2017-12-09 13:18:00

സ്നേഹ-സൗഹൃദങ്ങള്‍ അനുഭവവേദ്യമാക്കണം - പാപ്പാ


കുടിയേറ്റക്കാര്‍ക്ക്, സര്‍വ്വോപരി, ആവശ്യമായിരിക്കുന്നത് മാനുഷികമായ സ്നേഹവും സൗഹൃദവും സാമീപ്യവുമാണെന്ന് മാര്‍പ്പാപ്പാ.

1917 ഡിസമ്പര്‍ 22 ന് അമേരിക്കന്‍ ഐക്യനാടുകളില്‍, ചിക്കാഗൊയില്‍ വച്ച് മരണമടഞ്ഞ ഇറ്റലിസ്വദേശിനിയും “യേശുവിന്‍റെ  തിരുഹൃദയത്തിന്‍റെ പ്രേഷിതകള്‍” എന്ന സന്ന്യാസിനിസമൂഹത്തിന്‍റെ സ്ഥാപകയും ആയ വിശുദ്ധ ഫ്രാന്‍ചെസ്ക്ക സവേരിയൊ കബ്രീനിയുടെ ഒന്നാം ചരമശതാബ്ദിയാഘോഷത്തിന്‍റെ  സമാപനത്തോടനുബന്ധിച്ച് പ്രസ്തുത സമൂഹത്തിലെ അംഗങ്ങളടങ്ങിയ 250 ഓളം പേരെ ശനിയാഴ്‍ച(09/12/17) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

തെക്കെ അമേരിക്കയിലും വടക്കെ അമേരിക്കയിലും കുടിയേറ്റക്കാരെ സഹായിക്കുന്നതിന് 24 പ്രാവശ്യം കടല്‍താണ്ടിയ വിശുദ്ധ കബ്രീനി അവളുടെ ജീവിതം പൂര്‍ണ്ണമായും കുടിയേറ്റക്കാര്‍ക്കായി നീക്കിവച്ചത് അനുസ്മരിച്ച പാപ്പാ ആ വിശുദ്ധയുടെ സിദ്ധിക്ക് ഇന്ന് പ്രത്യേക പ്രസക്തിയുണ്ടെന്ന് ആഗോള കുടിയേറ്റ പ്രതിഭാസത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് വിശദീകരിച്ചു.

പട്ടിണി, അക്രമങ്ങള്‍ എന്നിവയുടെ വിവിധങ്ങളായ രൂപങ്ങളുടെ പ്രഹരമേറ്റ സ്ത്രീപുരുഷന്മാരും കുട്ടികളും ഇന്ന് നിരവധിയാണെന്നും അവര്‍ മദര്‍ കബ്രീനിയുടേതു പോലുള്ള, തങ്ങളെ സ്വാഗതം ചെയ്യുന്ന ഹൃദയങ്ങളും തങ്ങള്‍ക്കു നേരെ നീളുന്ന കരങ്ങളും പ്രതീക്ഷിച്ച് നമ്മുടെ കണ്‍മുന്നില്‍ നില്ക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

കുടിയേറ്റക്കാരെ സംബന്ധിച്ചിടത്തോളം, തീര്‍ച്ചയായും, ഉചിതമായ നിയമങ്ങളും വികസനപരിപാടികളും ആവശ്യമാണെന്ന വസ്തുതയും പാപ്പാ എടുത്തുകാട്ടി.

യേശുവിന്‍റെ തിരുഹൃദയത്തിന്‍റെ ആദ്ധ്യാത്മികത ജീവിച്ച വിശുദ്ധ കബ്രീനിക്ക് അതിനാല്‍ത്തന്നെ തന്നെ സമീപിക്കുന്നവരുടെ ഹൃദയത്തിലേക്കു നോക്കാനും അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നിറവേറ്റാനും സാധിച്ചിരുന്നുവെന്നും പാപ്പാ അനുസ്മരിച്ചു.

 








All the contents on this site are copyrighted ©.