സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

വത്തിക്കാന്‍ \ പരിപാടികള്‍

ഫാ. കാന്തെലമേസ്സയുടെ ആഗമനകാലധ്യാനപ്രഭാഷണം - I

മാര്‍പ്പാപ്പായ്ക്കും വത്തിക്കാന്‍ കൂരിയ അംഗങ്ങള്‍ക്കുമായി ഫാ. റനിയേരോ കാന്തലമേസ്സ ധ്യാനപ്രഭാഷണം നല്‍കുന്നു, 15-12-2017

15/12/2017 13:20

സഭയൊന്നാകെ യേശുവിന്‍റെ മനുഷ്യാവതാരരഹസ്യത്തെക്കുറിച്ച് ധ്യാനിക്കുന്ന ആഗമനകാലത്തിലെ രണ്ടാം വെള്ളിയാഴ്ചയില്‍, പരിശുദ്ധ പിതാവിനും കൂരിയാ അംഗങ്ങള്‍ക്കുമായി രാവിലെ ഒന്‍പതുമണിക്ക്, വത്തിക്കാനിലെ റെതെംപ്തോറിസ് മാത്തര്‍ കപ്പേളയില്‍ വച്ചു  ഫാ. റനിയേരോ കാന്തലമേസ്സ നല്‍കിയ ധ്യാനപ്രഭാഷണം, 'ക്രിസ്തുവും സൃഷ്ടിയും' എന്ന പ്രമേയത്തെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. നാലു ഭാഗങ്ങളിലായിട്ടാണ് തന്‍റെ പ്രഭാഷണം അദ്ദേഹം അവതരിപ്പിച്ചത്. 

1. ഭൂമി ശൂന്യമായിരുന്നു

2. തെയ്യാര്‍ദ് ദ് ഷര്‍ദാന്‍റെ പ്രാപഞ്ചികവീക്ഷണം

3. ക്രിസ്തുവിന്‍റെ അരൂപി

4. സൃഷ്ടിയില്‍ ക്രിസ്തുവിന്‍റെ പ്രവര്‍ത്തനം

ഇല്ലായ്മയില്‍ നിന്നു സകലവും സൃഷ്ടിച്ച ദൈവം സൃഷ്ടിയുടെ ഭാഗമായി തന്നെത്തന്നെ താഴ്ത്തിയ സ്നേഹത്തിന്‍റെ രഹസ്യമാണ് മനുഷ്യാവതാരം. അതിനാല്‍ത്തന്നെ സൃഷ്ടിയുടെ കേന്ദ്രമായിരിക്കേണ്ടത് മനുഷ്യനായിത്തീര്‍ന്ന ദൈവമാണ്. ഈ നാലു ഉപവിഷയങ്ങളിലൂടെ, ക്രിസ്തുവും സൃഷ്ടിയും എന്ന മഹാരഹസ്യത്തിലേയ്ക്ക് ചിന്തകളെ ആനയിച്ചുകൊണ്ട് ഫാ. റനിയേരോ കന്തെലമേസ്സ നല്കിയ പ്രഭാഷണത്തിന്‍റെ സംഗ്രഹം താഴെച്ചേര്‍ക്കുന്നു

1. ഭൂമി ശൂന്യമായിരുന്നു

ഉല്‍പ്പത്തി ഗ്രന്ഥത്തില്‍ നാം വായിക്കുന്നു: ''ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.  ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനുമുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവ ത്തിന്‍റെ ചൈതന്യം വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നു'' (ഉല്‍പ്പ 1,1-2). മധ്യകാലഘട്ടത്തിലെ ഒരു വ്യാഖ്യാതാവ് (Alexander Neckam, De naturis rerum, 1,2) ബൈബിളിലെ ഈ ആദ്യവചനങ്ങളെ ഇങ്ങനെ വിശദീകരിക്കുന്നു.

ഭൂമി ശൂന്യമായിരുന്നു, എന്തെന്നാല്‍, വചനം അപ്പോള്‍ മാംസം ധരിച്ചിരുന്നില്ല.

നമ്മുടെ ഭൂമി ശൂന്യമായിരുന്നു, എന്തെന്നാല്‍ കൃപയുടെ പൂര്‍ണതയും സത്യവും അതില്‍ നിവസിച്ചിരുന്നില്ല.

അതു ശൂന്യമായിരുന്നു, എന്തെന്നാല്‍, അത് അതുവരെയും ദൈവവുമായുള്ള ഐക്യത്തില്‍ ഉറപ്പിക്കപ്പെടുകയും      സ്ഥിരപ്പെടുകയും ചെയ്തിരുന്നില്ല.

