2017-12-26 16:43:00

ആഗതനായ മഹത്വത്തിന്‍റെ രാജാവ് : ഒരു രാജകീയ സങ്കീര്‍ത്തനം


ഒരു രാജകീയ സങ്കീര്‍ത്തനത്തിന്‍റെ പഠനം :

ഇന്നു നാം സങ്കീര്‍ത്തനം 24-ന്‍റെ പഠനം ആരംഭിക്കുകയാണ്. ആദ്യം ഈ സങ്കീര്‍ത്തനങ്ങളുടെ പദങ്ങള്‍ പരിചയപ്പെട്ടുകൊണ്ട് ആരംഭിക്കാം. ഇതൊരു ആരാധനക്രമഗീതമാണെങ്കിലും സാഹിത്യരൂപത്തില്‍ ഒരു രാജകീയ സങ്കീര്‍ത്തനമാണെന്നു പറയാം. ദൈവമായ രാജാവിനെ സ്തുതിക്കുന്ന രാജകീയ സങ്കീര്‍ത്തനം എന്ന് നമുക്കിതിനെ വിശേഷിപ്പിക്കാം. ദാവീദു രാജാവിന്‍റെ രചനയായിട്ടാണ് ഇത് ഇന്നും കണക്കാക്കപ്പെടുന്നത്. ഇസ്രായേലിനെ ഭരിച്ച ദാവീദ് രാജാവ് ഈ ഗീതത്തില്‍ മഹത്വത്തിന്‍റെ രാജാവായ ദൈവത്തെയും, അവിടുത്തെ ആഗമനത്തെയുംകുറിച്ച് പ്രതിപാദിക്കുന്നു. അദ്ദേഹം രചിച്ചതെന്നു പറയുമ്പോള്‍ ഈ സങ്കീര്‍ത്തനത്തിന് 3000 വര്‍ഷത്തോളം പഴക്കമുണ്ടെന്നു മനസ്സിലാക്കാം. ഇസ്രായിലിന്‍റെ ചരിത്രത്തിലൂടെ കൈമാറപ്പെട്ടിട്ടുള്ള ആരാധനക്രമ ഗീതമാണിതെന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ തെളിയിക്കുന്നു, വ്യക്തമാക്കുന്നു. ഹെബ്രായ പാരമ്പര്യത്തില്‍ ആഴ്ചയുടെ ആദ്യദിവസത്തെ യാമപ്രാര്‍ത്ഥനകളില്‍ ദേവാലയത്തില്‍ ഉപയോഗിച്ചു പോന്നിരുന്ന ഗാനമാണിത്. അതുപോലെ സ്വര്‍ഗ്ഗാരോഹണത്തിരുനാളിന്‍റെ പ്രാര്‍ത്ഥനയിലും ഈ ഗീതം ഇന്നും ഉപയോഗത്തിലുണ്ട്. കൂടാതെ ആഗമനകാലത്തെ ഗീതമായിട്ടും, സങ്കീര്‍ത്തനം 24 ഇപ്പോഴും ഉപയോഗിക്കുന്ന പതിവുണ്ട്. ദേവാലയങ്ങളിലെ ആലാപനത്തില്‍ പ്രഭണിതമായി ഉപയോഗിക്കുന്നത് 10-Ɔമത്തെ, ഗീതത്തിലെ ഏറ്റവും അവസാനത്തെ പദമാണ്.

ആരാണ് ഈ ആഗതനാകുന്ന മഹത്വത്തിന്‍റെ രാജാവ്?  
സൈന്യങ്ങളുടെ കര്‍ത്താവാണ്, അവിടുന്നാണ് മഹത്വത്തിന്‍റെ രാജാവ്.

സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം ഗാഗുല്‍ ജോസഫും സംഘവും.

Musical Version of Ps.24
കര്‍ത്താവാഗതനാകുന്ന മഹത്വത്തിന്‍റെ രാജാവ്
ആഗതനാകുന്നു മഹത്വത്തിന്‍റെ രാജാവ്.

