സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ വചനസമീക്ഷ

''ക്രിസ്തുസന്ദേശത്തില്‍ നങ്കൂരമിട്ട വി. സ്തേഫാനോസ്'': പാപ്പാ

ഡിസംബര്‍ 26-ാംതീയതി പരിശുദ്ധ പിതാവ് ത്രികാലജപസന്ദേശം നല്‍കുന്നു - AP

27/12/2017 10:18

ഡിസംബര്‍ 26-ാംതീയതി ചൊവ്വാഴ്ചയില്‍, ത്രികാലജപത്തോടനുബന്ധിച്ചു നല്‍കിയ സന്ദേശത്തില്‍, പിറവിത്തിരുനാളിന്‍റെ പിറ്റേന്ന്, ആദ്യരക്തസാക്ഷിയായ വി. സ്തേഫാനോസിന്‍റെ സ്വര്‍ഗത്തിലെ ജനനം ആഘോഷിക്കുന്നതിന്‍റെ പ്രസക്തി ചൂണ്ടിക്കാട്ടിയ പാപ്പാ ഈ രണ്ടു സംഭവങ്ങള്‍ തമ്മിലുള്ള അടുത്ത ബന്ധത്തെ ഉദ്ബോധിപ്പിച്ചു. സന്ദേശത്തിന്‍റെ പരിഭാഷ വായിക്കാം.

പ്രിയ സഹോദരീസഹോദരന്മാരെ, സുപ്രഭാതം
ഭൂമിയില്‍ യേശുവിന്‍റെ ജനനം ആഘോഷിച്ചശേഷം, ഇന്നു നാം, ആദ്യരക്തസാക്ഷിയായ വിശുദ്ധ സ്തേഫാനോസിന്‍റെ സ്വര്‍ഗത്തിലെ ജനനം ആഘോഷിക്കുകയാണ്.  ആദ്യവീക്ഷണത്തില്‍, ഈ രണ്ടു സംഭവങ്ങള്‍ തമ്മില്‍ ഒരു ബന്ധവും തോന്നുകയില്ലെങ്കിലും, സത്യത്തില്‍ അവയെ ബന്ധിപ്പിക്കുന്ന കണ്ണികള്‍ ശക്തമാണ്.

