സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പ്രത്യേകഇനങ്ങള്‍ \ വചനവീഥി

ദൈവത്തിന്‍റെ കരുണാര്‍ദ്രമായ മുഖമാണ് ക്രിസ്തു!

ക്രിസ്തുവായി വേഷമിട്ട റോബര്‍ട് പവ്വല്‍ - RV

19/12/2017 12:12

പിതാവിന്‍റെ കരുണാര്‍ദ്രമായ മുഖം ക്രിസ്തുവാണ്...!
The merciful face of the Father is Jesus Christ!

  

സങ്കീര്‍ത്തനം 4 – ശരണസങ്കീര്‍ത്തനത്തിന്‍റെ പഠനം  തുടരുകയാണ്. നാലാം ഭാഗത്ത് പദങ്ങളുടെ വ്യാഖ്യാനം കഴിഞ്ഞ് ആത്മീയവിചന്തനത്തിലേയ്ക്ക് കടക്കുകയാണ്. മനുഷ്യന്‍ ദൈവത്തില്‍ ശരണപ്പെടുന്ന മനോഹരമായ ആത്മീയഗീതമാണിതെന്ന് പദങ്ങളുടെ വ്യാഖ്യാനത്തിലൂടെ കണ്ടതാണ്. ദൈവത്തില്‍ ശരണപ്പെടുന്ന മനുഷ്യന്‍ സ്വന്തം സഹോദരങ്ങളോടു നല്ലബന്ധം നിലനിര്‍ത്തുമെന്നാണ്, 8 പദങ്ങള്‍ മാത്രമുള്ള സങ്കീര്‍ത്തനം ഉത്തേജിപ്പിക്കുന്നത്. മനുഷ്യനും ദൈവവുമായുള്ള സംവാദമാണ് സങ്കീര്‍ത്തനത്തിന്‍റെ പാദനുപദമുള്ള പഠനത്തില്‍ ശ്രദ്ധേയമാകുന്നത്. ആദ്യം മനുഷ്യനാണ് എപ്പോഴും ദൈവസന്നിധിയില്‍ തന്‍റെ യാചന സമര്‍പ്പിക്കുന്നത്. ഉടനെ ദൈവം അതിന് മറുപടി പറയുന്നു. വിശ്വാസിയുടെ യാചനയ്ക്ക് ഉത്തരമായി ദൈവം തന്നെത്തന്നെ അയാള്‍ക്ക് വെളിപ്പെടുത്തി കൊടുക്കുന്നു. അങ്ങനെ ദൈവത്തിന്‍റ ഇടപെടലും സാന്ത്വന സമീപ്യവുമാണ് ഈ സങ്കീര്‍ത്തിന്‍റെ ആത്മീയ വിചിന്തനത്തിലേയ്ക്ക് നമ്മെ നയിക്കുന്നത്. സമാധാനത്തിന്‍റെയും അനുഗ്രഹത്തിന്‍റെയും ഉറവിടവും, സുരക്ഷയുടെ ഉറച്ചകോട്ടയുമായ ദൈവത്തില്‍ പൂര്‍ണ്ണമായി ശരണപ്പെടുവാന്‍ ഈ ഗീതം പ്രചോദനം നല്കുന്നത് ശ്രദ്ധേയമാണ്.

സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ മാത്യു മുളവനയും ജെറി അമല്‍ദേവുമാണ്. ആലാപനം രമേഷ് മുരളിയും സംഘവുമാണ്.

Musical Version of Ps. 4
സകലേശനെന്‍റെ നാഥാ ഉണര്‍ത്തീടുന്നാത്മതാപം
സഹതാപമാര്‍ന്നു വേഗം ഏകീടണേ കടാക്ഷം
വിഷമങ്ങളാകെ തീരാ ദുഃഖങ്ങളായിടുമ്പോള്‍
കരുണാര്‍ദ്രനായി താതാ തന്നീടണേ സഹായം
അലിയാത്ത നെഞ്ചിനുള്ളില്‍ അഭിമാനമെന്തു മനുജാ
മറിമായ മിഥ്യ പിമ്പേ ഓടാനിതെന്തു ബന്ധം

ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍, ദൈവമേ, അങ്ങ് എനിക്ക് ഉത്തരമരുളണമേ! എന്നാണ് സങ്കീര്‍ത്തകന്‍ ശരണപ്പെടുന്നത്. ശത്രുക്കളാല്‍ ഞെരുക്കപ്പെടുന്ന സങ്കീര്‍ത്തകന്‍ ദൈവത്തോടു സഹായം അപേക്ഷിക്കുന്നു. ദൈവത്തിന്‍റെ വിധി സങ്കീര്‍ത്തകന്‍റെ നിരപരാധിത്വം വെളിവാക്കുന്നു. അതുകൊണ്ടാണ് ‘നീതിയുടെ ദൈവം,’ എന്നു അയാള്‍ ദൈവത്തെ അഭിസംബോധന ചെയ്യുന്നത്. ഞെരുക്കങ്ങളില്‍നിന്ന് തന്നെ മോചിപ്പിക്കുന്നവന്‍ ദൈവമാണ്. ഞെരുക്കങ്ങളില്‍ നാം ദൈവസന്നിധിയിലേയ്ക്കു തിരിയുന്നുണ്ടോ? നാം വിചിന്തനംചെയ്യേണ്ടതാണ്! ദൈവത്തില്‍ ശരണപ്പെടുകയും പ്രാര്‍ത്ഥിക്കകയും ചെയ്യുന്ന മനുഷ്യര്‍ക്ക് അവിടുന്ന് ഉത്തരംനല്കുന്നു. തന്നില്‍ ശരണപ്പെടുന്നവരുടെ വിളി അവിടുന്നു കേള്‍ക്കുന്നു. വിളിയോട് ദൈവം പ്രത്യുത്തരിക്കുന്നു. ഇവിടെ നാം മനസ്സിലാക്കേണ്ടത്, ദൈവവുമായി ലോകത്തെ രമ്യപ്പെടുത്തിയത് ചരിത്രത്തില്‍ ക്രിസ്തുവാണ്. അവിടുത്തെ ജീവനും ജീവസമര്‍പ്പണവുമാണ് ദൈവ-മനുഷ്യബന്ധത്തെ ഊട്ടിയുറപ്പിക്കുന്നത്. ദൈവത്തിലേയ്ക്ക് അടുക്കുവാനും അവിടുന്നില്‍ ശരണപ്പെടുവാനും നമ്മെ യോഗ്യരാക്കുന്നത് ക്രിസ്തുവാണ്, അവിടുത്തെ പ്രബോധനങ്ങളാണ്. അതിനാല്‍ ക്രിസ്തുവിലാണ് നാം രക്ഷപ്രാപിക്കുന്നതും ദൈവികകാരുണ്യം കണ്ടെത്തുന്നതും. പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ച്സ നാം ആചരിച്ച കാരുണ്യത്തിന്‍റെ ജൂബിലിവത്സരത്തിന്‍റെ പൊരുള്‍ ഇതാണ്...

Misericordiae vultus Patris est Christus Iesus. The merciful face of the Father is Jesus Christ!  പിതാവിന്‍റെ കരുണാര്‍ദ്രമായ മുഖം ക്രിസ്തുവാണ്...! ഇങ്ങനെയാണ് പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിക്കുന്നത്...എത്ര സുന്ദരമായി ധ്യാനമാണിത്!

Recitation :
എനിക്കു നീതി നടത്തിത്തരുന്ന ദൈവമേ,
കാരുണ്യപൂര്‍വ്വം അങ്ങ് എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കണമേ!
എത്രനാള്‍ എന്‍റെ അഭിമാനത്തിനു നിങ്ങള്‍ ക്ഷതമേല്പിക്കും
എത്രനാള്‍ പൊള്ളവാക്കുകള്‍ കേട്ടു നിങ്ങള്‍ വ്യാജം അന്വേഷിക്കും?

