2017-12-19 10:21:00

''വി. യൗസേപ്പ്, ദൈവത്തിന്‍റെ പിതൃഛായ പതിഞ്ഞവന്‍‍'': പാപ്പാ


അന്ധകാരം നിറഞ്ഞ വഴികളിലൂടെ, ദൈവത്തിന്‍റെ സ്വരം ശ്രവിച്ചുകൊണ്ട്, മൗനമായി നടക്കേണ്ടതെങ്ങനെയെന്ന് അറിഞ്ഞ വി. യൗസേപ്പ് ദൈവത്തിന്‍റെ പിതൃ ഛായ ഏറ്റവാങ്ങിയവനാണെന്ന് വിശദീകരിച്ചുകൊണ്ടായിരുന്നു പാപ്പാ, ഡിസംബര്‍ 18-ന്, സാന്താമാര്‍ത്താ കപ്പേളയിലര്‍പ്പിച്ച പ്രഭാതബലിമധ്യേ സന്ദേശം നല്‍കിയത്.

വി. മത്തായിയുടെ സുവിശേഷത്തില്‍ നിന്നുള്ള വായനയെ (മത്താ 1:18-24) അടിസ്ഥാനമാക്കി പാപ്പാ വിശദീകരിച്ചു: ''എലിസബത്തിനെ ശുശ്രൂഷിച്ച ശേഷം മടങ്ങിയെത്തിയ മറിയത്തില്‍ മാതൃത്വത്തിന്‍റെ അടയാളങ്ങള്‍ ദൃശ്യമായിത്തുടങ്ങിയപ്പോള്‍ യൗസേപ്പിന് ഒന്നും വ്യക്തമാകുന്നുണ്ടായിരുന്നില്ല...  മറിയം ദൈവത്തിന്‍റെ ഒരു സ്ത്രീയാണെന്നു മാത്രം അദ്ദേഹം വിശ്വസിച്ചു. അതുകൊണ്ട്, അവളെ പരസ്യമായി കുറ്റപ്പെടുത്താതെ, രഹസ്യത്തില്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ച അദ്ദേഹത്തിന് കര്‍ത്താവിന്‍റെ ഇടപെടലുണ്ടായി...

എഴുന്നേല്‍ക്കുക, ഇത് ബൈബിളില്‍ ദൗത്യം തുടങ്ങാനുള്ള ആഹ്വാനമാണ്.  ജോസഫ് ഒരിക്കലും തന്‍റെ പ്രശ്നങ്ങളില്‍ സുഹൃത്തുക്കളില്‍ നിന്നു സമാശ്വാസം തേടുന്നില്ല. മനശാസ്ത്രജ്ഞന്‍റെ അടുത്തും പോകുന്നില്ല...  ആ സാഹചര്യത്തെ അദ്ദേഹം ഏറ്റെടുക്കുകയാണ്.  രണ്ടുകാര്യങ്ങളാണ് അദ്ദേഹം ഏറ്റെടുത്തത്, പിതൃത്വവും, രഹസ്യവും. ഈ പിതൃത്വം ബൈബിളിലെ വംശാവലിയില്‍ കാണുന്നു, അവന്‍ ജോസഫിന്‍റെ മകനാണെന്നു കരുതപ്പെട്ടു.  യൗസേപ്പിന്‍റേതല്ലാത്ത ഒരു പിതൃത്വം ഏറ്റെടുത്തു.  അതു ദൈവത്തില്‍നിന്നു ലഭിച്ച പിതൃത്വം ഒരു വാക്കുപോലും ഉരിയാടാതെ, അനുസരണയോടെ ഏറ്റെടുക്കുകയായിരുന്നു വി. യൗസേപ്പ്.  അങ്ങനെ പിതാവായ ദൈവത്തിന്‍റെ ഛായ, നിഴല്‍ യൗസേപ്പില്‍ വീണു. മനുഷ്യനായ ദൈവപുത്രന്‍ അദ്ദേഹത്തെ പിതാവേ എന്നു വിളിച്ചു.  ആ പിതാവിലൂടെ ദൈവപിതാവിനെ അറിഞ്ഞു...''  ക്രിസ്തുവിലൂടെ ദൈവജനത്തെ പുതിയ സൃഷ്ടി എന്ന രഹസ്യത്തിലേയ്ക്ക് ആനയിക്കുവാന്‍ ദൈവപിതാവിന് വി. യൗസേപ്പിനെ ആവശ്യമായിരുന്നു എന്ന വാക്കുകളോടെയാണ് പാപ്പായുടെ സന്ദേശം അവസാനിച്ചത്.








All the contents on this site are copyrighted ©.