നമ്മുടെ ഭൗമികവാസം ശൂന്യമായിരുന്നു, എന്തെന്നാല്‍ സമയത്തിന്‍റെ പൂര്‍ണത ഇനിയും വന്നുചേര്‍ന്നിരുന്നില്ല.

ആഴത്തിനുമുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു.  എന്തെന്നാല്‍, ലോകത്തിലേയ്ക്കു വരാനിരുന്ന, എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ഥവെളിച്ചം അതുവരെയും എത്തിച്ചേര്‍ന്നിരുന്നില്ല.

സൃഷ്ടികര്‍മ്മവും മനുഷ്യാവതാരവും തമ്മിലുള്ള ബന്ധത്തെ ഇത്രയധികമായി പ്രകാശിപ്പിക്കാന്‍, ഉല്‍പ്പത്തിഗ്രന്ഥത്തിലെ ആദ്യവാചകങ്ങളെ ഇത്രയേറെ പ്രചോദനാത്മകമായി അവതരിപ്പിക്കാന്‍ യോഹന്നാന്‍റെ സുവിശേഷത്തിലെ ആമുഖഭാഗത്തോളം ഉചിതവും മനോഹരവുമായ മറ്റൊരു വ്യാഖ്യാനം ഇല്ല.  ഇതിനു തെളിവാണ്, ലവുദാത്തോ സീ എന്ന ചാക്രികലേഖനത്തില്‍ ഫ്രാന്‍സീസ് പാപ്പാ അവതരിപ്പിക്കുന്ന 99-ാമത്തെ ഖണ്ഡികയിലെ ഒരു ഭാഗം.  അതിങ്ങനെയാണ്,

ലോകത്തെക്കുറിച്ചുള്ള ക്രൈസ്തവധാരണയില്‍ മുഴുവന്‍ സൃഷ്ടിയുടെയും ഭാഗധേയം ആദിയിലെ സ ന്നിഹിതമായിരുന്ന ക്രിസ്തുരഹസ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാം അവനിലൂടെയും അവനുവേണ്ടിയും സൃഷ്ടിക്കപ്പെട്ടു.  യോഹന്നാന്‍റെ സുവിശേഷത്തിന്‍റെ ആമുഖഭാഗം (1,1-18) ദൈവവചനം എന്ന നിലയിലുള്ള ക്രിസ്തുവിന്‍റെ സൃഷ്ടികര്‍മത്തെ വെളിപ്പെടുത്തുന്നു. എന്നാല്‍, പിന്നീട് അപ്രതീക്ഷിതമെന്നപോലെ, ആമുഖം, ഇതു കൂടെ പറഞ്ഞുവയ്ക്കുന്നു, അതേ ''വചനം, മാംസമായി ''എന്ന്. ത്രിത്വത്തിലെ ഒരാള്‍ സൃഷ്ടപ്രപഞ്ചത്തിലേക്കു പ്രവേശിക്കുകയും അതോടൊപ്പം തന്‍റെ ഭാഗധേയം കുരിശില്‍വരെയും സമര്‍പ്പിക്കുകയും ചെയ്തു.  ലോകത്തിന്‍റെ ആരംഭംമുതല്‍, എന്നാല്‍ പ്രത്യേകമായി  മനുഷ്യാവതാരത്തിലൂടെ ക്രിസ്തുരഹസ്യം, പൊതുവെ സൃഷ്ടലോകത്തില്‍ നിഗൂഢമായി, തന്മൂലം അതിന്‍റെ സ്വയം ചാലകത്വത്തെ തടയാതെ, പ്രവര്‍ത്തനനിരതമായിരിക്കുന്നു.

ക്രിസ്തുവിന്‍റെ പ്രാപഞ്ചികനായകത്വത്തിലുള്ള വിശ്വാസത്തെ വെളിവാക്കുന്ന മറ്റൊരു ബൈബിള്‍ഭാഗമാണ്, കൊളോസ്സോസ്സുകാര്‍ക്കുള്ള ലേഖനത്തിലെ ഒന്നാമധ്യായം 15-17 വാക്യങ്ങള്‍. അവന്‍ അദൃശ്യനായ ദൈവത്തിന്‍റെ പ്രതിരൂപവും എല്ലാ സൃഷ്ടികള്‍ക്കും മുമ്പുള്ള ആദ്യജാതനുമാണ്.  കാരണം, അവനില്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്. അവനാണ് എല്ലാറ്റിനും മുമ്പുള്ളവന്‍. അവനില്‍ സമസ്ഥവും സ്ഥിതി ചെയ്യുന്നു.