അനുദിന ജീവിതത്തില്‍ നമുക്ക് ശത്രുക്കള്‍ ഉണ്ടാകുന്നതില്‍ ആശ്ചര്യപ്പെടേണ്ടത്തില്ല. 4-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ ആമുഖത്തില്‍ നമുക്കതു മനസ്സിലാക്കാം. സങ്കീര്‍ത്തകന്‍ ശത്രുക്കളെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍... അയാള്‍ നീതിക്കായി കേഴുകയാണ്. ഈ ശത്രുക്കള്‍ സ്വാധീനമുള്ളവരും പാവപ്പെട്ടവരില്‍നിന്നും വിഭിന്നരുമാണ്. ‘മനുഷ്യമക്കള്‍,’ എന്നാണ് ഹീബ്രൂ വാക്കിന്‍റെ അര്‍ത്ഥം. അവര്‍ പാവപ്പെട്ടവരുടെ അഭിമാനം അല്ലെങ്കില്‍ സദ്പ്പേരു നശിപ്പിക്കുന്നു. ജീവിതത്തില്‍ ശത്രുക്കള്‍ ‍ഉണ്ടാകുന്നെങ്കില്‍ ആരും അത്ഭുതപ്പെടേണ്ടതില്ല! മനുഷ്യന്‍റെ പ്രസാദം മാറിമറിഞ്ഞേക്കാം. മനുഷ്യനാല്‍ വിധിക്കപ്പെടുന്നത് നിസ്സാരകാര്യമാണ്. നമ്മുടെ പുണ്യമായ ജീവിതംകൊണ്ടാണ് മറ്റുള്ളവരുടെ ദുരാരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കേണ്ടതും, അവ ഇല്ലാതാക്കേണ്ടതും. ദൈവത്തില്‍ ശരണപ്പെടുന്ന മനുഷ്യന്‍ രക്ഷപ്രാപിക്കും. അവനും അവളും എത്ര അയോഗ്യരായിരുന്നാലും പാപികളായിരുന്നാലും മാനസാന്തരപ്പെട്ട് ദൈവത്തില്‍ ശരണപ്പെട്ടാല്‍ രക്ഷപ്രാപിക്കാം. മാനസാന്തരത്തിലൂടെ ആര്‍ജ്ജിക്കുന്ന നന്മയുടെ ജീവിതം ശത്രുക്കളുടെ ദുരാരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കും.

മദ്യപനായ മനുഷ്യന്‍ മാനസാന്തരപ്പെട്ട് കുടിനിര്‍ത്തിയിട്ടും മക്കള്‍ക്ക് ഉറപ്പായില്ല. അവരുടെ അച്ഛനെ അവര്‍ എഴുതി തള്ളിയതായിരുന്നു. ഇയാള്‍ രക്ഷപ്പെടില്ല. ഇയാള്‍ക്ക് രക്ഷയില്ല. ഇയാള്‍ കുടിച്ചു മരിക്കും. അതിനാല്‍ വീട്ടില്‍നിന്നും അവര്‍ പിതാവിനെ നിഷ്ക്കരുണം പുറത്താക്കി. എന്നാല്‍ ആ മനുഷ്യന്‍റെ നല്ല മനസ്സും മാനസാന്തരത്തിനുള്ള ആഗ്രഹവും നിരന്തരമായ ദൈവത്തിലുള്ള ശരണപ്പെടലും, പരിശ്രമവും അയാള്‍ക്ക് രക്ഷനല്കി. മക്കള്‍ അയാളെ കൈവെടിഞ്ഞെങ്കിലും, ദൈവം അയാളെ കൈവെടിഞ്ഞില്ല. അയാള്‍ കുടി നിര്‍ത്തി,  പുതുവെളിച്ചം കിട്ടി. അയാള്‍ ഉയിര്‍ത്തെഴുന്നേറ്റു!

