സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

2018-ലെ ലോകരോഗീദിനത്തിലേയ്ക്കുള്ള പാപ്പായുടെ സന്ദേശം

രോഗിയായ വ്യക്തിയെ ആശീര്‍വദിക്കുന്ന പാപ്പാ, 06-12-2017. - ANSA

11/12/2017 17:04

രോഗികളോടും രോഗീശുശ്രൂഷകരോടും ഉള്ള സഭയുടെ സേവനം അവളുടെ യജമാനനും സ്ഥാപകനുമായ കര്‍ത്താവിന്‍റെ മഹനീയ മാതൃകയെ പിഞ്ചെന്നും അവിടുത്തെ കല്‍പ്പനയോടുള്ള വിശ്വ സ്തതയിലും, നവോന്മേഷത്തോടുകൂടി തുടരുന്നു എന്ന വാക്കുകളോടെ ആരംഭിക്കുന്ന ഈ സന്ദേശത്തിന്‍റെ പ്രമേയമായി സ്വീകരിച്ചിരിക്കുന്നത് വി. യോഹന്നാന്‍റെ സുവിശേഷം 19-ാമധ്യായത്തിലെ ‘‘…ഇതാ നിന്‍റെ മകന്‍, …ഇതാ നിന്‍റെ അമ്മ.  അപ്പോള്‍ മുതല്‍ ആ ശിഷ്യന്‍ അവളെ സ്വഭവനത്തില്‍ സ്വീകരിച്ചു’’ (വാ 26-27) എന്ന വാക്യങ്ങളാണ്.  ഈ ബൈബിള്‍വാക്യം കുരിശിന്‍റെ രഹസ്യത്തെ തേജസ്സോടെ പ്രകാശിപ്പിക്കുന്ന കര്‍ത്താവിന്‍റെ വാക്കുകളാണെന്നും അവസാനംവരെയുള്ള അവിടുത്തെ സ്നേഹത്തിന്‍റെയും മഹത്വത്തിന്‍റെയും വെളിപ്പെടുത്തലാണെന്നും എടുത്തുപറഞ്ഞുകൊണ്ട്, കുരിശിന്‍ ചുവട്ടിലെ അമ്മ, ഹൃദയം തകര്‍ക്കുന്ന ദുഃഖത്തിലും തളരാതെ, കര്‍ത്താവിന്‍റെ അമ്മ എന്ന നിലയില്‍ സഭയുടെ മാതൃസ്ഥാനം ഏറ്റെടുക്കുകയാണ് എന്നു ആദ്യഭാഗത്തു പരിശുദ്ധ പിതാവു വിശദീകരിക്കുന്നു.

തുടര്‍ന്ന്, അമ്മയെ സ്വീകരിച്ച അവിടുത്തെ സ്നേഹശിഷ്യനാകട്ടെ, മെസയാനികജനതയുടെ പ്രതീകമായി മാറുന്നു എന്നു പാപ്പാ സൂചിപ്പിക്കുന്നു.    കര്‍ത്താവിന്‍റെ കാരുണ്യവും സ്നേഹശുശ്രൂഷകളും നേരില്‍ കണ്ടവനും, തുടര്‍ന്ന് മറിയത്തെ സ്വഭവനത്തില്‍ സ്വീകരിച്ചവനുമായ യോഹന്നാന്‍, മറിയത്തിന്‍റെ മാതൃദൗത്യവും സഭയുടെ ദൗത്യമായി സ്വീകരിച്ചുകൊണ്ട് സഭയുടെ പ്രതിനിധിയാവുകയാണ്. എല്ലാവരും ദൈവത്തിന്‍റെ മക്കളായതിനാല്‍ ദൈവരാജ്യത്തിന്‍റെ സുവിശേഷം എല്ലാവരോടും പ്രസംഗിക്കപ്പെടണമെന്നും, ക്രിസ്തീയ ഉപവി എല്ലാവരോടും പ്രകടിപ്പിക്കപ്പെടണമെന്നും അങ്ങനെ സഭ മനസ്സിലാക്കുന്നു.

സഭയുടെ മാതൃദൗത്യം സമൂര്‍ത്തമായ പ്രകാശനം സ്വീകരിക്കുന്നത്, ആവശ്യത്തിലിരിക്കുന്നവരെയും രോഗികളെയും ശുശ്രൂഷിക്കുന്നതിലാണ് എന്ന രണ്ടായിരം വര്‍ഷങ്ങളിലൂടെയുള്ള ചരിത്രം ഇന്നും രോഗീശുശ്രൂഷയ്ക്കായി വിവിധ സംരംഭങ്ങളിലൂടെ മുദ്രിതമാവുകയാണ്.   ഗുണമേന്മയുള്ള ശുശ്രൂഷകള്‍ ലഭ്യമാക്കുമ്പോഴും മനുഷ്യവ്യക്തി എല്ലാറ്റിന്‍റെയും കേന്ദ്രമായിരിക്കേണ്ടതുണ്ട്.   നമ്മെ സമ്പന്നരാക്കുന്നതിലല്ല, സ്വാത്മബലിയോളം എത്തുന്ന ഔദാര്യത്തില്‍ എത്തി നില്‍ക്കുന്നതിലാകണം നമ്മുടെ ശുശ്രൂഷകള്‍.  സഭയിലൂടെ കര്‍ത്താവിന്‍റെ സൗഖ്യദായകശക്തി സംലഭ്യമാക്കപ്പെടണം.  അതിനായി, അനുകമ്പയും അലിവുമാര്‍ന്ന, കര്‍ത്താവിന്‍റെ വീക്ഷണം ആവശ്യമാണ്.  രോഗികളായിരിക്കുന്നവരുടെ വ്യക്തികളില്‍ അവരുടെ മഹത്വം മാനിക്കപ്പെടുക എന്നത്  രോഗീപരിചരണ പ്രക്രിയയുടെ കേന്ദ്രമാണെന്ന് ഈ സന്ദേശത്തിലൂടെ വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നു.  

അവസാനമായി, അലിവാര്‍ന്ന സ്നേഹത്തിന്‍റെ അമ്മയായ മറിയത്തിന് ആത്മാവിലും ശരീരത്തിലും രോഗികളായിരിക്കുന്ന എല്ലാവരെയും ഭരമേല്‍പ്പിച്ചുകൊണ്ടും, രോഗികളായിരിക്കുന്ന സഹോദരീ സഹോദരങ്ങളെ സ്വീകരിക്കുന്ന മനോഭാവം സ്വന്തമാക്കുന്നതിന് അമ്മയുടെ സഹായം അപേക്ഷിച്ചു കൊണ്ടുമുള്ള ഈ ഇരുപത്താറാമത് രോഗീദിനസന്ദേശം രോഗികള്‍ക്കും രോഗീശുശ്രൂഷകര്‍ക്കും അപ്പസ്തോലികാശീര്‍വാദം നല്‍കി പാപ്പാ ഉപസംഹരിക്കുന്നു.

2018 ഫെബ്രുവരി 11-ലെ ലൂര്‍ദുമാതാവിന്‍റെ തിരുനാളില്‍ ആചരിക്കുന്ന ഈ ദിനത്തിലേയ്ക്കുള്ള പരിശുദ്ധ പിതാവിന്‍റെ സന്ദേശം 2017 ഡിസംബര്‍ 11-ാംതീയതി വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി. 

11/12/2017 17:04