2017-12-11 13:15:00

വരണ്ട ഹൃദയങ്ങളില്‍ പ്രത്യാശയുടെ സരണി തുറക്കുക- പാപ്പാ


റോമില്‍ മഞ്ഞുപെയ്തില്ലെങ്കിലും മാമരം കോച്ചുന്ന തണുപ്പനുഭവപ്പെട്ട ഒരു ദിനമായിരുന്ന ഈ ഞായറാഴ്ച (03/12/17) ഫ്രാന്‍സീസ് പാപ്പ, പതിവുപോലെ, മദ്ധ്യാഹ്നത്തില്‍, വത്തിക്കാനില്‍ നയിച്ച പൊതുവായ ത്രികാലപ്രാര്‍ത്ഥനയില്‍ ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയിരുന്ന ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കുകൊണ്ടു. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തിന്‍റെ  മദ്ധ്യത്തില്‍ ഉയര്‍ന്നു നില്ക്കുന്ന ശിലാസ്തംഭത്തിനരികെ, ലോകരക്ഷകന്‍റെ  പിറവിത്തിരുന്നാള്‍ ആഘോഷത്തിനുള്ള ഒരുക്കത്തിന്‍റെ ഭാഗമായി  പതിവുപോലെ ഇക്കൊല്ലവും നിര്‍മ്മിച്ചിരിക്കുന്ന മനോഹരമായ പുല്‍ക്കൂടും ഉയര്‍ത്തിയിരിക്കുന്ന ദീപാലംകൃത ക്രിസ്തുമസ്സ് മരവും കാണാനും പാപ്പായുടെ ദര്‍ശനഭാഗ്യം ലഭിക്കുന്നതിനുമെത്തിയിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 4.30 ന് പാപ്പാ അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പ്രത്യക്ഷനായപ്പോള്‍ ജനങ്ങള്‍ തങ്ങളുടെ ആനന്ദം കരഘോഷങ്ങളാലും ആരവങ്ങളാലും അറിയിച്ചു.

വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ത്രികാലപ്രാര്‍ത്ഥനയ്ക്കൊരുക്കമായി നല്കിയ സന്ദേശത്തില്‍, ലത്തീന്‍ റീത്തിന്‍റെ   ആരാധനക്രമമനുസരിച്ച് ആഗമനകാലത്തിലെ രണ്ടാമത്തെതായിരുന്ന ഇക്കഴിഞ്ഞ പത്താംതിയതി ഞായറാഴ്ച(10/12/17) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട, വിശുദ്ധ ഗ്രന്ഥ ഭാഗങ്ങളില്‍, ഒന്നാം വായന, ഏശയ്യാപ്രവാചകന്‍റെ  പുസ്തകം, നാല്പതാം അദ്ധ്യായം 1 മുതല്‍ 5 വരെയും 9 മുതല്‍ 11 വരെയും ഉള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന, കര്‍ത്താവിന്‍റെ ആഗമനത്തെക്കുറിച്ച്, കുഞ്ഞാടുകളെ മാറോടണയ്ക്കുകയും സ്വന്തം അജഗണത്തെ മേയിക്കുകയും ചെയ്യുന്ന അജപാലകന്‍റെ വരവിനെക്കുറിച്ചു സൂചിപ്പിക്കപ്പെട്ടിരിക്കുന്നത് വിശകലനം ചെയ്തു.

പാപ്പായുടെ പ്രഭാഷണം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം             

ജാഗരൂഗരായിരിക്കാനുള്ള ക്ഷണത്തോടുകൂടി നാം കഴിഞ്ഞ ഞായറാഴ്ച ആഗമനകാലത്തിന് തുടക്കം കുറിച്ചു. ഇന്ന്, തിരുപ്പിറവിയാഘോഷത്തിനുള്ള ഒരുക്കത്തിന്‍റെ കാലത്തിലെ രണ്ടാമത്തെ ഞായറാഴ്ച, ആരാധനാക്രമം, ഈ കാലത്തിന്‍റെ തനതായ ഉള്ളടക്കം എന്തെന്നു ചൂണ്ടിക്കാട്ടുന്നു.  നമ്മുടെ ജീവിതത്തില്‍ നികത്തേണ്ട ശൂന്യതകള്‍ തിരിച്ചറിയാനും ഔദ്ധത്യത്തിന്‍റെ കാഠിന്യം ലഘൂകരിക്കാനും ആഗതനാകുന്ന യേശുവിന് ഇടമേകാനും ഉള്ള സമയമാണിത്.

