2017-12-22 20:07:00

കിംവദന്തികള്‍ ‘ഭീകരപ്രവര്‍ത്തന’മാണ് : പാപ്പാ ഫ്രാന്‍സിസ്


ഡിസംബര്‍ 21-Ɔ൦ തിയതി ബുധനാഴ്ച
രാവിലെ പോള്‍ ആറാന്‍ ഹാളില്‍വച്ച് വത്തിക്കാന്‍റെ വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും അവരുടെ കുടുംബാംഗങ്ങളുമായി പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തി. ജോലിസ്ഥലത്ത് പറഞ്ഞു പരത്തുന്ന കിംവദന്തികള്‍ ഭീകരപ്രവര്‍ത്തനംപോലെയാണെന്ന് പാപ്പാ വിശേഷിപ്പിച്ചു.

ആസന്നമാകുന്ന ക്രിസ്തുമസ്സിനോട് അനുബന്ധിച്ചു നടത്തിയ കൂടിക്കാഴ്ചയില്‍ പാപ്പാ അനൗപചാരികമായി നടത്തി പങ്കുവയ്ക്കലിലാണ് വസ്തുതകള്‍ അടിസ്ഥാനരഹിതമായും വളച്ചൊടിച്ചും പ്രചരിപ്പിക്കുന്നതിനെക്കുറിച്ച് പാപ്പാ സംസാരിച്ചത്. പ്രസ്ഥാനത്തിനും അതിന്‍റെ ഉത്തരവാദിത്വപ്പട്ടവര്‍ക്കും എതിരായി പരദൂഷണവും കിംവദന്തികളും ഇറക്കുന്നത് ഒരു ബോംബുസ്ഫോടനംപോലെയെന്ന് പാപ്പാ ഉപമിച്ചു. തൊഴില്‍ മേഖലിയിലും സമൂഹത്തിലും വ്യക്തികള്‍ക്കിടയിലും നാശം വിതയ്ക്കുന്ന പ്രവണതയാണിതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

തൊഴിലും അതിനോടുള്ളകൂറും, കുടുംബഭദ്രത, തൊഴില്‍ രംഗത്തെ പരദൂഷണം, മാപ്പുകൊടുക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ വളരെ സൗഹൃദമായി പാപ്പാ എല്ലാവരോടുമായി പങ്കുവച്ചു.  കുടുംബങ്ങളുമായി സംവദിക്കുകയും, കുട്ടികളോട് കുശലം പറയുകയുംചെയ്തശേഷം... അപ്പസ്തോലിക ആശീര്‍വ്വാദത്തോടെയാണ് കൂടിക്കാഴ്ച ഉപസംഹരിച്ചത്. 








All the contents on this site are copyrighted ©.