2017-12-23 13:43:00

വത്തിക്കാന്‍ മാദ്ധ്യമ കാര്യാലയവും സലേഷ്യന്‍ സമൂഹവും


പരിശുദ്ധസിംഹാസനത്തിന്‍റെ മാദ്ധ്യമ കാര്യാലയവും (SPC-SEGRETARIA PER LA COMUNICAZIONE) സലേഷ്യന്‍ സമൂഹവും മാദ്ധ്യമപ്രവര്‍ത്തന സഹകരണ ഉടമ്പടിയില്‍ ഒപ്പുവച്ചു.

പരിശുദ്ധസിംഹാസനത്തിന്‍റെ മാദ്ധ്യമ കാര്യാലയത്തിന്‍റെ മേധാവി, അഥവാ, പ്രീഫെക്ട് മോണ്‍സിഞ്ഞോര്‍ ദാരിയൊ എദ്വാര്‍ദൊ വിഗനോയും സലേഷ്യന്‍ സഭയുടെ മൊത്തം ചുമതലയുള്ള മേജര്‍ റെക്ടര്‍, വൈദികന്‍ ആംഹെല്‍ ഫെര്‍ണാണ്ടെസ് അര്‍ത്തിമെയും ഒപ്പുവച്ച, മൂന്നുവര്‍ഷം കാലാവധിയുള്ള ഈ ഉടമ്പടി നവീകരണസാധ്യതയുള്ളതുമാണ്.

ഫ്രാന്‍സീസ് പാപ്പായുടെ നവീകരണപദ്ധതിയുടെ വെളിച്ചത്തില്‍ വിവരവിനമിയ രംഗത്ത് ഇരുവിഭാഗത്തിന്‍റെയും സഹകരണം ഉറപ്പുവരുത്തുന്നതാണ് ഈ ഉടമ്പടി.

ഇത്തരമൊരു ഉടമ്പടി പരിശുദ്ധസിംഹാസനത്തിന്‍റെ മാദ്ധ്യമ കാര്യാലയം വത്തിക്കാന്‍ റേഡിയോയുടെ നടത്തിപ്പിന്‍റെ ചുമതല, അതിന്‍റെ 1931 ലെ തുടക്കം മുതല്‍ 86 വര്‍ഷക്കാലം, വഹിച്ചിരുന്ന ഈശോസഭയുമായും ഇക്കൊല്ലം സെപ്റ്റമ്പറില്‍ ഒപ്പു വച്ചിരുന്നു.

ഇപ്പോള്‍ വത്തിക്കാന്‍ റേഡിയൊ പരിശുദ്ധസിംഹാസനത്തിന്‍റെ മാദ്ധ്യമ കാര്യാലയത്തിന്‍റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.








All the contents on this site are copyrighted ©.