2017-12-13 12:40:00

എന്തിന് ഞായറാഴ്ചക്കുര്‍ബ്ബാന ? പാപ്പായുടെ പൊതുദര്‍ശനപ്രഭാഷണം


റോമില്‍ പൊതുവെ തണുപ്പും കാറ്റും മഴയും മൂലം മോശമായ ഒരു കാലാവസ്ഥ അനുഭവപ്പെടുന്ന ദിനങ്ങളാണിപ്പോള്‍. ഇടയ്ക്ക് കതിരവന്‍ കതിരൊളി തൂകിയെങ്കിലും  റോമിന്‍റെ പലഭാഗങ്ങളും മഴയില്‍ കുതിര്‍ന്ന ഒരു ഒരു ദിനമായിരുന്നു ഈ ബുധനാഴ്ച (13/12/17) എന്നു പറയാം. എന്നിരുന്നാലും  വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ വിവിധരാജ്യക്കാരായിരുന്ന ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്നെത്തിയിരുന്ന ഭാരതീയരായ മഹിളകളുടെ 12 അംഗ എക്യുമെനിക്കല്‍ സംഘവും റോമില്‍ നമ്മുടെ രാഷ്ട്രപിതാവായ മഹാത്മഗാന്ധിയുടെ നാമത്തിലുള്ള ഒരു വിദ്യാലയത്തിലെ അദ്ധ്യാപകാദ്ധ്യേതാക്കളും പൊതുകുടിക്കാഴ്ചയില്‍ പങ്കെടുത്തവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു.പൊതുകൂടിക്കാഴ്ചയുടെ വേദി, കഴിഞ്ഞയാഴ്ചയിലെന്നതു പോലെ, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയ്ക്കടുത്തുള്ള പോള്‍ ആറാമന്‍ ശാലയായിരുന്നു. പാപ്പാ ശാലയില്‍ പ്രവേശിച്ചപ്പോള്‍ അവിടെ സന്നിഹിതരായിരുന്നവരുടെ കരഘോഷവും ആരവങ്ങളും അലതല്ലി.പുഞ്ചിരിതൂകി വേദിയിലേക്കു നീങ്ങിയ പാപ്പാ, ഇരുവശത്തും നിന്നിരുന്നവരെ അഭിവാദ്യം ചെയ്യുകയും അവരോടു കുശലം പറയുകയും അവര്‍ക്ക്  ഹസ്തദാനമേകുകയും പിഞ്ചുകുഞ്ഞുങ്ങളെ ആശീര്‍വ്വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വേദിയിലെത്തിയ പാപ്പാ റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30 ഓടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ മഗ്ദലനമറിയം യേശുവിന്‍റെ ശവകുടീരത്തിനരികെ എത്തുമ്പോള്‍ അതടയ്ക്കപ്പെട്ടിരുന്ന കല്ല് ഉരുട്ടി മാറ്റിയിരിക്കുന്നതായി കാണുകയും, കതകടച്ച് മുറിയില്‍ ഇരിക്കുകയായിരുന്ന ശിഷ്യര്‍ക്കുമുന്നില്‍  പ്രത്യക്ഷപ്പെടുന്ന ഉത്ഥിതന്‍ അവര്‍ക്ക്   സമാധാനം ആശംസിക്കുകയും പരിശുദ്ധാത്മാവിനെ നല്കുകയും പാപമോചനാധികാരം പ്രദാനം ചെയ്യുകയും ചെയ്യുന്ന സംഭവവിവരണമടങ്ങിയ യോഹന്നാ‍ന്‍റെ സുവിശേഷം 20-Ͻ൦ അദ്ധ്യായം  ഒന്നും 19 മുതല്‍ 23 വരെയുമുള്ള വാക്യങ്ങളായിരുന്നു വായിക്കപ്പെട്ടത്.