ബാബിലോണിയായിലെ പ്രവാസത്തിന്‍റെ അന്ത്യവും ജറുസലേമിലേക്കുള്ള മടക്കയാത്രയും ഏശയ്യാ പ്രവാചകന്‍ ജനങ്ങളെ അറിയിക്കുന്നു. അദ്ദേഹം ഇപ്രകാരം പ്രവചിക്കുന്നു: “ഒരു സ്വരം ഉയരുന്നു: മരുഭൂമിയില്‍ കര്‍ത്താവിന് വഴിയൊരുക്കുവിന്‍ .... താഴ്വരകള്‍ നികത്തപ്പെടും” (40,3). ദൈവത്തിനു മുന്നില്‍ നമ്മുടെ പെരുമാറ്റത്തിന്‍റെ  പൊള്ളത്തരങ്ങളെയും ഉപേക്ഷകളാലുള്ള നമ്മുടെ സകല പാപങ്ങളെയും ആണ് നികത്തപ്പെടേണ്ട താഴ്വരകള്‍ സൂചിപ്പിക്കുന്നത്. പ്രാര്‍ത്ഥിക്കാതിരിക്കുന്നതൊ അല്പ പ്രാര്‍ത്ഥനയൊ നമ്മുടെ ജീവിത്തിലെ ഒരു ശൂന്യതയാകാം. അങ്ങനെയെങ്കില്‍ ആഗമനകാലം തീക്ഷ്ണമായി പ്രാര്‍ത്ഥിക്കുന്നതിന്, ആദ്ധ്യാത്മിക ജീവിതത്തിന്, അതിനര്‍ഹമായ ഇടം നല്കുന്നതിന്, അനുയോജ്യമായ സമയമാണ്.  അയല്‍ക്കാരനോട്, വിശിഷ്യ, ഭൗതികം മാത്രമല്ല ആദ്ധ്യാത്മികവുമായ സഹായം ഏറ്റം ആവശ്യമായിരിക്കുന്നവരോടുള്ള ഉപവിയുടെ അഭാവമാകാം മറ്റൊരു ശൂന്യത. മറ്റുള്ളവരുടെ ആവശ്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയുള്ളവരായിരിക്കാനും അവരോടു കൂടുതല്‍ അടുത്തായിരിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ നമുക്ക്, സ്നാപക യോഹന്നാനെപ്പോലെ, അനേകരുടെ വരണ്ട ഹൃദയങ്ങളാകുന്ന മരുഭൂമിയില്‍ പ്രത്യാശയുടെ സരണികള്‍ തുറക്കാന്‍ സാധിക്കും.

ഏശയ്യാ വീണ്ടും പറയുന്നു: “സകല മലകളും കുന്നുകളും താഴ്ത്തപ്പെടും” (40:4). താഴ്ത്തപ്പെടേണ്ടതായ മലകളും കുന്നുകളും പ്രതിനിധാനം ചെയ്യുന്നത് അഹങ്കാരത്തെയാണ്, ഔദ്ധത്യത്തെയാണ്, ആധിപത്യമനോഭാവത്തെയാണ്. എവിടെ അഹങ്കാരമുണ്ടോ, എവിടെ ആധിപത്യമനോഭാവമുണ്ടോ, എവിടെ ഔദ്ധത്യമുണ്ടോ അവിടെ കര്‍ത്താവിന് പ്രവേശിക്കാന്‍ സാധിക്കില്ല. കാരണം ആ ഹൃദ്യം അഹങ്കാരത്താലും ആധിപത്യഭാവത്താലും ഔദ്ധത്യത്താലും നിറഞ്ഞിരിക്കുന്നു എന്നതു തന്നെ. ആകയാല്‍ ഈ അഹങ്കാരത്തെ നാം താഴ്ത്തേണ്ടിയിരിക്കുന്നു. സൗമ്യതയുടെയും എളിമയുടെയും മനോഭാവം നാം സ്വീകരിക്കേണ്ടിയിരിക്കുന്നു. ബഹളം വയ്ക്കാതെ എളിമയോടെ ശ്രവിക്കുകയും സംസാരിക്കുകയും ചെയ്യുക. അങ്ങനെ നമ്മുടെ രക്ഷകന്‍റെ വരവിനായി ഒരുങ്ങുക. അവന്‍ ശാന്തശീലനും താഴ്മയുള്ളവനുമാണ്. (മത്തായി 11,29). കര്‍ത്താവുമായുള്ള ഐക്യത്തിന് നമുക്ക് പ്രതിബന്ധങ്ങളായ സകലത്തെയും ഉന്മൂലനം ചെയ്യുക എന്നതാണ് നമുക്കുള്ള അടുത്ത ആഹ്വാനം. “കുന്നും കുഴിയുമായ സ്ഥലങ്ങള്‍ നിരപ്പാകും. ദുര്‍ഘടപ്രദേശങ്ങള്‍ സമതലമാകും. കര്‍ത്താവിന്‍റെ മഹത്വം വെളിപ്പെടും. മര്‍ത്യരെല്ലാം ഒരുമിച്ച് അത് ദര്‍ശിക്കും” ഏശയ്യ പറയുന്നു. (ഏശയ്യ 40:4-5) എന്നാല്‍ ഈ പ്രവൃത്തികളെല്ലാം നിവര്‍ത്തിയാക്കപ്പെടുന്നത് ആനന്ദത്താലാണ്, കാരണം, അവയുടെയെല്ലാം ലക്ഷ്യം യേശുവിന്‍റെ ആഗമനമാണ്. നമുക്ക് പ്രിയപ്പെട്ട ഒരാളുടെ സന്ദര്‍ശനം നാം പ്രതീക്ഷിച്ചിരിക്കുകയാണെങ്കില്‍ വളരെ ശ്രദ്ധയോടും സന്തോഷത്തോടും കൂടെ നാം ഒരുക്കങ്ങള്‍ നടത്തും. അതുപോലെതന്നെയാണ്  കര്‍ത്താവിന്‍റെ ആഗമനത്തിനും നാം നമ്മെത്തന്നെ സജ്ജരാക്കുന്നത്. കര്‍ത്താവു വരുമ്പോള്‍ അവിടത്തെ അനുഗ്രഹത്താല്‍ പൂരിതരാകുന്നതിനുവേണ്ടി നാം അനുദിനം അവിടത്തെ ഔത്സുക്യത്തോടുകൂടി പാര്‍ത്തിരിക്കുന്നു.