ഇരുളടഞ്ഞ താഴ്വരയില്‍ ആയിരുന്നാലും കര്‍ത്താവില്‍ ആശ്രയിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്നതാണ് ജ്ഞാനം. ദൈവം തന്ന കൃപകളെ അംഗീകരിക്കാന്‍ അവിടുന്ന് നമ്മോട് ആവശ്യപ്പെടുന്നു. ദൈവത്തിന്‍റെ വലിയ സ്നേഹവും വിശ്വസ്തതയും അവിടുത്തെ വചനത്തിലൂടെ നമുക്ക് പകര്‍ന്നു നല്കിയിട്ടുള്ളതാണ്. ദൈവത്തിന്‍റെ സ്നേഹവും കാരുണ്യവും വിശ്വസ്തതയുമല്ലാതെ എന്താണ് മനുഷ്യന് ആവശ്യം? ദൈവവുമായുള്ള കൂട്ടായ്മയാണ്, ദൈവികൈക്യമാണ് മനുഷ്യന് ഈ ലോകത്ത് ആത്മീയാനന്ദം!

Musical Version of Ps. 4
ഭയഭക്തിയാര്‍ന്ന സുതരെ ദൈവം കനിഞ്ഞുതാങ്ങും
വിരവില്‍ വിളിച്ചിടുമ്പോള്‍ കാതോര്‍ത്തു കേള്‍ക്കുമീശന്‍
മനുജാ നിറഞ്ഞഭക്തി പരമാര്‍ത്ഥമാക്കിടേണം
എതിരേവരുന്ന ദേഷ്യം അതിയായ് വെറുത്തിടേണം
മനനം നടത്തി ശാന്തം ധ്യാനത്തിലാഴ്ന്നിടേണം
കിടന്നീടുമാക്ഷണത്തില്‍ പരിചിന്ത്യനായ് ശയിക്കൂ!

ദൈവത്തിന്‍റെ അധികാരത്തിന്‍ കീഴാണ് നമ്മള്‍ എന്ന ബോധ്യത്തില്‍ നീതിനിഷ്ഠയോടെ ജീവിക്കാം. തെറ്റായി അന്യനില്‍ കുറ്റം ആരോപിക്കാതിരിക്കാനും, കര്‍ത്താവിന്‍റെ അലംഘനീയമായ നിയമങ്ങളെ ചോദ്യം ചെയ്യാതിരിക്കാനും ശ്രദ്ധിക്കാം. ദൈവാശ്രയം ഇല്ലാത്തവര്‍ ഭക്തരല്ല. അങ്ങനെയുള്ളവരുടെ പ്രാ‍ര്‍ത്ഥനയ്ക്കും കാഴ്ചവസ്തുക്കള്‍ക്കും ബലികള്‍ക്കും അര്‍ത്ഥമില്ല. അവര്‍ക്ക് ദൈവത്തെ പ്രസാദിപ്പിക്കാനും സാധിക്കില്ല. ദൈവികമായ അവകാശം പുനഃസ്ഥാപിച്ച്, സങ്കീര്‍ത്തകനെതിരായി ശത്രുക്കള്‍ പദ്ധതികള്‍ തയ്യാറാക്കുകയും വാദമുഖങ്ങള്‍ ഉന്നയിക്കുകയും ചെയ്യുകയാണ്. എന്നാല്‍ അവര്‍ പാപം ചെയ്യാതിരിക്കാന്‍,
അതിരു കടക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് പദങ്ങള്‍ താക്കീതു നല്കുന്നു. മൗനം പാലിക്കാനുള്ള നിര്‍ദ്ദേശം സൂചിപ്പിക്കുന്നത്, പുതിയ ആരോപണങ്ങള്‍ കെട്ടിച്ചമയ്ക്കരുത് എന്നാണ്.

