സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പ്രത്യേകഇനങ്ങള്‍ \ സുവിശേഷപരിചിന്തനം

ദൈവസന്നിധിയില്‍ വിനയപൂര്‍വ്വം : ആഗമനകാലം രണ്ടാംവാരം

ആഗമനകാലം രണ്ടാം ഞായര്‍

09/12/2017 18:40

വിശുദ്ധ മര്‍ക്കോസിന്‍റെ സുവിശേഷം 1, 1-8

യേശുവില്‍ ചുരുളഴിയുന്ന രക്ഷയുടെ സന്ദേശം
വിശുദ്ധ മര്‍ക്കോസിന്‍റെ സുവിശേഷത്തിന്‍റെ ആരംഭമാണ് ഇന്നത്തെ സുവിശേഷഭാഗം. ആദ്യവചനംതന്നെ രചനയുടെ ഉള്‍ക്കാമ്പു വെളിപ്പെടുത്തുന്നു - “ദൈവപുത്രനായ യേശുക്രിസ്തുവിന്‍റെ സുവിശേഷത്തിന്‍റെ ആരംഭം”  (മര്‍ക്കോസ് 1, 1). തുടര്‍ന്നുള്ള അദ്ധ്യായങ്ങളില്‍ ചുരുളഴിയുന്നത് യേശുവില്‍ വെളിപ്പെട്ടു കിട്ടുന്ന രക്ഷാകര സംഭവങ്ങള്‍ക്കെല്ലാം പശ്ചാത്തലമാകുന്ന ഈ വചനംതന്നെയാണ്. സുവിശേഷകന്‍ പദങ്ങളില്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നത്,

ഈശോ ദൈവപുത്രനാണെന്ന സത്യമാണ്. അതിനാല്‍ നമുക്കു പറയാം വിശുദ്ധ മര്‍ക്കോസിന്‍റെ സുവിശേഷത്തിലെ ആദ്യത്തെ വരി ഒരു വിശ്വാസപ്രഖ്യാപനമാണ്. ഈ വചനം ക്രിസ്തുവിന്‍റെ മനുഷ്യാവതാര രഹസ്യത്തിന്‍റെ സത്തയിലേയ്ക്ക് നമ്മെ നയിക്കുന്നു. അതായത് അതിന്‍റെ ലക്ഷ്യങ്ങളിലേയ്ക്കും കാരണങ്ങളിലേയ്ക്കും നമ്മെ നയിക്കുന്നു. രക്ഷാകര ചരിത്രം തുടങ്ങുന്നത് ക്രിസ്തുവിന്‍റെ തിരുപ്പിറവിയോടെയല്ല, അതിനു മുന്‍പേ യുഗങ്ങളുടെ ആരംഭത്തിലേ  ദൈവത്തിന്‍റെ മനസ്സിലും പദ്ധതിയിലും  രക്ഷയുടെ കിരണം വിരിഞ്ഞുവെന്നാണ്. സുവിശേഷകന്‍ സ്ഥാപിക്കുന്നത്.

