2017-12-08 18:30:00

സേവനത്തിന്‍റെ മഹത്വമെല്ലാം ദൈവത്തിനുള്ളതായിരിക്കണം


കര്‍ദ്ദിനാള്‍ സൊഡാനോയുടെ നവതി ആഘോഷത്തില്‍
പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം

ഡിസംബര്‍ 7 വ്യാഴം
നാം ബലഹീനരായിരിക്കെ നമ്മുടെ സേവനത്തിന്‍റെ മഹത്വമെല്ലാം ദൈവത്തിനുള്ളതാണ്.
കര്‍ദ്ദിനാള്‍ സംഘത്തലവന്‍ ആഞ്ചലോ സൊഡോനോയുടെ നവതിയോട് അനുബന്ധിച്ചാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ പ്രസ്താവിച്ചത്. ഡിസംബര്‍ 7-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെ അപ്പസ്തോലിക അരമനയിലെ പൗളയിന്‍ കപ്പേളയില്‍ കര്‍ദ്ദിനാള്‍ സൊഡാനോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹദിവ്യബലി അര്‍പ്പിക്കപ്പെട്ടു. ദിവ്യബലിയുടെ അന്ത്യത്തില്‍  പാപ്പാ ഫ്രാന്‍സിസ് അള്‍ത്താരവേദിയില്‍വന്ന് കര്‍ദ്ദിനാള്‍ സൊഡാനോയെ ആശ്ലേഷിക്കുകയും ജന്മദിനാശംസകള്‍ നേരുകയും ചെയ്തു. തത്സമയം പങ്കുവച്ച  തനിമയാര്‍ന്ന ചിന്തയിലാണ് സേവനത്തിന്‍റെ മഹത്വം ദൈവകൃപയായി കാണണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചത്.

ജൂബിലി - നന്ദിയുള്ള ഓര്‍മ്മകള്‍ 
ജൂബിലി സുവര്‍ണ്ണമോ രജതമോ ആകട്ടെ, നാം അനുദിനം ദൈവത്തോട് നന്ദിയുള്ളവരായി ജീവിക്കേണ്ടതാണ്. കാരണം ബലഹീനരായിരിക്കെ ദൈവകൃപയാല്‍ മാത്രമാണ് നമുക്ക് ദൈവജനത്തെ സേവിക്കുവാന്‍ സാധിക്കുന്നത്. അതിനാല്‍ ദൈവിക നന്മകളുടെ നന്ദിയുള്ള ഓര്‍മ്മകളാണ് അനുദിനം നമ്മെ നയിക്കേണ്ടത്. അതുകൊണ്ടാണ് ദൈവികനന്മകളെ അനുസ്മരിച്ച്, “ഇസ്രായേലേ, ഓര്‍മ്മിക്കുക!” (Shama Yisrael നിയമാവര്‍ത്തനം 6, 4) എന്ന് ഇസ്രായേല്യര്‍ ഓരോ ദിനത്തിലും പ്രാര്‍ത്ഥിക്കുന്നത്. നന്ദിപൂര്‍വ്വകമായ ഓര്‍മ്മകള്‍ ജീവിതത്തില്‍ മുന്നോട്ടു പോകാനുള്ള കരുത്തു നല്കും.  ദൈവികനന്മകളുടെ ഓര്‍മ്മ ഓരോ പ്രാവശ്യവും നമ്മെ കൃപയുടെ നവമായ തീരങ്ങളിലേയ്ക്ക് അടുപ്പിക്കും. നമ്മുടെ ചെറുമയുടെയും, തെറ്റുകളുടെയും കുറ്റങ്ങളുടെയും ഓര്‍മ്മകള്‍പോലും നമ്മെ എളിമയോടെ കൃപയിലേയ്ക്ക് അടുപ്പിക്കും. പൗലോസ് അപ്പസ്തോലന്‍ തന്‍റെ ബലഹീനതകള്‍ തുറവോടെ സദാ ഏറ്റുപറഞ്ഞത്, നാം ബലഹീനരായിരിക്കെ മഹത്വമെല്ലാം ദൈവത്തിന്‍റേതാണെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് (2കൊറി. 12, 9). ഇങ്ങനെയുള്ളൊരു ധ്യാനവും ഓര്‍മ്മയും നമുക്ക് മുന്നോട്ടു പോകാനുള്ള കരുത്തു നല്കും. കാരണം ദൈവകൃപയെക്കുറിച്ചുള്ള ഓര്‍മ്മതന്നെയാണിത്.

