2018-01-05 12:37:00

''കുടുംബവും വിദ്യാലയവും തമ്മിലുള്ള ബന്ധം ശക്തമാകണം'': പാപ്പാ


ഇറ്റലിയിലെ കത്തോലിക്കാ അധ്യാപക സംഘടനയുടെ പ്രതിനിധികളായ 400 പേരടങ്ങളിയ സംഘത്തിന് അനുവദിച്ച കൂടിക്കാഴ്ചാവേളയില്‍ അവരെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പ്പാപ്പ. 2018 ജനുവരി അഞ്ചാം തീയതി, മധ്യാഹ്നത്തില്‍ വത്തിക്കാനിലെ ക്ലെമെന്‍റൈന്‍ ശാലയില്‍ വച്ചുനടന്ന ഈ കൂടിക്കാഴ്ചയിലെ പാപ്പായുടെ വാക്കുകള്‍, വിചിന്തനത്തിനും ദൗത്യത്തോടുള്ള സമര്‍പ്പണത്തിനും സഹായകമായ വിധത്തില്‍, സമാഗമസംസ്ക്കാരം, കുടുംബങ്ങളും വിദ്യാലയങ്ങളും  തമ്മിലുള്ള സഖ്യം, പരിസ്ഥിതിവിദ്യാഭ്യാസം എന്നീ മൂന്നു സുപ്രധാന കാര്യങ്ങളില്‍ ഊന്നിനില്‍ക്കുന്നതായിരുന്നു.

സഭയുടെ സമാഗമസംസ്ക്കാരത്തെ പരിപോഷിപ്പിക്കുന്നതിനുള്ള സഭയുടെ പ്രതിബദ്ധതയ്ക്ക് അവര്‍ നല്‍കുന്ന സംഭാവനയെ നന്ദിയോടെ അനുസ്മരിച്ചുകൊണ്ട്, ഇതു വീണ്ടും തുടരുന്നതിന് പാപ്പാ ആഹ്വാനമേകി.  പാപ്പാ പറഞ്ഞു: ''പ്രാഥമികവിദ്യാഭ്യാസ കാലത്തുതന്നെ കൂടിക്കാഴ്ചയുടെ ഒരു സംക്കാരത്തിന് അടിസ്ഥാനമിടേണ്ടതാണ്. കാരണം, ബാല്യകാലം നിര്‍ണായകമാണ്. കത്തോലിക്കാ സ്കൂളുകളിലാണോ സ്റ്റേറ്റ് സ്കൂളുകളിലാണോ പഠിപ്പിക്കുന്നത് എന്ന വ്യത്യാസമില്ലാതെ, ക്രൈസ്തവരായ അധ്യാപകര്‍ വിളിക്കപ്പെട്ടിരിക്കുന്നത്, അപരനെ ഒരു വ്യക്തിയായി, സഹോദരവ്യക്തിയായി, അവരുടെ ചരിത്രം, യോഗ്യതയും അയോഗ്യതയും, സമ്പത്തും, പരിമിതികളും, എന്നിവയോടുകൂടി തിരിച്ചറിയുകയും ആദരിക്കുകയും ചെയ്യുന്നതിന് തുറവിയുളളവരാകുന്നതിന് വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കുന്നതിനാണ്''.

