സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ലോകം

പ്രേഷിതനിയോഗം: ഏഷ്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി

മതാന്തര എക്യുമെനിക്കല്‍ സമാധാന പ്രാര്‍ത്ഥനയില്‍ ഫ്രാന്‍സീസ് പാപ്പായും ഇതരമതപ്രതിനിധികളും, ബംഗ്ലാദേശിലെ ഡാക്കയില്‍,01/12/17 - EPA

05/01/2018 11:15

ഓരോ മാസത്തെയും പ്രാര്‍ത്ഥാനാ നിയോഗങ്ങളില്‍ പൊതുനിയോഗവും പ്രേഷിതനിയോഗവും ഒന്നിച്ചു നല്കുന്ന പതിവു ശൈലിവിട്ട് ഇപ്പോള്‍ മാസത്തില്‍ ഒരു നിയോഗം, അതായത്, പൊതുനിയോഗമൊ പ്രേഷിതനിയോഗമൊ ഒന്നിടവിട്ട് നല്കുകയാണ് മാര്‍പ്പാപ്പാ. ഈ ക്രമമനുസരിച്ച്  2017ലെ അവസാനത്തേത്, അതായത്,  ഡിസംബറിലേത് പൊതുനിയോഗമായിരുന്നതിനാല്‍ പുതുവത്സരത്തിലെ ആദ്യത്തേത് പ്രേഷിതനിയോഗമാണ്.

പ്രേഷിതനിയോഗം: “ഏഷ്യയിലെ ക്രൈസ്തവര്‍ക്കും ഇതര മതന്യൂനപക്ഷങ്ങള്‍ക്കും സ്വന്തം വിശ്വാസം പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ അഭ്യസിക്കാന്‍ കഴിയുന്നതിനു വേണ്ടി”

മതന്യൂനപക്ഷങ്ങള്‍ക്ക് പൂര്‍ണ്ണ മതസ്വാതന്ത്ര്യം ആസ്വദിക്കാനാവുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കാനാണ് പുതുവത്സരാരംഭത്തില്‍ ഫ്രാന്‍സീസ് പാപ്പാ സഭാതനയരെ ക്ഷണിക്കുന്നത്.

എന്താണ് മതസ്വാതന്ത്ര്യം? രണ്ടാം വത്തിക്കാന്‍ സൂനഹദോസ് മതസ്വാതന്ത്ര്യത്തെ അധികരിച്ചു പുറപ്പെടുവിച്ചിരിക്കുന്ന “ദിഞ്ഞിത്താത്തിസ് ഹുമാനെ” (DIGNITATIS HUMANAE) എന്ന രേഖ ഇതിന് ഉത്തരം നല്കുന്നത് ഇങ്ങനെയാണ് “ മതസ്വാതന്ത്ര്യം മനുഷ്യന്‍റെ  അവകാശമാണ്. വ്യക്തികളില്‍ നിന്നോ, സമുദായവിഭാഗങ്ങളില്‍ നിന്നോ, മറ്റേതെങ്കിലും മാനുഷികാധികാരികളില്‍ നിന്നോ ഉണ്ടായേക്കാവുന്ന സമ്മര്‍ദ്ദങ്ങളില്‍ നിന്ന് എല്ലാ മനുഷ്യരും വിമുക്തരായിരിക്കുക എന്നതിലാണ് ഈ സ്വാതന്ത്ര്യം അടങ്ങിയിരിക്കുന്നത്. അതായത് മതകാര്യങ്ങളില്‍ സ്വന്തം മനസ്സാക്ഷിക്കു വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ആരും നിര്‍ബ്ബന്ധിക്കപ്പെടരുത്. അതുപോലെതന്നെ, ന്യായമായ പരിധിക്കുള്ളില്‍ നിന്നുകൊണ്ട്, രഹസ്യമായയോ, പരസ്യമായോ, തനിച്ചോ, കൂട്ടുചേര്‍ന്നോ സ്വന്തം ബോധ്യമനുസരിച്ചു വ്യാപരിക്കുന്നതില്‍ നിന്ന് ആരേയും തടയാന്‍ ആര്‍ക്കും  അവകാശമില്ല….. സ്വതന്ത്ര മതാനുഷ്ഠാനത്തിനുള്ള അവകാശം മനുഷ്യന്‍റെ   വ്യക്തിമാഹാത്മ്യത്തില്‍ത്തന്നെയാണ് അധിഷ്ഠിതമായിരിക്കുന്നത്.... വ്യക്തിയുടെ മതസ്വാതന്ത്ര്യാവകാശം എല്ലാ സമൂഹങ്ങളുടെയും ഭരണവ്യവസ്ഥിതിയില്‍ നിയമമായി അംഗീകരിച്ച് ഒരു പൗരാവകാശമാക്കപ്പെടണം”.

