സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

വത്തിക്കാന്‍ \ പ്രബോധനങ്ങള്‍

ജറുസലേമിന്‍റെ സവിശേഷ സ്ഥാനം ആദരിക്കപ്പെടണം-പരിശുദ്ധസിംഹാസനം

ഐക്യരാഷ്ട്രസഭയുടെ പ്രത്യേക അടിയന്തരയോഗം, ന്യുയോര്‍ക്ക്, 21/12/17 - AFP

23/12/2017 13:14

ജറുസലേമിന്‍റെ ചരിത്രപരമായ അവസ്ഥ “സ്താത്തൂസ് ക്വ” ആദരിക്കാന്‍ രാഷ്ട്രങ്ങള്‍ക്ക്  ബാദ്ധ്യതയുണ്ടെന്ന് പരിശുദ്ധസിംഹാസാനം ഓര്‍മ്മപ്പെടുത്തുന്നു.

ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ ഇരുപത്തിയൊന്നാം തിയതി വ്യാഴാഴ്ച (21/12/17) അമേരിക്കന്‍ ഐക്യനാടുകളില്‍, ന്യൂയോര്‍ക്കിലുള്ള കേന്ദ്ര ആസ്ഥാനത്തു വിളിച്ചു ചേര്‍ത്ത പ്രത്യേക അടിയന്തര യോഗത്തിലാണ് പരിശുദ്ധസിംഹാസനം ക്രൈസ്തവ,യഹൂദ,ഇസ്ലാം മതങ്ങള്‍ക്ക് ഒരുപോലെ പവിത്രമായ ജറുസലേമിന്‍റെ ആ സവിശേഷാവസ്ഥയോടുള്ള ആദരവ് നിലനിറുത്തേണ്ടതിന്‍റെ പ്രാധാന്യം എടുത്തകാട്ടിയത്.

ഏകദൈവത്തില്‍ വിശ്വസിക്കുന്ന ഈ മൂന്നു മതങ്ങളും ജറുസലേമിനെ വിശുദ്ധമായി കരുതുന്നത് ആ നഗരത്തിനു പകരുന്ന തനിമ സാര്‍വ്വത്രിക താല്പര്യമുള്ള വിഷയമാണെന്നും തങ്ങളുടെ ആദ്ധ്യാത്മിക തലസ്ഥാനമായി ജറുസലേമിനെ കാണുന്ന  ദശലക്ഷക്കണക്കിന് വിശ്വാസികള്‍ക്ക് ആ നഗരം ഒരു പ്രതീകമാണെന്നും  ആകയാല്‍ ജറുസലേം നഗരത്തിന്‍റെ പ്രാധാന്യം അതിരുകളെ ഉല്ലംഘിച്ചു നില്ക്കുന്നുവെന്നും ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തെ പ്രതിനിധാനം ചെയ്യുന്ന സ്ഥിരം നിരീക്ഷകസംഘം വ്യക്തമാക്കുന്നു.

രാഷ്ട്രീയപരിഹാരം കാണുന്നതിനുള്ള എല്ലാ സംരംഭങ്ങളിലും ഈ ഒരു യാഥര്‍ത്ഥ്യത്തിനു മുന്‍തൂക്കം നല്കപ്പെടമെന്നും പരിശുദ്ധസിംഹാസനം ഊന്നിപ്പറയുന്നു.  

ജറുസലേം നഗരത്തിന്‍റെ സ്വഭാവം, പവിത്രത, സാര്‍വ്വത്രികമൂല്യം എന്നിവയെ ആദരിക്കുന്ന സമാധാനപരമായ ഒരു പരിഹാരം കണ്ടെത്താന്‍ ആഹ്വാനം ചെയ്യുന്ന  പരിശുദ്ധസിംഹാസനം അന്താരാഷ്ട്ര തലത്തില്‍ ജറുസലേമിന് ഉറപ്പാക്കപ്പെടുന്ന ഒരു പദവിക്കു മാത്രമെ പ്രസ്തുത നഗരത്തിന്‍റെ സവിശേഷത നിലനിറുത്താനും ആ പ്രദേശത്തിന്‍റെ സമാധാനത്തിനുവേണ്ടിയുള്ള അനുര‍ഞ്ജനസംഭാഷണപ്രക്രിയയ്ക്ക് അച്ചാരമാകാനും കഴിയുകയുള്ളുവെന്ന ബോധ്യം വെളിപ്പെടുത്തുകയും ചെയ്യുന്നു.

സമാധാനസംസ്ഥാപന പ്രക്രിയ, ജറുസലേമുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കുള്ള പരിഹൃതി എന്നീ ലക്ഷ്യങ്ങളോടുകൂടിയ ഇസ്രായേല്‍ പലസ്തീന്‍ സംഭാഷണങ്ങളും ചര്‍ച്ചകളും പരിപോഷിപ്പിക്കാനും പുതിയ അക്രമപ്രവര്‍ത്തനങ്ങള്‍ തടയാനും ഐക്യരാഷ്ട്രസഭയിലെ അംഗരാഷ്ട്രങ്ങള്‍ക്കുള്ള പ്രതിജ്ഞാബദ്ധതയെ പരിശുദ്ധസിംഹാസാനം അഭിനന്ദിക്കുകയും ചെയ്യുന്നു.

ഇസ്രായേലിലെ ടെല്‍ അവീവിവില്‍ നിന്ന് അമേരിക്കന്‍ ഐക്യനാടുകളുടെ സ്ഥാനപതി കാര്യാലയം (എംബസി) ജറുസലേമിലേക്ക് മാറ്റുമെന്ന അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രസ്താവനയെത്തുടര്‍ന്ന് അന്താരാഷ്ടതലത്തില്‍ സംജാതമായിരിക്കുന്ന അസ്വസ്ഥജനകമായ അവസ്ഥയുടെ പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ പ്രത്യേക അടിയന്തരയോഗം ചേര്‍ന്നത്.

ജറുസലേമിനെ ഇസ്രായേലിന്‍റെ തലസ്ഥാനമായി അംഗീകരിക്കുന്നതിനുള്ള പ്രസിഡന്‍റ്  ട്രംപിന്‍റെ  നീക്കത്തെ 9 നെതിരെ 128 വോട്ടോടെ ഈ യോഗം എതിര്‍ത്തു.  

23/12/2017 13:14