സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പ്രത്യേകഇനങ്ങള്‍ \ വചനവീഥി

ശരണപ്പെടല്‍ : ദൈവത്തോടുള്ള മനുഷ്യന്‍റെ സംവാദം

സൂര്യോദയം - ദൈവത്തില്‍ ശരണപൂര്‍വ്വം മറ്റൊരു ദിനം. - AP

11/12/2017 19:53

ശരണഗീതത്തിന്‍റെ പഠനം ഭാഗം മൂന്ന്

സങ്കീര്‍ത്തനം 4 –ന്‍റെ പഠനം അതിന്‍റെ മൂന്നാം ഭാഗത്ത് പദങ്ങളുടെ വ്യാഖ്യാനപഠനത്തോടെ തുടരാം. ആദ്യത്തെ മൂന്നു പദങ്ങളുടെ വ്യാഖ്യനം നാം കഴിഞ്ഞ രണ്ടു പ്രക്ഷേപണങ്ങളിലായി കണ്ടുകഴിഞ്ഞു. ഈ ശരണസങ്കീര്‍ത്തനം ഘടയില്‍ സംവാദശൈലിയാണ്. ദൈവവും മനുഷ്യനുമായുള്ള സംവാദമാണെന്നും പഠിച്ചതാണ്. അതിനാല്‍ തുടര്‍ന്നുള്ള പഠനത്തില്‍ മനുഷ്യനും ദൈവവുമായുള്ള സംവാദം, സംഭാഷണം തുടരുകയാണ്. മനുഷ്യനാണ് എപ്പോഴും ദൈവത്തോട് ആദ്യം സംസാരിക്കുന്നത്, അല്ലെങ്കില്‍ സംവദിക്കുന്നത്. മനുഷ്യന്‍ തന്‍റെ യാതനകളും വേദനകളും ദൈവത്തിന്‍റെ മുന്നില്‍ ഉണര്‍ത്തിക്കുകയാണ്. നിങ്ങളുടെയും എന്‍റെയും അനുദിനജീവിത ക്ലേശങ്ങള്‍ ഏറ്റുപറഞ്ഞുകൊണ്ടാണല്ലോ, നാം ദൈവത്തില്‍ ആശ്രയിക്കുന്നത്, ദൈവത്തില്‍ ശരണപ്പെടുന്നത്. അതിനാല്‍ ദൈവത്തില്‍ പ്രത്യാശ അര്‍പ്പിക്കുന്ന മനുഷ്യന്‍റ ശരണഭാവമാണ് ഗീതത്തില്‍ മുന്നിട്ടു നില്ക്കുന്നത്! പ്രത്യാശയോടെ ദൈവത്തില്‍ ആശ്രയിക്കുന്ന മനുഷ്യന് അവിടുന്നു നല്കുന്ന സുരക്ഷയുടെയും സമാധാനത്തിന്‍റെയും ആശയങ്ങളാണ് പദങ്ങളില്‍ തെളിഞ്ഞുനിലക്കുന്നത്. അതുപോലെ ദേവാലയവുമായി ബന്ധപ്പെട്ട ബലിയര്‍പ്പണത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും ദൈവാശ്രയത്തിന്‍റെയും ശ്രേഷ്ഠമുഹൂര്‍ത്തങ്ങളും ഇതില്‍ ഉണ്ടെന്നോര്‍ക്കണം. കാരണം പ്രാര്‍ത്ഥനാലയം ദൈവസാന്നിദ്ധ്യ സ്മരണ ഉയര്‍ത്തുന്ന ഇടമാണല്ലോ! അങ്ങനെ ശരണഗീതത്തിന് ദേവാലയവുമായി, അല്ലെങ്കില്‍ വിശ്വാസസമൂഹവുമായി ബന്ധമുണ്ട്.

സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ മാത്യു മുളവനയും ജെറി അമല്‍ദേവുമാണ്. ആലാപനം രമേഷ് മുരളിയും സംഘവുമാണ്.