ഈ സുവിശേഷഭാഗം പാരായണംചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ, വിശുദ്ധ കുര്‍ബ്ബാനയെ അധികരിച്ചു  താന്‍ പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിപ്പോരുന്ന പ്രബോധന പരമ്പര രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ചു. ഞായാറാഴ്ചക്കുര്‍ബ്ബാനയില്‍ പങ്കുകൊള്ളേണ്ടത് എന്തുകൊണ്ട് എന്ന് വ്യക്തമാക്കുന്നതായിരുന്നു പാപ്പായുടെ പരിചിന്തനം

പ്രഭാഷണ സംഗ്രഹം:            

വിശുദ്ധ കുര്‍ബ്ബാനയെ അധികരിച്ചുള്ള വിചിന്തനം പുനരാരംഭിക്കുന്ന ഇന്ന് നമുക്ക് നമ്മോടു തന്നെ ഇങ്ങനെ ചോദിക്കാം : ഞായറാഴ്ച കുര്‍ബ്ബാനയ്ക്ക് പോകുന്നത് എന്തിനാണ്? ഞായറാഴ്ചത്തെ വിശുദ്ധ കുര്‍ബ്ബാനാര്‍പ്പണം സഭയുടെ ജീവിതത്തിന്‍റെ  ഹൃദയസ്ഥാനത്തുള്ളതാണ്. ഉത്ഥിതനായ കര്‍ത്താവിനെ കാണുന്നതിന്, അതിലുപരി, നമ്മെ കാണുന്നതിന് നമ്മെത്തന്നെ അവിടത്തേക്കു വിട്ടുകൊടുക്കുന്നതിനും, അവിടത്തെ വചനം കേള്‍ക്കുന്നതിനും, അവിടത്തെ വിരുന്നിന്‍ മേശയില്‍നിന്ന് പോഷണം സ്വീകരിക്കുന്നതിനും അങ്ങനെ സഭയായിത്തീരുന്നതിനും, അതായത്, ലോകത്തില്‍ അവിടത്തെ ജീവനുള്ള മൗതിക ഗാത്രമായിത്തീരുന്നതിനും ആണ് ക്രൈസ്തവരായ നാം ഞായറാഴ്ച കുര്‍ബ്ബാനയ്ക്കു പോകുന്നത്.

ഈ അവബോധം യേശുവിന്‍റെ ശിഷ്യന്മാര്‍ക്ക് ആദ്യം മുതല്‍ തന്നെ ഉണ്ടായിരുന്നു. യഹൂദാചാരപ്രകാരം ആഴ്ചയുടെ ആദ്യത്തെ ദിനത്തില്‍ ക്രിസ്തു ശഷ്യന്മാര്‍ കര്‍ത്താവുമായുള്ള സമാഗമം ആഘോഷിച്ചു. റോമാക്കാര്‍ ആ ദിനത്തെ വിശേഷിപ്പിച്ചിരുന്നത് “സൂര്യന്‍റെ ദിനം” എന്നായിരുന്നു. കാരണം ആ ദിവസമാണ് യേശു മൃതരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ശഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെടുകയും അവരുമായി സംസാരിക്കുകയും അവരോടൊപ്പം ഭക്ഷിക്കുകയും അവര്‍ക്ക്  പരിശുദ്ധാത്മാവിനെ നല്കുകയും ചെയ്തത്. പരിശുദ്ധാരൂപിയുടെ മഹാവര്‍ഷണം ഉണ്ടാകുന്നതും ഒരു ഞായറാഴ്ച പന്തക്കുസ്താദിനത്തില്‍, യേശുവിന്‍റെ ഉത്ഥാനാനന്തരം അമ്പതാം ദിവസത്തില്‍ ആണ്. ഇക്കാരണങ്ങളാല്‍ ഞായറാഴ്ച നമ്മെ സംബന്ധിച്ചിടത്തോളം പരിശുദ്ധമാണ്. നമ്മുടെ മദ്ധ്യേയും നമുക്കുവേണ്ടിയുമുള്ള കര്‍ത്താവിന്‍റെ സജ്ജീവ സാന്നിധ്യമായ ദിവ്യകാരുണ്യത്തിന്‍റെ ആഘോഷത്താല്‍ പവിത്രീകൃതമായ ഒരു ദിനമാണ്. ആകയാല്‍ വിശുദ്ധ കുര്‍ബ്ബാനയാണ് ക്രീസ്തീയ ഞായറാഴ്ചയ്ക്ക് രൂപമേകുന്നത്. ക്രൈസ്തവ ഞായര്‍ വിശുദ്ധകുര്‍ബ്ബാനയെ ചൂഴ്ന്നു നില്ക്കുന്നു. ആകയാല്‍ കര്‍ത്താവുമായുള്ളകൂടിക്കാഴ്ച ഇല്ലാത്തത് ഒരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം എന്തു ഞാറാഴ്ചയാണ്?