കൃതജ്ഞത ജീവിതസാക്ഷ്യമാകണം  
ജന്മനാളിന്‍റെ ഓര്‍മ്മയിലും നവതിയുടെ നിറവിലും കര്‍ദ്ദിനാള്‍ സൊഡാനോ തന്നെത്തന്നെ ദാനമായി ദൈവത്തിന് സമര്‍പ്പിക്കുകയാണ്. ഓരോ ജീവിതങ്ങളും വ്യത്യസ്തങ്ങളാണ്. നമ്മെ ദൈവം വ്യത്യസ്തമായ വഴികളിലൂടെയാണ് നയിക്കുന്നതും. എന്നാല്‍ നമ്മുടെ കൂടെ നടക്കുന്ന ദൈവത്തെ മറക്കരുത്! ആ ദൈവത്തിന് സാക്ഷ്യംവഹിക്കാനും, അവിടുത്തെ നന്മകളും ദാനങ്ങളും പ്രഘോഷിക്കാനും പങ്കുവയ്ക്കാനും നാം കടപ്പെട്ടിരിക്കുന്നു. അതാണ് ജീവിതസാക്ഷ്യമെന്നു പറയുന്നത്. യഥാര്‍ത്ഥ സാക്ഷ്യം മറഞ്ഞിരിക്കുന്നതും നിശബ്ദവുമാണ്. അതിന് പ്രകടന പരതയില്ല.  കര്‍ദ്ദിനാള്‍ സൊഡാനോ ലോകത്തിനു നല്കുന്നത് പക്വമാര്‍ന്ന സഭാജീവിതത്തിന്‍റെ സാക്ഷ്യമാണ്.  ഈ കൃപയാര്‍ന്ന ജീവിതത്തിന് ദൈവത്തിന് താന്‍ നന്ദിപറയുന്നു. ഈ ജീവിതം ഇനിയും മുന്നോട്ട് നയിക്കാനുള്ള കരുത്തു ദൈവം നല്‍കട്ടെ! ഈ ആശംസയോടെ പാപ്പാ വാക്കുകള്‍ ഉപസംഹരിച്ചു.  

 ജീവിതരേഖകള്‍  
90 വയസ്സെത്തിയ കര്‍ദ്ദിനാള്‍ സൊഡാനോ വടക്കെ ഇറ്റലിയിലെ ആസ്തി സ്വദേശിയാണ്.  1927 നവംബര്‍ 23-ന് ജനിച്ചു. ആസ്തിയിലെ സെമിനാരിയിലായിരുന്നു സഭാപഠനങ്ങള്‍. 1950-ല്‍ പൗരോഹിത്യം സ്വീകരിച്ചു. റോമിലെ നയതന്ത്രവിഭാഗത്തിന്‍റെ അക്കാഡമിയില്‍ ഉന്നതപഠനം നടത്തി. സഭാശുശ്രൂഷയുടെ രാജ്യാന്തര മേഖലയിലേയ്ക്ക് പ്രവേശിച്ചു. 1991-ല്‍ കര്‍ദ്ദിനാള്‍ പദത്തിലേയ്ക്കും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയായും വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ നിയോഗിച്ചു. 2002-ല്‍ മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമന്‍ കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ തലവനായി നിയമിച്ചു.   2014, 2015 വര്‍ഷങ്ങളില്‍ നടന്ന കുടുംബങ്ങളെ സംബന്ധിച്ച സിനഡിലേയ്ക്ക് കര്‍ദ്ദിനാള്‍ സൊഡാനോയെ പാപ്പാ ഫ്രാന്‍സിസ് പ്രത്യേകമായി ക്ഷണിച്ചു (Nomina Pontificia). 








All the contents on this site are copyrighted ©.