2018-01-02 17:20:00

വാഗ്ദത്തപേടകം : മനുഷ്യന്‍റെ കര്‍ത്തൃസാന്നിദ്ധ്യാവബോധം


സങ്കീര്‍ത്തനം 24-ന്‍റെ പഠനം നാം തുടരുകയാണ്.

ഇതൊരു ആരാധനക്രമഗീതമാണെന്ന് കഴിഞ്ഞ പ്രക്ഷേപണത്തില്‍ കണ്ടതാണ്. അതായത് ദാവീദുരാജാവ് ഈ ഗീതം രചിച്ചത് വാഗ്ദത്തപേടകത്തിന്‍റെ എഴുന്നള്ളിപ്പിനായിട്ടാണ്. ദൈവം ഇസ്രായേല്‍ ജനത്തിനു നല്കിയ പത്തുകല്പനകള്‍ ഉല്ലേഖനംചെയ്യപ്പെട്ട കല്‍ഫലകങ്ങള്‍ ഉള്‍ക്കൊള്ളുന്ന പേടകം ജനങ്ങള്‍ക്ക് ദൈവിക സാന്നിദ്ധ്യത്തിന്‍റെ അടയാളമായിരുന്നു. ചരിത്രത്തില്‍ ഉടനീളം, ഇസ്രായേല്യര്‍ക്ക് അത് അപ്രകാരമായിരുന്നു...ഇന്നും! ഈ വാഗ്ദത്തപേടകം, കല്പനകള്‍ അടക്കംചെയ്യപ്പെട്ട പേടകം ആഘോഷദിനങ്ങളിലും ഇസ്രായേലിന്‍റെ സവിശേഷാവസരങ്ങളിലും വഹിച്ചകൊണ്ടു പോകപ്പെടുമ്പോള്‍ ആനന്ദത്തോടെ, ആഹ്ലാദത്തോടെ ജനം ദൈവത്തെ പ്രകീര്‍ത്തിച്ചിരുന്നത്രെ...

ആരാണ് ആഗഗതനാകുന്ന മഹത്വത്തിന്‍റെ രാജാവ്?
സൈന്യങ്ങളുടെ കര്‍ത്താവാണ്, അവിടുന്നാണ് മഹത്വത്തിന്‍റെ രാജാവാണ്.

സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം ഗാഗുല്‍ ജോസഫും സംഘവും.
Musical Version of Ps.24
കര്‍ത്താവാഗതനാകുന്ന മഹത്വത്തിന്‍റെ രാജാവ്
ആഗതനാകുന്നു മഹത്വത്തിന്‍റെ രാജാവ്!

അങ്ങനെ ഇസ്രായേല്യരുടെ കാലം മുതല്‍ക്കേ, ദാവീദുരാജാവിന്‍റെ കാലംമുതല്‍ക്കേ 24-Ɔ൦ സങ്കീര്‍ത്തനം ഉപയോഗത്തില്‍ ഒരു ആരാധനക്രമ ഗീതമായിരുന്നെങ്കിലും സാഹിത്യരൂപത്തില്‍  ഒരു രാജകീയ സങ്കീര്‍ത്തനമാണെന്നാണ് വ്യക്തിപരമായ അഭിപ്രായം. ദൈവമായ രാജാവിനെ സ്തുതിക്കുന്ന രാജകീയ സങ്കീര്‍ത്തനം എന്ന് നമുക്കതിനെ വിശേഷിപ്പിക്കാം. ഇസ്രായേല്യരെ സംബന്ധിച്ചിടത്തോളം കല്‍ഫലകങ്ങളി‍ല്‍ കൊത്തിയ കല്നകള്‍, ദൈവകല്പനകള്‍ ദൈവമായ കര്‍ത്താവിന്‍റെ, യാഹ്വേയുടെ സാന്നിദ്ധ്യമായിരുന്നു. അങ്ങനെയാണ് ഇസ്രായേല്യര്‍ വിശ്വസിച്ചിരുന്നത്. അതുകൊണ്ട് വാഗ്ദത്തപേടകം എഴുന്നള്ളിച്ചിറങ്ങുന്ന മുഹൂര്‍ത്തത്തില്‍ അവര്‍ പാടിയിരുന്നതാണ് :

കര്‍ത്താവിതാ, ആഗതനാകുന്നു. മഹത്വത്തിന്‍റെ രാജാവിതാ,
ആഗതനാകുന്നു. ആഗതനാകുന്നു!

