സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പ്രത്യേകഇനങ്ങള്‍ \ സഭാദര്‍ശനം

DOCAT XLVII: ''കുടുബം വ്യക്തിവാദത്തെ അതിജീവിക്കണം''

DOCAT - സഭയുടെ സാമൂഹിക പ്രബോധനങ്ങളുടെ യുവജനങ്ങള്‍ക്കുവേണ്ടിയുള്ള അനുരൂപണഗ്രന്ഥം

14/12/2017 12:45

സമൂഹജീവിയായിരിക്കുക എന്ന മനുഷ്യനെ സംബന്ധിച്ചുള്ള ദൈവികപദ്ധതിയെ ഊന്നിപ്പറഞ്ഞുകൊണ്ട്, കുടുംബം സമൂഹത്തിന്‍റെ അടിസ്ഥാനഘടകമാണ് സുവ്യക്തമാക്കുന്ന സഭാപ്രബോധനങ്ങള്‍ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്ന ഡുക്യാറ്റിന്‍റെ അഞ്ചാമധ്യായത്തിന്‍റെ അവസാനഭാഗത്താണു നാം.  ഈ വിഷയത്തില്‍ സഭയുടെ സുപ്രധാന സാമൂഹികപ്രബോധനങ്ങളില്‍നിന്നു നല്‍കിയിരിക്കുന്ന ഭാഗങ്ങള്‍ നമ്മുടെ പരിചിന്തനത്തിനെടുക്കുകയാണിന്ന്. ലെയോ പതിമൂന്നാമന്‍ പാപ്പായുടെ റേരും നൊവാരും എന്ന രേഖയില്‍ നിന്നാരംഭിച്ച്, ഫ്രാന്‍സീസ് പാപ്പായുടെ ലവുദാത്തോ സീ വരെയുള്ള സാമൂഹികപ്രബോധനങ്ങളില്‍ നിന്ന് കുടുംബത്തെ സംബന്ധിച്ച് ഏഴു പ്രസക്തഭാഗങ്ങളാണ് ഇവിടെ നല്‍കിയിരിക്കുന്നത്.

അവിടെ കുടുംബത്തെ സംബന്ധിച്ചും കുടുംബസംവിധാനത്തെ സംബന്ധിച്ചും, ദൈവഹിതമെന്തെന്ന്, വ്യക്തമാക്കുന്ന റേരും നൊവാരുമില്‍ നിന്നുള്ള ഒമ്പതാമത്തെ ഖണ്ഡികയാണ് ആദ്യം ഉദ്ധരിച്ചിരിക്കുന്നത്.  കുടുംബത്തിനുള്ള മൗലികാവകാശങ്ങളെ, അടിസ്ഥാനപരമായ ദൗത്യത്തെ, ഒന്നേകാല്‍ നൂറ്റാണ്ടു മുമ്പ് മഹാനായ ലെയോ പതിമൂന്നാമന്‍ പാപ്പാ അവതരിപ്പിച്ചിരിക്കുകയാണ് അതിന്‍റെ ഒമ്പതാം ഖണ്ഡികയില്‍.

