സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

''കുട്ടികളുടെ ആനന്ദം ഒരു നിധിയാണ്'': പാപ്പാ

പോള്‍ ആറാമന്‍ ശാലയില്‍, കുട്ടികളോടൊത്ത് ജന്മദിനം ആഘോഷിക്കുന്ന പാപ്പാ, 17-12-2017

18/12/2017 16:38

ഫ്രാന്‍സീസ് പാപ്പായുടെ ജന്മദിനമായ ഡിസംബര്‍ 17-ാംതീയതി, പോള്‍ ആറാമന്‍ ശാലയില്‍വച്ച് രാവിലെ 10.30-ന് സാന്താമാര്‍ത്ത ശിശുരോഗചികിത്സാ ഡിസ്പെന്‍സറിയിലെ രോഗികളായ കുട്ടികളുമായി നടത്തിയ കൂടിക്കാഴ്ചയും അവരോടൊത്തുള്ള ഉച്ചവിരുന്നുമായിരുന്നു പാപ്പായുടെ മുഖ്യപരിപാടി.  കൂടിക്കാഴ്ചാവേളയില്‍, അവര്‍ക്കും അവരുടെ ശുശ്രൂഷകര്‍ക്കും, മാതാപിതാക്കള്‍ക്കുമായി പാപ്പാ നല്‍കിയ ചെറുസന്ദേശത്തിലാണ് ഇങ്ങനെ പറഞ്ഞത്.

''കുട്ടികളുടെ ആനന്ദം, അത് ഒരു നിധിയാണ്... ആനന്ദഭരിതരായ കുട്ടികള്‍, അവരെ അങ്ങനെ കാത്തുസൂക്ഷിക്കുന്നതിന് നമുക്കാവതെല്ലാം ചെയ്യാന്‍ കഴിയണം. എന്തെന്നാല്‍, സന്തോഷം അത് ഫലപുഷ്ടമായ മണ്ണുപോലെയാണ്.  ആനന്ദമുള്ള ആത്മാവ്, നല്ല മണ്ണാണ്, അവിടെ ജീവിതം നന്നായി വളരുകയും നല്ല ഫലം പുറപ്പെടുത്തുകയും ചെയ്യും''.

കുട്ടികളുടെ നന്മയ്ക്കായി മൂന്നുകാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട് പാപ്പാ പറഞ്ഞു:  ''കുട്ടികളുടെ സന്തോഷം കാത്തുസൂക്ഷിക്കുക, അവരെ സങ്കടപ്പെടുത്തരുത്.  വീട്ടില്‍, പ്രശ്നങ്ങളുണ്ടെന്നു കാണുമ്പോള്‍, മാതാപിതാക്കന്മാര്‍ യോജിപ്പിലല്ലെന്നു കാണുമ്പോള്‍ അവര്‍ സഹിക്കുന്നു.  അവരെ ഒരിക്കലും സങ്കടപ്പെടുത്തരുത്, അവര്‍ ആനന്ദത്തില്‍ വളരട്ടെ...''  ''നിങ്ങള്‍ സന്തോഷമുള്ളവരാണോ'?' എന്ന പാപ്പായുടെ ചോദ്യത്തിന് ''അതെ'' എന്നു മറുപടി കിട്ടിയപ്പോള്‍ പാപ്പാ തുടര്‍ന്നു:

''രണ്ടാമതായി ഓര്‍മിക്കേണ്ട കാര്യമിതാണ്. അവര്‍ നന്നായി വളരേണ്ടതിന് അവരുടെ മുത്ത മുത്തശ്ശിമാരുമായി സംസാരിക്കാനനുവദിക്കുക. രണ്ടഗ്രങ്ങളിലായി നില്‍ക്കുന്ന ജീവിതങ്ങള്‍. പ്രായമായ അവര്‍ക്ക് ഓര്‍മകളുണ്ട്, വേരുകളുണ്ട്.  അവര്‍ കുട്ടികള്‍ക്കു വേരുകള്‍ നല്‍കും.  അങ്ങനെ ആളുകളെക്കുറിച്ച്, വിശ്വാസത്തെക്കുറിച്ച്  ചരിത്രം വിരചിച്ച മനോഹരകാര്യങ്ങളെക്കുറിച്ച്, ജീവിതമൂല്യങ്ങളെക്കുറിച്ച് എല്ലാമുള്ള ഓര്‍മകള്‍ കുട്ടികള്‍ക്കു പകര്‍ന്നുനല്‍കുന്നതവരാണ്''. ''അവരുമായി സംസാരിക്കുമോ'' എന്നതിന് ''ഉവ്വ്'' എന്ന മറുപടി നല്‍കിയ കുട്ടികളോട് പാപ്പാ പറഞ്ഞു, ''പ്രായമായരുമായി സംസാരിക്കുക''.  ''അവര്‍ ബോറടിപ്പിക്കുന്നവരോ'' എന്ന ചോദ്യത്തിനു സമ്മിശ്രപതികരണമുണ്ടായപ്പോള്‍, പാപ്പാ പറഞ്ഞു, ''അവര്‍ ബോറടിപ്പിക്കുന്നവരല്ല, അവര്‍ നല്ലവരാണ്''.  ''അവര്‍ ഞങ്ങളെ വളരെയധികം സ്നേഹിക്കുന്നു'' എന്ന് കുട്ടികളെക്കൊണ്ടു ആവര്‍ത്തിപ്പിച്ച പാപ്പാ, അവരോടു സംസാരിക്കണമെന്നും അങ്ങനെ ധാരാളം കാര്യങ്ങള്‍ പഠിക്കണമെന്നും കുട്ടികളോടു നിര്‍ദ്ദേശിച്ചു.

''മൂന്നാമത്തെ ഉപദേശം ഇതാണ്, അവരെ ദൈവത്തോടു സംസാരിക്കാന്‍ പഠിപ്പിക്കുക. പ്രാര്‍ഥിക്കാന്‍ പഠിപ്പിക്കുക...''  കുട്ടികളുടെ നേരെ തിരിഞ്ഞ് വീട്ടിലെ പ്രായമായവരോടും, ദൈവത്തോടും സംസാരിക്കണമെന്ന് ആവര്‍ത്തിച്ചുകൊണ്ട് അവര്‍ക്ക് നല്ല വിരുന്നാശംസിച്ചു. തുടര്‍ന്ന് അവരോടൊത്ത് നന്മനിറഞ്ഞമറിയമേ  എന്ന ജപംചൊല്ലി, ആശീര്‍വാദവും നല്‍കിയ പാപ്പാ തനിക്കുവേണ്ടിയുള്ള പ്രാര്‍ഥന യാചിച്ചു. തുടര്‍ന്ന് കേക്കു മുറിക്കുകയും അവരോടൊത്ത് ഉച്ചഭക്ഷണത്തില്‍ പങ്കുചേരുകയും ചെയ്തുകൊണ്ട് പാപ്പാ തന്‍റെ 81-ാം പിറന്നാള്‍ അവിസ്മരണീയമാക്കി.

18/12/2017 16:38