സങ്കീര്‍ത്തകനും തന്‍റെ എതിരാളികളും ദേവാലയത്തില്‍ ഒരുമിച്ചാണ് പ്രാര്‍ത്ഥനയ്ക്കെത്തുന്നത്. ഉചിതമായ ബലി സൂചിപ്പിക്കുന്നത് നീതിയുടെ ബലിയാണ്. ദൈവത്തിന്‍റെ നീതി ഏറ്റുപറയുന്ന, നീതിയുടെ ബലി അര്‍പ്പിക്കുന്നതോടൊപ്പം ശരണവും പ്രത്യാശയും ഉണ്ടാവണം.  നീതിയോടെ വ്യാപരിക്കണം, എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, മനുഷ്യര്‍ അനുദിന ജീവിതത്തില്‍ ദൈവികനീതി പാലിക്കുവരായിരിക്കണം എന്നാണ്. സമൂഹത്തോട് ചേര്‍ന്നുനിന്നുകൊണ്ട് ദൈവിക നീതിക്കനുസൃതമായി ജീവിക്കണമെന്നാണ് സങ്കീര്‍ത്തകന്‍ ആവശ്യപ്പെടുന്നത്. നീതിയുള്ള ദൈവത്തോട് വാക്കിലും പ്രവൃത്തിയിലും ചേര്‍ന്നുനിന്നുകൊണ്ട് അവിടുന്നില്‍ ശരണപ്പെട്ടു ജീവിക്കുക എന്നാണ് അത് അര്‍ത്ഥമാക്കുന്നത്.

ഉണ്മ സത്യവും നന്മയുമാണ്. ഉണ്മയുണ്ടായിരിക്കുന്ന അവസ്ഥ ശ്രേഷ്ഠമാണുതാനും. ദൈവത്താല്‍ സൃഷ്ടിക്കപ്പെടുക എന്നു പറഞ്ഞാല്‍, ദൈവത്താല്‍ സ്നേഹിക്കപ്പെടുകയാണ്. മനുഷ്യാസ്തിത്വം ദൈവികനീതിയുടെയും കാരുണ്യത്തിന്‍റെയും പ്രതീകമാണ്. ദൈവത്തിന്‍റെ സ്നേഹമാണ് നാം സൃഷ്ടവസ്തുക്കളില്‍ ആകമാനം കാണുന്നത്. ദൈവം നമ്മെ സ്നേഹിക്കുന്നു. ഇന്നും സ്നേഹിക്കുന്നു. God still loves the world!  ഇതിനു തെളിവാണത്. അവിടുത്തെ പരിപാലനത്തിന്‍റെ കൈകളാണ് നാം ലോകത്തു കാണുന്നത്. അവിടുന്നത് പിന്‍വലിച്ചാല്‍ നാം ഇല്ലാതാകും. ദൈവത്തിന്‍റെ കൃപാകടാക്ഷമാണ് നമ്മുടെ അസ്തിത്വവും നാം ആയിരിക്കുന്ന അവസ്ഥയും! നിത്യമായുള്ളതിന് മൂല്യം കല്പിക്കുന്നവര്‍ കടന്നുപോകുന്നവയെക്കുറിച്ച് ആകുലപ്പെടാറില്ല. അതിനാല്‍ ജ്ഞാനിയായ മനുഷ്യന്‍ നിത്യമായതിനെക്കുറിച്ച് ധ്യാനിക്കുന്നു. ഈ ഭൂമിയിലെ ജീവതത്തില്‍വച്ചുതന്നെ ദൈവവുമായുള്ള സംസര്‍ഗ്ഗം നാം വളര്‍ത്തിയെടുക്കണം. സങ്കീര്‍ത്തകന്‍ പ്രതിപാദിക്കുന്ന ദൈവത്തിലുള്ള ശരണപ്പെടല്‍ നിത്യമായ ദൈവികജീവന്‍റെ അച്ചാരമാണ്, മുന്നാസ്വാദനമാണ്!

Musical Version of Ps. 4
പരിചില്‍ പ്രസാദപൂര്‍വ്വം പൂജക്കൊരുങ്ങവേണം
സകലേശ പാദപത്മേ ബലിയെന്നുമേകിടേണം
പലരും നിരൂപിച്ചേവം ചോദിച്ചിടുന്നു ചോദ്യം,
“കരുണാസഹായമേകാന്‍ ആരാണു ഭൂവിലീശാ,”
ധനധാന്യരാശി കൂടും സമ്പന്നമര്‍ത്യനേക്കാള്‍
അരുളീ ഹൃദന്തമെന്നില്‍ ആനന്ദഹര്‍ഷമീശന്‍.


(William Nellikkal)

19/12/2017 12:12