തന്‍റെ കൃപയാല്‍, പരിശുദ്ധാരുപിയുടെ ശക്തിയാല്‍, സ്നേഹത്തിന്‍റെ കരുത്തിനാല്‍ നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്താന്‍ കഴിയുന്നവനാണ് നാം കാത്തിരിക്കുന്ന രക്ഷകന്‍. വാസ്തവത്തില്‍ പരിശുദ്ധാരൂപി നമ്മുടെ ഹൃദയത്തില്‍ പവിത്രീകരണത്തത്തിന്‍റെയും പുതുജീവന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും അക്ഷയ സ്രോതസ്സായ ദൈവത്തിന്‍റെ സ്നേഹം ചൊരിയുന്നു.  ഈ യാഥാര്‍ത്ഥ്യം അതിന്‍റ പൂര്‍ണ്ണതയില്‍ ജീവിച്ചവളാണ് മറിയം. തന്നില്‍ നിറഞ്ഞു കവിയുംവിധം ശക്തിചൊരിഞ്ഞ പരിശുദ്ധാരൂപിയാല്‍ “സ്നാനപ്പെടാന്‍” സ്വയം അനുവദിച്ചുകൊണ്ടാണ് അവള്‍ ഇപ്രകാരം ജീവിച്ചത്. തന്‍റെ അസ്തിത്വം മുഴുവനോടും കൂടെ ക്രിസ്തുവിന്‍റെ   ആഗമനത്തിന് വഴിയൊരുക്കിയ പരിശുദ്ധ മറിയം അവളുടെ മാതൃക പിന്‍ചെല്ലുന്നതിനു നമ്മെ സഹായിക്കുകയും സമാഗതനാകുന്ന കര്‍ത്താവുമായുള്ള കൂടിക്കാഴ്ചയിലേക്കുള്ള യാത്രയില്‍ നമ്മുടെ ചുവടുകളെ നയിക്കുകയും ചെയ്യട്ടെ.    

ഈ വാക്കുകളില്‍ തന്‍റെ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ ത്രികാലജപം നയിക്കുകയും ആശീര്‍വ്വാദമേകുകയും ചെയ്തു.ആശീര്‍വ്വാദനന്തരം ഫ്രാന്‍സീസ് പാപ്പാ “അണുവായുധ നിര്‍മ്മാര്‍ജ്ജന പ്രചാരണപരിപാടിക്ക്” ഇക്കൊല്ലത്തെ സമാധാന നൊബേല്‍ പുരസ്ക്കാരം  ഡിസംബര്‍ 10 ന് നല്കപ്പെടുന്നത്  അനുസ്മരിച്ചു. ഈ സമ്മാനദാനം ഐക്യരാഷ്ടസഭയുടെ ആഭിമുഖ്യത്തില്‍ മനുഷ്യാവകാശദിനാചരണം നടക്കുന്ന ദിവസത്തില്‍തന്നെയാണെന്നത് പാപ്പാ ഊന്നിപ്പറഞ്ഞു.