ക്രിസ്തുവിനു വഴിയൊരുക്കുന്നവര്‍
ഇന്നത്തെ വചനത്തിലെ മുഖ്യകഥാപാത്രം സ്നാപക യോഹന്നാനാണ്. രക്ഷകന് വഴിയൊരുക്കുന്നവനായിട്ടാണ് അയാളെ സുവിശേഷകന്‍ ചിത്രീകരിച്ചിരിക്കുന്നത്. യേശു തന്‍റെ പരസ്യജീവിതവും ദൗത്യവും  ആരംഭിക്കുന്ന സമയത്ത് ജനങ്ങള്‍ക്ക് അവിടുത്തെ പരിചയപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം രംഗപ്രവേശനം ചെയ്യുന്നത്. കര്‍ത്താവിനു വഴിയൊരുക്കാന്‍ അയാള്‍ വിനയാന്വിതനായി ആവശ്യപ്പെടുന്നു. ജ്ഞാനസ്നാനത്തിലൂടെ ജനങ്ങള്‍ക്ക് ആത്മീയ നവജീവന്‍ നല്കുന്ന ഒരു പ്രബോധകനായിട്ടാണ് യോര്‍ദ്ദാന്‍ നദിക്കരയില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടത്.. പ്രവാചകനും, ദൈവവചനം പങ്കുവയ്ക്കുന്നവനും ജനങ്ങളുടെ നവമായ മാനസാന്തരത്തിന്‍റെ സന്ദേശവാഹകനുമാണ് സ്നാപകയോഹന്നാന്‍. തന്‍റെ ചുറ്റുപാടില്‍  അറിയപ്പെട്ടവനായി തീരുന്നതിനാല്‍ ജനങ്ങള്‍ ഗലീലിയുടെ പലഭാഗങ്ങളില്‍നിന്നും യോര്‍ദ്ദാന്‍ നദിക്കരയിലേയ്ക്ക് മാനസാന്തരത്തിന്‍റെ സന്ദേശം ശ്രവിക്കാനും, ജലത്താലുള്ള ജ്ഞാനസ്നാനം സ്വീകരിക്കാനും നവജീവന്‍ പ്രാപിക്കാനുമായി ഓടിക്കൂടുകയാണ്. എന്നാല്‍ അയാളുടെ ജീവിതം ഭിക്ഷുസമാനവും വിരക്തിയുടേതുമാണ്. ഒരു താപസന്‍റെ വേഷമാണ് അയാള്‍ വസ്ത്രവിതാനത്തില്‍ - പരുക്കന്‍ വസ്ത്രങ്ങള്‍, മരുപ്രദേശത്തെ തുലോം നിസ്സാരമായ ഭക്ഷണവും ജീവിതരീതിയും.

വെളിച്ചം കിട്ടിയവരുടെ വിനയഭാവം
വെളിച്ചം കിട്ടിയവരൊക്കെ ഭിക്ഷുക്കളാകും എന്ന ചിന്ത ബോബി ജോസ് കട്ടിക്കാട്ട്  കപ്പൂച്ചിന്‍ അദ്ദേഹത്തിന്‍റെ ‘ഓര്‍ഡിനറി’ എന്ന ഗ്രന്ഥത്തില്‍ കുറിക്കുന്നുണ്ട്. ജീവിതത്തില്‍  വെളിച്ചം കിട്ടുക എന്നതിനര്‍ത്ഥംപോലും സ്വയം ഭിക്ഷുവായെന്ന തിരിച്ചറിയലാണ്. സിദ്ധാര്‍ത്ഥന് വൃക്ഷത്തണലില്‍വച്ച് ബോധോദയമുണ്ടായപ്പോള്‍ അയാള്‍ ചുരയ്ക്കയുടെ തൊണ്ടുമായി ഭിക്ഷാടനത്തിന് ഇറങ്ങി. ചക്രവര്‍ത്തിയാണെന്നു നടിച്ചിരുന്ന ഒരാള്‍  വെറുമൊരുയാചകന്‍ മാത്രമാണെന്ന തിരിച്ചറിവു ലഭിച്ചതാണ് ശ്രീബുദ്ധന്‍റെ യഥാര്‍ത്ഥമായ ആന്തരിക ജീവിതത്തിന്‍റെ തുടക്കം. അന്യദേശങ്ങളില്‍നിന്ന് പട്ടുവസ്ത്രങ്ങള്‍ ശേഖരിച്ച് തന്‍റെ നഗരത്തില്‍ വിറ്റുകൊണ്ടിരുന്ന ധനികനായ ഒരു വര്‍ത്തകന്‍റെ മകനാണ് ഫ്രാന്‍സിസ്. കുഷ്ഠരോഗിയില്‍ ക്രിസ്തുവിനെ ദര്‍ശിക്കുകയും അവിടുന്നില്‍നിന്നു ലഭിച്ച വെളിച്ചത്തിന്‍റെ ഒരു നിലപാട് ഹൃദയത്തില്‍ വീണപ്പോള്‍ ഫ്രാന്‍സിസ് സമ്പത്തും, പ്രതാപവും, വീടും, എല്ലാം വിട്ടിറങ്ങി ഒരു ഭിക്ഷുവായി, വിശ്വഭിക്ഷുവായി. അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെക്കുറിച്ച്, വരാപ്പുഴയുടെ മെത്രാപ്പോലീത്തയായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ എഴുതിയ വരികള്‍ ഓര്‍മ്മയില്‍ വരികയാണ്: 
സ്വന്തമൊക്കെ സംത്യജിച്ചു നഗ്നനായി നീ
വീടുവിട്ടിറങ്ങി വിശ്വഭിക്ഷുവായി നീ.
വിശ്വഗായകാ വരൂ! സ്നേഹഗായകാ വരൂ! 