Musical Version of Ps. 4
സകലേശനെന്‍റെ നാഥാ ഉണര്‍ത്തീടുന്നാത്മതാപം
സഹതാപമാര്‍ന്നു വേഗം ഏകീടണേ കടാക്ഷം
വിഷമങ്ങളാകെ തീരാ ദുഃഖങ്ങളായിടുമ്പോള്‍
കരുണാര്‍ദ്രനായി താതാ തന്നീടണേ സഹായം
അലിയാത്ത നെഞ്ചിനുള്ളില്‍ അഭിമാനമെന്തു മനുജാ
മറിമായ മിഥ്യ പിമ്പേ ഓടാനിതെന്തു ബന്ധം

ഇനി, ബാക്കിയുള്ള പദങ്ങള്‍ : 5-മുതല്‍ 8-വരെയുള്ള പദങ്ങളുടെ വ്യാഖ്യാനത്തിലൂടെ ഈ ശരണഗീതത്തിന്‍റെ പഠനം നമുക്ക് തുടരാം. ഉചിതമായ ബലികള്‍ അര്‍പ്പിച്ച് ദൈവത്തില്‍ ആശ്രയിച്ചു ജീവിക്കാന്‍ അഞ്ചാമത്തെ പദത്തില്‍ സങ്കീര്‍ത്തകന്‍ ദൈവനാമത്തില്‍ ആവശ്യപ്പെടുന്നു. അപ്പോള്‍ മനുഷ്യന്‍ പ്രത്യുത്തരിക്കുന്നു. ആദ്യം നമുക്ക് പദങ്ങളുമായി പരിചയപ്പെടാം.

Recitation 1 :
ഉചിതമായ ബലികള്‍ അര്‍പ്പിക്കുകയും കര്‍ത്താവില്‍
ആശ്രയിക്കുകയും ചെയ്യുവിന്‍. ആരു നമുക്കു നന്മചെയ്യും
കര്‍ത്താവേ, അങ്ങയുടെ മുഖകാന്തി
ഞങ്ങളുടെമേല്‍ പ്രകാശിപ്പിക്കണമേ,

എന്നു പലരും പറയാറുണ്ട്. ശരണപ്പെടുന്ന ഭക്തന് ദൈവം സ്വയം വെളിപ്പെടുത്തി കൊടുക്കുന്നുവെന്നാണ് പദങ്ങള്‍ വ്യക്തമാക്കുന്നത്. ദൈവത്തിന്‍റെ വിചാരങ്ങള്‍ മനുഷ്യന്‍ മനസ്സിലാക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മനുഷ്യന്‍ ദൈവത്തിന്‍റെ സൃഷ്ടിയും  ഉടമ്പടിപ്രകാരമുള്ള ജനവുമാകയാല്‍, അവിടുത്തെ വഴികളിലൂടെ ചരിക്കണമെന്നത് മനുഷ്യന്‍റെ ഏറെ പ്രധാപ്പെട്ട ഉത്തരവാദിത്വമാണ്, കടമയാണ്. തൊട്ടുമുന്‍പുള്ള 4-ാമത്തെ പദം സൂചിപ്പിച്ചത്, നി‍ന്‍റെ സഹോദരനെതിരായി തിന്മചെയ്യരുത്. ഞാന്‍ ഇങ്ങനെയും അങ്ങനെയും ചിന്തിക്കുന്നു, വിചാരിക്കുന്നു എന്നു പറയുന്നതിലും ഭേദം, ദൈവം എന്താണു പറയുന്നതെന്ന് മെനഞ്ഞെടുത്ത്, മനനംചെയ്ത്, നന്മയുടെ പാതയിലേയ്ക്കു തിരിയുകയാണ് വേണ്ടത്. നിഷേധാത്മകമായവ വിട്ട്, ദൈവം കാട്ടിത്തരുന്ന ക്രിയാത്മകമായ വഴികളിലേയ്ക്കു തിരിയുക, അവിടുത്തെ കല്പനകള്‍ പാലിച്ചു ജീവിക്കുക! ദൈവത്തിന്‍റെ വഴികളിലൂടെ നടക്കുക. ഇതാണ് അവിടുന്ന് നമ്മോട് ആവശ്യപ്പെടുന്നത്. കര്‍ത്താവേ, അങ്ങ് എന്‍റെ വിശ്വാസത്തെ ബലപ്പെടുത്തണമേ, എന്നു പറയുന്നതുപോലെ... (മര്‍ക്കോസ് 9, 24)... സങ്കീര്‍ത്തകന്‍ തുടര്‍ന്നുള്ള പദങ്ങളില്‍ ഇങ്ങനെയാണ് കുറിക്കുന്നത്,