മാനുഷികനിയമങ്ങള്‍ക്കെല്ലാം മാനദണ്ഡം ദൈവിക നിയമമാണെന്ന് ഈ രേഖ വ്യക്തമാക്കുന്നുണ്ട്. മനുഷ്യനെ സംബന്ധിച്ചിടത്തോളം സ്വന്തം മനസ്സാക്ഷിമുഖേനയാണ് അവന്‍ ദൈവികനിയമങ്ങളനുസരിച്ചുള്ള കടമകള്‍ കണ്ടറിഞ്ഞംഗീകരിക്കുന്നത്. എല്ലാ കാര്യങ്ങളിലും ഈ മനസ്സാക്ഷിയെ അംഗീകരിക്കാന്‍ മനുഷ്യന് കടമയുണ്ട്. അവന്‍റെ  അന്തിമലക്ഷ്യമായ ദൈവത്തിലെത്തിച്ചേരാന്‍ ഇതാവശ്യവുമാണ്. തന്മൂലം മനസ്സാക്ഷിക്കെതിരായി പ്രവര്‍ത്തിക്കാന്‍ ആരെയും നിര്‍ബന്ധിക്കരുത്. അതുപോലെതന്നെ മതസംബന്ധമായ കാര്യങ്ങളില്‍ പ്രത്യേകിച്ച്, തന്‍റെ    മനസ്സാക്ഷിയനുസരിച്ചു പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് അവനെ ആരും തടയാനും പാടില്ല. മതാനുഷ്ഠാനം അതിന്‍റെ സ്വഭാവത്താല്‍ തന്നെ സ്വയം നേരിട്ടു ദൈവത്തിനു പ്രതിഷ്ഠിക്കുന്ന ആന്തരികവും സ്വതന്ത്രവുമായ പ്രവൃത്തികളിലാണ് സര്‍വ്വോപരി അടങ്ങിയിരിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ കല്പിക്കാനൊ വിലക്കാനൊ വെറും മാനുഷകാധികാരത്തിന് അധികാരമില്ല. ആന്തരികമായ മതാനുഷ്ഠാനങ്ങള്‍ക്ക്   ബാഹ്യാവിഷ്ക്കാരമേകാനും മതകാര്യങ്ങളില്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം  പുലര്‍ത്താനും സംഘാതമായി മതാനുഷ്ഠാനം നിര്‍വ്വഹിക്കാനുമുള്ള പ്രവണത മനുഷ്യന്‍റെ സാമൂഹ്യസ്വഭാവത്തില്‍ത്തന്നെ അധിഷ്ഠിതമാണ്. നീതിപൂര്‍വ്വകമായ പൊതുക്രമപാലത്തിന് വിഘാതമാകാത്ത കാലത്തോളം സമുദായത്തില്‍ സ്വതന്ത്രമായ മതാനുഷഠാനം ആര്‍ക്കെങ്കിലും നിഷേധിച്ചാല്‍ അതു മനുഷ്യന്‍റെ വ്യക്തിത്വത്തോടും മനുഷ്യനുവേണ്ടി ദൈവം സ്ഥാപിച്ച ക്രമീകരണത്തോടും ചെയ്യുന്ന ഒരപരാധമായിരിക്കും..... അതുകൊണ്ട് ഭരണകൂടം പൗരന്മാരുടെ മതജീവിതത്തെ അംഗീകരിക്കുകയും അതിനുവേണ്ട ഒത്താശകള്‍ ചെയ്തുകൊടുക്കുകകയും വേണം.  പൊതുനന്മയ്ക്കുവേണ്ടി നിലകൊള്ളേണ്ടവരായ ഭരണാധികാരികള്‍, നേരെ മറിച്ച്, മതാനുഷ്ഠാനത്തെ നിയന്ത്രിക്കാനോ, തടസ്സപ്പെടുത്താനോആണ് തുനിയുന്നതെങ്കില്‍ അവര്‍ സ്വന്തം പരിധികള്‍ ഉല്ലംഘിക്കുകയാണ്. പൊതുക്രമപാലനത്തിന് വിഘ്നമാകാത്ത കാലത്തോളം മതസമൂഹങ്ങള്‍ക്ക് സ്വന്തം നിയമങ്ങള്‍ക്കനുസരണമായി തങ്ങളെത്തന്നെ ഭരിക്കാന്‍ അവകാശമുണ്ട്.

