2017-12-14 20:08:00

പ്രപഞ്ചമാസകലം തിങ്ങിനില്ക്കുന്ന ദൈവികകാരുണ്യം


പാപ്പാ ഫ്രാന്‍സിസിന്‍റെ വചനസമീക്ഷ

ഡിസംബര്‍ 14-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലി അര്‍പ്പിക്കവെയാണ്, ആദ്യവായന ഏശയ്യായുടെ ഗ്രന്ഥഭാഗത്തെയും (ഏശ. 41, 13-20) ഇന്നത്തെ സങ്കീര്‍ത്തനത്തെയും (സങ്കീ.144) ആധാരമാക്കി പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

കൈപിടിച്ചു നടത്തുന്ന ദൈവം 
രക്ഷയുടെ വിമോചനം ആസന്നമാകുന്നതിന്‍റെ വെളിച്ചത്തില്‍ പ്രവാചകന്‍ അതിനെ ദൈവത്തിന്‍റെ കരുണയായി ചിത്രീകരിച്ചു. പിതാവ് പുത്രനോടെന്നപോലെ ദൈവം തന്‍റെ ജനത്തോടു വാത്സല്യത്തോടെ സംസാരിക്കുന്നു. വലതുകൈപിടിച്ച് ദൈവം സംസാരിക്കുന്നു. നിന്‍റെ ദൈവമായ കര്‍ത്താവും ദൈവവുമാണു ഞാന്‍. ഭയപ്പെടേണ്ട. ഞാന്‍ നിന്നെ സഹായിക്കും!  നിനക്കായ് ഞാനൊരു താരാട്ടു പാടും. അത്രത്തോളം സ്നേഹമുള്ള ദൈവം നമുക്കൊരു പിതാവും മാതാവുമാണ്.

 അമ്മ മറന്നാലും മറക്കാത്തവന്‍  
പെറ്റമ്മപോലും അറിയുംമുന്‍പേ, നിന്നെ ദൈവം സ്നേഹിച്ചു. അതിനാല്‍ അമ്മ മറന്നാലും ഞാന്‍ നിന്നെ മറക്കില്ലെന്നും ദൈവം ഉറപ്പുതരുന്നു. അങ്ങനെ നമ്മെ അറിയാനും സ്നേഹിക്കാനുമായി ദൈവം ചെറുമായി നമ്മിലേയ്ക്ക് ഇറങ്ങിവന്നു, താഴ്ന്നുവന്നു. അതിനാല്‍ പൗലോസ് അപ്പോസ്തലനെപ്പോലെ നമുക്കും അവിടുത്തെ വിളിക്കാം അബ്ബാ, പിതാവേ... പിതാവേ..! കാരണം അവിടുന്ന് കരുണാര്‍ദ്രനാണ്!

ചെറുമയായ്ത്തീര്‍ന്ന ദൈവിക വലിമ 
വലിമ ഇവിടെ ചെറുമയായിത്തീരുന്നു. എന്നാല്‍ ദൈവിക ചെറുമയും താഴ്മയും വലിമതന്നെയാണ്. അവിടുന്നു ചിലപ്പോള്‍ നമ്മെ പ്രഹരിച്ചേക്കാം. എന്നിരുന്നാലും അവിടുത്തെ ക്ഷമയും കാരുണ്യവും അളവില്ലാത്തതാണ്, സീമാതീതമാണ്. ദൈവത്തിന്‍റെ കരുണ സദാ നമ്മുടെ ചാരത്തുണ്ട്, ദൈവം എപ്പോഴും നമ്മോട് കാരുണ്യവാനാണ് എന്ന വസ്തുത, എന്ന ചിന്ത മനോഹരവും മഹത്തരവുമാണ്! അതു വലിയ രഹസ്യവുമാണ്. ദൈവിക വലിമയാണ് പുല്‍ക്കൂട്ടില്‍ ചെറുമയായി അവതരിച്ചത്. എന്നാല്‍ ഒരിക്കലും ദൈവത്തിന്‍റെ അപരമേയമായ മഹത്വം ഇല്ലാതാകുന്നില്ല. വലിമ താഴ്മയില്‍ ചെറുമയാകുന്ന ദിവ്യരഹസ്യമാണ് ക്രിസ്തുമസ്! പുല്‍ത്തൊട്ടിയിലെ ഉണ്ണീശോ നമുക്കത് വെളിപ്പെടുത്തി തരുന്നു!

എന്നും നയിക്കുന്ന എന്‍റെ കൃപ! 
വിശുദ്ധ തോമസ് അക്വിനാസിന്‍റെ ചിന്ത മനസ്സില്‍ ഉതിര്‍ക്കൊണ്ടത് പാപ്പാ പങ്കുവച്ചു, വലിയ കാര്യങ്ങളെ ഭയക്കരുത്, ചെറിയ കാര്യങ്ങളെ മനസ്സിലേറ്റുക. കാരണം ചെറുമയാണ് ദൈവം!  എന്നാല്‍ എവിടെയാണ് നാം ദൈവത്തിന്‍റെ കാരുണ്യം കൃത്യമായും ദര്‍ശിക്കുന്നത്? അവിടുന്നു നമ്മെ തുണയ്ക്കുക മാത്രമല്ല, അവിടുന്ന് അനുദിനജീവിതത്തില്‍ സന്തോഷവും, വിളസമൃദ്ധിയും എല്ലാം നല്കി മുന്നോട്ടുപോകാന്‍ സഹായിക്കുന്നു. അതിനാല്‍ ദൈവം നമ്മുടെ പിതാവു മാത്രമല്ല, പിതാവുതന്നെയെന്ന് അടിവരയിട്ടു പ്രസ്താവിച്ചു.

എന്‍റെ മുറിവുണക്കുന്ന ദൈവം 
ദൈവത്തിന്‍റെ ദൈവശാസ്ത്രപരമായ ലാളിത്യമെന്താണ്? അത് എവിടെയാണു നാം കാണുന്നത്? എവിടെയാണ് ദൈവത്തിന്‍റെ ആര്‍ദ്രത നാം ഏറ്റവും അധികമായി കാണുന്നത്? ജലപ്രളയത്തിലോ? എന്‍റെ ജീവിതത്തിന്‍റെ മുറിപ്പാടിലും, വേദനയിലും, അതിന്‍റെ സൗഖ്യത്തിലും സാന്ത്വനത്തിലുമാണ്! നല്ല സമറിയക്കാരന്‍റെ കഥ ഈശോ അനുസ്മരിച്ചു. തസ്ക്കരന്മാരുടെ കൈകളില്‍ മുറിപ്പെട്ടു കിടക്കുന്നവന്‍റെ ചാരത്തെത്തി അവനെ പരിചരിച്ച്, മുറിവു വച്ചുകെട്ടിയ സമറിയാക്കാരനില്‍ ദൈവത്തിന്‍റെ കാരുണ്യം ദര്‍ശിക്കാം. ഓരോ ദിവസവും ദൈവം നമ്മെ ക്ഷണിക്കുന്നത്, പറയുന്നത്, നിന്‍റെ മുറിവുകള്‍ ഞാന്‍ കാണട്ടെ! ഞാന്‍ അവയെ സൗഖ്യപ്പെടുത്താം!!








All the contents on this site are copyrighted ©.