സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

അഭയാര്‍ത്ഥികളുടെ ഹൃത്തിലെ പ്രത്യാശാദീപം അണയ്ക്കരുത് -പാപ്പാ

അഭയാര്‍ത്ഥികള്‍ ഒരു കടത്തുവള്ളത്തില്‍ 26/12/17 - AFP

01/01/2018 12:45

തന്‍റെ സുതനായ യേശുവിനും ഇല്ലായ്മകളുടെയും ദാരിദ്ര്യത്തിന്‍റെയും സഹനങ്ങളുടെയുമായ യാഥാര്‍ത്ഥ്യങ്ങള്‍ അനുഭവിക്കുന്ന മനുഷ്യര്‍ക്കും മദ്ധ്യേ സ്വയം പ്രതിഷ്ഠിച്ചികൊണ്ട് ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം സവിശേഷമായ ഒരു ദൗത്യമാണ് നിര്‍വ്വഹിക്കുന്നതെന്ന് മാര്‍പ്പാപ്പാ.

ദൈവമാതാവിന്‍റെ തിരുന്നാള്‍ക്കുര്‍ബ്ബാന വിശ്വശാന്തിദിനവും ആചരിക്കപ്പെട്ട ജനുവരി ഒന്നിന് (01/01/18) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിച്ച ഫ്രാന്‍സീസ് പാപ്പാ, തദ്ദനന്തരം, മദ്ധ്യാഹ്നത്തില്‍ ബസിലിക്കാങ്കണത്തില്‍ ത്രികാലപ്രാര്‍ത്ഥനയ്ക്കെത്തിയവരെ പ്രാര്‍ത്ഥനയ്ക്കു മുമ്പ് സംബോധന ചെയ്യുകയായിരുന്നു.

ഇല്ലായ്മകളുടെ പിടിയലമര്‍ന്നിരിക്കുന്ന, ദുരിതമനുഭവിക്കുന്ന മനുഷ്യര്‍ക്ക്   സമര്‍പ്പിതമാണ് ഇക്കൊല്ലത്തെ വിശ്വശാന്തി ദിനം എന്ന് സൂചിപ്പിച്ച പാപ്പാ, “കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും: സമാധാനം അന്വേഷിക്കുന്ന സ്ത്രീപുരുഷന്മാര്‍” എന്നതാണ് ഈ ദിനാചരണത്തിന്‍റെ വിചിന്തനപ്രമേയം എന്ന് അനുസ്മരിക്കുകയും ചെയ്തു.

സമാധാനം എല്ലാവരുടെയും അവകാശമാണെന്ന സത്യം പാപ്പാ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു.

കഷ്ടതകള്‍ സഹിച്ച് അപകടകരമായ സുദീര്‍ഘ യത്രകള്‍ നടത്തുന്ന കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ഹൃദയങ്ങളിലെ പ്രത്യാശയുടെ ദീപങ്ങള്‍ നാം കെടുത്തരുതെന്നും അവരുടെ പ്രതീക്ഷകളെ ശ്വാസംമുട്ടിക്കരുതെന്നും അവര്‍ക്ക്   സമാധാനത്തിന്‍റെ ഒരു ഭാവി ഉറപ്പുവരുത്താന്‍ സഭാതലത്തിലും രാഷ്ട്രതലത്തിലും പരിശ്രമം നടക്കേണ്ടത് പ്രാധാന്യമര്‍ഹിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

ത്രികാലപ്രാര്‍ത്ഥനാ വിചിന്തനത്തില്‍ മറിയത്തിന്‍റെ വിശ്വാസത്തെക്കുറിച്ചു പരാമര്‍ശിച്ച പാപ്പാ രക്ഷകന്‍ ഭൂജാതനായി എന്ന വിവരം സകലര്‍ക്കും വിസ്മയമായപ്പോള്‍ സകലവും ഹൃദയത്തില്‍ സൂക്ഷിച്ച് ധ്യാനിച്ചവളായ മറിയം നമുക്കു കാണിച്ചുതരുന്നത് ദൈവിക ദാനം, അതായത്, തിരുപ്പിറവിയെ, സ്വീകരിക്കേണ്ടത് എപ്രകാരമാണ് എന്നാണെന്ന് ഉദ്ബോധിപ്പിച്ചു.

ഉപരിപ്ലവമായിട്ടല്ല മറിച്ച് ഹൃദയത്തിലാണ് സ്വീകരിക്കേണ്ടതെന്ന് മറിയം കാട്ടിത്തരുന്നുവെന്ന് പാപ്പാ വിശദീകരിച്ചു.

ദൈവപുത്രന്‍ മറിയത്തിന്‍റെ ഉദരത്തില്‍ ശരീരം ധരിച്ചു എന്നതില്‍ മാത്രം ഒതുങ്ങതല്ല മറിയത്തിന്‍റെ മാതൃത്വമെന്നും വിശ്വാസത്താല്‍ മറിയം യേശുവിന്‍റെ പ്രഥമ ശിഷ്യയാണെന്നും ആ വിശ്വാസം അവളുടെ മാതൃത്വത്തിന് വിശാലതയേകുന്നുവെന്നും പാപ്പാ പറഞ്ഞു.

കാനയിലെ കല്യാണവിരുന്നില്‍ യേശു വെള്ളം വീഞ്ഞാക്കി മാറ്റിയ അത്ഭുത്തിനു നമിത്തമായതും മറിയത്തിന്‍റെ ഈ വിശ്വാസമാണെന്നും അതേ വിശ്വാസത്താലാണ് മറിയം കുരിശിന്‍ ചുവട്ടില്‍ നില്ക്കുന്നതും യോഹന്നാനെ മകനായി സ്വീകരിക്കുന്നതും അവസാനം യേശുവിന്‍റെ ഉത്ഥാനാന്തരം സഭയുടെ പ്രാര്‍ത്ഥനാനിരതയായ അമ്മയായിത്തീരുന്നതും എന്ന് പാപ്പാ വിശദീകരിച്ചു.

 

01/01/2018 12:45