മനുഷ്യാവകാശങ്ങളും ആണവനിരായുധീകരണവും തമ്മിലുള്ള ശക്തമായ ബന്ധത്തിലേക്ക് ഇതു വിരല്‍ ചൂണ്ടുന്നുവെന്ന് പാപ്പാ വ്യക്തമാക്കി.വാസ്തവത്തില്‍ സകലരുടെയും, പ്രത്യേകിച്ച്, ഏറ്റം ബലഹീനരുടെയും പ്രതികൂലസാഹചര്യങ്ങളില്‍ കഴിയുന്നവരുടെയും, ഔന്നത്യം സംരക്ഷിക്കുന്നതിനായി പരിശ്രമിക്കുകയെന്നത് അര്‍ത്ഥമാക്കുന്നത് അണുവായുധ വിമുക്തമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് നിശ്ചയദാര്‍ഢ്യത്തോടെ പരിശ്രമിക്കുകയെന്നാണെന്ന് പാപ്പാ പറഞ്ഞു.പൊതുഭവനം പടുത്തുയര്‍ത്തുന്നതിനുള്ള കഴിവ് ദൈവം നമുക്കു പ്രദാനം ചെയ്യുന്നതിനായി പ്രാര്‍ത്ഥിച്ച പാപ്പാ സമാധാനത്തിനും യഥാര്‍ത്ഥ പുരോഗതിക്കും സേവനം ചെയ്യുന്നതിനായി സാങ്കേതികവിദ്യയെ നയിക്കുന്നതിനും നമ്മുടെ ശക്തിയെ പിരമിതപ്പെടുത്തുന്നതിനുമുള്ള ബുദ്ധിയും കഴിവും നമുക്കുണ്ടെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിച്ചു.               

ചൊവ്വാഴ്ച (12/12/17) ഫ്രാന്‍സിലെ പാരീസ് പട്ടണത്തില്‍ “ഭൗമ ഉച്ചകോടി” നടക്കാന്‍ പോകുന്നതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ കാലവാസ്ഥ മാറ്റം എന്ന ആശങ്കാജനകമായ പ്രതിഭാസത്തിന് തടയിടുന്നതിനുള്ള തന്ത്രങ്ങള്‍ ബലപ്പെടുത്തുകയും സാക്ഷാത്ക്കരിക്കുകയും ചെയ്യുന്നതിനുള്ള യത്നങ്ങള്‍ നവീകരിക്കയാണ് ഇതിന്‍റെ  ലക്ഷ്യമെന്ന് വ്യക്തമാക്കി.കാലാവസ്ഥമാറ്റത്തെ ചെറുക്കുന്നതിനുള്ള യഥാര്‍ത്ഥ ഫലപ്രദ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതോടൊപ്പം, ദാരിദ്ര്യത്തിനെതിരെ പോരാടുന്നതിനും സമഗ്രമാനവ പുരോഗതിക്കും പര്യാപ്തമായ തീരുമാനങ്ങളും എടുക്കുന്നതിനും ഈ ഉച്ചകോടിയ്ക്കും ഇതേ ലക്ഷ്യത്തോടുകൂടിയ ഇതര സംരംഭങ്ങള്‍ക്കും സാധിക്കട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.

ഓഖി ചുഴലിക്കാറ്റ്ദുരന്തംത്തിന്‍റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്നവരെയും പാപ്പാ ത്രികാലപ്രാര്‍ത്ഥനാവേളയില്‍ അനുസ്മരിച്ചു. ഓഖി ചുഴലിക്കാറ്റിന്‍റെ ദുരിതമനുഭവിക്കുന്നവരുടെ, വിശിഷ്യ, മത്സ്യബന്ധനത്തിനു പോയി കടലില്‍ കാണാതായ അനേകരുടെ കുടുംബങ്ങളുടെ, ചാരെ താന്‍ സന്നിഹിതനാണെന്ന് പാപ്പാ അറിയിച്ചു. അല്‍ബേനിയായില്‍ ജലപ്രളയദുരന്തത്താല്‍ ക്ലേശിക്കുന്നവരെയും പാപ്പാ അനുസ്മരിച്ചു.

എല്ലാവര്‍ക്കും ശുഭ ഞായറും നല്ലൊരാഗമനകാലപ്രയാണവും ആശംസിച്ച പാപ്പാ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുത് എന്ന പതിവഭ്യര്‍ത്ഥന നവീകരിച്ചു. ഏവര്‍ക്കും നല്ലൊരുച്ചവിരുന്നു നേരുകയും ഇറ്റാലിയന്‍ ഭാഷയില്‍  “അരിവെദേര്‍ച്ചി” (arrivederci) അതായത്, വീണ്ടും കാണാം എന്ന് പറയുകയും ചെയ്തുകൊണ്ട് പാപ്പാ ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.








All the contents on this site are copyrighted ©.