സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പ്രത്യേകഇനങ്ങള്‍ \ സുവിശേഷപരിചിന്തനം

ലോകത്തിലേയ്ക്കു വന്ന ‘മനുഷ്യരുടെ വെളിച്ചം’

ആഗമനകാലം മൂന്നാം ഞായര്‍

16/12/2017 19:02

വിശുദ്ധ യോഹന്നാന്‍ 1, 1-6, 19-28

1. ഒരു സംഭവകഥ...  
ഒരു സംഭവകഥ പറയട്ടെ...! കുട വാങ്ങാന്‍ പാങ്ങില്ലാത്ത പയ്യന്‍ നനഞ്ഞൊലിച്ച് ക്ലാസ്സില്‍ വൈകിയെത്തി. ശകാരം പേടിച്ച് വാതില്ക്കല്‍ പമ്മി നില്ക്കുമ്പോള്‍ അദ്ധ്യാപകന്‍ പറഞ്ഞു. ‘വരൂ, അലക്സാണ്ടര്‍ ചക്രവര്‍ത്തീ, അകത്തേയ്ക്കു വരൂ!’ തന്നെ അദ്ധ്യാപകന്‍ പരിഹസിക്കുകയാണെന്നും, ഉടനെ അടി കിട്ടുമെന്നും പയ്യന് ഉറപ്പായിരുന്നു. ഭീതിയോടെ അവന്‍ മെല്ലെ ക്ലാസ്സില്‍ കയറി, മുന്നോട്ടു ചെന്നു. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയായിരുന്നില്ല. അലക്സാണ്ടര്‍ ചക്രവര്‍ത്തിയെക്കുറിച്ച് അദ്ധ്യാപകന്‍ രൂപകം, ഒരു ലഘുനാടകം തയ്യാറാക്കിയിട്ടുണ്ട്. കഥാപാത്രങ്ങളെയൊക്കെ നിശ്ചയിച്ചു കഴിഞ്ഞു. നായകനാണ് ബാക്കി നില്ക്കുന്നത്. ‘നീയാണ് നായകന്‍, സമ്മേതിച്ചോ?!’ അദ്ധ്യാപകന്‍ ആരാഞ്ഞു. ആരും ശ്രദ്ധിക്കാത്ത ദരിദ്രനായ ബാലനെ ഇതാ, അദ്ധ്യാപകന്‍ കഥാനായകനാക്കി, അലക്സാണ്ടര്‍ ചക്രവര്‍ത്തിയാക്കി. മഴകൊണ്ട് തണുത്തരണ്ട ക്ലാസ് മുറിയില്‍വച്ച് അന്ന് അദ്ധ്യാപകന്‍ പവപ്പെട്ട പയ്യന്‍റെ മനസ്സില്‍ ആത്മവിശ്വാസത്തിന്‍റെയും ഒപ്പം കലയുടെയും വിത്ത് വിതറുകയായിരുന്നു. അതവന്‍റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ഇന്ന് അവന്‍ വളര്‍ന്ന് അറിയപ്പെട്ടൊരു കാലാകാരനാണ്, അഭിനേതാവാണ്.