ബലം പ്രയോഗിച്ചോ ഭീഷണിപ്പെടുത്തിയോ മറ്റു മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചോ ഏതെങ്കിലും മതം സ്വീകരിക്കാനോ പരിത്യജിക്കാനോ ജനങ്ങളെ സര്‍ക്കാര്‍ നിര്‍ബ്ബന്ധിക്കുന്നെങ്കില്‍ അത് തെറ്റാണ്. ഒരു മതവിഭാഗത്തില്‍ ചേരാനോ, അതില്‍ നിന്നു പുറത്തുപോകാനോ, സര്‍ക്കാര്‍ ആര്‍ക്കെങ്കിലുെ പ്രതിബന്ധമായി നിന്നാലുള്ള സ്ഥിതിയും ഇതു തന്നെ. മതത്തെത്തന്നെ ഏതുവിധത്തിലെങ്കിലും നശിപ്പിക്കാനോ, അടിച്ചമര്‍ത്താനോ ശക്തി പ്രയോഗിക്കുന്നെങ്കില്‍ അത് ദൈവാഭീഷ്ടത്തിനും വ്യക്തികളുടേയും ജനപദങ്ങളു‌ടേയും പവിത്രമായ അവകാശങ്ങള്‍ക്കും വിരുദ്ധമായ നടപടിയായിരിക്കും.

മതസ്വാതന്ത്ര്യം ഒരു അവകാശമാണെങ്കില്‍ അതിനെ ചിവിട്ടിമെതിക്കുന്ന ശക്തികള്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മാനവ ചരിത്രത്തില്‍ സജീവമാണ് എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. ലോകത്തില്‍ ചിലയിടങ്ങളില്‍ ഈ ശക്തികള്‍ പ്രബലമാണ്. വര്‍ഗ്ഗീയത ഇതില്‍ കടന്നുകൂടുമ്പോള്‍ അത് ഭൂരിപക്ഷ-ന്യൂനപക്ഷ മാനദണ്ഡം സ്വീകരിക്കുന്നു. അതായത് ഭൂരിപക്ഷം പിന്‍ചെല്ലുന്ന മതവിശ്വാസത്തിനു പുറത്തുള്ളവര്‍ക്ക് അവരുടെ മതവിശ്വാസം പരസ്യമായും രഹസ്യമായും അഭ്യസിക്കുന്നതിന് വിലക്കേര്‍പ്പെടുത്തപ്പെടുന്നു, അവര്‍ക്കെതിരെ ബലപ്രയോഗം നടക്കുന്നു, ആക്രമണങ്ങള്‍ അരങ്ങേറുന്നു, അവര്‍ തുരത്തപ്പെടുന്നു. അങ്ങനെ ഈ മതസ്വാതന്ത്ര്യധ്വംസംനം ഭിന്ന രൂപങ്ങള്‍ ആര്‍ജ്ജിക്കുന്നു.