നമ്മെക്കാള്‍ ശ്രേഷ്ഠതയുള്ളവര്‍ 
ജീവിതത്തെ കുറെക്കൂടെ വിനീതമായി ക്രമീകരിക്കാനുള്ള സൗമ്യമായ ക്ഷണമാണ് ഇത്തരം ഗുരുസ്മൃതികളില്‍ എല്ലാംതന്നെ! ചുറ്റുമുള്ള നിറമാര്‍ന്നതും ദാര്‍ഷ്ഠ്യമുള്ളതുമായ പെരുമാറ്റങ്ങളും കാര്യങ്ങളും കാണേണ്ടി വരുമ്പോള്‍, തീര്‍ച്ചയായും ഹിംസയാണ് ഇവിടെ അരങ്ങേറുന്നത്, ദാര്‍ഷ്ഠ്യമെന്നു പറഞ്ഞാല്‍പ്പോരേ! മനുഷ്യര്‍ പുരികം ചുളിക്കുന്ന രീതി, നനവില്ലാത്ത നോട്ടം, ചിരിയില്ലാത്ത സ്വാഗതം, വ്യക്തികളെ – പ്രായമായവരെയും രോഗികളെയും, ജീവനെ അതിന്‍റെ ആദ്യഘട്ടത്തില്‍ത്തന്നെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കുവേണ്ടി വലിച്ചെറിയുന്ന രീതി! പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകളില്‍ ഒരു വലിച്ചെറിയല്‍ സംസ്ക്കാരം, A culture of waste വളര്‍ന്നുവരുന്നത്, ചോരപൊടിയാത്ത ഹിംസതന്നെ! നാളുകള്‍ക്കുമുന്‍പേ നസ്രത്തിലെ തച്ചന്‍ അതിനെ നിര്‍വ്വചിച്ചിട്ടുണ്ട്. സഹോദരനെ നിന്‍റെ ഉള്ളിന്‍റെയുള്ളില്‍ ഭോഷനെന്നും കരുതുന്ന ഒരാള്‍ കൊലപാതകം ചെയ്യുന്നു (മത്തായി 5, 22). അതിനായി ഓരോരുത്തരും മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്ഠതയുള്ളവരായി കരുതണമെന്നാണ് അവിടുന്ന് പഠിപ്പിച്ചത്. അങ്ങനെ എല്ലാവരും ബാക്കിയുള്ളവരെ തങ്ങളെക്കാള്‍ മീതെ പ്രതിഷ്ഠിക്കുന്ന കാലം എത്ര സുഭഗമായിരിക്കും! എന്നു പ്രസ്താവിച്ചത് പൗലോശ്ലീഹയാണ് (ഫിലി. 4, 8).

