സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ വചനസമീക്ഷ

''വിനയമെന്ന ദൈവദാനം കാത്തുസൂക്ഷിക്കുക'': മാര്‍പ്പാപ്പാ

ഡിസംബര്‍ അഞ്ചാംതീയതി ചൊവ്വാഴ്ചയില്‍ സാന്താമാര്‍ത്ത കപ്പേളയിലെ ദിവ്യബലിയില്‍ വചനവ്യാഖ്യാനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ. ഏശയ്യാപ്രവാചകന്‍റെ ഗ്രന്ഥത്തില്‍ നിന്നുള്ള ആദ്യവായനയെ വ്യാഖ്യാനിച്ചുകൊണ്ട്  എളിമയില്‍  നിന്നുയരുന്ന അരൂപിയുടെ ദാനങ്ങളെ വിശദീകരിച്ചു:
''ഓരോ ക്രിസ്ത്യാനിയും ചെറിയ മുകുളമാണ്, അവിടെ കര്‍ത്താവിന്‍റെ ആത്മാവ് വസിക്കുന്നു.  'ജ്ഞാനത്തിന്‍റെയും ബുദ്ധിയുടെയും ആത്മാവ്, ഉപദേശത്തിന്‍റെയും സ്ഥൈര്യത്തിന്‍റെയും ആത്മാവ്, അറിവിന്‍റെയും ദൈവഭയത്തിന്‍റെയും ആത്മാവ്' (11:2). അരൂപിയുടെ  ദാനങ്ങളാണിവ.  ചെടിയുടെ ചെറിയ മുകുളം വളരുന്നതുപോലെ വിനയത്തില്‍ സ്വീകരിക്കുന്ന ഈ ദാനങ്ങള്‍ അരൂപിയുടെ നിറവിലേയ്ക്കെത്തുന്നുവെന്ന് പഠിപ്പിച്ചകൊണ്ട് പാപ്പാ തുടര്‍ന്നു: ''ഇതാണ് വാഗ്ദാനം, ഇതാണ് ദൈവരാജ്യം...
നാമെല്ലാവരും, വളര്‍ന്നുവലുതാകുന്ന ചെറിയ മുകുളമെന്നപോലെ പരിശുദ്ധാത്മാവിന്‍റെ ശക്തിയില്‍ വളരേണ്ടവരാണ്...  ഇവി‌ടെ ക്രിസ്ത്യാനിയുടെ ദൗത്യമെന്താണ്? ഈ മുകുളത്തെ കാക്കുക, അതിന്‍റെ വളര്‍ച്ചയെ, അരൂപിയെ നമ്മുടെ ഉള്ളില്‍ കാത്തു സൂക്ഷിക്കുക. അപ്പോള്‍ എന്താണ് ക്രിസ്തീയ ജീവിതശൈലി.  അതു യേശുവിന്‍റെ ജീവിതശൈലിയാണ്, എളിയ ജീവിതശൈലി.  ഈ ചെറിയ മുകുളം പൂര്‍ണതയില്‍ എത്തുമെന്ന്, അരൂപിയുടെ ദാനങ്ങളുടെ പൂര്‍ണതയില്‍ എത്തുമെന്നു വിശ്വസിക്കുന്നതിന് വിശ്വാസവും വിനയവും ആവശ്യമാണ്''.

സുവിശേഷവായനയില്‍ നിന്നുദ്ധരിച്ചുകൊണ്ട് പാപ്പാ തുടര്‍ന്നു: 'ആകാശത്തിന്‍റെയും ഭൂമിയുടെയും നാഥനായ പിതാവ്', സുവിശേഷം നമ്മോടു പറയുന്നതുപോലെ, 'ഇവ ബുദ്ധിമാന്മാരില്‍ നിന്നും വിവേകികളില്‍ നിന്നും മറച്ച്, ചെറിയവര്‍ക്കു വെളിപ്പെടുത്തി' (ലൂക്കാ 10:21).  വിനയം അതു ചെറുതായിരിക്കേണ്ടതാണ്.  ഞാന്‍, എളിയ വ്യക്തിയാണോ എന്നറിയാന്‍  ഒരേ ഒരു അടയാളമേ ഉള്ളു. എളിമപ്പെടുത്തലുകള്‍ സ്വീകരിക്കുവാന്‍ കഴിയുന്നുണ്ടോ? എന്നതാണത്.  എളിമപ്പെടുത്തലുകള്‍ സ്വീകരിക്കാത്ത എളിമ, എളിമയല്ല...''
''അരൂപിയുടെ പൂര്‍ണതയിലേക്കു വളരാന്‍ കഴിവുള്ള വിനയമെന്ന ചെറുമുകുളത്തെ കാത്തുസൂക്ഷിക്കുക; അതിന്‍റെ വേര് എളിമപ്പെടുത്തലുകള്‍ സ്വീകരിക്കുന്നതായിരിക്കണമെന്നു മറക്കരുത്'' എന്ന ഓര്‍മപ്പെടുത്തലോടെയാണ് പാപ്പായുടെ വചനസന്ദേശം അവസാനിച്ചത്.


(Sebastian Thresiamma)

05/12/2017 11:53