സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

“ക്രിസ്തു ആനന്ദത്തിന്‍റെ സ്രോതസ്സ്!” വീണ്ടും ‘തെയ്സേ’ പ്രാര്‍ത്ഥനാസംഗമം

39-Ɔമത് പ്രാര്‍ത്ഥനാസംഗത്തിന്‍റെ ദൃശ്യം - EPA

29/12/2017 10:05

തെയ്സെ പ്രാര്‍ത്ഥനാസംഗമം സ്വിറ്റ്സര്‍ലണ്ടിലെ ബാസലില്‍
ഡിസംബര്‍ 28-മുതല്‍ ജനുവരി 1-വരെ

ക്രിസ്തുവിനെ കണ്ടെത്തുന്നവരുടെ ഹൃദയങ്ങള്‍ സുവിശേഷ സന്തോഷത്താല്‍ നിറയുമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ഡിസംബര്‍ 28-Ɔ൦ തിയതി വ്യാഴാഴ്ച സ്വിറ്റ്സര്‍ലണ്ട്, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ കിടക്കുന്ന ബാസലില്‍ സംഗമിച്ചിരിക്കുന്ന ‘തെയ്സെ’ സഭൈക്യ പ്രാര്‍ത്ഥനാ സംഗമത്തിന് അയച്ച സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

യുവജനങ്ങളോട് തന്‍റെ പ്രാര്‍ത്ഥനാസാമീപ്യം അറിയിച്ച പാപ്പാ ഫ്രാന്‍സിസ്, ക്രിസ്തുവില്‍ ലഭ്യമാകുന്ന രക്ഷയുടെ ഫലങ്ങളെക്കുറിച്ച് അവരെ അറിയിച്ചു. ക്രിസ്തുവിനാല്‍ വിമോചിതരാകുന്നവര്‍ പാപത്തില്‍നിന്നും, ദുഃഖത്തില്‍നിന്നും, ആന്തരിക ശൂന്യതയില്‍നിന്നും, ഏകാന്തതയില്‍നിന്നും മോചിതരാകും. യേശു ക്രിസ്തുവില്‍ സന്തോഷം ജനിക്കുമ്പോള്‍ നാം പുനര്‍ജനിക്കുകയാണ് ചെയ്യുന്നത്.  യുവജനങ്ങള്‍ യേശുവില്‍ നവീകൃതരാകാനും, അവിടുന്നില്‍നിന്നും യഥാര്‍ത്ഥമായ സന്തോഷം ഉള്‍ക്കൊള്ളാനും വളരാനും ആഗ്രഹിക്കുന്നതിലുള്ള സന്തോഷം,  അവരെ സന്ദേശത്തിലൂടെ പാപ്പാ അറിയിച്ചു.  വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രൊ പരോളിന്‍വഴിയാണ് പാപ്പാ പ്രാര്‍ത്ഥനാസംഗമത്തിന് സന്ദേശം അയച്ചത്.

ബ്രദര്‍ റോജര്‍ എഴുപതുകളില്‍ സ്വിറ്റ്സര്‍ലണ്ടിലെ തെയ്സെ ഗ്രാമത്തില്‍ ആരംഭിച്ച പ്രസ്ഥാനത്തിന്‍റെ 40-Ɔമത് സംഗമമാണ് ഡിസംബര്‍ 28-മുതല്‍ ജനുവരി 1-വരെ ബാസലില്‍ ഒത്തുചേരുന്നത്.  “ക്രിസ്തു ആനന്ദത്തിന്‍റെ സ്രോതസ്സ്.” എന്ന പ്രമേയവുമായിട്ടാണ്, യൂറോപ്പിലെ ആയിരക്കണക്കിന് യുവജനങ്ങള്‍ ഈ ശരത്കാല പ്രാര്‍ത്ഥനാ സംഗമത്തില്‍ പങ്കെടുക്കുന്നത്.  

ഓര്‍ത്തഡോക്സ്, കത്തോലിക്കാ, പ്രോട്ടസ്റ്റന്‍റ് സഭകളുടെ കൂട്ടായ്മയാണ് തെയ്സെ. പ്രോട്ടസ്റ്റന്‍റ് പ്രസ്ഥാനം അതിന്‍റെ 500-Ɔ൦ വാര്‍ഷികം ആഘോഷിക്കുന്ന ഈ അവസരത്തില്‍, ക്രിസ്തുവിന്‍റെ സുവിശേഷം നമ്മെ ഐക്യപ്പെടുത്തണമെന്നും, വിഭജനത്തിന്‍റെ മുറിവുകള്‍ ഉണക്കി, ക്രൈസ്തവര്‍ കൈകോര്‍ത്തു നീങ്ങണമെന്നും, ക്രിസ്തുവിന് സാക്ഷ്യംവഹിക്കണമെന്നും അനുസ്മരിപ്പിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്. 


(William Nellikkal)

29/12/2017 10:05