Recitation :
“കര്‍ത്താവേ, അങ്ങ പരിപാലന ഞങ്ങളില്‍ വര്‍ഷിക്കണമേ,
 അങ്ങേ മുഖകാന്തി ഞങ്ങള്‍ക്ക് ദൃശ്യമാക്കണമേ!”

അതായത്, സര്‍വ്വശക്തനും  സ്രഷ്ടാവും പരിപാലകനുമായ ദൈവം എന്തിനാണ് ഞങ്ങളെ ഇത്രയേറെ പരീക്ഷിക്കുന്നത്? അങ്ങില്‍ ആശ്രയിക്കുന്ന ഞങ്ങളെ ചെവിക്കൊള്ളണമേ, അങ്ങില്‍ ശരണപ്പെടുന്ന ഞങ്ങളെ കൈക്കൊള്ളണമേ! അങ്ങയുടെ അനുഗ്രഹം മാത്രം മതി, ആശീര്‍വ്വാദം മാത്രം മതി, ഞങ്ങള്‍ രക്ഷപ്രാപിക്കുന്നതിന്... എന്നാണ് ഗായകന്‍ ദൈവസന്നിധിയില്‍ വിലപിക്കുന്നത്. ദൈവം പ്രത്യുത്തരിക്കുന്നതുവഴി. സങ്കീര്‍ത്തകന്‍ ആശീര്‍വ്വാദം സ്വീകരിക്കുന്നു., ദൈവാനുഗ്രഹം നേടുന്നു. 

പ്രഭാത പ്രാര്‍ത്ഥയുടെ അന്ത്യത്തില്‍ എന്നും വന്ന് ആശീര്‍വ്വാദം മാത്രം സ്വീകരിക്കുന്ന ഒരു പ്രായമായ സ്ത്രീ ഉണ്ടായിരുന്നു. സ്ത്രീ പറയുമായിരുന്നു. “ഞാന്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തില്ലെങ്കിലും എനിക്ക് ആശീര്‍വ്വാദം മാത്രം മതി. ആശീര്‍വ്വാദം ദൈവത്തിന്‍റെ മുഖകാന്തിയാണ്.” ഈ ശ്രദ്ധേയമായ തിരിച്ചറിവ് നമുക്കും ഏവര്‍ക്കും ജീവിതത്തില്‍ അനിവാര്യമാണ്. അനുദിനജീവിതത്തില്‍ ദൈവത്തിന്‍റെ ദര്‍ശനമാണ് ദൈവാനുഗ്രഹം! ജീവിതത്തില്‍ അനുനിമിഷമുള്ള ദൈവവിചാരം തന്നെ ദൈവാനുഗ്രഹമാണെന്ന തിരിച്ചറിവ് ശ്രേഷ്ഠമാണ്. മനുഷ്യജീവിതങ്ങള്‍ അനുദിനം മുന്നോട്ടു നീങ്ങുമ്പോള്‍ ദൈവത്തില്‍ ആശ്രയിക്കാം, അവിടുന്നില്‍ പ്രത്യാശയര്‍പ്പിച്ചു മുന്നേറാം. അനുനിമിഷം നന്മയില്‍ നിലനില്ക്കാന്‍ തിന്മയുള്ള ലോകത്ത് ദൈവവിചാരം സഹായകമാണെന്ന് പദങ്ങളിലൂടെ ഗായകന്‍ നമ്മെ ഉദ്ബോധിപ്പിക്കുന്നു.

