനും പകരം ലക്ഷ്യബോധവും ഉന്നതവീക്ഷണവും ആവശ്യമാണെന്ന് തിരിച്ചറിഞ്ഞുവെന്നും വിശദീകരിച്ചു. 

യേശുവിന്‍റെ നക്ഷത്രം കണ്ണഞ്ചിപ്പിക്കാത്തതും സൗമ്യമായി ക്ഷണിക്കുന്നതുമാണ് എന്നതും അത് പലരുടെയും കണ്ണില്‍പ്പെടാതെപോയതിന് ഒരു കാരണമാണെന്ന് വ്യക്തമാക്കിയ പാപ്പാ നാം നമ്മുടെ ജീവിതത്തില്‍ തിരഞ്ഞെടുക്കുന്ന നക്ഷത്രം ഏതാണ് എന്ന് സ്വയം ചോദിക്കാന്‍ എല്ലാവരെയും ക്ഷണിച്ചു.

ശക്തമായ വികാരങ്ങളുളവാക്കുന്നതും എന്നാല്‍ മാര്‍ഗ്ഗം തെളിക്കാത്തതുമായ കണ്ണഞ്ചിപ്പിക്കുന്ന നക്ഷത്രങ്ങളുണ്ടെന്നും അവ ക്ഷണികമായി തിളങ്ങുന്നതും പെട്ടെന്ന് വീണുതകരുന്നതുമായ ഉല്‍ക്കകള്‍ക്കു സമാനമാണെന്നും അവ വഴികാട്ടുന്നതിനു പകരം വഴിതെറ്റിക്കുകയാണ് ചെയ്യുന്നതെന്നും പാപ്പാ പറഞ്ഞു.

അസ്തിത്വത്തിന്‍റെ ലക്ഷ്യമെന്നോണം പണത്തിന്‍റെയും ഉദ്യോഗത്തിന്‍റെയും ബഹുമതികളുടെയും ആനന്ദങ്ങളുടെയും പിന്നാലെ പായുമ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന നക്ഷത്രങ്ങളെയാണ് നാം പിന്‍ചെല്ലുകയെന്ന് പാപ്പാ മുന്നറിയിപ്പുനല്കി.

ജ്ഞാനികള്‍ യേശുവിനെ അന്വേഷിച്ച് യാത്ര ചെയ്തതു പോലെ, അവിടത്തെ ദര്‍ശിക്കണമെങ്കില്‍ സാഹസികതയ്ക്ക് മുതിരണമെന്നും അലസരായിരിക്കരുതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ജ്ഞാനികള്‍ സംസാരം കുറച്ച് കൂടുതല്‍ സഞ്ചരിച്ചതിനെപ്പറ്റി പരാമര്‍ശിച്ചുകൊണ്ട് പാപ്പാ ദീര്‍ഘനാളുകളായി വിശ്വാസികളെന്നു സ്വയം കരുതുന്നവര്‍ വീണുപോകുന്ന പ്രലോഭനത്തെക്കുറിച്ചു സൂചിപ്പിച്ചു. സംസാരിക്കും എന്നാല്‍ പ്രാര്‍ത്ഥിക്കില്ല, പരാതിപ്പെടും എന്നാല്‍ നന്മ പ്രവര്‍ത്തിക്കില്ല. ഇതാണ് പ്രലോഭനമെന്ന് പാപ്പാ വ്യക്തമാക്കി.

പൂജരാജക്കന്മാര്‍ കാഴ്ചവസ്തുക്കള്‍ സമര്‍പ്പിച്ചതിന്‍റെ പൊരുളെന്തന്നു വിശദീകരിച്ച പാപ്പാ ഒന്നും പ്രതീക്ഷിക്കാതെ കര്‍ത്താവിനെപ്രതി സൗജന്യദാനമാകുക, കണക്കുകള്‍ കൂട്ടാതെ നന്മചെയ്യുക  എന്നത് ഈ കാഴ്ചസമര്‍പ്പണത്തില്‍ തെളിഞ്ഞുനില്ക്കുന്നുവെന്ന് വ്യക്തമാക്കി.

രോഗീപരിചരണം, കഷ്ടപ്പെടുന്നവര്‍ക്കായി സമയം ചലവഴിക്കല്‍, ആരാലും ശ്രദ്ധിക്കപ്പെടാത്തവന് സഹായിക്കല്‍, ദ്രോഹിച്ചവനോ‌ട് ക്ഷമിക്കല്‍ തുടങ്ങിയവ യേശുവിന് പ്രീതികരമായ സമ്മാനങ്ങളാണെന്നു പാപ്പാ കൂട്ടിച്ചേര്‍ത്തു.

06/01/2018 12:38