1. റേരും നൊവാരും 9 (ലെയോ 13-ാമന്‍ പാപ്പാ, 1891): കുടുംബത്തിനുള്ള മൗലികാവകാശം

വിവാഹംചെയ്യാന്‍ മനുഷ്യനുള്ള സ്വാഭാവികവും മൗലികവുമായ അവകാശം എടുത്തുകളയാനോ ''വര്‍ധിച്ചു പെരുകുവിന്‍'' എന്ന് ആദിയില്‍ ദൈവം നല്‍കിയ കല്‍പ്പനയനുസരിച്ച് വിവാഹത്തിനുള്ള പ്രമുഖവും പ്രധാനവുമായ ലക്ഷ്യത്തെ ഏതെങ്കിലും തരത്തില്‍ പരിമിതപ്പെടുത്താനോ ഒരു മനുഷ്യ നിയമത്തിനും അവകാശമില്ല. അങ്ങനെ, കുടുംബമെന്ന യാഥാര്‍ഥ്യം സംജാതമാകുന്നു. അതു മനുഷ്യ ന്‍റെ ഗാര്‍ഹികസമൂഹമാണ്. ഒരു ചെറിയ സമൂഹമാണതെന്നു നാം സമ്മതിക്കണം. എങ്കിലും അതു യഥാര്‍ഥ സമൂഹമാണ്.  ഏതുതരം രാഷ്ട്രത്തിനും മുമ്പുള്ളതാണ്.  തന്നിമിത്തം അതിനു രാഷ്ട്രത്തിന്‍റെ അധികാരസീമയില്‍ നിന്നു പൂര്‍ണമായും സ്വതന്ത്രമായി നില്‍ക്കുന്ന സ്വന്തമായ അവകാശങ്ങളും കടമകളുമുണ്ട്.

ആധുനികകാലത്തിന്‍റെ വീക്ഷണങ്ങളോ രാഷ്ട്രത്തിന്‍റെ അധികാരമോ ഒന്നും ഈ മൗലികാവകാശത്തെ എടുത്തുകളയുന്നതിനു പര്യാപ്തമല്ല എന്നു അടിവരയിടുന്ന ഈ പ്രബോധനത്തെ വീണ്ടും വിശദീകരിച്ചുറപ്പിക്കുകയാണ്, പാച്ചെം ഇന്‍ തേറിസ്, അഥവാ ഭൂമിയില്‍ സമാധാനം എന്ന ചാക്രികലേഖനത്തില്‍ വിശുദ്ധനായ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പാ.  വിവാഹത്തിന്‍റെ അഭേദ്യതയെ ഊന്നിപ്പറഞ്ഞുകൊണ്ട്, കുടുംബത്തെ, മനുഷ്യസമുദായത്തിന്‍റെ അടിസ്ഥാനപരമായ കോശമായി അവതരിപ്പിക്കുന്ന ഈ പ്രബോധനം ഏറെ ശ്രദ്ധേയമാണ്.

2. പാച്ചെം ഇന്‍ തേറിസ് 9 (ജോണ്‍ 23-ാമന്‍ പാപ്പാ, ചാക്രികലേഖനം 1963): കുടുംബത്തിനുള്ള അവകാശം

സ്വതന്ത്രമായ ഉടമ്പടിപ്രകാരമുള്ളതും ഏകഭാര്യാത്വത്തിലും അഭേദ്യതയിലും നിലനില്‍ക്കുന്നതുമായ വിവാഹത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കുടുംബം മനുഷ്യസമുദായത്തിന്‍റെ പ്രഥമവും അടിസ്ഥാനപരവുമായ ''കോശമാണ്''.  അതിനെ അങ്ങനെ കരുതുകയും വേണം.  അതിന്‍റെ ഉറപ്പു വര്‍ധിപ്പി ക്കുകയും അതിന്‍റെ സവിശേഷദൗത്യം നിര്‍വഹിക്കാന്‍ എളുപ്പമുണ്ടാക്കുകയും ചെയ്യുന്ന സാമ്പത്തി കവും സാമൂഹികവും സാംസ്ക്കാരികവും ധാര്‍മികവുമായ എല്ലാ പരിഗണനയും അതിനു നല്‍ക പ്പെടണം.  മാതാപിതാക്കള്‍ക്കാണ് കുട്ടികളുടെ വളര്‍ത്തലിനെയും വിദ്യാഭ്യാസത്തെയും സംബന്ധിച്ച മുഖ്യാവകാശം.