2. ലോകത്ത് വിളക്കുകാട്ടുന്നവര്‍ 
നമ്മുടെ ലോകത്ത് വിളക്കു കാട്ടിക്കൊടുക്കുന്നവരുടെ പരമ്പരയ്ക്ക് അവസാനമില്ല. ക്രിസ്തുവിന് വിളക്കു തെളിച്ചവനാണ് സ്നാപകയോഹന്നാന്‍. രക്ഷകന്‍റെ വഴികാട്ടി. പ്രപഞ്ചത്തിന്‍റെ ദീപാവലിയാണ് നാമിപ്പോള്‍ അനുഷ്ഠിക്കാനൊരുങ്ങുന്ന ക്രിസ്തുമസ്. അപ്പോള്‍ ഈ മഹോത്സവത്തിന് തിരികൊളുത്തിയവന്‍ സ്നാപകയോഹന്നാനാണ്. വിശുദ്ധ യോഹന്നാന്‍റെ സുവിശേഷഭാഗം ഇന്ന് സ്നാപകന്‍റെ വ്യക്തിത്വത്തിലേയ്ക്കാണ് വിരല്‍ചൂണ്ടുന്നത്. അസാധാരമായ നക്ഷത്രത്തിന്‍റെ അടയാളമായിട്ടായിരുന്നു വിശ്വപ്രകൃതി ക്രിസ്തുവിന്‍റെ വരവിനെ പ്രോഘോഷിച്ചത്. ചെറിയ അതിരുകളുടെ പറയ്ക്ക് കീഴില്‍ ആ പ്രകാശത്തെ പരിമിതപ്പെടുത്തുക എന്ന അപരാധം നമ്മള്‍ ചെയ്യാതിരിക്കാന്‍ ‘മനുഷ്യരുടെ വെളിച്ചം’ എന്ന പദം കൊണ്ടാണ് സുവിശേഷകന്‍ യോഹന്നാന്‍ അതിനെ വിശേഷിപ്പിച്ചത് (യോഹ. 1, 3).

ആ വിളക്കിനെ പിന്തുടര്‍ന്നാണ് കിഴക്കുനിന്നുള്ള രാജാക്കന്മാര്‍ ബതലഹേമിലെ പുല്‍ത്തൊട്ടിയില്‍ എത്തിച്ചേര്‍ന്നത്. നക്ഷത്രത്തെ തിരയാന്‍ തയ്യാറാകുന്നവര്‍ക്ക് തീര്‍ച്ചയായും എന്നെങ്കിലും ഒരിക്കല്‍ ക്രിസ്തുവിനെ അഭിമുഖീകരിക്കാതിരിക്കാന്‍ തരമില്ല. കവിയും ചിത്രകാരനും സാധകനും പോരാളിയും എല്ലാവരും അനുഷ്ഠാനങ്ങളുടെ ഭാരമൊന്നുമില്ലാതെ ക്രിസ്തുവിനെ പ്രണമിച്ചതിന്‍റെ കാരണമിതാണ്. അവര്‍ ക്രിസ്തുവിനെ തേടിയവരാണ്. തേടുന്നവര്‍ക്ക് അവിടുന്ന് ജീവനും വെളിച്ചവുമാണ് :
തമ സോമഃ ജ്യോതിര്‍ഗമയഃ.... മൃത്യോര്‍മാഃ അമൃതംഗമയഃ...

3. വെളിച്ചമില്ലത്ത അവസ്ഥ ഇരുട്ട്! 
ഈ ഭൂമിയിലേയ്ക്കുവച്ച് ഏറ്റവും വലിയ അബദ്ധങ്ങളിലൊന്ന് ജീവിതത്തില്‍ ഇരുട്ടുണ്ട് എന്നൊരു വിചാരമാണ്. ഇരുട്ട് അതില്‍ത്തന്നെ യാഥാര്‍ത്ഥ്യമല്ല. മറിച്ച് വെളിച്ചത്തിന്‍റെ അഭാവമാണതെന്നു മനസ്സിലാക്കിയാല്‍ തീരാവുന്ന പ്രതിസന്ധിയേയുള്ളൂ. എന്നിട്ടും ചെറുപ്പംതൊട്ടെ നാമൊരു അബദ്ധ ധാരണയിലാണ്. അയാളില്‍, പിന്നെ മറ്റുള്ളവരില്‍ ഒക്കെ എന്തൊരു ഇരുട്ടെന്ന മട്ടിലാണ് നമ്മുടെ പോക്ക്. അങ്ങനെ തപ്പിത്തടഞ്ഞാണ് നാം മുന്നോട്ടു പോകുന്നത്. പക്ഷെ, ദൈവിക പ്രഭയിലായിരിക്കാന്‍ ഇഷ്ടമില്ലാത്തവരുടെ ഓരോരോ മിഥ്യാധാരണകള്‍ മാത്രമാണിതെല്ലാം. പുതിയനിയമത്തില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തക്കപ്പെടുന്ന പദങ്ങളിലൊന്നാണ് വെളിച്ചം. വെളിച്ചത്തില്‍ ആയിരിക്കുവാനുള്ള ക്ഷണമാണ് സുവിശേഷം. പകലുള്ളപ്പോള്‍ പകലിനോടൊപ്പം ആയിരിക്കണമെന്ന മട്ടില്‍ ലളിതമായിട്ടാണ് അത് അനുവര്‍ത്തിക്കപ്പെടുന്നത് (യോഹന്നാന്‍ 12, 35, 36).