വിനയാന്വിതമായ പങ്കുവയ്ക്കല്‍
പാവങ്ങളെ തുണയ്ക്കാന്‍ സ്നേഹത്തോടെ അതിരുകളിലേയ്ക്ക് ഇറങ്ങിപ്പുറപ്പെടുന്ന അജപാലകന്‍ തന്‍റെ പള്ളിമുറിയുടെ സൗകര്യങ്ങളും സുരക്ഷയും വിട്ട്, ഉടുപ്പ് അഴുക്കാക്കേണ്ടി വന്നാലും ജനമദ്ധ്യത്തിലേയ്ക്ക് ഇറങ്ങുന്നു. കുട്ടികളില്‍നിന്നും പഠിക്കാന്‍ പോരുവോളം വിനായാന്വിതനായ അദ്ധ്യാപകന്‍, അവളുടെ അഴുക്കുവസ്ത്രങ്ങള്‍ അലക്കി വെളുപ്പിക്കുന്ന പുരുഷന്‍! വയോജനങ്ങളെ വാത്സല്യത്തോടെ പരിചരിക്കുന്നെന്‍റെ സഹോദരി, വായ്പയ്ക്കുള്ള അപേക്ഷ ഏല്പിക്കാന്‍ വന്ന അത്താഴപ്പട്ടിണിക്കാരന്‍റെ മുന്നില്‍ എഴുന്നേറ്റു നില്ക്കുന്ന ബാങ്കുദ്യോഗസ്ഥന്‍ അല്ലെങ്കില്‍ ഗ്രാമസേവകന്‍! ജീവിതപരിസരങ്ങളെ, നമ്മുടെ സാമൂഹികപരിസരങ്ങളെ മനോഹരമാക്കുന്ന സ്വപ്നങ്ങളാണിവ!

ദൈവസന്നിധിയില്‍ വിനയപൂര്‍വ്വം നില്കാനുള്ള ക്ഷണമാണ് യോഹന്നാന്‍ നമുക്കു നല്കുന്നത്. പ്രാര്‍ത്ഥിക്കാന്‍ പോയവന്‍ ഈശ്വരസന്നിധിയില്‍ നില്ക്കാന്‍ യോഗ്യത നടിക്കാതെ പുറത്തു നമ്രശിരസ്ക്കനായി നിന്നതും, പ്രശാന്തനായി മടങ്ങിപ്പോയതും ക്രിസ്തു പറഞ്ഞ ഉപമായാണല്ലോ (ലൂക്ക 18, 9-14).  പിന്നെയും അവിടുന്നു പറഞ്ഞു, ഞാന്‍ ശാന്തശീലനും വിനീത ഹൃദയനുമാണ്. നിങ്ങള്‍ എന്നില്‍നിന്നു പഠിക്കുക (മത്തായി 11, 29). പുതിയ കാലത്തിന്‍റെ അളവുകോലാണിത്. അത് ശാന്തതയുടെയും വിനയത്തിന്‍റെയും ലാളിത്യത്തിന്‍റെയും അളവുകോലുമാണ്. വിനയമില്ലാത്ത ഒരാള്‍ക്ക് മറ്റൊരാളുടെയും അത്താണിയാകാനാവില്ല.

ക്രിസ്തുകാണിച്ച വിനയത്തിന്‍റെ പാഠങ്ങള്‍
തന്‍റെ സ്വയാര്‍പ്പണത്തിനായി ക്രിസ്തു അവസാനമായി ജരൂസലേം കയറിയത്, കഴുതപ്പുറത്ത് വിനയാന്വിതനായിട്ടാണ്
(മത്തായി 21, 2). തീര്‍ന്നില്ല ഭൂമിയുള്ളിടത്തോളം കാലം നാം ആവര്‍ത്തിക്കണമെന്ന് അവിടുന്ന് ആഗ്രഹിച്ച, പാദക്ഷാളനകര്‍മ്മം വിനയത്തിലേയ്ക്കും പരസ്നേഹത്തിലേയ്ക്കും കൂട്ടായ്മയിലേയ്ക്കുള്ള ക്ഷണമല്ലാതെ മറ്റെന്താണ്? അതുകൊണ്ടാണ് വിശുദ്ധ യോഹന്നാന്‍ സുവിശേഷപാരമ്പര്യത്തില്‍ പാദക്ഷാളനത്തെ കുര്‍ബാനയുടെ കൂട്ടായ്മയില്‍ കൊണ്ടെത്തിക്കുന്നു. പറഞ്ഞുവരുമ്പോള്‍ ക്രിസ്തുചരിത്രത്തിലെ ഏതൊരു കാര്യവും വിനീതമെന്ന തലക്കെട്ടിനു കീഴെ ചേര്‍ത്തുവയ്ക്കാവുന്നതാണ്. വീനിതഹൃദയരുടെ വാഴ്ത്തലും തമ്പേറുമാണ് സുവിശേഷം, എളിമയുടെ വിജയവും പ്രഘോഷണവുമാണതില്‍..!