അനുവര്‍ഷം ആചരിക്കപ്പെടുന്ന വാഗ്ദത്തപേടകത്തിന്‍റെ എഴുന്നളളിപ്പിലും പ്രദക്ഷിണത്തിലും രാജാവും പ്രജകളുമെല്ലാം ഒരുപോലെ പങ്കെടുക്കുകയും ദൈവത്തോടും അവിടുത്തെ കല്പനകളോടുമുള്ള സ്നേഹവും വിശ്വസ്തതയും ആദരവും പുതുക്കുകയും ചെയ്തുപോന്നു.  അങ്ങനെ 3000 വര്‍ഷത്തോളം പഴക്കമുണ്ടെന്നു പണ്ഡിതന്മാര്‍ സ്ഥാപിക്കുന്ന ഈ ഗീതത്തിന്‍റെ പഠനത്തിലൂടെ ഇസ്രായിലിന്‍റെ ചരിത്രത്തിലൂടെയും ഹെബ്രായ പാരമ്പര്യത്തിലേയ്ക്കുമാണ് നാം കടക്കുന്നത്. എന്നാല്‍ ഇസ്രായേല്യരുടെ ആരാധനയില്‍ എന്നപോലെ തന്നെ, ഇപ്പോഴും സഭയുടെ ആരാധനക്രമത്തിലും സങ്കീര്‍ത്തനം 24, മറ്റു സങ്കീര്‍ത്തനങ്ങള്‍ ഉപയോഗിക്കുന്ന പോലെതന്നെ ഉപയോഗിക്കുന്ന പതിവുണ്ടെന്ന കാര്യം മറക്കരുത്.

Musical Version of Ps. 4
കര്‍ത്താവാഗതനാകുന്നു മഹത്വത്തിന്‍റെ രാജാവ്,
ആഗതനാകുന്നു, മഹത്വത്തിന്‍റെ രാജാവ്,
ഭൂമിയും അതിലെ നിവാസികളും
ഭൂതലം അതിലെ സമസ്ഥവസ്തുക്കളും കര്‍ത്താവിന്‍റേത്സ
മുദ്രങ്ങള്‍ക്കുമേലെ അതിനടിസ്ഥാനമുറപ്പിച്ചതും
നദികള്‍ക്കുമേലെ അതിന്‍റെ സ്ഥാനമുറപ്പിച്ചതും കര്‍ത്താവല്ലോ.
കര്‍ത്താവല്ലോ.

കഴിഞ്ഞ പ്രക്ഷേപണത്തില്‍ നാം സങ്കീര്‍ത്തനം 24-ന്‍റെ ആദ്യത്തെ നാലു പദങ്ങള്‍ പരിചയപ്പെട്ടതാണ്. ഈ ഗീതത്തിലെ ആദ്യപദങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ അവ ഉല്പത്തി പുസ്തകം വിവിരിക്കുന്ന സൃഷ്ടിയുടെ സംഭവങ്ങളിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും നാം കണ്ടതാണ്. ആകെ പത്തുപദങ്ങള്‍ മാത്രമുള്ള സങ്കീര്‍ത്തനത്തിന്‍റെ ബാക്കിയുള്ള പദങ്ങളിലേയ്ക്ക് കടക്കുംമുന്‍പേ, ഓര്‍മ്മ പുതുക്കുന്നതിനും വിഷയബന്ധിയായി പുരോഗമിക്കുന്നതിനും ആദ്യത്തെ നാലു പദങ്ങളിലേയ്ക്ക് നമുക്കൊന്ന് എത്തിനോക്കിക്കൊണ്ടു തുടരാം. 
Recitation :
ലോകവും അതിലെ സകല വസ്തുക്കളും
ഭൂമിയും അതില്‍ വസിക്കുന്നവരും കര്‍ത്താവിന്‍റേതാണ്.
സമുദ്രങ്ങള്‍ക്കു മുകളില്‍ അതിന്‍റെ അടിസ്ഥാനം ഉറപ്പിച്ചതും
നദികള്‍ക്കു മുകളില്‍ അതിനെ സ്ഥാപിച്ചതും കര്‍ത്താവാണ്.
കര്‍ത്താവിന്‍റെ മലയില്‍ കയറാന്‍ അനുവാദമുള്ളത്
ആര്‍ക്കാണ്, അവിടുത്തെ വിശുദ്ധ സ്ഥലത്ത് കാലുകുത്താന്‍
ആരെയാണ് അവിടുന്ന് അനുവദിച്ചിരിക്കുന്നത്?
കളങ്കമറ്റ കൈകളും നിര്‍മ്മലമായ ഹൃദയവും ഉള്ളവന്‍,
വ്യര്‍ത്ഥമായി വിധിക്കാത്തവന്‍, കള്ളസത്യം ചെയ്യാത്തവന്‍.