'ക്രിസ്തു ദൈവത്തിന്‍റെ സൃഷ്ടിമാത്രമാണ്' എന്നു പഠിപ്പിച്ച ആര്യന്‍ പാഷണ്ഡതയ്ക്കെതിരായി, 'ക്രിസ്തു സൃഷ്ടിക്കുമുമ്പുള്ളവനാണ് എന്ന് സ്ഥാപിക്കാന്‍, സഭാപിതാക്കന്മാര്‍, ക്രിസ്തുവിന്‍റെ സൃഷ്ടി കര്‍മത്തിലെ പങ്ക് എടുത്തുകാട്ടുന്നുണ്ട്.  ഇക്കാര്യം, വിശ്വാസപ്രമാണത്തില്‍ നാമും ഏറ്റുചൊല്ലുന്നു: '' നമുക്കായി, നമ്മുടെ രക്ഷയ്ക്കു വേണ്ടി, അവിടുന്ന സ്വര്‍ഗത്തില്‍ നിന്നിറങ്ങി''. 

മനുഷ്യന്‍റെ പാപം മനുഷ്യാവതാരത്തിന്‍റെ ശൈലിയെ, പാപത്തില്‍നിന്നുള്ള മോചനത്തിന്‍റെ സ്വഭാവത്തെ നിര്‍ണയിച്ചുവെന്നു പറയാന്‍ കഴിയുമെങ്കിലും, മനുഷ്യാവതാരത്തിന്‍റെ നിശ്ചയം അതു മനുഷ്യന്‍റെ പാപവുമായി ബന്ധപ്പെട്ടതെന്നു പറയാനാവില്ല.  അതിന് ആഗന്തുകമോ, സാന്ദര്‍ഭികമോ ആയ കാരണമല്ല, അതീതമായ കാരണമാണുള്ളത്.

2. തെയ്യാര്‍ദ് ദ് ഷര്‍ദാന്‍റെ പ്രാപഞ്ചികവീക്ഷണം

പരിണാമവാദം ആധിപത്യംപുലര്‍ത്തിയ ഒരു സംസ്ക്കാരത്തിലാണ് തെയ്യാര്‍ദ് ദ് ഷര്‍ദാന്‍റെ ക്രിസ്തു ശാസ്ത്ര ചിന്തകള്‍ രൂപപ്പെടുന്നത്.   ചരിത്രത്തില്‍ സാന്ദര്‍ഭികമായി വന്നുചേര്‍ന്ന മനുഷ്യാവതാരമായി ക്രിസ്തുവിനെ കാണുന്ന മനോഭാവത്തെ ഒഴിവാക്കുവാനാണ് അദ്ദേഹം ശ്രദ്ധിച്ചത്.

ശാസ്ത്രജ്ഞാനത്തെ ഉപയോഗപ്പെടുത്തി, വിശ്വത്തിന്‍റെ പരിണാമത്തെയും സമ്പൂര്‍ണക്രിസ്തുവിന്‍റെ രൂപപ്പെടലിനെയും സമാന്തരമായി വീക്ഷിച്ചു. എന്നിരുന്നാലും പ്രപഞ്ചപരിണാമമല്ല, ക്രിസ്തുവിന്‍റെ രൂപപ്പെടലിനു കാരണമായത്, മറിച്ച്, ആന്തരികതയിലെ രഹസ്യമാണ്, അത് ഒമേഗ പോയിന്‍റിലെത്തുക, യുഗാന്ത്യത്തിലാണ്.  അദ്ദേഹം വീക്ഷിച്ചു. ഓരോ ദിവ്യബലിയിലും ഇതെന്‍റെ ശരീരമാകുന്നു എന്നു വൈദികന്‍ പറയുമ്പോള്‍, ആ വാക്കുകള്‍ അപ്പത്തിന്‍റെ വ്യാപ്തിയെ അതിശയിക്കുകയും, ക്രിസ്തുവിന്‍റെ മൗതികശരീരത്തിനു മുഴുവന്‍ ജന്മംനല്‍കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറയുന്നു. ഇത് ബൈബിള്‍ അവതരിപ്പിക്കുന്ന വിശ്വാസമാണ്.  കോറിന്തോസുകാര്‍ക്കുള്ള ഒന്നാം ലേഖനത്തില്‍ നാമിങ്ങനെ വായിക്കുന്നു,  സമസ്തവും അവിടുത്തേക്ക് അധീനമായിക്കഴിയുമ്പോള്‍, സമസ്തവും തനിക്ക് അധീനമാക്കിയവന് പുത്രന്‍ തന്നെയും അധീനനാകും (15, 28). 