വ്യക്തിസ്വാതന്ത്ര്യം അന്തസ്സ് എന്നിവയെക്കുറിച്ച് കൂടുതലായ അവബോധം ഇന്നു സമൂഹത്തില്‍ മാത്രമല്ല, കുടുംബങ്ങളില്‍പോലും കൂടുതലായുണ്ട്. മനഃശാസ്ത്രപരമായ പഠനങ്ങളും,ബോധനങ്ങളുമെല്ലാം, പലതലങ്ങളിലും ഇന്നു ലഭ്യവുമാണ്. എന്നാല്‍ അത് അടിസ്ഥാനമൂല്യങ്ങളെയും, ദമ്പതികളുടെയും കുടുംബാംഗങ്ങളുടെയും പരസ്പരബന്ധത്തിലെ സ്വാതന്ത്ര്യത്തെയും തെറ്റായി വ്യാഖ്യാനിക്കുന്നതിനിടയാക്കുന്നുമുണ്ട്. അതുകൊണ്ട് കുടുംബത്തിന്‍റെ ഐക്യത്തിനും കെട്ടുറപ്പിനും വ്യക്തമായ പ്രതിബന്ധങ്ങളുണ്ടാകുന്നു എന്നതും നാം കണ്ടുവരുന്നു.  ഇതേക്കുറിച്ച്, ഫമീലിയാരിസ് കൊണ്‍സോര്‍സ്യോ എന്ന വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ അപ്പസ്തോലികാഹ്വാനം വ്യക്തമായ അവബോധം പങ്കുവയ്ക്കുന്നു. 

3. ഫമീലിയാരിസ് കൊണ്‍സോര്‍സ്യോ 6 (ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ, അപ്പസ്തോലികാഹ്വാനം 1981): കുടുംബങ്ങള്‍ ഇന്ന്

ഒരു വശത്ത്, വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സജീവമായ അവബോധമുണ്ട്.  മാത്രമല്ല, ജീവിതത്തിലെ വ്യക്ത്യന്തരബന്ധങ്ങളെ മെച്ചപ്പെടുത്തുന്നതിലും സ്ത്രീകളുടെ അന്തസ്സുയര്‍ത്തുന്നതിലും ഉത്തര വാദിത്വപൂര്‍ണമായ പ്രജനനം, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയിലുള്ള ശ്രദ്ധ വര്‍ധിച്ചുവരുന്നു.  കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളിലെ വളര്‍ച്ച, ആത്മീയവും ഭൗതികവുമായ കാര്യങ്ങളിലുള്ള പ രസ്പരസഹായം, കുടുംബത്തിന്‍റെ സഭാത്മകദൗത്യത്തിന്‍റെ വീണ്ടും കണ്ടെത്തല്‍, കൂടുതല്‍ നീതിപൂര്‍വകമായ ഒരു സമൂഹം സൃഷ്ടിക്കുന്നതില്‍ കുടുംബത്തിനുള്ള ഉത്തരവാദിത്വം എന്നീ ആവശ്യങ്ങളെക്കുറിച്ചുള്ള അവബോധവും ഇന്നു ദൃശ്യമാണ്. എന്നാല്‍ മറുവശത്ത്, ചില അടിസ്ഥാനമൂല്യങ്ങളുടെ അലോസരപ്പെടുത്തുന്ന അധഃപതനത്തിന്‍റെ അടയാളം ഇല്ലാതില്ല. ദമ്പതികളുടെ പരസ്പരബന്ധത്തിലെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സിദ്ധാന്തപരവും പ്രായോഗികവുമായ തെറ്റായ ആശയങ്ങള്‍, കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള അധികാരബന്ധത്തെക്കുറിച്ചുള്ള സാരമായ തെറ്റിദ്ധാരണകള്‍, മൂല്യങ്ങളുടെ കൈമാറ്റത്തില്‍ കുടുംബത്തിന് അനുഭവപ്പെടുന്ന വ്യക്തമായ പ്രതിബന്ധങ്ങള്‍, വര്‍ധിച്ചുവരുന്ന വിവാഹമോചനങ്ങള്‍, ഭ്രൂണഹത്യയെന്ന ശാപം, വര്‍ധമാനമായ വന്ധ്യംകരണം, ഗര്‍ഭനിരോധന മനോഭാവം ഇവയെല്ലാം ഇത്തരം അടയാളങ്ങള്‍ ആണ്.