ബുദ്ധമതാനുയായികള്‍ ബഹുഭൂരിപക്ഷം വരുന്ന മ്യന്മാറില്‍ ഇസ്ലാം ന്യൂനപക്ഷമായ റൊഹീങ്ക്യവംശജരുടെ ദുരവസ്ഥയെക്കുറിച്ച് വാര്‍ത്താമാധ്യമങ്ങളിലൂടെ നാം അറിയുകയു‌ണ്ടായി. അവര്‍ കൂട്ടത്തോടെ അയല്‍ നാടുകളിലേക്ക് പലായനം ചെയ്യേണ്ടിവന്നു. ഭൂരിഭാഗവും എത്തിയത് ബംഗ്ലാദേശിലാണ്. മ്യാന്മാര്‍-ബംഗ്ലാദേശ് അപ്പസ്തോലിക പര്യടനവേളയില്‍ ബംഗ്ലാദേശില്‍ വച്ച് റൊഹീങ്ക്യ മുസ്ലീങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ഫ്രാന്‍സീസ് പാപ്പാ അവരുടെ ദുരന്തം വളരെ വലുതാണെന്ന വസ്തുത അംഗീകരിക്കുകയും റൊഹീങ്ക്യ മുസ്ലീങ്ങളെ പീഢിപ്പിക്കുന്നവര്‍ക്കുവേണ്ടിയും അവര്‍ വിധേയരാക്കപ്പെടുന്ന നിസ്സംഗതയ്ക്കും മാപ്പപേക്ഷിക്കുകയും ചെയ്യുകയുണ്ടായി.

2014 മെയ് മാസത്തില്‍ വിശുദ്ധ നാട്ടില്‍ നടത്തിയ അപ്പസ്തോലിക പര്യടനവേളയില്‍ ജോര്‍ദ്ദാനിലെത്തിയ ഫ്രാന്‍സീസ് പാപ്പാ അന്നാടിന്‍റെ  ഭരണാധികാരികളേയും മതനേതാക്കളേയും സംബോധനചെയ്യവെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കുകയുണ്ടായി.

മതസ്വാതന്ത്ര്യം അടിസ്ഥാനപരമായ മനുഷ്യാവകാശമാണ്. അത് മദ്ധ്യപൂര്‍വ്വദേശത്തു മാത്രമല്ല, ലോകമെമ്പാടും മാനിക്കപ്പെടുമെന്നത് എന്‍റെ പതറാത്ത പ്രത്യാശയാണ്. വ്യക്തിപരമായും സമൂഹമായും മനസ്സാക്ഷിക്കനുസരിച്ച് വിശ്വാസം ജീവിക്കാനും അനുഷ്ഠിക്കാനുമുള്ള അവകാശം മതസ്വാതന്ത്ര്യത്തിന്‍റെ മൗലികതയാണ്. അതുപോലെ വ്യക്തിപരമായും മനസ്സാക്ഷിക്കനുസൃതമായും ഏതു വിശ്വാസവും തിരഞ്ഞെടുക്കുന്നതിനും, അത് പരസ്യമായി ജീവിക്കുന്നതിനുമുള്ള അവകാശവും മതസ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണ്, പാപ്പാ പറഞ്ഞു.

