2017-12-21 11:17:00

വിശുദ്ധനാട് സംരക്ഷിക്കപ്പെടണം! ക്രിസ്തുമസ്നാളില്‍ വിശ്വാസികളുടെ മുറവിളി


ജരൂസലേമില്‍ ക്രൈസ്തവസഭകള്‍ സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍നിന്ന്...

20 ഡിസംബര്‍ 2017 – ബുധന്‍
വിശുദ്ധനാട് സംരക്ഷിക്കപ്പെടണമെന്നും, രാജ്യന്തര നിയമങ്ങള്‍ക്ക് അനുസൃതമായി ന്യായമുള്ള സമാധാന ഉടമ്പടി നടപ്പിലാക്കണമെന്നും, ജരൂസലേമിലെ സഭകളുടെ തലവന്‍മാരുടെയും പാത്രിയര്‍ക്കിസുമാരുടെയും അഭ്യര്‍ത്ഥന. ഡിസംബര്‍
19-Ɔ൦ തിയതി ചൊവ്വാഴ്ച ജരൂസലേമില്‍ സംയുക്തമായി ഇറക്കിയ ക്രിസ്തുമസ് സന്ദേശത്തിലാണ് സ്ഥലത്തെ വിശ്വാസ സമൂഹം ഇങ്ങിനെയൊരു അഭ്യര്‍ത്ഥന നടത്തുന്നത്.

ലോകം മുഴുവനും ഇന്ന് ജരൂസലത്തേയ്ക്ക് ഉറ്റുനോക്കുകയാണ്. പൂര്‍വ്വപിതാവായ അബ്രാഹത്തിന്‍റെ വിശ്വാസത്തിലൂടെ കൈമാറിക്കിട്ടിയ വിശ്വാസത്തിന്‍റെ പിള്ളത്തൊട്ടിലായ പട്ടണമാണിത്. അതുകൊണ്ടാണ് അതിനെ രാഷ്ട്രീയ കരുനീക്കങ്ങളുടെയോ, ഏതെങ്കിലും ഒരു രാഷ്ട്രത്തിന്‍റെയോ ആസ്ഥാനമാക്കി മാറ്റാനുള്ള നീക്കത്തോട് വിയോജിക്കുന്നത്. അത് ക്രൈസ്തവര്‍ക്കും യഹൂദര്‍ക്കും മുസ്ലിങ്ങള്‍ക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ്. ഏക ദൈവത്തില്‍ വിശ്വസിക്കുന്ന ലോകത്തെ സകലരുടെയും വിശ്വാസ കേന്ദ്രമാണ് ജരൂസലേം പട്ടണമെന്ന് ആസന്നമാകുന്ന ക്രിസ്തുമസ് ലക്ഷ്യമാക്കി ഇറക്കിയ  സന്ദേശം  ചൂണ്ടിക്കാട്ടി.

ക്രൈസ്തവര്‍ക്ക് അവരുടെ നിലനില്പിനും ജീവിതസാക്ഷ്യത്തിനും ആധാരമാകുന്ന പുണ്യസ്ഥാനമാണ് ജരൂസലേം! അതിനാല്‍ത്തന്നെ വിവിധ ക്രൈസ്തവ സഭകളുടെ സംഗമസ്ഥാനവും കൂടിക്കാഴ്ചവേദിയും ഐക്യത്തിന്‍റെ പ്രതീകവുമാണ് ജരൂസലേം. അവിടം ഇസ്ലാം ഹെബ്രായ ക്രൈസ്തവ മതങ്ങളുടെ സംഗമവേദിയാണ്.  ക്രിസ്തുവിന്‍റെ പാദസ്പര്‍ശമേല്ക്കുകയും, ദൈവികരഹസ്യങ്ങള്‍ ചുരുളഴിയുകയും ചെയ്തിട്ടുള്ള സ്ഥലങ്ങളാകയാല്‍.... ഭൂമുഖത്തുള്ള ജനകോടികള്‍ക്ക് ജരൂസലേം പട്ടണം അവരുടെ വിശ്വാസത്തിന് അടിസ്ഥാനവും അര്‍ത്ഥം നല്കുന്നതുമാണ്  സന്ദേശം വ്യക്തമാക്കി.  ലോകത്തിന് സമാധാനത്തിന്‍റെ രക്ഷയുടെയും സന്ദേശം ശ്രവിച്ച ബെതലഹേപുരിയും ഇവിടെത്തന്നെയാണ്. സമാധാനരാജാവായ ക്രിസ്തുവിന്‍റെ ജനന്മനാടും അവിടുന്നു ജീവന്‍ സമര്‍പ്പിച്ച കാല്‍വരിക്കുന്നുമെല്ലാം ഇവിടെയാണ്.  

‘അന്ധകാരത്തിലും മരണത്തിന്‍റെയും നിഴലില്‍ ജീവിക്കുന്നവരില്‍ സമാധാനത്തിന്‍റെയും നന്മയുടെയും പ്രഭാതകിരണം വിരിയിക്കണമേ,’ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ടാണ് സന്ദേശം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.