തൊഴിലിന്‍റെ കാര്യത്തിലുള്ള ക്രമീകരണത്തിലും, കുടുംബത്തിനുള്ള സ്ഥാനം പരമപ്രധാമായിരിക്കണം എന്നു സഭ പഠിപ്പിക്കുന്നു. ലബോറെം എക്സേര്‍ചെന്‍സ് എന്ന രേഖയിലെ പത്താമത്തെ ഖണ്ഡികയില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ഇക്കാര്യത്തെക്കുറിച്ച് പഠിപ്പിക്കുന്നു.

4. ലബോറെം എക്സേര്‍ചെന്‍സ്  10  (ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ, ചാക്രികലേഖനം 1981): തൊഴിലും കുടുംബവും

മാനുഷികതൊഴിലിന്‍റെ സാമൂഹികവും ധാര്‍മികവുമായ ക്രമം രൂപവത്ക്കരിക്കുന്നതില്‍ പരമപ്രധാനമായ ഒരു പരിഗണനാ വിഷയം കുടുംബമാണ്. ഇക്കാര്യം ഇവിടെ അനുസ്മരിക്കേണ്ടതും ഉറപ്പിച്ചു പറയേണ്ടതുമാണ്. സഭയുടെ പ്രബോധനം എല്ലായ്പോഴും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഈ പ്രമാണരേഖയിലും നമുക്ക് അതിലേക്കു തിരിയേണ്ടതുണ്ട്. യഥാര്‍ഥത്തില്‍ കുടുംബം എല്ലാവര്‍ക്കും ഒരേ സമയത്ത് വീട്ടിനുള്ളില്‍ തൊഴില്‍മൂലം സാധ്യമായിത്തീര്‍ന്ന സമൂഹവും തൊഴിലിന്‍റെ പ്രഥമ പാഠശാലയുമാണ്.

കുടുംബം മാനുഷിക പരിസ്ഥിതിയാണെന്നാണ് വീണ്ടും ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പഠിപ്പിക്കുന്നത്. അവിടെ മാനുഷിക നന്മകളും ആശയങ്ങളും എങ്ങനെ രൂപപ്പെടുന്നു, അതിലെ അംഗങ്ങളിലേയ്ക്ക്, അങ്ങനെ സമൂഹത്തിലേയ്ക്ക് എങ്ങനെ കൈമാറപ്പെടുന്നു എന്നു പാപ്പാ ചെന്തേസ്സിമൂസ് അന്നൂസ് 39-ാമത്തെ ഖണ്ഡികയില്‍ ഉദ്ബോധിപ്പിക്കുന്നു.

5. ചെന്തേസ്സിമൂസ് അന്നൂസ് 39 (ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ, ചാക്രികലേഖനം 1991): മാനുഷിക പരിസ്ഥിതിയും കുടുംബവും

മാനുഷിക പരിസ്ഥിതിക്കുവേണ്ട പ്രഥമവും മൗലികവുമായ സംവിധാനം കുടുംബമാണ്.  സത്യത്തെയും നന്മയെയും പറ്റി രൂപവത്ക്കരണപരമായ ആദ്യത്തെ ആശയങ്ങള്‍ അവിടെയാണ് മനുഷ്യനു ലഭിക്കുന്നത്.  സ്നേഹിക്കുക, സ്നേഹിക്കപ്പെടുക എന്നതിന്‍റെ അര്‍ഥമെന്താണെന്നും, അവന്‍ പഠിക്കുന്നത് അവിടെയാണ്.  നാം ഇവിടെ ഉദ്ദേശിക്കുന്നത് വിവാഹത്തില്‍ അടിയുറപ്പിച്ചിട്ടുള്ള കുടുംബത്തെയാണ്. അവിടെ ഭാര്യാഭര്‍ത്താക്കന്മാരുടെ പരസ്പരമുള്ള ആത്മദാനംവഴി കുട്ടികള്‍ക്കു ജനിക്കാ നും തങ്ങളുടെ കഴിവുകളെ വികസിപ്പിക്കാനും സാധിക്കുന്നു.