കര്‍ത്താവിന്‍റേതാണ് സൃഷ്ടിയെന്ന് സങ്കീര്‍ത്തകന്‍ ആദ്യം സ്ഥാപിക്കുന്നു. ഭൂമിയും അതിലെ സകല വസ്തുക്കളും, നിവാസികളും കര്‍ത്താവിന്‍റേതെന്ന് സങ്കീര്‍ത്തകന്‍ സ്ഥാപിക്കുന്നു.  ദാവീദു രാജാവ്, സങ്കീര്‍ത്തനം 24 അങ്ങനെ എഴുതുന്നതിന്‍റെ ഉദ്ദേശ്യം ഇസ്രായേലില്‍ മാത്രമല്ല സമീപ രാജ്യങ്ങളില്‍പ്പോലുമുള്ള മറ്റു ദൈവങ്ങളെ, വിജാതീയ ദൈവങ്ങളെ നിഷേധിക്കുകയായിരുന്നു.          ജീവനെയും സകല ജീവജാലങ്ങളെയും, അവയുടെ രൂപവും ഭാവവും ക്രമവുമെല്ലാം മെനഞ്ഞെടുത്തത് ദൈവമാണ്. അങ്ങനെയുളള ദൈവത്തിന്‍റെ മലയില്‍ ആരു പ്രവേശിക്കും?

അവിടെ പ്രവേശിക്കുവാന്‍ മനുഷ്യന്‍ യോഗ്യാനാണോ? എന്ന ചോദ്യത്തിന് മനുഷ്യന്‍റെ ബലഹീനതയും ദൗര്‍ബല്യവും സങ്കീര്‍ത്തന പദങ്ങളില്‍ മനോഹരമായി വരച്ചുകാട്ടുകയാണ്  ഗീതത്തിലെ അഞ്ചാമത്തെ പദം. ചോദ്യോത്തര രീതി ഉപയോഗിച്ചുകൊണ്ട് സങ്കീര്‍ത്തകന്‍ വളരെ രസകരമായി വിഷയം അവതരിപ്പിക്കുന്നു. ആദ്യത്തെ രണ്ടു പദങ്ങളിലൂടെ, പട്ടണ ഭിത്തിക്ക് പുറത്ത് സമ്മേളിച്ചിരിക്കുന്ന ജനാവലിയോടാണ് ഗായകന്‍ സ്രഷ്ടാവായ ദൈവത്തെക്കുറിച്ച് അഭിസംബോധനചെയ്യുന്നത്. ഭിത്തിക്കു പുറത്താകയാല്‍ അവിടെ എല്ലാത്തരക്കാരും ജാതിക്കാരുമൊക്കെ ഉണ്ടാകാം. പിന്നെ പുറത്തുനിന്നും അവിടെ സന്നിഹിതരായിരിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി ചോദ്യത്തിന് ഉത്തരം പറയുന്നത്, മറ്റൊരു പുരോഹിതനുമായിരിക്കണം. 

Recitation :
കളങ്കമറ്റ കൈകളും നിര്‍മ്മലമായ ഹൃദയവും ഉള്ളവന്‍
വ്യര്‍ത്ഥമായി വിധിക്കാത്തവന്‍, കള്ളസത്യം പറയാത്തവന്‍.

