2017-12-25 20:11:00

ലോകത്തെ മാറ്റിമറിച്ച വിസ്മയകരമായ സ്നേഹം


വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ഡിസംബര്‍ 24-ന് ക്രിസ്തുമസ്സ് രാത്രിയില്‍ പാപ്പാ ഫ്രാന്‍സിസ് തിരുപ്പിറവിയുടെ ദിവ്യപൂജ അര്‍പ്പിച്ചു. ആയിരങ്ങള്‍ പങ്കെടുത്തു. പാപ്പാ നല്കിയ വചനചിന്തയുടെ പ്രസക്തഭാഗങ്ങള്‍.

1. പ്രത്യാശയുടെ പ്രകാശം 
ലോകത്തിന് പ്രകാശമായി ക്രിസ്തു അവതരിച്ചത് ചരിത്രത്തെ മാറ്റിമറിച്ച സംഭവമാണ്. ക്രിസ്തുമസ്സ് രാത്രി അതിനാല്‍ മനുഷ്യര്‍ക്ക് പ്രത്യാശയുടെ സ്രോതസ്സാണ് (ലൂക്ക 2, 7).  ഒരു കുഞ്ഞിനെ പ്രതീക്ഷിച്ചിരുന്ന നസ്രത്തിലെ കുടുംബമാണ് രാജകല്പന പാലിക്കാന്‍ ഇറങ്ങി പുറപ്പെടേണ്ടി വന്നത്. അങ്ങനെ കുടിയേറ്റത്തിന്‍റെ അനിശ്ചിതത്ത്വവും അപകടങ്ങളും മറ്റാരെയുംപോലെ ഈ കുടുംബവും അനുഭവിക്കേണ്ടി വന്നു. അവര്‍ ബെതലേഹത്ത് എത്തിയെങ്കിലും പട്ടണം അവരെ സ്വീകരിച്ചില്ല. അവര്‍ക്ക് അവിടെ ഇടം കിട്ടിയില്ല. “മനുഷ്യരോടൊപ്പം വസിച്ച...” രക്ഷകനും ദൈവപുത്രനുമായവന് സ്വന്തം ജനം ഇടം നല്കായ്കയാല്‍ അവിടുന്ന് ഒരു കാലിത്തൊഴുത്തില്‍ പിറക്കേണ്ടിവന്നു (യോഹ. 1, 1).

2. പരിത്യക്തതയുടെ വേദന 
തിരക്കുള്ള പട്ടണങ്ങളിലെ രാവില്‍ ഇന്നും അഭയംതേടി എത്തുന്നവര്‍ക്കെതിരെ വാതിലുകള്‍ കൊട്ടയടയ്ക്കപ്പെടുന്നുണ്ട്. അതുപോലൊരു നഗരത്തിന്‍റെ പ്രാന്തത്തില്‍ ദൈവസ്നേഹത്തിന്‍റെ പ്രകാശം തെളിഞ്ഞു. സ്വന്തമായി വീടും കുടിയുമില്ലാത്തവര്‍ക്ക് – ജോസഫിനും, മേരിക്കും അവരുടെ കുഞ്ഞിനും ഒറ്റപ്പെടലിന്‍റെ മനോവ്യഥ മറികടക്കുമാറ് ഒരു കൊച്ചുപട്ടണത്തിന്‍റെ പ്രാന്തത്തില്‍ അല്പം ഇടം തുറക്കപ്പെട്ടു.  ഇതുപോലെ എത്രയോ പേരാണ് ഇന്നും ലോകത്ത് പരിത്യക്തതയുടെ വേദന അനുഭവിക്കുന്നത്. എത്രയെത്ര കുടുംബങ്ങളാണ് കുടിയേറ്റ പ്രക്രിയയില്‍ പുറംതള്ളപ്പെടുന്നത്. അവര്‍ ലക്ഷോപലക്ഷങ്ങളാണ്! മനുഷ്യന്‍റെ ജീവിത പുറപ്പാട് ഏറെ പ്രത്യാശയോടെയാണ്. എന്നാല്‍ പലര്‍ക്കും കുടിയേറ്റം കഷ്ടിച്ചുള്ള അതിജീവനം മാത്രമായി മാറുന്നു (survival).

