2017-12-06 19:18:00

ദൈവ-മനുഷ്യബന്ധത്തിന്‍റെ ഉച്ചസ്ഥായിയാണ് മംഗലവാര്‍ത്ത


ദൈവവും മനുഷ്യനും തമ്മില്‍ സംവദിച്ച പുണ്യസ്ഥാനമാണ് വിശുദ്ധനാട്!

ദൈവ-മനുഷ്യബന്ധത്തിന് നാന്നിയായ ഇടമാണ് വിശുദ്ധനാട്! പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.  ഡിസംബര്‍ 6-Ɔ൦ തിയതി ബുധനാഴ്ച, വത്തിക്കാനില്‍‍ പതിവുള്ള പൊതുകൂടിക്കാഴ്ചയ്ക്കു മുന്‍പായിരുന്നു പലസ്തീന്‍കാരായ മതനേതാക്കളും പണ്ഡിതന്മാരുമായി പാപ്പാ നേര്‍ക്കാഴ്ച നടത്തിയത്. പോള്‍ ആറാമന്‍ ഹാളിനോടുചേര്‍ന്നുള്ള സന്ദര്‍ശകരുടെ മുറിയിലായിരുന്നു പലസ്തീനയില്‍നിന്നുമുള്ള പ്രതിനിധികളുമായി 20-മിനിറ്റോളം പാപ്പാ സംവദിച്ചത്. പലസ്തീന - വത്തിക്കാന്‍ മതാന്തര സംവാദസംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സംഘം.

ദൈവവും മനുഷ്യനും തമ്മില്‍ സംവദിച്ച പുണ്യസ്ഥാനമാണ് വിശുദ്ധനാട്. നസ്രത്തിലെ കന്യകാമറിയത്തിനു ഗബ്രിയേല്‍ ദൂതന്‍ നല്കിയ മംഗലവാര്‍ത്ത ദൈവ-മനുഷ്യ സംവാദത്തിന്‍റെ ഉച്ചസ്ഥായിയായിരുന്നു. സുവിശേഷങ്ങള്‍ മാത്രമല്ല, വിശുദ്ധഖുറാനും
ഈ സംഭവം  രേഖപ്പെടുത്തിയിട്ടുള്ളതാണ്. ആ സംവാദം ഇന്നും ക്രിസ്തുവിലൂടെയും, അവിടുത്തെ പ്രതിനിധികളായ ജനത്തിലൂടെയും തുടരുകയാണ്. ക്രിസ്തു ദൈവവചനമാണ്. അങ്ങനെയെങ്കില്‍ അവിടുത്തെ സുവിശേഷം മാനവകുലത്തോടുള്ള ദൈവത്തിന്‍റെ സംഭാഷണവുമാണ്.

ദൈവമായുള്ള സംവാദം വിവിധ തലങ്ങളിലാണ് യാഥാര്‍ത്ഥ്യമാകുന്നത്. ആദ്യമായി നമ്മില്‍ത്തന്നെയാണത്. ധ്യാനം, പ്രാര്‍ത്ഥന, നമ്മുടെ കുടുംബങ്ങള്‍, സന്ന്യാസസമൂഹങ്ങള്‍, മതസമൂഹങ്ങള്‍, പൊതുസമൂഹം എന്നിവയിലൂടെയാണ് അത് യാഥാര്‍ത്ഥ്യമാകേണ്ടത്. സംവാദത്തിന്‍റെ പ്രഥമ വ്യവസ്ഥ പരസ്പരം ഉണ്ടാകേണ്ട ആദരവും, മറ്റുള്ളവരുടെ അവകാശങ്ങള്‍ അംഗീകരിക്കാനും ഊട്ടിയുറപ്പിക്കാനുമുള്ള സന്നദ്ധതയാണ്.  പരസ്പരമുള്ള അറിവിന്‍റെയും ആദരവിന്‍റെയും, പൊതുനന്മയ്ക്കായുള്ള പരിശ്രമത്തിന്‍റെയും സഹകരണത്തിന്‍റെയും സ്രോതസ്സ് സംവാദമാണ്. അതിനായി മുന്നോട്ടു വരികയും പരിശ്രമിക്കുകയും ചെയ്യുന്നവരെ അതിനാല്‍ തുറവോടെ നാം സമീപിക്കേണ്ടതാണ്.

കൂടിക്കാഴ്ചയ്ക്ക് എത്തിയ സംഘത്തിനൊപ്പം പലസ്തീനയുടെ സമാധാനത്തിനായും അവിടത്തെ ജനങ്ങളുടെ സുസ്ഥിതിക്കും നന്മയ്ക്കുമായി പാപ്പാ പ്രാര്‍ത്ഥിച്ചു. എന്നിട്ട് അവരെ ആശീര്‍വ്വദിച്ചശേഷമാണ് പൊതുകൂടിക്കാഴ്ചയ്ക്കായി പാപ്പാ പോള്‍ ആറാമന്‍ ഹാളിലേയ്ക്കു പോയത്. 








All the contents on this site are copyrighted ©.