ദൈവസന്നിധിയിലെ യോഗ്യതയ്ക്ക് ആധാരം, വ്യക്തിയുടെ സല്‍സ്വഭാവമാണെന്ന് ചുരുക്കിപ്പറയുകയാണ് സങ്കീര്‍ത്തകന്‍. വരികള്‍  വിവരിക്കുന്ന ഗുണഗണങ്ങളില്‍ ആദ്യം...  ‘കളങ്കമറ്റ കൈകള്‍’ .. വ്യക്തിയുടെ ആന്തരിക വിശുദ്ധയുടെ, ഹൃദയവിശുദ്ധിയുടെയും അടയാളമാണ്. പിന്നെ പറയുന്നത്, വ്യര്‍ത്ഥമായി, അന്യായമായി അപരനെ വിധിക്കാത്തവനും, സത്യം പറയുന്നവനും, കളവു പറയാത്തവനും എന്നുമാണ്. ഇത്രയും യോഗ്യതയുണ്ടെങ്കില്‍ ഒരുവന് ദേവാലയത്തില്‍ പ്രവേശിക്കാനാകും, ദൈവസന്നിധി പ്രാപിക്കാനുകുമെന്ന് സങ്കീര്‍ത്തകന്‍ ഉദ്ബോധിപ്പിക്കുന്നു. ഈ ഭാഗത്ത് ശ്രദ്ധേയമാകുന്നൊരു കാര്യം 6, 7 പദങ്ങള്‍ വിവരിക്കുന്നത് നമുക്കു ശ്രദ്ധിക്കാം.

Recitation :
ഇതാണ് കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ തലമുറ,
യാക്കോവിന്‍റെ ദൈവത്തിന്‍റെ മുഖദര്‍ശനം തേടുന്നവര്‍.
കവാടങ്ങളേ, ശിരസ്സുയര്‍ത്തുവിന്‍,
ഉയര്‍ന്നുനില്ക്കുവിന്‍,  മഹത്വത്തിന്‍റെ രാജാവു പ്രവേശിക്കട്ടെ!

അതിനാല്‍ കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ നഷ്ക്കളങ്കമായ ജീവിതം, സത്യസന്ധമായ ജീവിതം... ഇതുരണ്ടും ഉള്ളവരായിരിക്കണം. ഇവ ആര്‍ക്കും ആവശ്യമാണ്. വളരെ പൊതുവായ മാനുഷിക മാനുഷിക ഗുണഗണങ്ങള്‍ തന്നെയാണ് സങ്കീര്‍ത്തകന്‍ പരാമര്‍ശിക്കുന്നത്. അതായത് ദൈവസന്നിധി പ്രാപിക്കാന്‍, ദൈവികൈക്യത്തില്‍ ജീവിക്കുവാനും, ദൈവസന്നിധി പ്രാപിക്കാനും ആഗ്രഹിക്കുന്നവന്‍ അടിസ്ഥാനപരമായ മാനുഷിക മേന്മകള്‍ ഉള്ളവന്‍ ആയിരിക്കണം. ഇസ്രായേലിന്‍റെ ചരിത്രത്തില്‍ യാക്കോബിന്‍റെ ദൈവം... യാക്കോബിനോട് ആവശ്യപ്പെട്ടത് ജീവന്‍റെ പൂര്‍ണ്ണിമയോ, ആത്മീയ പൂര്‍ണ്ണതയോ അല്ല! മറിച്ച് ഉദ്ദേശശുദ്ധി ഉള്ളവനായിരിക്കാനായിരുന്നു.   The sincerity of purpose.  ദൈവാനുഗ്രഹം പ്രാപിക്കാന്‍ ഈ അടിസ്ഥാനപരമായ ആത്മാര്‍ത്ഥത, സത്യസന്ധത ആവശ്യമാണെന്ന് പദങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.

Musical Version of Ps. 24 
അവരുടെമേല്‍ കര്‍ത്താവെന്നും നന്മ വര്‍ഷിക്കും
രക്ഷകനായ ദൈവം അവര്‍ക്കായ് നീതിനടപ്പാക്കും
ഇവരാണു ദൈവത്തിന്‍ നീതി തേടുന്നവര്‍
യാക്കോബിന്‍ ദൈവത്തെ തേടുന്നവര്‍
ദൈവത്തെ തേടുന്നവര്‍.








All the contents on this site are copyrighted ©.