മതേതരരാഷ്ട്രമായ ഭാരതത്തിലും മതത്തിന്‍റെ പേരില്‍, മതത്തെ കരുവാക്കി, ശത്രുത ഊട്ടിവളര്‍ത്തുന്ന സംഭവങ്ങള്‍ക്ക് നാം സാക്ഷികളാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ 3 ന് മദ്ധ്യപ്രദേശിലെ വിദിഷ എന്ന സ്ഥലത്തെ സെന്‍റ് മേരീസ് കോളേജിനെതിരെ ദേശീയമതമൗലികവാദികള്‍ നിഷ്ക്രിയരായി നോക്കിനിന്ന പോലീസ് സേനയുടെ സാന്നിധ്യത്തില്‍ ആക്രമണം അഴിച്ചുവിടുകയുണ്ടായി. വര്‍ഷങ്ങള്‍ക്കു മുമ്പ് ക്രൈസ്തവരെ ജീവനോടെ ചു‌ട്ടുകൊന്ന സംഭവം വരെ നമ്മുടെ നാട്ടില്‍ അരങ്ങേറി. ഒറീസയില്‍, ആസ്ത്രേലിയക്കാരനും എവഞ്ചേലിക്കല്‍ സമൂഹാംഗവുമായിരുന്ന പ്രേഷിതന്‍ ഗ്രഹാം സ്റ്റെയിന്‍സിനെയും  അദ്ദേഹത്തിന്‍റെ രണ്ടു മക്കളെയും 1999 ജനുവരി 22 നു രാത്രി ഒരു വാഹനത്തില്‍ ഉറങ്ങിക്കിടക്കവെ ക്രൈസ്തവവിരുദ്ധര്‍ കൊള്ളിവച്ചു കൊല്ലുകയായിരുന്നു. ഒറീസ്സയില്‍ത്തന്നെ, കാണ്ഡമാലില്‍ നടന്ന ക്രിസ്തീയവിരുദ്ധാക്രമണങ്ങളുടെ ദുരന്തചിത്രങ്ങളും നമ്മുടെ മനസ്സുകളില്‍ മായാതെ കിടക്കുന്നു. 2008 ആഗസ്റ്റിലായിരുന്നു അവിടെ ക്രൈസ്തവര്‍ ആക്രമിക്കപ്പെട്ടത്. ഈ ക്രിസ്തീയവിരുദ്ധാക്രമണ പരമ്പരയില്‍ നൂറോളം പേരുടെ ജീവന്‍ പൊലിഞ്ഞു. 18000ത്തോളം പേര്‍ക്ക്  പരിക്കേറ്റു. അയ്യായിരത്തി അറുനൂറോളം ക്രിസ്തീയ ഭവനങ്ങള്‍ അഗ്നിക്കിരയാക്കപ്പെട്ടു. മുന്നൂറോളം ആരാധനായിടങ്ങള്‍ തകര്‍ക്കപ്പെട്ടു.

കേരളവും ഡല്‍ഹിയും ഗുജറാത്തും പശ്ചിമബംഗാളും മദ്ധ്യപ്രദേശും ഉത്തര്‍പ്രദേശുമൊന്നും മതപരമായ ആക്രമണങ്ങള്‍ക്കപവാദമല്ല. ഏഷ്യഭൂഖണ്ഡത്തില്‍ പൊതുവെ മതസൗഹാര്‍ദ്ദം അപകടാവസ്ഥയിലായിരിക്കുന്നതിന്‍റെ പ്രകടമായ അടയാളങ്ങള്‍ ദൃശ്യമാണ്. ഇന്തൊനേഷ്യ മലേഷ്യ പാക്കിസ്ഥാന്‍ തുടങ്ങിയ നാടുകളില്‍ മതന്യൂനപക്ഷവിരുദ്ധത പലരൂപങ്ങളില്‍ തലപൊക്കുന്നു. മതതീവ്രവാദം ഭീകരപ്രവര്‍ത്തനത്തിന്‍റെ പൈശാചിക രൂപമണിയുന്നതിനും നാമിന്ന് സാക്ഷികളാണ്.