ദൗര്‍ഭാഗ്യവശാല്‍, എല്ലാ ഞായറാഴ്ചകളിലും കുര്‍ബ്ബാനയില്‍ പങ്കുകൊള്ളാന്‍ സാധിക്കാത്ത ക്രൈസ്തവ സമൂഹങ്ങളുണ്ട്. അവരും ആ വിശുദ്ധ ദിനത്തില്‍ ദൈവവചനം ശ്രവിച്ചും ദിവ്യകാരുണ്യത്തിനായുള്ള ദാഹം സജ്ജീവമാക്കി നിറുത്തിയും കര്‍ത്താവിന്‍റെ നാമത്തില്‍ പ്രാര്‍ത്ഥനയില്‍ ഒന്നുചേരാന്‍ വിളിക്കപ്പെട്ടിരിക്കുന്നു.

വിശുദ്ധകുര്‍ബ്ബാനയാല്‍ പ്രശോഭിതമായ ഞായറാഴ്ചയുടെ ക്രിസ്തീയ പൊരുള്‍ ചില മതേതരസമൂഹങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നു. അത് ഖേദകരമാണ്. ഈ അര്‍ത്ഥം    വീണ്ടെടുക്കേണ്ടതിനെ, ഈ ആഘോഷത്തിന്‍റെ പൊരുള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടതിനെക്കുറിച്ചുള്ള അവബോധം വീണ്ടും ജനിപ്പിക്കേണ്ടത് ഈ പശ്ചാത്തലത്തില്‍ ആവശ്യമായിരിക്കുന്നു.

ഞായാറാഴ്ച ജോലിയില്‍ നിന്ന് വിട്ടുനില്ക്കുന്ന പതിവ് ആദ്യനൂറ്റാണ്ടുകളില്‍ ഇല്ലായിരുന്നു. ഞായറാഴ്ച ജോലിചെയ്യാതിരിക്കുന്ന പതിവ് ക്രിസ്തുമതത്തിന്‍റെ സംഭാവനയാണ്. യഹൂദര്‍ സാബത്തില്‍ വിശ്രമിച്ചിരുന്നതായി ബൈബിള്‍ പാരമ്പര്യം സാക്ഷിക്കുന്നു. എന്നാല്‍ റോമന്‍ സമൂഹത്തില്‍ ദാസ്യവൃത്തി ചെയ്യുന്നവര്‍ക്ക്   ആഴ്ചയില്‍ ഒരു വിശ്രമദിനം അനുവദിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ അടിമകളായിട്ടല്ല മക്കളായി ജീവിക്കുക എന്ന ദിവ്യകാരുണ്യ പ്രചോദിത ക്രീസ്തീയ വീക്ഷണമാണ് ‍ഞായറഴ്ചയെ, ഏതാണ്ട് ആഗോളതലത്തിലെന്നോണം, വിശ്രമദിനമാക്കി മാറ്റിയത്.

ക്രിസ്തുവിന്‍റെ അഭാവത്തില്‍ നാം അനുദിനജീവിതത്തിന്‍റെ ആശങ്കകളുടെയും നാളത്തെക്കുറിച്ചുള്ള ഭീതിയുടെയും ഭാരത്താല്‍ തളരുന്നു. കര്‍ത്താവുമായുള്ള ഞായറാഴ്ചത്തെ കണ്ടുമുട്ടലാകട്ടെ നമുക്ക് ഇന്ന് വിശ്വാസത്തോടും ധീരതയോടും കൂടി ജീവിക്കാനും പ്രത്യാശയോടെ മുന്നേറാനുമുള്ള ശക്തി പ്രദാനം ചെയ്യുന്നു. അതുകൊണ്ട് ക്രൈസ്തവരായ നമ്മള്‍, ഞായറാഴ്ച ദിവ്യകാരുണ്യാഘോഷത്തില്‍ കര്‍ത്താവുമായുള്ള കൂടിക്കാഴ്ചയക്കായി പോകുന്നു.