3. എളിയവരെ ആദരിക്കുന്ന അധികാരം 
തങ്ങളുടെ അധികാരവും ധനശേഷിയും, അനീതിയും അഴിമതിയും ജനങ്ങളുടെമേല്‍ അടിച്ചേല്പിക്കുന്ന ഇന്നത്തെ രാജാക്കന്മാരുടെ കരങ്ങളില്‍നിന്നും പലപ്പോഴും ഈ കുടിയേറ്റക്കാര്‍ക്ക് ഒളിച്ചോടേണ്ടതായി വരുന്നുണ്ട്. തീര്‍ന്നില്ല, ഈ രാജാക്കന്മാരുടെ കരങ്ങളില്‍ നിരവധിപേര്‍ കൊല്ലപ്പെടുന്നുമുണ്ട്. താമസിക്കാന്‍ ഇടം കിട്ടാതെ അലഞ്ഞ ജോസഫും മേരിയുമാണ് മാനവരാശിയുടെ കുടിയേറ്റത്തില്‍ അവര്‍ക്ക് ‘ക്രൈസ്തവര്‍’ എന്ന തിരിച്ചറിയല്‍ കാര്‍ഡു നല്കി ആദ്യം നമ്മെ ആശ്ചര്യപ്പെടുത്തിയതും ആശ്ലേഷിച്ചതും. എളിയവരെ ആദരിക്കുന്നതിലും സഹായിക്കുന്നതിലുമാണ് യഥാര്‍ത്ഥത്തിലുള്ള ശക്തിയും സ്വാതന്ത്ര്യവും അടങ്ങിയിരിക്കുന്നതെന്ന് ക്രിസ്തുമസ്സ് നമ്മെ പഠിപ്പിക്കുന്നു.

4. വിവേചനത്തിന്‍റെ വിളുമ്പിലെത്തിയ രക്ഷാസന്ദേശം  
തൊഴിലിന്‍റെ ശൈലികൊണ്ടുതന്നെ സമൂഹത്തിന്‍റെ വിളുമ്പിലായിരുന്ന ഇടയാന്മാര്‍ക്കാണ് രക്ഷയുടെ സദ്വാര്‍ത്ത ആദ്യമായി ലഭിക്കാന്‍ ഭാഗ്യമുണ്ടായത്. ജീവിതാവസ്ഥയും താമസ ചുറ്റുപാടുകളുംകൊണ്ട് അവര്‍ക്ക് മതാനുഷ്ഠാനങ്ങളിലും ശുദ്ധീകരണകര്‍മ്മങ്ങളിലും പങ്കെടുക്കാനായില്ല. അതുകൊണ്ട് അവരെ അശുദ്ധരായി സമുദായം കണക്കാക്കിയിരുന്നു. അവരുടെ തൊലിനിറവും, മണവും വേഷവും സംസാരരീതിയും ഉത്ഭവസ്ഥാനവുമെല്ലാം അവരെ അശുദ്ധിയുടെ പരിവേഷമണിയിപ്പിച്ചു.  ജീവിതാവസ്ഥകൊണ്ടു പലപ്പോഴും സമൂഹം അവരെ അകറ്റി നിര്‍ത്തുകയും ഭയപ്പെടുകയും ചെയ്തിരുന്നു. വിശ്വാസികള്‍ അവരെ വിജാതിയരായും, നീതിമാന്മാര്‍ പാപികളായും, പൗരന്മാര്‍ പരദേശികളായും കണക്കാക്കിയിരുന്നു. എന്നിരുന്നാലും ഈ വിജാതിയരും പാപികളും പരദേശികളായ ഇവര്‍ക്കാണ്, ഭയപ്പെടേണ്ട! നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ പിറന്നിരിക്കുന്നു, എന്ന സദ്വാര്‍ത്ത ലഭിക്കാന്‍ ഭാഗ്യമുണ്ടായത് (ലൂക്ക 2, 10-11).

5. പാപികളെ തേടിവന്ന കാരുണ്യം  
ദൈവം തന്‍റെ അനന്തമായ കാരുണ്യത്താല്‍ വിജാതിയരെയും, പാപികളെയും പരദേശികളെയും ആശ്ലേഷിക്കുകയും, അപ്രകാരം ചെയ്യണമെന്ന് നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു. ക്രിസ്തുമസ്സ് രാവില്‍ നാം പങ്കുവയ്ക്കുകയും പ്രഘോഷിക്കുകയും, സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന സന്തോഷം ഇതാണ്. എല്ലാ സാഹചര്യങ്ങളിലും, ദൈവിക സാന്നിദ്ധ്യമില്ലെന്നു നാം കരുതുന്ന ഇടങ്ങളില്‍പ്പോലും ദൈവത്തെ ദര്‍ശിക്കാന്‍ ക്രിസ്തുമസ്സില്‍ നാം പ്രഘോഷിക്കുന്ന വിശ്വാസം ഇടയാക്കുന്നു. തിരിച്ചറിയാനാവാതെ നാം സ്വീകരിക്കാത്ത സന്ദര്‍ശകരിലും, നമ്മുടെ പട്ടണവീഥകളിലും അയല്‍പ്പക്കങ്ങളിലും ചുറ്റിനടക്കുന്ന അപരിചിതരിലും, നമ്മോടൊപ്പം സഞ്ചരിക്കുന്ന യാത്രികരിലും, നമ്മുടെ വാതില്‍ക്കല്‍ മുട്ടുന്ന ആജ്ഞാതരിലും ദൈവത്തെ ദര്‍ശിക്കാനാകും.