''രണ്ടാമതായി'', പാപ്പാ തുടര്‍ന്നു: ''സ്കൂളുകളും കുടുംബങ്ങളുമായി വിദ്യാഭ്യാസപരമായ ഒരു സഖ്യത ഉണ്ടായിരിക്കണം.  ഈ ബന്ധം ഇന്നു പ്രതിസന്ധിയിലാണ്... പണ്ടുകാലത്ത്, അധ്യാപകരില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും പരസ്പരം ശക്തിപ്പെടുത്തുന്ന വിധത്തില്‍ കിട്ടുന്ന ഉത്തേജനമായിരുന്നു കുട്ടികള്‍ക്കു ലഭിച്ചിരുന്നത്...''.   ഇന്ന് ആ സ്ഥിതിവിശേഷം മാറിയിരിക്കുന്നുവെങ്കിലും, അധ്യാപകരും മാതാപിതാക്കളും തമ്മിലുള്ള നവമായ പാരസ്പരികത പ്രോത്സാഹിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, പരസ്പരം കുറ്റപ്പെടുത്താതെ, മറുസ്ഥാനത്തു നിന്നുകൊണ്ട് ചിന്തിക്കുന്നതിനും, കൂടുതല്‍ ഐക്യദാര്‍ഢ്യം പുലര്‍ത്തുന്നതിനും പാപ്പാ അവരെ ഉപദേശിച്ചു.

''മൂന്നാമതായി, ഞാന്‍ ഊന്നിപ്പറയാനാഗ്രഹിക്കുന്ന കാര്യം, പരിസ്ഥിതി വിദ്യാഭ്യാസമാണ്. സ്വാഭാവികമായും, ഇത് എന്തെങ്കിലും കുറച്ചു സൂചനകള്‍ നല്‍കി തീര്‍ക്കുന്നതല്ല, അതു അഭ്യസിപ്പിക്കേണ്ട കാര്യമാണ്. പരിസ്ഥിതിവിദ്യാഭ്യാസമെന്നത്, നമ്മുടെ പൊതുഭവനത്തെ സംരക്ഷിക്കുന്ന മനോഭാവത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ജീവിതശൈലി രൂപപ്പെടുത്തുന്നതിനെക്കുറിച്ചാണ്. ആ ജീവിതശൈലി യാഥാര്‍ഥ്യബോധമില്ലാത്തതല്ല, അതായത്, പ്രായമായവരുടെ പ്രശ്നങ്ങള്‍ അവഗണിക്കുകയും, വംശനാശം നേരിടുന്ന ജന്തുക്കളെ സംരക്ഷിക്കുന്നതില്‍ അതീവതാല്പര്യം കാണിക്കുകയും ചെയ്യുന്ന തരത്തിലുള്ളതോ, അല്ലെങ്കില്‍,  ആമസോണ്‍ കാടുകളുടെ സംരക്ഷണത്തെക്കുറിച്ച് വ്യഗ്രതപ്പെടുകയും, തൊഴിലാളികളുടെ അവകാശങ്ങളെയും, ന്യായമായ വേതനത്തെയും അവഗണിക്കുകയും ചെയ്യുന്ന തരത്തിലുള്ളതോ അല്ല.  പരിസ്ഥിതി വിദ്യാഭ്യാസം, അത് സമഗ്രമായിരിക്കണം...'' 

സംഘടനകളെക്കുറിച്ചും സൂചിപ്പിച്ചുകൊണ്ടാണ് പാപ്പാ തന്‍റെ വാക്കുകള്‍ ഉപസംഹരിച്ചത്: ''സംഘടനകള്‍, തങ്ങളുടെ പ്രചോദനാത്മകമായ തത്വങ്ങളുടെ ഓര്‍മകളില്‍ നവീകൃതമാവുകയും, കാലത്തിന്‍റെ അടയാളങ്ങള്‍ വായിക്കുകയും, സാമൂഹിക, സാംക്കാരിക ചക്രവാളങ്ങളിലേയ്ക്ക് തുറവിയുള്ളതായിരിക്കുകയും വേണം...''  അവര്‍ക്ക് ഹൃദയപൂര്‍വകമായ നന്ദിയകിയും, ആശീര്‍വാദം നല്‍കി, തനിക്കുവേണ്ടിയുള്ള പ്രാര്‍ഥന യാചിച്ചുകൊണ്ടുമാണ് പാപ്പാ ഈ കൂടിക്കാഴ്ചയ്ക്കു വിരാമം കുറിച്ചത്.








All the contents on this site are copyrighted ©.