മതന്യൂനപക്ഷങ്ങള്‍, ഏതുവിശ്വാസം പുലര്‍ത്തുന്നവരുമാകട്ടെ, അവരുടെ അവകാശങ്ങള്‍, തങ്ങളുടെ വിശ്വാസം സ്വതന്ത്രമായും പരസ്യമായും പ്രഖ്യാപിക്കാനുള്ള അവകാശം ആദരിക്കപ്പെടണം. നമുക്കറിയാം ക്രിസ്തീയവിരുദ്ധാക്രമണങ്ങളാണ് ലോകത്തില്‍ പ്രബലമെന്ന്. എന്ത്കൊണ്ട് ക്രൈസ്തവര്‍ പീഢിപ്പിക്കപ്പെടുന്നു എന്നു ചോദിച്ചാല്‍, അതിനുത്തരം, പ്രഥമ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫന്‍റെ   തിരുന്നാള്‍ദിനത്തില്‍, 2016 ഡിസംബര്‍ 26 ന് ത്രികാലപ്രാര്‍ത്ഥനാവേളയില്‍ നടത്തിയ വിചിന്തനത്തില്‍ ഫ്രാന്‍സീസ് പാപ്പാ പറഞ്ഞ വാക്കുകളാണ്: അതായത്, “സ്വന്തം ദുഷ്ചെയ്തികളെ മറച്ചുവയ്ക്കുന്നതിന് ഇരുളിനെ ഇഷ്ടപ്പെടുന്ന ലോകത്തിലേക്ക് ദൈവത്തിന്‍റെ വെളിച്ചം കൊണ്ടുവന്നതിനാല്‍ യേശു വെറുക്കപ്പെട്ടു. അതേ കാരണത്താല്‍ത്തന്നെയാണ് ക്രൈസ്തവരെയും ലോകം ദ്വേഷിക്കുന്നത്. ലോകത്തിന്‍റെ  ദുഷ്ടാരൂപിയില്‍ നിന്ന് കാത്തുരക്ഷിക്കാന്‍ യേശു പിതാവിനോട് അന്ത്യ അത്താഴവേളയില്‍ പ്രാര്‍ത്ഥിച്ചത് ഓര്‍ക്കുക. സുവിശേഷത്തിന്‍റെ ഭാവവും ലോകത്തിന്‍റെ മനോഭാവവും തമ്മില്‍ വൈരുദ്ധ്യം നിലനില്ക്കുന്നു. യേശുവിനെ പിന്‍ചെല്ലുകയെന്നാല്‍ അവിടത്തെ പ്രകാശത്തെ, ബത്ലഹേമിലെ ആ രജനിയില്‍ ദീപ്തമായ വെളിച്ചത്തെ  പിന്‍ചെല്ലുകയും ലോകത്തിന്‍റെ അന്ധകാരത്തെ വെടിയുകയുമാണ്.”

നാം ആദിമനൂറ്റാണ്ടുകളിലെ ചരിത്രത്തിന്‍റെ താളുകളിലൂടെ കണ്ണോടിക്കുമ്പോള്‍ കാണാന്‍ സാധിക്കും റോമില്‍ ക്രൈസ്തവര്‍ വിധേയരാക്കപ്പെട്ട നിഷ്ഠൂരത എത്രമാത്രമായിരുന്നുവെന്ന്. അതേ ക്രൂരത ഇന്നുമുണ്ട്, അതിന് കൂടുതല്‍ ക്രൈസ്തവര്‍ ഇരകളാകുന്നു. ആകയാല്‍ ദൈവപുത്രന് ഹൃദയത്തില്‍ ഇടം ഒരുക്കുമ്പോള്‍ നമുക്ക് അവിടത്തെ നമ്മുടെ ഏക നിയന്താവായി സ്വീകരിച്ചുകൊണ്ട് വിശ്വസ്തതയോടെ പിന്‍ചെല്ലാനുള്ള ധൈര്യവും ആനന്ദവും കലര്‍ന്ന സന്നദ്ധത നവീകരിക്കാം. ഈ ലോകത്തിന്‍റെ ഭരണാധിപന്മാരുടെ മനോഭാവത്തെ തിരസ്ക്കരിച്ചുകൊണ്ട് സുവിശേഷവെളിച്ചത്തില്‍ ജീവിക്കാനുള്ള യത്നത്തില്‍ ഉറച്ചു നില്ക്കാം.

ലോകമെമ്പാടുമുള്ള മതന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച്, ഏഷ്യയിലുള്ള ക്രൈസ്തവര്‍ക്കും ഇതര മതന്യൂനപക്ഷങ്ങള്‍ക്കും തങ്ങളുടെ വിശ്വാസം പൂര്‍ണ്ണ   സ്വാതന്ത്ര്യത്തോടെ അഭ്യസിക്കാന്‍ കഴിയുന്നതിനു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.

05/01/2018 11:15