നാം നേരത്തെ കണ്ടതുപോലെ വ്യക്തിസ്വാതന്ത്ര്യം, അന്തസ്സ് എന്നിവയെക്കുറിച്ച് കൂടുതലായ അവബോധം ഇന്ന് വ്യക്തിവാദമനോഭാവത്തിലേയ്ക്കു കടക്കുകയാണ്.  ഇതിനെ കീഴടക്കുക കുടുംബത്തി ന്‍റെ നിലനില്‍പ്പിനാവശ്യമാണ്.  ഇക്കാര്യത്തില്‍, മുന്‍രേഖയിലെ 49-ാം ഖണ്ഡികയില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ഉപദേശിക്കുന്നത് കുടുംബനയങ്ങളെ മാത്രമല്ല, കുടുംബത്തെ പ്രധാനവിഷയമായി കരുതുന്ന സാമൂഹികനയങ്ങളെയും വളര്‍ത്തണമെന്നാണ്. 

6. ചെന്തേസ്സിമൂസ് അന്നൂസ് 49 (ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ, ചാക്രികലേഖനം 1991):  വ്യക്തിവാദത്തെ മറികടക്കല്‍

ഇന്നു വ്യാപകമായി കാണുന്ന വ്യക്തിവാദമനോഭാവത്തെ കീഴടക്കണമെങ്കില്‍ ദൃഢൈക്യത്തോടും പരസ്പരസ്നേഹത്തോടുമുള്ള വസ്തുനിഷ്ഠമായ പ്രതിജ്ഞാബദ്ധതയാണാവശ്യം.  ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പരസ്പരസഹായത്തോടും വ്യത്യസ്തതലമുറകള്‍ തമ്മില്‍ നല്‍കുന്ന ശുശ്രൂഷയോടും കൂടിയ കുടുംബത്തിലാണ് അതു തുടങ്ങേണ്ടത്. ഈ അര്‍ഥത്തില്‍ അധ്വാനത്തിന്‍റേതും ദൃഢൈക്യത്തിന്‍റേതുമായ ഒരു സമൂഹമെന്നു കുടുംബത്തെയും വിളിക്കാം. എന്നാല്‍, ഒരു കുടുംബം അതിന്‍റെ ദൈവവിളിയോടു പൂര്‍ണമായി സഹകരിച്ചു ജീവിക്കുവാന്‍ ശ്രമിക്കുമ്പോള്‍, അതിനു രാഷ്ട്രത്തില്‍നിന്നു അത്യാവശ്യമായി ലഭിക്കേണ്ട സഹായം ലഭിക്കാതെയും ആവശ്യമായ വിഭവങ്ങളില്ലാതെയും വന്നെന്നുവരാം.  അതുകൊണ്ട്, കുടുംബനയങ്ങളെ മാത്രമല്ല, കുടുംബത്തെ പ്രധാനവിഷയമായി കരുതുന്ന സാമൂഹിക നയങ്ങളെയും വളര്‍ത്തേണ്ടതാണ്.  അത്തരം നയങ്ങള്‍ കുട്ടികളെ വളര്‍ത്തുന്നതിനും പ്രായാധിക്യത്തിലെത്തിയവരെ പരിരക്ഷിക്കുന്നതിനും മതിയാകുന്ന വിഭവങ്ങളും സഹായത്തിന്‍റെ കാര്യക്ഷമമായ മാര്‍ഗങ്ങളും പ്രദാനം ചെയ്തുകൊണ്ട് കുടുംബങ്ങളെ സഹായിക്കും.  കുട്ടികളോടൊന്നിച്ചുതന്നെ പ്രായാധിക്യത്തിലെത്തിയവരെക്കൂടി പരിരക്ഷിക്കുന്നത്, തലമുറകള്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്ക് ഉറപ്പുണ്ടാകാന്‍ വേണ്ടി കുടുംബഘടകത്തില്‍നിന്ന് അവരെ അകറ്റാതിരിക്കുവാനാണ്.