എന്നിരുന്നാലും ഷര്‍ദാന്‍റെ വീക്ഷണംപോലെ, ചരിത്രത്തിന്‍റെ അന്ത്യം പരിണാമത്തിനു മകുടമല്ല, മറിച്ച്, അത് അന്ത്യവിധിയുടേതാണ്, പതിരില്‍നിന്നും ധാന്യമണികള്‍ വേര്‍തിരിക്കുന്നതിന്‍റേതാണ്. പത്രോസിന്‍റെ രണ്ടാം ലേഖനം ഉദ്ബോധിപ്പിക്കുന്നതുപോലെ, ''ആകാശം തീയില്‍ വെന്തുനശിക്കുകയും മൂലപദാര്‍ഥങ്ങള്‍ വെന്തുരുകുകയും ചെയ്യുന്ന, ദൈവത്തിന്‍റെ ആഗമദിന''മാണത് (3,12). ഇത് ദൈവത്തിന്‍റെ ക്രോധത്തിന്‍റെ ദിനമായിട്ടാണ് സഭ കാണുക. കാരണം, അത് തിന്മ നശിപ്പിക്കപ്പെടുന്ന ദിനമാണ്. പാപത്തിന്‍റെ നിഷേധാത്മകവശത്തെ, ക്രമീകൃതമായ രീതിയിലുള്‍ച്ചേര്‍ക്കാന്‍ അദ്ദേഹത്തിന്‍റെ ദര്‍ശനത്തിനു കഴിഞ്ഞില്ലെന്നുവേണം പറയുവാന്‍.

3. ക്രിസ്തുവിന്‍റെ അരൂപി

പരിസ്ഥിതിവിഷയത്തെക്കുറിച്ച്, പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ച് ക്രിസ്തുവിജ്ഞാനീയം എന്തു പ റയുന്നു എന്നതും ഇവിടെ ചിന്തനീയമാണ്. ദൈവശാസ്ത്രജ്ഞര്‍ ഇക്കാര്യത്തില്‍ വ്യക്തമായ ഉത്ത രം നല്‍കാത്തത്, ക്രിസ്തുവിന്‍റെ അരൂപിയ്ക്ക് വേണ്ടത്ര ശ്രദ്ധകൊടുക്കാത്തതിനാലാണെന്നു തോന്നുന്നു. കോറിന്തോസുകാര്‍ക്കുള്ള ഒന്നാം ലേഖനം പറയുന്നു, അവസാനത്തെ ആദം ജീവദാതാവായ ആത്മാവായിത്തീര്‍ന്നു (15,48). കോറിന്തോസുകാര്‍ക്കുള്ള രണ്ടാം ലേഖനത്തില്‍ ഇങ്ങനെകൂടി അപ്പ സ്തോലന്‍ പറഞ്ഞുവയ്ക്കുന്നു, കര്‍ത്താവ് ആത്മാവാണ് (3,17).

സൃഷ്ടിയെ പൂര്‍ണതയിലെത്തിക്കുന്നത് ആത്മാവിന്‍റെ പ്രവര്‍ത്തനമാണ്.  സഭ ആധുനികലോകത്തില്‍ എന്ന രേഖയിലൂടെ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും പഠിപ്പിക്കുന്നു. ''അത്ഭുതകരമായ പാലനാവൈഭവത്താല്‍, ചരിത്രഗതിയെ നയിക്കുകയും ഭൂമുഖത്തെ നവീകരിക്കുകയും ചെയ്യുന്ന ദൈവാരൂപിയുടെ സാന്നിധ്യം ഈ പുരോഗതിയിലും വ്യക്തമാണ്...'' എല്ലാ നിസ്വാര്‍ഥപ്രയത്നങ്ങളും സൃഷ്ടികുലത്തിന്‍റെ കാര്യസ്ഥതയില്‍ മുന്നേറുന്നതും അരൂപിയുടെ പ്രവര്‍ത്തനമാണ്.  അതു സൃഷ്ടിയുടെ തുടര്‍ച്ചയാണ്. വി. ബേസില്‍ ത്രിയേകദൈവത്തിന്‍റെ സൃഷ്ടിയുടെ പ്രവര്‍ത്തനരഹസ്യത്തെ വിശദീകരിക്കാന്‍ ശ്രമിക്കുന്നതിങ്ങനെയാണ്, സൃഷ്ടിയില്‍ പിതാവ് ആദികാരണമാകുന്നു, അതു ഫലപ്രാപ്തിയിലെത്തുന്നതിനു പുത്രന്‍ കാരണമാകുന്നു, കാരണം പുത്രനിലൂടെയാണ് എല്ലാം സൃഷ്ടിക്കപ്പെട്ടത്. പരിശുദ്ധാത്മാവ് അതു പൂര്‍ണതയിലെത്തിക്കുന്നു.