പുതിയാകാശവും പുതിയഭൂമിയും
ആഗമനകാലത്തെ രണ്ടാം വാരത്തിലേയ്ക്ക് കടക്കുമ്പോള്‍ വചനത്തിലൂടെ സ്നാപകന്‍ നമ്മെ മാടി വിളിക്കുന്നത് മാനസാന്തരത്തിന്‍റെ മാറ്റത്തിന്‍റെയും നവമായ സ്വപ്നങ്ങളിലേയ്ക്കാണ്. ജീവിതവഴികള്‍ നേരെയാക്കിക്കൊണ്ട് ദൈവത്തിന്‍റെ സ്നേഹവും സമാധാനവും മഹത്വവും ജീവിതത്തില്‍ വെളിപ്പെടുത്താനാണ് ആഗമനകാലത്തിന്‍റെ ആത്മീയനാളുകള്‍ നമ്മെ ക്ഷണിക്കുന്നത്. ഇതാ, നമ്മുടെ ദൈവം വരുന്നു. ശക്തിയോടെ വരുന്നു, സ്നേഹത്തോടെ വരുന്നു. ഇടയനെപ്പോലെ, ഒരമ്മയെപ്പോലെ ആടുകളെ തന്നോടു ചേര്‍ത്തണയ്ക്കാന്‍ (ഏശയ 40, 1-5, 9-11). അതുകൊണ്ടാണ് പത്രോശ്ലീഹായുടെ രണ്ടാം ലേഖനം പറയുന്നതുപോലെ, പുതിയ ആകാശവും പുതിയ ഭൂമിയെയും കുറിച്ച് ഉദ്ബോധിപ്പിച്ചത്. (2പത്രോസ് 3. 8).

ഒരുങ്ങുന്നവര്‍ ഒരുമയുള്ളവര്‍
 “നീതി നിവസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുമായി നാം കാത്തിരിക്കണം, അതിനായി പരിശ്രമിക്കണം”  (2പീറ്റര്‍ 3, 13). രക്ഷകനായ മിശിഹായെ യഥാര്‍ത്ഥത്തില്‍ പ്രതീക്ഷിക്കുന്നവരായാല്‍ നാം അവിടുത്തെ വരവിനായി ഒരുങ്ങും. ഒരുങ്ങുന്നവര്‍ ഒരുമയുള്ളവരും പരസ്പരം ആദരിക്കുന്നവരും, സ്നേഹമുള്ളവരുമായിത്തീരും. അങ്ങനെ നമ്മുടെ കുടുംബങ്ങളിലും സമൂഹത്തിലും സമാധാനം വളരും. കുടുംബങ്ങളിലെ ചുറ്റുപാടുകളും പ്രസാദപൂര്‍ണ്ണമാകും. വിശ്വപ്രകാശമായ ക്രിസ്തുവിന്‍റെ ജന്മനാളിലെ നക്ഷ്ത്രവിളക്കിന്‍റെയും വര്‍ണ്ണാഭയുടെയും പൊലിമ പൊള്ളയായിപ്പോകാതിരിക്കട്ടെ. അതു നമ്മുടെ ഹൃദയത്തിന്‍റെ പ്രകാശവും തിളക്കവും, മനോഹാരിതയുമാവട്ടെ! നമ്മുടെ കുടുംബങ്ങളും സമൂഹങ്ങളും സ്നേഹത്തില്‍ വളരട്ടെ, വിളങ്ങട്ടെ! 


(William Nellikkal)

09/12/2017 18:40