ശരിയായ കുടുംബസംവിധാനത്തെക്കുറിച്ച്, കുടുംബത്തില്‍ നിന്നു ലഭിക്കേണ്ട സമഗ്രരൂപീകരണത്തെക്കുറിച്ച് ലവുദാത്തോ സീ എന്ന രേഖയില്‍ ഫ്രാന്‍സീസ് പാപ്പാ നല്‍കുന്ന പ്രബോധനത്തോടെ ഇന്നത്തെ നമ്മുടെ വിചിന്തനമവസാനിപ്പിക്കാം. നന്ദി പറയുവാനും, അത്യാഗ്രഹങ്ങളെ നിയന്ത്രിക്കുവാനും, തെറ്റിനു മാപ്പുചോദിക്കാനും കുടുംബങ്ങളില്‍ അഭ്യസിപ്പിക്കപ്പെട്ടാല്‍ അതു സമൂഹത്തിന്‍റെയും രാഷ്ട്രത്തിന്‍റെയും മാനവസമൂഹം മുഴുവന്‍റെയും സ്വഭാവരൂപീകരണത്തിനിടയാക്കുമെന്ന് നമുക്കറിയാം. ഫ്രാന്‍സീസ് പാപ്പാ നിരവധിതവണ ആവര്‍ത്തിച്ചിട്ടുള്ള ഈ ഉപദേശം, ലവുദാത്തോ സീ എന്ന രേഖയിലെ 213-ാമത്തെ ഖണ്ഡികയിലും നാം കാണുന്നു.  

7. ലവുദാത്തോ സീ 213 (ഫ്രാന്‍സീസ് പാപ്പാ, ചാക്രികലേഖനം 2015):  കുടുംബം - സമഗ്രവിദ്യാഭ്യാസം കിട്ടുന്നിടം

കുടുംബത്തില്‍ സമഗ്രമായ വിദ്യാഭ്യാസം നമുക്കു ലഭിക്കുന്നു. വ്യക്തിപരമായ പക്വതയില്‍ സ്വരൈക്യത്തോടെ വളരുവാന്‍ അതു നമ്മെ സഹായിക്കുന്നു.  നമുക്ക് നല്‍കപ്പെട്ട ഒരു വസ്തുവിനെക്കുറിച്ചുള്ള ആത്മാര്‍ഥമായ കൃതജ്ഞതയുടെ പ്രകാശനമായി, ആരും ആവശ്യപ്പെടാതെ തന്നെ ''നിനക്കു ന ന്ദി'' എന്നു പറയാന്‍ കുടുംബത്തില്‍ നാം പഠിക്കുന്നു.  നമ്മുടെ അക്രമവാസനയും അത്യാഗ്രഹവും നിയന്ത്രിക്കാനും നാം ആരെയെങ്കിലും ദ്രോഹിച്ചാല്‍ മാപ്പു ചോദിക്കാനും കുടുംബത്തില്‍വച്ചു നാം പഠിക്കുന്നു.  ഹൃദ്യമായ മര്യാദയുടെ ലളിതമായ ഈ പ്രകടനങ്ങള്‍ പങ്കുവയ്ക്കപ്പെട്ട ജീവിതത്തി ന്‍റെ സംസ്ക്കാരത്തെയും നമ്മുടെ പരിതഃസ്ഥിതികളോടുള്ള ബഹുമാനത്തെയും സൃഷ്ടിക്കുന്നു.

കുടുംബത്തെക്കുറിച്ചുള്ള ദൈവികപദ്ധതി എന്തെന്നു തിരിച്ചറിയുകയും കുടുംബത്തെ ശക്തിപ്പെടുത്തുകയും ചെയ്യുക ശരിയായ ക്രിസ്തീയജീവിതത്തിന്‍റെ ലക്ഷണമാണ്.  കുടുംബം സന്മാര്‍ഗബോധത്തിലും, ആത്മീയമായ ശക്തിയിലും വളരുന്നതിന് നാം നല്‍കുന്ന ശ്രദ്ധ മാനവസമൂഹത്തിന്‍റെ നന്മയാണ് കൈവരുത്തുക എന്ന അവബോധം നമ്മിലെപ്പോഴും ഉണ്ടായിരിക്കട്ടെ.

14/12/2017 12:45