4. വെളിച്ചത്തിനു സാക്ഷ്യമേകിയവന്‍ 
അപ്പോള്‍ ക്രിസ്തുവിനു മുന്‍പും പിന്‍പും വന്നത് നമ്മുടെ ഉള്ളടരുകളെ ദീപ്തമാക്കിയ എണ്ണിയാലൊടുങ്ങാത്ത ഗുരുക്കന്മാരാണെന്നു പറയാം. യോഹന്നാനെക്കുറിച്ചുള്ള സുവിശേഷത്തിന്‍റെ കണ്ടെത്തല്‍ ആര്‍ക്കും ചേരും. എത്ര മനോഹരമാണത്, “ദൈവം അയച്ച മനുഷ്യന്‍…!"  വെളിച്ചത്തിനു സാക്ഷൃം നല്‍കാന്‍‍ വന്നവന്‍. അവര്‍ അവരില്‍ത്തന്നെ വെളിച്ചമായിരുന്നില്ല. കാരണം എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ത്ഥ വെളിച്ചം ലോകത്തിലേയ്ക്ക് വരുന്നുണ്ടായിരുന്നു (യോഹ. 1, 6-8).
വേദം നിറയെ വെളിച്ചത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനകളാണ്. അവിടുത്തെ ദിവ്യസാന്നിദ്ധ്യത്തിലേയ്ക്ക് വന്ന ഓരോ അന്ധനും നമുക്കുവേണ്ടിയാണ് പ്രാര്‍ത്ഥിച്ചത്. ‘കര്‍ത്താവേ, ദാവീദിന്‍റെ പുത്രാ, ഞങ്ങളില്‍ കനിയണമേ’. അപ്പോള്‍ ക്രിസ്തു അവരോടു ചോദിച്ചു. ‘ഞാന്‍ എന്തു ചെയ്തു തരണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്.’ അവര്‍ പറഞ്ഞു. ‘കര്‍ത്താവേ, ഞങ്ങടെ കണ്ണുകള്‍ തുറക്കണമേ..., കാഴ്ച തരണമേ..’ (മത്തായി 20, 30). കാഴ്ച നല്കുവാന്‍വേണ്ടി ക്രിസ്തു നമ്മുടെ മിഴികളിലെഴുതുവാന്‍ പോകുന്ന അഞ്ജനത്തെക്കുറിച്ച് വെളിപാട് പുസ്തകം വ്യക്തമാക്കുന്നുണ്ട്.