6. ക്രിസ്തുമസ്സിലെ സ്നേഹത്തിന്‍റെ കരുത്ത്   ഈ വിശ്വാസം നവമായൊരു സാമൂഹ്യ ദര്‍ശനം നമുക്കു തരുന്നു. ഈ കാഴ്ചപ്പാടില്‍ പുതിയ ബന്ധങ്ങളെ നാം ഭയപ്പെടുകയോ, ഭൂമുഖത്ത് ആരും ഇടമില്ലാതാകയോ ചെയ്യുന്നില്ല. ഭയപ്പാടിന്‍റെ വേദനയെ സ്നേഹത്തിന്‍റെ കരുത്താക്കി മാറ്റുന്ന മഹോത്സവമാണ് ക്രിസ്തുമസ്സ്! അത് സ്നേഹത്തിന്‍റെ നവമായ ദര്‍ശനമാണ്. സ്നേഹം അനീതി പ്രവര്‍ത്തിക്കുന്നില്ല. പ്രതിസന്ധികള്‍ക്കും പ്രയാസങ്ങള്‍ക്കുമിടയില്‍ എവിടെയും ‘അപ്പത്തിന്‍റെ ഭവനങ്ങള്‍’ തുറക്കുന്ന് ആതിഥ്യം നല്കാനുള്ള ധൈര്യം ഈ വിശ്വാസത്തിനുണ്ട്. അതുകൊണ്ടാണ് വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പറഞ്ഞത്, ഭയപ്പെടേണ്ട! നിങ്ങളുടെ ഹൃദയകവാടങ്ങള്‍ ക്രിസ്തുവിനായി മലര്‍ക്കെ തുറന്നിടുക! (പ്രഭാഷണം 221078).

7. പരിത്യക്തരുടെ കാവല്‍ക്കാരാകാം  
ബതലഹേമിലെ ശിശുവിലൂടെ ദൈവം നമ്മെ സന്ദര്‍ശിക്കുകയും, ചുറ്റുമുള്ള ജീവിതങ്ങളില്‍ നമ്മെ സജീവ പങ്കാളികളാക്കുകയും ചെയ്യുന്നു. അവിടുന്ന് നമുക്കായി തന്നെത്തന്നെ നല്കുന്നു. അങ്ങനെ നമ്മുടെ കരങ്ങളില്‍ അവിടുത്തെ വഹിക്കാനും, വാഴ്ത്താനും ആശ്ലേഷിക്കാനും ഇടയാക്കുന്നു. അതുവഴി നാം വിശക്കുന്നവരെയും പരദേശികളെയും നഗ്നരെയും രോഗികളെയും കരാഗൃഹവാസികളെയും ആശ്ലേഷിക്കുന്നതില്‍ നാം ഭയമില്ലാത്തവരായി മാറും (മത്തായി 25, 35-36). ഭയപ്പെടേണ്ട! ഹൃദയകവാടങ്ങള്‍ നമുക്ക് ക്രിസ്തുവിനായി മലര്‍ക്കെ തുറക്കാം! പുല്‍ക്കൂട്ടിലെ ദിവ്യശിശുവിലൂടെ അങ്ങനെ ദൈവം നമ്മെ പ്രത്യാശയുടെ സന്ദേശവാഹകരാക്കുന്നു. അവിടുന്നു നമ്മെ ക്ഷണിക്കുന്നത് ജീവിതത്തിലെ പരിത്യക്താവസ്ഥയാല്‍ നൈരാശ്യത്തില്‍ അമര്‍ന്നവരുടെ കാവല്‍ക്കാരാകുവാനാണ്, അവരെ സഹായിക്കുവാനാണ്. ബെതലഹേമിലെ ശിശുവില്‍ ദൈവം നമ്മെ അവിടുത്തെ ആതിഥ്യത്തിന്‍റെ പ്രയോക്താക്കളാക്കുന്നു.

8. ഉണ്ണി പകര്‍ന്നുതരുന്ന ആനന്ദം! 
ആനന്ദം തരുന്ന വലിയ ദൈവിക സമ്മാനമാണ് ബെതലഹേമിലെ ശിശു! നമ്മെ നിസ്സംഗഭാവത്തില്‍നിന്നും ഉണര്‍ത്തി, വേദനിക്കുന്നവരിലേയ്ക്ക് കണ്ണുകള്‍ തിരിക്കാന്‍ അവിടുത്തെ ലാളിത്യമാര്‍ന്ന കരച്ചില്‍ നമ്മെ സഹായിക്കട്ടെ! അവിടുത്തെ ലാളിത്യഭാവം നഗരങ്ങളിലേയ്ക്കും ചരിത്രത്തിലേയ്ക്കും, ജീവിതത്തിലേയ്ക്കും കടന്നു വരുന്നവരോടുള്ള നമ്മുടെ സംവേദനക്ഷമത വളര്‍ത്തട്ടെ! അങ്ങേ ജനത്തിന്‍റെ പ്രത്യാശയുടെയും ലാളിത്യത്തിന്‍റെയും പ്രയോക്താക്കളാകാന്‍ ഓ! ദിവ്യഉണ്ണീശോയേ, അങ്ങയുടെ വിപ്ലവകരമായ ലാളിത്യം ഞങ്ങളെയും ക്ഷണിക്കുന്നു! 








All the contents on this site are copyrighted ©.