2017-12-08 12:39:00

പാപം നമിത്തമാകുന്ന ആന്തരിക വാര്‍ദ്ധക്യം-പാപ്പായുടെ വിചിന്തനം


പാപം ഹൃദയത്തിന്‍റെ ഇലാസ്തികത, അഥവാ, വഴക്കസ്വഭാവം ഇല്ലാതാക്കി നമ്മെ വാര്‍ദ്ധക്യത്തിലെത്തിക്കുന്നുവെന്ന് പാപ്പാ.

പരിശുദ്ധമറിയത്തിന്‍റെ അമലോത്ഭവത്തിരുന്നാള്‍ ദിനമായ ഡിസംബര്‍ 8 ന്, വെള്ളിയാഴ്ച വത്തിക്കാനില്‍ നയിച്ച പൊതുവായ ത്രികാലപ്രാര്‍ത്ഥനയ്ക്കു മുമ്പ് നടത്തിയ വിചിന്തനത്തില്‍ ഫ്രാന്‍സീസ് പാപ്പാ ,ദൈവദൂതന്‍ നസ്രത്തിലെ കന്യകയെ “അനുഗ്രഹ പൂരിതേ” എന്ന് സംബോധന ചെയ്തതിന്‍റെ പൊരുളെന്തെന്ന് വിശദീകരിക്കുകയായിരുന്നു.

മറിയം ദൈവസാന്നിധ്യത്താല്‍ നിറഞ്ഞവളായിരുന്നതിനാല്‍ അവളില്‍ പാപത്തിനിടമില്ലായിരുന്നു എന്നതാണ് ഈ സംബോധനയുടെ അര്‍ത്ഥമെന്ന് പാപ്പാ വിശദീകരിച്ചു.

ദൗര്‍ഭാഗ്യവശാല്‍, ലോകത്തില്‍ സകലവും തിന്മയാല്‍ മലീമസമാക്കപ്പെട്ടിരിക്കുമ്പോള്‍ മറിയത്തിന്‍റെ ഈ അവസ്ഥ അസാധാരണമായ ഒന്നാണെന്ന് പാപ്പാ പറഞ്ഞു.

നമ്മെ വാര്‍ദ്ധക്യത്തിലാക്കുന്നത്, ആന്തരിക വാര്‍ദ്ധക്യത്തിലെത്തിക്കുന്നത് വാസ്തവത്തില്‍ പ്രായമല്ല, പ്രത്യുത, പാപമാണെന്ന് പാപ്പാ പ്രസ്താവിച്ചു.

അതുകൊണ്ടാണ് പാപരഹിതയായ മറിയത്തെ എന്നും നാം യുവതിയായിത്തന്നെ കാണുന്നതെന്നും, ഒരിക്കലും പാപത്താല്‍ അവള്‍ വൃദ്ധയായില്ലെന്നും പാപ്പാ പറഞ്ഞു.

പാപത്തെ നിരാകരിച്ചുകൊണ്ട് യുവത്വത്തില്‍ നിലകൊള്ളാനും ദൈവത്തോടു സമ്മതമരുളിക്കൊണ്ട് സുന്ദരമായ ഒരു ജീവിതം നയിക്കാനുമുള്ള സഹായം വരപ്രസാദപൂരിതയെ ആനന്ദത്തോടെ നോക്കിക്കൊണ്ട് അവളോട് അപേക്ഷിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

ഈ വിചിന്തനത്തിനുശേഷം “കര്‍ത്താവിന്‍റെ മലാഖ” എന്നാരംഭിക്കുന്ന പ്രാര്‍ത്ഥന നയിക്കുകയും ആശീര്‍വ്വാദം നല്കുകയും ചെയ്ത പാപ്പാ, അമലോത്ഭവ നാഥയുടെ തിരുന്നാളില്‍ പ്രതിവര്‍ഷം പതിവുള്ളതു പോലെ, റോമിലെ സ്പാനിഷ് ചത്വരത്തില്‍ 12 മീറ്ററോളം ഉയരമുള്ള വെണ്ണക്കല്‍ സ്തംഭത്തിന്മേലുള്ള അമലോത്ഭവ നാഥയുടെ തിരുസ്വരൂപത്തിനു മുന്നിലെത്തി ആ അമ്മയെ വണങ്ങുമെന്ന് വെളിപ്പെടുത്തുകയും ചെയ്തു.  








All the contents on this site are copyrighted ©.