5. മനസ്സിലെ ചിരാതുകളെ തെളിയിക്കാം
ഈ വിളക്ക് അണയുമോ? തീര്‍ച്ചയായും അണയും. അപ്പോള്‍ ഏകദേശം ആറാം മണിക്കൂര്‍ ആയിരുന്നു. ഒന്‍പതാം മണിക്കൂര്‍വരെ ഭൂമി മുഴുവന്‍ അന്ധകാരം വ്യാപിച്ചു. സൂര്യന്‍ ഇരുണ്ടു (ലൂക്കാ 23, 44-45). അവിടുന്നു കൂടെയുള്ളപ്പോള്‍ ഏതു പാതിരാവിലും സൂര്യന്‍ തെളിയുന്നു. അവിടുന്ന് കടന്നുപോകുമ്പോള്‍ മദ്ധ്യാഹ്നങ്ങളിലും എന്‍റെ സൂര്യന്‍ കെട്ടുപോകുന്നു. ഇരുട്ടിനെക്കാള്‍ കൂരിരുട്ടാകുന്നു ജീവിതമപ്പോള്‍. ക്രിസ്തുവില്ലാത്ത ജീവിതം, ദൈവമില്ലാത്ത ജീവിതം! ഇരുട്ടാണ്, അന്ധകാര നിബിഡമാണ്.  നമ്മുടെ മനസ്സുകളിലെ ചെരാതുകളെ കണ്ടെത്തി തെളിയിച്ചു വേണം വെളിച്ചത്തിന്‍റെ ഈ മഹാഗുരുവിനെ പ്രണമിക്കാന്‍. അവിടുത്തെ ഭാഷയില്‍ ‘പറയുടെ കീഴില്‍ ഒളിപ്പിച്ചുവച്ച വിളക്കുകള്‍’ പോലെയാവരുത് നാം. അവയെ കണ്ടെത്തി മൂര്‍ദ്ധാവെന്ന ദീപപീഠത്തില്‍ പ്രതിഷ്ഠിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.

രോഗിണിയായിരിക്കുമ്പോള്‍ തന്‍റെ അടുക്കലെത്തിയ സന്ദര്‍ശകരില്‍നിന്ന് തിരിക്കഷണങ്ങള്‍ ചോദിച്ചു വാങ്ങിയിരുന്നൊരു കന്യാസ്ത്രിയുണ്ടായിരുന്നു. അവളത് മഠത്തിന്‍റെ വെളിച്ചമില്ലാത്ത ഇടനാഴികളില്‍ രാത്രിയില്‍ തെളിച്ചുവയ്ക്കുമായിരുന്നു. എന്നാല്‍ ഇപ്പോഴാവട്ടെ അവളുടെ മുമ്പില്‍ തിരിനാളങ്ങള്‍ അണഞ്ഞ നേരമില്ല. ഭരണങ്ങാനത്തെ സാദ്ധ്വിയായ അല്‍ഫോന്‍സാമ്മയാണത്. ഭാരതത്തിന്‍റെയും കേരളത്തിന്‍റെയും പ്രഥമ വിശുദ്ധ!

6. വെളിച്ചമാകാം, വെളിച്ചമേകാം!
നമ്മള്‍ സാധാരണക്കാര്‍, അപരന്‍റെ ജീവിതവിളക്കുകള്‍ കൊളുത്തി എന്നൊക്കെ മേനി പറയാന്‍ ആരാണ്? എന്നാല്‍ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട് അപരന്‍റെ നെഞ്ചിലെ വിലക്കുകളെ കാട്ടിക്കൊടുക്കുവാന്‍ നിമിത്തമാകുക. എവിടെയാണ് ദൈവം? ഞാനിന്നോളം കണ്ടിട്ടില്ലല്ലോ! എനിക്കതു കാട്ടിക്കൊടുക്കുവാന്‍ ആകുമോ? അത് നിന്‍റെ സഹോദരന്‍റെ മിഴികളിലാണെന്ന് പാപ്പാ ഫ്രാന്‍സിസ് പഠിപ്പിക്കുന്നു.  പാപ്പാ ഫ്രാന്‍സിസുമായുള്ള പ്രഥമ നേര്‍ക്കാഴ്ചയില്‍ എന്നെ സ്പര്‍ശിച്ചൊരു കാര്യം, അദ്ദേഹം സംസാരിക്കുമ്പോള്‍ നമ്മുടെ കണ്ണുകളില്‍ കൃത്യം നോക്കിയാണെന്ന് മനസ്സിലാക്കുന്നു. പാപ്പായ്ക്കൊപ്പമുള്ള അങ്ങനെയൊരു ഫോട്ടോ ലഭിക്കുവാനും ഭാഗ്യമുണ്ടായി. നമ്മുടെ എളിയ വ്യക്തിത്വങ്ങളിലേയ്ക്ക്, ചെറിയമനുഷ്യരിലേയ്ക്ക് ദൈവിക വെളിച്ചം പകരുന്നതുപോലെയാണ് പാപ്പായുടെ നോട്ടം മാത്രമല്ല, എല്ലാവരോടുമുള്ള സമീപനവും സാമീപ്യവും വെളിച്ചം പകരുന്നതല്ലേ! ഇതാ, വീണ്ടും ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടായ ക്രിസ്തുവിനെ ചൂട്ടിക്കാട്ടുന്ന മറ്റൊരു യോഹന്നാന്‍, ക്രിസ്തുവിന്‍റെ വികാരി!