മഹത്വത്തോടെ ആഗതനാകുന്ന രാജാവിനെക്കുറിച്ച് സങ്കീര്‍ത്തകന്‍ സമൂഹത്തെ ചോദ്യോത്തര രീതിയിലൂടെ ഉദ്ബോധിപ്പിക്കുന്നു. ഇസ്രായേലിന്‍റെ ഉത്സവനാളുകളില്‍ വാഗ്ദത്തപേടകം പ്രദക്ഷിണമായി വഹിച്ചുകൊണ്ടു പോകുമ്പോള്‍ ആലപിക്കുന്നതിന് ചിട്ടപ്പെടുത്തിയതായിരിക്കണം ഈ ഗീതമെന്നാണ് നിരൂപകന്മാരുടെ അഭിപ്രായം. കാരണം ജരൂസലേമില്‍ ഒരു ദേവാലയം പണിയുംമുന്‍പേ, മോശയിലൂടെ ലഭിച്ച പത്തു ദൈവിക കല്പനകളുടെ കല്‍ഫലകങ്ങള്‍ ആദരപൂര്‍വ്വം സൂക്ഷിക്കുന്നതിനായിരുന്നു പേടകം നിര്‍മ്മിക്കപ്പെട്ടത്. അത് കൂടാരത്തില്‍ പ്രതിഷ്ഠിച്ചത്. മോശയുടെ കാലത്ത് ഇസ്രായേല്‍ ജനം സീനായില്‍ പാര്‍ത്തിരുന്നപ്പോള്‍ ബസാലേല്‍ കൊത്തിയുണ്ടാക്കിയിട്ടുള്ളതാണ്  വാഗ്ദത്ത പേടകത്തിന്‍റെ പ്രഥമരൂപം എന്ന് പുറപ്പാടുഗ്രന്ഥം രേഖപ്പെടുത്തിയിരിക്കുന്നു (പുറപ്പാട് 37, 1-9). അത് ജനമദ്ധ്യത്തില്‍ അവര്‍ക്ക് ദൈവത്തിന്‍റെ സാന്നിദ്ധ്യമായിരുന്നു.

പിന്നീട് ഒരു കാലത്ത് ഫിലിസ്തീയര്‍ അത് തട്ടിക്കൊണ്ടുപോയെന്നും, അതോടെ കര്‍ത്താവിന്‍റെ സാന്നിദ്ധ്യം തങ്ങള്‍ക്ക് നഷ്ടപ്പെട്ടതായും ഇസ്രായേല്‍ കരുതിയിരുന്നു. സാമുവലിന്‍റെ ഒന്നാം പുസ്തകമാണ് ഇക്കഥ വിവരിക്കുന്നത് (1സാമു. 4, 11...5, 1). അതുപോലെതന്നെ ദൈവത്തിന് ജനത്തോടുള്ള വിശ്വസ്തതയുടെയും, സ്നേഹബന്ധത്തിന്‍റെയും പ്രതീകമായിരുന്നു വാഗ്ദത്തപേടകം ആദ്യം. പിന്നീട് അത് ദാവീദിനോടും ഇസ്രായേല്‍ ജനത്തോടുള്ള പ്രതിപത്തിയുടെ പ്രതീകമായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഈ മനോഭാവത്തിലും കൃതജ്‍ഞതയുടെ വികാരത്തിലും വിശ്വാസത്തിലും വാഗ്ദത്തപേടകത്തിന്‍റെ ഉത്സവവും പ്രദക്ഷിണവും അനുവര്‍ഷം ജസ്രായേല്യര്‍ മുടങ്ങാതെയും മോടിയായും നടത്തിയിരുന്നെന്ന് പഴയനിയമ ഗ്രന്ഥങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. (സങ്കീര്‍ത്തനം 132, 8).
132-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ 8-‍Ɔമത്തെ പദം ഇത് വ്യക്തമാക്കുന്നുണ്ട്:

കര്‍ത്താവേ, എഴുന്നേറ്റ് അവിടുത്തെ ശക്തിയുടെ പേടകത്തോടൊപ്പം
അങ്ങയുടെ വിശ്രമസ്ഥലത്തേയ്ക്കു വരണമേ!.  -  (സങ്കീര്‍ത്തനം 132, 8).

അനുവര്‍ഷം ആചരിക്കപ്പെടുന്ന വാഗ്ദത്തപേടകത്തിന്‍റെ എഴുന്നളളിപ്പിലും പ്രദക്ഷിണത്തിലും രാജാവും പ്രജകളുമെല്ലാം ഒരുപോലെ പങ്കെടുക്കുകയും ദൈവത്തോടും അവിടുത്തെ കല്പനകളോടുമുള്ള സ്നേഹവും വിശ്വസ്തതയും ആദരവും പുതുക്കുകയും ചെയ്തുപോന്നു.