Musical Version of Ps. 4
ഭയഭക്തിയാര്‍ന്ന സുതരെ ദൈവം കനിഞ്ഞു താങ്ങും
വിരവില്‍ വിളിച്ചിടുമ്പോള്‍ കാതോര്‍ത്തു കേള്‍ക്കുമീശന്‍
മനുജാ നിറഞ്ഞ ഭക്തി പരമാര്‍ത്ഥമാക്കിടേണം
എതിരേവരുന്നദേഷം അതിയായ് വെറുത്തിടേണം
മനനം നടത്തി ശാന്തം ധ്യാനത്തിലാഴ്ന്നിടേണം
കിടന്നീടുമക്ഷണത്തില്‍ പരിചിന്ത്യനായ് ശയിക്കൂ?

ഇനി, 5, 6 പദങ്ങളില്‍ ശ്രദ്ധേയമാകുന്ന മറ്റൊരു വസ്തുത, ഭൗമികമല്ലാത്തൊരു സന്തോഷം, മാനുഷികതലം വിട്ടൊരു ആനന്ദം, അതായത്, ഒരുയഥാര്‍ത്ഥമായ സന്തോഷം എവിടെയോ, അങ്ങെവിടെയോ ഉണ്ടെന്ന ബോധ്യമാണ്! ഓര്‍മ്മയിലേയ്ക്ക് ഓടിയെത്തുന്നത്, പാപ്പാ ഫ്രാന്‍സിസിന്‍റെ ഒരു ട്വിറ്റര്‍ സന്ദേശമാണ് – “പ്രാര്‍ത്ഥിക്കാന്‍ ഒരിക്കലും മടിക്കരുത്! നിഷ്ഫലമെന്നു തോന്നിയാലും ഒരിക്കലും പ്രാര്‍ത്ഥന നിര്‍ത്തരുത്!” ഉപേക്ഷിക്കരുത്! അഭൗമമായ ദൈവിക ശക്തിയുടെ സന്തോഷത്തില്‍ ശരണപ്പെട്ടു ജീവിക്കുവാനുള്ള ഉപാധിയാണ് പ്രാര്‍ത്ഥന. അത് മനുഷ്യന്‍റെ ദൈവാശ്രയബോധം വെളിപ്പെടുത്തുന്നു.  ഗായകന്‍ വിവരിക്കുന്നതും, ഏറ്റുപറയുന്നതും ദൈവത്തിലുള്ള മനുഷ്യന്‍റെ നിരന്തരമായ ശരണപ്പെടലാണെന്ന്, 7, 8 പദങ്ങള്‍ ശ്രവിച്ചുകൊണ്ടു മനസ്സിലാക്കാം.

Recitation :
ധാന്യത്തിന്‍റെയും വീഞ്ഞിന്‍റെയും സമൃദ്ധിയില്‍
അവര്‍ക്കുണ്ടായിതിലേറെ ആനന്ദം
എന്‍റെ ഹൃദയത്തില്‍ അങ്ങു നിക്ഷേപിച്ചിരിക്കുന്നു.
 ഞാന്‍ പ്രശാന്തമായി കിടന്നുറങ്ങും, എന്തെന്നാല്‍ കര്‍ത്താവേ,
അങ്ങുതന്നെയാണ് എനിക്കു  രക്ഷ, സുരക്ഷിതത്വം നല്കുന്നത്.