ലോകം ഇന്നോളം കണ്ടിട്ടില്ലാത്ത ദൈവത്തെയും, ദൈവിക വെളിച്ചത്തെയും പാപ്പാ നമുക്ക് പകര്‍ന്നുതരുന്നതു പോലെയാണ് ആ അനുഭവം - എനിക്കുമാത്രമല്ല, തീര്‍ച്ചയായും അദ്ദേഹത്തെ ദര്‍ശിക്കുന്ന ആര്‍ക്കും, അദ്ദേഹത്തെ ശ്രവിക്കുന്ന എല്ലാവര്‍ക്കും! പാപ്പാ ഫ്രാന്‍സിസ് വിഭാവനംചെയ്യുന്ന സഭയുടെ നവമായ സാകല്യസംസ്ക്കാരം an all inclusive culture - എല്ലാവരെയും ഉള്‍ക്കൊള്ളുന്ന – ആരെയും ഒഴിച്ചുനിര്‍ത്താതെ സകലരെയും ദൈവസ്നേഹത്തിന്‍റെയും കരുണയുടെയും വെളിച്ചത്തിലേയ്ക്ക് ആനയിക്കുന്ന ഒന്നാണ്.

7. സമാധാനത്തിന്‍റെ ചെറുവിളക്കാകാം
സഭ പഠിപ്പിക്കുന്ന സത്യത്തിനും, അതിന്‍റെ മനോഹാരിതയ്ക്കും അപ്പുറമുള്ള, സാധാരണ ജനതകളുടെ മുറിവുകളും ദൗര്‍ബല്യങ്ങളും മനസ്സിലാക്കി, എന്നാല്‍ സുവിശേഷമൂല്യങ്ങള്‍ അവഗണിക്കാതെ, സകലരെയും ക്രിസ്തുവിന്‍റെ കരുണയുടെയും ക്ഷമയുടെയും സ്നേഹത്തിന്‍റെയും വെളിച്ചത്തില്‍ സ്വീകരിക്കണം, പിന്‍തുണയ്ക്കണം എന്നതാണ് ഈ നവദര്‍ശനം. ആസന്നമാകുന്ന ക്രിസ്തുമസ് നമ്മെയും കുടുംബങ്ങളെയും സമൂഹങ്ങളെയും നവമായ ഈ സാകല്യപ്രഭയാല്‍, ക്രിസ്തുവിന്‍റെ സ്നേഹപ്രഭയാല്‍ തെളിയിക്കട്ടെ, വലയം ചെയ്യട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു! കുറവുകളുടെയും പരിമിതികളുടെയും കൂമ്പാരമായ നമ്മുടെ എളിയ ജീവിതങ്ങള്‍കൊണ്ട് ജീവിതപരിസരങ്ങളില്‍ ക്രിസ്തുമസ് വെളിച്ചമാകാം, ക്രിസ്തുവെളിച്ചം പരത്താം. യുദ്ധവും കലാപവും നിറഞ്ഞലോകത്ത്, ക്രിസ്തു സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ഇത്തിരിവെട്ടം പരത്താന്‍ നിങ്ങള്‍ക്കും എനിക്കും സാധിക്കട്ടെ! 


(William Nellikkal)

16/12/2017 19:02