Musical Version of Ps. 4
കര്‍ത്താവാഗതനാകുന്നു മഹത്വത്തിന്‍റെ രാജാവ്,
ആഗതനാകുന്നു മഹത്വത്തിന്‍രെ രാജാവ്.
ഭൂമിയും അതിലെ നിവാസികളും
ഭൂതലം അതിലെ സമസ്ഥവസ്തുക്കളും കര്‍ത്താവിന്‍റേത്സ
മുദ്രങ്ങള്‍ക്കു മേലെ അതിനടിസ്ഥാനമുറപ്പിച്ചതും
നദികള്‍ക്കു മേലെ അതിന്‍റെ സ്ഥാനമുറപ്പിച്ചതും കര്‍ത്താവല്ലോ.
കര്‍ത്താവല്ലോ.

നാം പഠനവിഷയമാക്കുന്ന ഗീതം 24-ലെ ആദ്യ പദങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ നമുക്കു മനസ്സിലാക്കാം... ഉല്പത്തിയിലേയ്ക്കാണ്  into the book of Genesis അവ വിരല്‍ചൂണ്ടുന്നത്. പദങ്ങള്‍ പരിചയപ്പെട്ടുകൊണ്ട് നമുക്ക് ഗീതത്തിന്‍റെ പഠനം തുടരാം.

Recitation :
ലോകവും അതിലെ സകല വസ്തുക്കളും ഭൂമിയും
അതില്‍ വസിക്കുന്ന സകലരും കര്‍ത്താവിന്‍റേതാണ്.
സമുദ്രങ്ങള്‍ക്കു മുകളില്‍ അതിന്‍റെ അടിസ്ഥാനം ഉറപ്പിച്ചതും
നദികള്‍ക്കു മുകളില്‍ അതിനെ സ്ഥാപിച്ചതും അവിടുന്നാണ്, കര്‍ത്താവാണ്!

കര്‍ത്താവിന്‍റേതാണ് സൃഷ്ടിയെന്ന് സങ്കീര്‍ത്തകന്‍ ഏറ്റുപറയുകയാണ്. ഭൂമിയും അതിലെ സകല വസ്തുക്കളും, നിവാസികളും കര്‍ത്താവിന്‍റേതെന്ന് സങ്കീര്‍ത്തകന്‍ സ്ഥാപിക്കുന്നു. ദാവീദുരാജാവാണ് ജെബൂസ്യരില്‍നിന്നും കര്‍ത്താവിന്‍റെ മലയായ സിയോണ്‍, അല്ലെങ്കില്‍ ജരൂസലേം പടിച്ചെടുത്തത്. ജബൂസിയര്‍ വിജാതിയ ദൈവങ്ങളില്‍ വിശ്വസിച്ചിരുന്ന ജനതയായിരുന്നു. അവര്‍ക്ക് അവരുടേതായ ദൈവങ്ങള്‍ ഉണ്ടായിരുന്നു. അവയെ നിഷേധിച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടുമാണ്, ദാവീദു രാജാവ് സങ്കീര്‍ത്തനം 24 രചിച്ചത് - ഭൂമിയും സൃഷ്ടിജാലങ്ങളുമെല്ലാം കര്‍ത്താവിന്‍റേതാണ്. അതുപോലെ, പുര്‍വ്വകാല ചിന്താഗതിയില്‍ സമുദ്രങ്ങള്‍ക്കും പുഴകള്‍ക്കും മുകളില്‍ ദൈവം ഭൂമി സ്ഥാപിച്ചിരിക്കുന്നുവെന്ന് സങ്കീര്‍ത്തകന്‍ ആദ്യ പദങ്ങളില്‍തന്നെ സ്ഥാപിക്കുന്നു. ജബൂസിയരില്‍നിന്നും പട്ടണം പിടിച്ചെടുത്ത ദാവീദു രാജാവ് അതിന് “ദാവീദിന്‍റെ പട്ടണ”മെന്ന് 
(The City of David) പേരിട്ടു.  എന്നാല്‍ ഈ നഗരം സ്ഥിതിചെയ്യുന്നത്, ഉല്പത്തിപ്പുസ്തകത്തി‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ല്‍ വായിക്കുന്ന കര്‍ത്താവ് അനാദിയിലെ സൃഷ്ടിച്ച രൂപരഹിതവും ശൂന്യവുമായ ഭൂമിക്കു മുകളിലാണ്. എന്നിങ്ങനെ സ്ഥലത്തെക്കുറിച്ച് സങ്കീര്‍ത്തകന്‍ അനുസ്മരിപ്പിക്കുന്നുണ്ട്. (ഉല്പത്തി 1, 2). എന്നാല്‍ ഈ രൂപരാഹിത്യത്തില്‍നിന്നാണ്, ദൈവം തന്‍റെ അപരിമേയമായ കരുത്തിലും കഴിവിലും ജീവനെയും സകല ജീവജാലങ്ങളെയും, അവയുടെ രൂപവും ക്രമവും മെനഞ്ഞെടുത്തത്. അങ്ങനെയുളള ദൈവത്തിന്‍റെ മലയില്‍ ആരു പ്രവേശിക്കും? അവിടെ പ്രവേശിക്കുവാന്‍ മനുഷ്യന്‍ യോഗ്യാനാണോ? എന്ന ചോദ്യത്തിന് മനുഷ്യന്‍റെ ബലഹീനതയും ദൗര്‍ബല്യവും സങ്കീര്‍ത്തന പദങ്ങളില്‍ മനോഹരമായി വരച്ചുകാട്ടുകയാണ്... ഗീതത്തിലെ മൂന്നാമത്തെ പദം.