4. സൃഷ്ടിയില്‍ ക്രിസ്തുവിന്‍റെ പ്രവര്‍ത്തനം

അരൂപിയിലൂടെയുള്ള ക്രിസ്തുവിന്‍റെ പ്രവര്‍ത്തനം എപ്രകാരമാണ്, ആരോഗ്യകരവും സത്യസന്ധവുമായ ക്രിസ്ത്യന്‍ പരിസ്ഥിതിശാസ്ത്രത്തിന്‍റെ കേന്ദ്രമാകുന്നത് എന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു.  തീര്‍ച്ചയായും ക്രിസ്തുതന്നെയാണ് പരിസ്ഥിതിസംരക്ഷണത്തെ സംബന്ധിച്ചുള്ള പ്രശ്നങ്ങളില്‍, വ്യക്തികളിലൂടെ, സൃഷ്ടികുലത്തിനായി പ്രവര്‍ത്തിക്കുന്നത്.  അവിടുത്തെ സുവിശേഷത്തിലൂടെയും അരൂപിയുടെ പ്രചോദനങ്ങളിലൂടെയും, വിശ്വാസികളില്‍ ഇക്കാര്യത്തിനായുള്ള പ്രവ ര്‍ത്തനങ്ങള്‍ക്കു കാരണമാകുന്നത്...  രണ്ടു തലങ്ങളില്‍ പരിസ്ഥിതിയ്ക്കുവേണ്ടിയുള്ള ശ്രദ്ധ പതിയേണ്ടതുണ്ട്.  ആഗോളതലത്തിലും പ്രാദേശിക തലത്തിലും. ആധുനികകാലത്തിന്‍റെ ഈ ചൊല്ല്, ഇവിടെ ഉചിതമാണ്:  ആഗോളതലത്തില്‍ ചിന്തിക്കുക, പ്രാദേശികതലത്തില്‍ നിര്‍വഹണം നടത്തുക.   ഓരോ വ്യക്തിയിലും, നമ്മിലോരോരുത്തരിലും ആരംഭിക്കുക എന്നുതന്നെ ഇതിനര്‍ഥം. ഫ്രാന്‍സീസ് അസ്സീസ്സി സഹോദരരോടു പറഞ്ഞു, ദാനധര്‍മത്തില്‍ ഞാനൊരു മോഷ്ടാവായിരുന്നിട്ടില്ല. എനിക്കത്യാവശ്യമായി ട്ടുള്ളതില്‍ കൂടുതല്‍ ഞാന്‍ നേടുകയോ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല.  എന്‍റെ ആവശ്യത്തിനു വേണ്ടതിനെക്കാള്‍ കുറവു മാത്രമേ ഞാന്‍ സ്വീകരിച്ചിട്ടുള്ള, അങ്ങനെ ദരിദ്രര്‍ക്കു നല്‍കപ്പെട്ടതില്‍ അവര്‍ വഞ്ചിതരായിട്ടുമില്ല.  ഇതിനു വിപരീതമായ പ്രവര്‍ത്തനം മോഷ്ടിക്കുന്നതു തന്നെയാണ്.

ഭൗമികവിഭവങ്ങളുടെ കാര്യത്തില്‍ നാമൊരിക്കലും മോഷ്ടാക്കളാകരുത്... ക്രിസ്തുമസ്സ് നമുക്ക് ഭൗമികവിഭങ്ങളുടെ ഉപയോഗത്തില്‍ ശക്തമായ ഒരു ഓര്‍മപ്പെടുത്തലാകുകയാണ്.  നമ്മുടെ സ്രഷ്ടാവ്, പുല്‍ത്തൊട്ടിയില്‍ മനുഷ്യനായി വന്നു പിറന്നതിലൂടെ അതിശ്രേഷ്ഠമായ ഉദാഹരണമാവുകയാണ്.  പിതാവ് അവനിലൂടെ അവനിലൂടെ അവനുവേണ്ടി എല്ലാം സൃഷ്ടിച്ചുവെങ്കില്‍, നമുക്കും എല്ലാക്കാര്യങ്ങളും ക്രിസ്തുവിലൂടെ ക്രിസ്തുവിനുവേണ്ടി, അവന്‍റെ കൃപയിലൂടെ, അവന്‍റെ മഹത്വത്തിനുവേണ്ടി ചെ യ്യാന്‍ പരിശ്രമിക്കാം.

 

15/12/2017 13:20