''ഇന്നലെ, ക്രിസ്മസ് ആരാധനാക്രമത്തില്‍, 'വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു'' എന്ന ഉദ്ഘോഷണം നാം കേട്ടു.   ജനനേതാക്കളെ പ്രതിസന്ധിയിലാക്കിയ വി. സ്തേഫാനോസ്, ''വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ''വനായിരുന്നു  (അപ്പ. 6:5).  ക്രിസ്തുവിലൂടെ മനുഷ്യരുടെയിടയിലുള്ള ഈ നവമായ ദൈവസാന്നിധ്യം തിരിച്ചറിയുകയും  സത്യമായ ദേവാലയം, നമ്മുടെയിടയിലേയ്ക്കു വസിക്കാനെത്തിയ നിത്യവചനമായ, പാപമൊഴികെ നമ്മെപ്പോലെയായിത്തീര്‍ന്ന യേശുവാണെന്നു മനസ്സിലാക്കുകയും ചെയ്ത സ്തേഫാനോസ് ജറുസലെം ദേവാലയം നശിക്കുമെന്ന് ഉദ്ഘോഷിച്ചതിനാല്‍ കുറ്റക്കാരനായി വിധിക്കപ്പെട്ടു. ''നസ്രായനായ യേശു, ഈ സ്ഥലം നശിപ്പിക്കുകയും മോശ നമുക്കു നല്‍കിയിട്ടുള്ള ആചാരങ്ങള്‍ മാറ്റുകയും ചെയ്യും'' എന്നു പറഞ്ഞതാണ് സ്തേഫാനോസിനെതിരെ ആരോപിക്കപ്പെട്ട കുറ്റം (നടപടി 6:14).
സത്യത്തില്‍ യേശു നല്‍കുന്ന സന്ദേശം, അസ്വസ്ഥതയും അസൗകര്യവും തരുന്നതാണ്, എന്തെന്നാല്‍ അത് മതത്തിന്‍റെ ലൗകികശക്തിയെ വെല്ലുവിളിക്കുന്നതും മനസ്സാക്ഷികളെ ശല്യപ്പെടുത്തുന്നതുമാണ്. യേശുവിന്‍റെ വരവിനുശേഷം, മാനസാന്തരം ആവശ്യമായി വന്നു,   മനോഭാവങ്ങള്‍ക്കു മാറ്റം വരേണ്ടിയിരുന്നു, മുമ്പുണ്ടായിരുന്ന ചിന്തകള്‍ ഉപേക്ഷിക്കേണ്ടതായി വന്നു. യേശുവിന്‍റെ സന്ദേശത്തില്‍ സ്തേഫാനോസ് മരണം വരെ നങ്കൂരമിട്ടു.  ''കര്‍ത്താവായ യേശുവേ, എന്‍റെ ആത്മാവിനെ സ്വീകരിക്കണമേ, അവരുടെ പാപങ്ങള്‍ അവരുടെമേല്‍ ചുമത്തരുതേ'' (അപ്പ. 7:59-60) എന്ന അദ്ദേഹത്തിന്‍റെ അവസാനപ്രാര്‍ഥന, യേശു കുരിശില്‍ അവസാനമായി ഉച്ചരിച്ച ഈ വാക്കുകള്‍ക്കു സമാനമായിരുന്നു: ''പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്‍റെ ആത്മാവിനെ സമര്‍പ്പിക്കുന്നു'' (ലൂക്കാ 23:46), എന്നും ''പിതാവേ, അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയായ്കയാല്‍ അവരോടു ക്ഷമിക്കണമേ'' (ലൂക്കാ 23:34). ഇതേ വാക്കുകള്‍ മാത്രം സാധ്യമായത്, ദൈവപുത്രന്‍ ഭൂമിലേയ്ക്കു വന്നതിനാലും, നമുക്കുവേണ്ടി കുരിശില്‍ മരിച്ച് ഉയിര്‍ത്തതിനാലുമാണ്.  അതിനുമുമ്പ് ഈ പ്രയോഗശൈലി ചിന്തിക്കാനാവാത്തതായിരുന്നു. 
സ്തേഫാനോസ്, യേശുവിനോടു യാചിക്കുന്നു, തന്‍റെ ആത്മാവിനെ സ്വീകരിക്കണമേയെന്ന്.  തീര്‍ച്ചയായും ഉത്ഥിതനായ ക്രിസ്തുവാണ് കര്‍ത്താവും, ദൈവത്തിനും മനുഷ്യര്‍ക്കുമിടയ്ക്കുള്ള ഏക മധ്യസ്ഥനും.  നമ്മുടെ മരണസമയത്തുമാത്രമല്ല, നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷങ്ങളിലും, യേശവിനോടുകൂടിയല്ലാതെ നമുക്കൊന്നും സാധ്യമല്ല (യോഹ 15:5). അതിനാല്‍, നമുക്കും പുല്‍ക്കൂട്ടിലെ ഉണ്ണിയേശുവിന്‍റെ മുമ്പില്‍ സ്തേഫാനോസ് പ്രാര്‍ഥിച്ചതുപോലെ പ്രാര്‍ഥിക്കാം: 'കര്‍ത്താവായ യേശുവേ, ഞങ്ങളുടെ ആത്മാവിനെ അങ്ങേയ്ക്കു ഞങ്ങള്‍ സമര്‍പ്പിക്കുന്നു, അതിനെ സ്വീകരിക്കണമേ!'  തീര്‍ച്ചയായും, നമ്മുടെ അസ്തിത്വം സുവിശേഷാനുസൃതം നല്ല ഒരു ജീവിതമായിത്തീരുന്നതിനാണ് അത്
യേശുവാണ് നമ്മുടെ മധ്യസ്ഥനും, പിതാവിനോടും മാത്രമല്ല, നാം തമ്മിലും ഉള്ള അനുരഞ്ജനം സാധ്യമാക്കുന്നവനും.  അവിടുന്നാണ്, സ്നേഹത്തിന്‍റെ ഉറവിടം. എല്ലാ സംഘട്ടനങ്ങളും വിദ്വേഷവും നീക്കി നമ്മുടെ സഹോദരങ്ങളുമായുള്ള സംവാദത്തിനു തുറവി നല്‍കുന്നതും അവിടുന്നാണ്.  
നമുക്കായി ജനിച്ച യേശുവിനോടു നമുക്കു യാചിക്കാം, ദൈവത്തില്‍ ശരണപ്പെടുകയും അയല്‍ക്കാരെ സ്നഹിക്കുകയും ചെയ്യുന്ന മനോഭാവം, നമ്മുടെ ജീവിതങ്ങളെ മാറ്റുകയും മനോഹരവും ഫലപ്രദവുമാക്കുകയും ചെയ്യുന്ന മനോഭാവം, നമുക്കു തരണമേയെന്ന്.   യേശുവിനെ കര്‍ത്താവായി നമ്മുടെ ജീവിതത്തില്‍ സ്വീകരിക്കുന്നതിനും, സുവിശേഷം വ്യക്തിപരമാക്കുന്ന ധീരമായ സാക്ഷ്യം നല്കേണ്ടതിനും, വിശ്വസ്തതയുടെ വിലകൊടുക്കാന്‍ സന്നദ്ധരാകേണ്ടതിനും രക്ഷകന്‍റെ അമ്മയും രക്തസാക്ഷികളുടെ രാജ്ഞിയുമായ മറിയത്തോടു മാധ്യസ്ഥം യാചിക്കാം.
 

ഈ വാക്കുകളോടെ പാപ്പാ ത്രികാലജപം ചൊല്ലുകയും അപ്പസ്തോലികാശീര്‍വാദം നല്‍കുകയും ചെയ്തു. 

 

27/12/2017 10:18