വിളവെടുപ്പു കാലത്ത് കര്‍ഷകര്‍ക്കുള്ള സന്തോഷവും, അവരുടെ ആന്തരികാനുഭവവും പറഞ്ഞറിയിക്കാനാവാത്തതാണ്.
എന്നാല്‍ ദൈവം തന്ന വിളസമൃദ്ധിയുടെ സന്തോഷം കഴിഞ്ഞാല്‍ ഉടന്‍ ശരത്ക്കാലത്തിന്‍റെയും തണുപ്പിന്‍റെയും മന്ദതയും, പിന്നെ വരള്‍ച്ചയുമെല്ലാം ഉണ്ടായാലും, അയാള്‍ക്ക് പരാതിയില്ല. അത് കര്‍ഷകന് സാധാരണ അനുഭവമാണ്. അതും കര്‍ഷകന്‍ സ്വീകരിക്കുന്നു. അയാള്‍ ആ മാസങ്ങളിലൂടെയെല്ലാം കരുതലോടെ നീങ്ങുന്നു. വിത്തൊരുക്കുന്നു. പിന്നെ നിലമൊരുക്കുന്നു, വിതയ്ക്കുന്നു. കാത്തിരുന്ന് അനുദിനം പരിചരിക്കുന്നു, പ്രത്യാശയോടെ വീണ്ടും വിളവെടുപ്പിനായി പാര്‍ത്തിരിക്കുന്നു. ദൈവത്തോടുള്ള നന്ദിയുടെയും, ലഭിച്ച സമൃദ്ധിയ്ക്കുള്ള സന്തോഷവും നന്ദിയുടെ വികാരവും ഉള്ളിലൊതുക്കി, എന്നാല്‍ ഒരിക്കലും ആവലാതിപ്പെടാതെ സംതൃപ്തിയോടെ ജീവിക്കുന്നു. എന്നിട്ട് അടുത്ത വിതയ്ക്കും വിളപ്പെടുപ്പിനുമായി ആയാള്‍ പിന്നെയും ഒരുങ്ങുകയാണ്!

മേല്‍പ്പറഞ്ഞ സമൃദ്ധിയുടെ സന്തോഷത്തിലും എത്രയോമടങ്ങു വലുതാണ് ദൈവത്തിലുള്ള ആനന്ദം. ദൈവം തരുന്ന ആന്തരീകസന്തോഷം, ആസ്വദിക്കാന്‍ നമുക്കു സാധിക്കണം!  ദൈവം തന്‍റെ ജനത്തെ പരിപാലിക്കുന്നു. അവരെ അവിടുന്നു നയിക്കുന്നു. ഇനം അവിടുത്തെ മുന്‍പില്‍ ആനന്ദിക്കുന്നു (ഏശയ 9, 3).  ഇവിടെ ആത്മീയ ഗുരുക്കള്‍ പറയുന്ന, ആനന്ദവും സന്തോഷവും തമ്മിലുള്ള വിവേചനം നല്ലതായിരിക്കും. സന്തോഷിക്കുക... ഒരാഘോഷത്തിന്‍റെ സന്തോഷമാണ്, ആര്‍ഭാടത്തിന്‍റെ തിമിര്‍പ്പാണ്. ആഘോഷം തീരുമ്പോള്‍ സന്തോഷം  മന്ദീഭവിക്കുന്നു, മെല്ലെ ഇല്ലാതാകുന്നു. എന്നാല്‍ ആനന്ദം..., ആഴവും വ്യാപ്തിയുമുള്ളതാണ്. അത് നിലനില്ക്കുന്നതാണ്. അത് മങ്ങിപ്പോകാത്ത മാഞ്ഞുപോകാത്ത ദൈവിക ആനന്ദമാണെന്നും, അത് ദൈവകൃപയില്‍ ഊന്നിയതാണെന്നും നാം മനസ്സിലാക്കണം. യഥാര്‍ത്ഥ ആനന്ദം ദൈവികമാകയാല്‍ അതൊരിക്കലും ബാഷ്പീകരിച്ചുപോവുകയോ, മാഞ്ഞുപോവുകയോ, മങ്ങിപ്പോകയോ ചെയ്യുന്നില്ല.

Musical Version of Ps. 4
പരിചില്‍ പ്രസാദപൂര്‍വ്വം പൂജക്കൊരുങ്ങവേണം
സകലേശ പാദപത്മേ ബലിയെന്നുമേകിടേണം
പലരും നിരൂപിച്ചേവം ചോദിച്ചിടുന്നു ചോദ്യം,
“കരുണാസഹായമേകാന്‍ ആരാണു ഭൂവിലീശാ,”
ധനധാന്യരാശി കൂടും സമ്പന്നമര്‍ത്യനേക്കാള്‍
അരുളീ ഹൃദന്തമെന്നില്‍ ആനന്ദഹര്‍ഷമീശന്‍


(William Nellikkal)

11/12/2017 19:53