കുര്‍ബ്ബനയ്ക്ക് പോകേണ്ട, ഞായറാഴ്ചക്കുര്‍ബ്ബാനയ്ക്കു പോലും പോകേണ്ട ആവശ്യമില്ല, കാരണം, നന്നായിട്ടു ജീവിക്കുകയും അയല്‍ക്കാരനെ സ്നേഹിക്കുകയുമാണ് സുപ്രധാനം എന്നു പറയുന്നവര്‍ക്ക് നാമെന്തു മറുപടി കൊടുക്കും? നിങ്ങള്‍ക്കു പരസ്പരം സ്നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്‍റെ  ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാവരും അറിയും എന്നു യേശു പറഞ്ഞിട്ടുള്ളതും, സ്നേഹിക്കാനുള്ള കഴിവാണ് ക്രിസ്തീയജീവിതത്തിന്‍റെ മേന്മയുടെ അളവുകോല്‍ എന്നതും ശരിതന്നെ, എന്നാല്‍ ദിവ്യകാരുണ്യമാകുന്ന അക്ഷയ സ്രോതസ്സില്‍ നിന്ന് ആവശ്യമായ ഊര്‍ജ്ജം  സ്വീകരിക്കാതെ സുവിശേഷം ജീവിക്കാന്‍ നമുക്ക് എങ്ങനെ സാധിക്കും? നാം വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പോകുന്നത് എന്തെങ്കിലും ദൈവത്തിനു കൊടുക്കാനല്ല, മറിച്ച്, നമുക്കാവശ്യമുള്ളവ അവിടന്നില്‍ നിന്ന് സ്വീകരിക്കാനാണ്.

എന്തിന് ഞായറാഴ്ച കുര്‍ബ്ബാനയ്ക്ക് പോകണം എന്ന ചോദ്യത്തിന് അത് സഭയുടെ കല്പനയാണ് എന്ന ഉത്തരമേകിയാല്‍ മാത്രം പോരാ. യേശുവിന്‍റെ കല്പന പാലിക്കുന്നതിനും അവിടത്തെ വിശ്വാസ്യയോഗ്യരായ സാക്ഷികളായിരിക്കുന്നതിനും അവിടത്തെ കൃപയാലും നമ്മിലും നമ്മുടെ മദ്ധ്യേയുമുള്ള അവിടത്തെ സജ്ജീവസാന്നിധ്യാത്താലും മാത്രമെ സാധിക്കുകയുള്ളു. അതിന് ക്രൈസ്തവരായ നാം ഞയാറാഴ്ചക്കുര്‍ബ്ബാനയില്‍ സംബന്ധിക്കേണ്ടത് ആവശ്യമാണ്. നന്ദി.          

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.

താന്‍ പൊതുകൂടിക്കാഴ്ചയ്ക്കു മുമ്പ് ഒരു ചെറിയ ശാലയില്‍ വച്ച് സംഭാഷണത്തിലേര്‍പ്പെട്ട സര്‍ക്കാരിതര കത്തോലിക്ക സംഘടനകളുടെ സമ്മേളനത്തില്‍ സംബന്ധിക്കുന്നവരും പൊതുദര്‍ശന പരിപാടിയില്‍ പങ്കെടുത്തിരുന്നതിനാല്‍ അവരെ പ്രത്യേകം അഭിവാദ്യം ചെയ്യുകയും ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ അതിരുകളിലേക്ക് സുവിശേഷവെളിച്ചം എത്തിക്കാന്‍ അവര്‍ നടത്തുന്ന യത്നങ്ങളെ ശ്ലാഘിക്കുകയും ചെയ്തു.

ഉപരി നീതിയും സാഹോദര്യവും വാഴുന്ന ഒരു ലോകം കെട്ടിപ്പടുക്കാനുള്ള സഭയുടെ പ്രതിജ്ഞാബദ്ധതയുടെ ആവിഷ്ക്കാരമെന്നോണം പരിശുദ്ധസിംഹാസനത്തിന്‍റെ   പ്രതിനിധികളോടും ഇതര സര്‍ക്കാരിതര സംഘടനകളോടുമുള്ള കുട്ടായ്മയുടെയും സഹകരണത്തിന്‍റെയും അരൂപിയില്‍ പ്രവര്‍ത്തിക്കാന്‍ പാപ്പാ അവര്‍ക്ക് പ്രചോദനം പകരുകയും ചെയ്തു.

പതിവുപോലെ, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്ത പാപ്പാ, പൊതുകൂടിക്കാഴ്ചാ പരിപാടിയുടെ അവസാനം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.