2017-12-06 19:45:00

കലഹിക്കുന്നതല്ല സമാധാനത്തില്‍ ജീവിക്കുന്നതാണു വിവേകം


കലുഷിതമാകുന്ന ജരൂസലത്തിന്‍റെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കാം...
പാപ്പാ ഫ്രാന്‍സിസ്.

ജരൂസലേം നഗരത്തിനുവേണ്ടി പാപ്പാ ഫ്രാന്‍സിസ് പ്രത്യേക അഭ്യര്‍ത്ഥന നടത്തി.  ഡിസംബര്‍ 6-‍Ɔ൦ തിയതി ബുധനാഴ്ച പതിവുള്ള പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിന്‍റെ അന്ത്യത്തില്‍ തന്നെ ശ്രവിക്കാന്‍ എത്തിയ ആയിരങ്ങളോടും, ലോകത്തോടുമായി ജരൂസലേം നഗരത്തിന്‍റെ സുസ്ഥിതിക്കായി പാപ്പാ പ്രത്യേകം അഭ്യര്‍ത്ഥന നടത്തി.

ആക്രമാസക്തമായിരിക്കുന്ന ജരൂസലേം നഗരത്തിലേയ്ക്കാണ് തന്‍റെ ചിന്തകള്‍ ഇപ്പോള്‍ പായുന്നതെന്ന് ആമുഖമായി പാപ്പാ പ്രസ്താവിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ജരൂസലേത്തുണ്ടായിട്ടുള്ള അതിക്രമങ്ങള്‍ മറച്ചുവയ്ക്കാന്‍ തിനിക്കാവുന്നില്ല. അവിടെ നടക്കുന്ന കലാപങ്ങളെക്കുറിച്ച് തനിക്ക് ഏറെ ആശങ്കയുമുണ്ട്. നഗരത്തിന്‍റെ സമാധാന നിലയ്ക്കായി സകലരും മുന്‍കൈയെടുക്കണമെന്നും, ഐക്യരാഷ്ട്ര സംഘടയുടെ സമാധാന നിബന്ധനകളും കരാറുകളും പാലിക്കണമെന്നും പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിന്‍റെ അന്ത്യത്തില്‍ പാപ്പാ അഭ്യര്‍ത്ഥന നടത്തി.

സമാനതകളില്ലാത്തതും ചരിത്രമുറങ്ങുന്നതുമായ വിശുദ്ധ നഗരമാണ് ജരൂസലേം. അത് യഹൂദര്‍ക്കും, ക്രൈസ്തവര്‍ക്കും മുസ്ലീങ്ങള്‍ക്കും ഒരുപോലെ വിശുദ്ധമാണ്. അതിനാല്‍ ആ നഗരത്തില്‍ പ്രാര്‍ത്ഥിക്കുകയും ജീവിക്കുകയും ചെയ്യുന്നവര്‍ കലഹിക്കുകയല്ല, മറിച്ച് സമാധാനത്തില്‍ ജീവിക്കുന്നതാണ് വിവേകം. വിശുദ്ധനാട്ടില്‍ പാര്‍ക്കുന്നവര്‍ക്ക് സമാധാനത്തിനായുള്ള പ്രത്യേക വിളിയാണ് ദൈവം നല്കിയിട്ടുള്ളത്. അവിടുയുള്ള മതങ്ങളുടെ അന്യൂനത മാനിച്ച്, വിശുദ്ധനഗരത്തിലുള്ളവര്‍ അതിന്‍റെ നന്മയ്ക്കും സമാധാനത്തിനുമായി ഇനിയും പരിശ്രമിക്കണം.

ഒത്തിരി അതിക്രമങ്ങളും ക്രൂരതയും അരങ്ങേറിയിട്ടുള്ള വിശുദ്ധനാട്ടില്‍, ഇനിയും സംഘട്ടനങ്ങള്‍ക്കുള്ള പുതിയ കാരണങ്ങള്‍ വളരാതിരിക്കട്ടെ! പുണ്യഭൂമിയിലും മദ്ധ്യപൂര്‍വ്വദേശത്തും, ലോകമെമ്പാടും വിശുദ്ധനാടിന്‍റെ അനന്യതയും ഐക്യവും എപ്പോഴും മാനിക്കപ്പെടുന്നതിനും ശക്തിപ്പെടുന്നതിനുമായും പ്രത്യേകം പ്രാര്‍ത്ഥിക്കാം. പാപ്പാ ആഹ്വാനംചെയ്തു.








All the contents on this site are copyrighted ©.