Recitation :
കര്‍ത്താവിന്‍റെ മലയില്‍ കയറാന്‍ അനുവാദമുള്ളത്
ആര്‍ക്കാണ് അവിടുത്തെ വിശുദ്ധസ്ഥലത്തു കാലുകുത്താന്‍
ആരെയാണ് അനുവദിച്ചിട്ടുള്ളത്? ആര്‍ക്കാണ് അനുവാദമുള്ളത്?
സങ്കീര്‍ത്തകന്‍റെ വളരെ രസകരമായ അവതരണ രീതിയാണ് ഇവിടെ നാം ശ്രവിച്ചത്. നമുക്ക് ഊഹിക്കാവുന്നതാണ്. മിക്കവാറും, ആദ്യത്തെ രണ്ടു പദങ്ങളിലൂടെ, ഗായകന്‍ പട്ടണ ഭിത്തിക്ക് പുറത്ത് സമ്മേളിച്ചിരിക്കുന്ന ജനാവലിയെയാണ് അഭിസംബോധനചെയ്യുന്നത്. മറ്റൊരു പുരോഹിതനാണ് അവിടെ സന്നിഹിതരായിരിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി ഉത്തരംപറയുന്നുണ്ട്. അത് ഇങ്ങനെയാണ്. സങ്കീര്‍ത്തനത്തിന്‍റെ 3-Ɔമത്തെ പദം ശ്രവിക്കാം.

Recitation :
കളങ്കമറ്റ കൈകളും നിര്‍മ്മലമായ ഹൃദയവും ഉള്ളവന്‍
വ്യര്‍ത്ഥമായി വിധിക്കാത്തവന്‍, കള്ളസത്യം പറയാത്തവന്‍.

ദൈവസന്നിധിയില്‍ യോഗ്യനാകാന്‍ ശ്രദ്ധേയമാകുന്ന കാര്യം കല്പനകള്‍ അനുസരിച്ചിട്ടുണ്ടോ? ഉചിതമായ ബലികള്‍ അര്‍പ്പിച്ചിട്ടുണ്ടോ? എന്നല്ല. പിന്നെന്താണ് യോഗ്യതയ്ക്ക് ആധാരം, മാനദണ്ഡം? വ്യക്തിയുടെ മേന്മയും വ്യക്തിയുടെ സന്മനസ്സുമാണ്. പദങ്ങള്‍ പറയുന്ന ‘കളങ്കമറ്റ കൈകള്‍’  വ്യക്തിയുടെ ആന്തരിക വിശുദ്ധിയുടെ, ഹൃദയവിശുദ്ധിയുടെ അടയാളമാണ്. പ്രകടമായ തിന്മകളോ, പരസ്യപാപങ്ങളോ ചെയ്യാത്തവനാണ് യോഗ്യനായ വ്യക്തിയെന്ന് പദങ്ങള്‍ സ്ഥാപിക്കുന്നു. ഇത്രയും യോഗ്യതയുണ്ടെങ്കില്‍ ഒരുവന് ദേവാലയത്തില്‍ പ്രവേശിക്കാനാകും, ദൈവസന്നിധിയില്‍ എത്തിപ്പെടാനാകും...

Musical Version of Ps. 24
അവരുടെമേല്‍ കര്‍ത്താവെന്നും നന്മ വര്‍ഷിക്കും
രക്ഷകനായ ദൈവം അവര്‍ക്കായ് നീതിനടപ്പാക്കും
ഇവരാണു ദൈവത്തിന്‍ നീതി തേടുന്നവര്‍
യാക്കോബിന്‍ ദൈവത്തെ തേടുന്നവര്‍
ദൈവത്തെ തേടുന്നവര്‍                       








All the contents on this site are copyrighted ©.