2017-12-04 16:29:00

‘‘നമ്മുടെ ജന്മവും ജീവിതവും ദൈവവിളിയാണ്’’: ഫ്രാന്‍സീസ് പാപ്പാ


2018 ഏപ്രില്‍ 22-ന് ആചരിക്കുന്ന 55-ാമത് ദൈവവിളികള്‍ക്കായുള്ള ആഗോള പ്രാര്‍ഥനാദിനത്തോടനുബന്ധിച്ച്, ഡിസംബര്‍ നാലാംതീയതി പ്രസിദ്ധപ്പെടുത്തിയ മാര്‍പ്പാപ്പായുടെ സന്ദേശത്തിലാണ് ഇങ്ങനെ പ്രബോധിപ്പിക്കുന്നത്.

അടുത്ത ഒക്ടോബറില്‍, ‘‘യുവജനങ്ങള്‍’’ എന്ന വിഷയവുമായി സമ്മേളിക്കുന്ന പതിനഞ്ചാമത് മെത്രാന്‍ സിനഡിനെ അനുസ്മരിച്ചു കൊണ്ടു തുടങ്ങുന്ന സന്ദേശത്തില്‍, ‘‘പരസ്പരബന്ധിതമല്ലാത്ത സംഭവങ്ങളിലൂടെ കടന്നുപോകുന്ന ജീവിതത്തിന്‍റെയോ, കേവലം വിധിയുടെയോ ഇരകളല്ല നാം എന്നും, മറിച്ച്, നമ്മുടെ ജീവിതവും ഈലോകത്തിലെ നമ്മുടെ സാന്നിധ്യവും ദൈവവിളിയുടെ ഫലമാണെന്നും’’ പാപ്പാ പ്രസ്താവിക്കുന്നു. വ്യക്തിപരമായും സഭാത്മകമായും ഓരോരുത്തര്‍ക്കുമുള്ള ദൈവവിളിയിലെ തനിമയും വ്യതിരിക്തതയും, ശ്രദ്ധിക്കപ്പെടുകയും വിവേചിക്കപ്പെടുകയും ജീവിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട് എന്നോര്‍മിപ്പിക്കുന്ന പാപ്പാ, ഉന്നതത്തില്‍നിന്നുള്ള ഈവിളി, നമ്മുടെ താലന്തുകളെ വളര്‍ത്തി, നമ്മെ ലോകത്തില്‍ രക്ഷയുടെ ഉപകരണങ്ങളാക്കി, ആനന്ദത്തിന്‍റെ പൂര്‍ണതയിലേക്കു നമ്മെ നയിക്കുന്നു എന്നും സുവിശേഷത്തിന്‍റെ ആനന്ദത്താല്‍ നാം ദൈവത്തെയും സഹോദരങ്ങളെയും കണ്ടുമുട്ടുമ്പോള്‍ നമ്മില്‍ അലസതയും മന്ദതയും വസിക്കില്ല എന്നും സന്ദേശത്തില്‍ കുറിക്കുന്നു.

‘‘ദൈവത്തിന്‍റെ വിളി ഇന്നിലുള്ള വിളിയാണ്, ക്രിസ്തീയ ദൗത്യം ഈ മണിക്കൂറിന്‍റേതും’’ എന്നു പറഞ്ഞുകൊണ്ട്, പാപ്പാ തുടരുന്നു:  ‘‘നമ്മുടെ ഔദാര്യപൂര്‍ണമായ ആമേന്‍ പറയുന്നതിന് നാം പരിപൂര്‍ണരായിത്തീരുവോളം കാത്തിരിക്കേണ്ടതില്ല. നമ്മുടെ പരിമിതികളെക്കുറിച്ചും പാപങ്ങളെക്കുറിച്ചും ഭയപ്പെടേണ്ടതില്ല. മറിച്ച്, നമ്മുടെ കര്‍ത്താവിന്‍റെ സ്വരം ശ്രവിക്കുന്നതിന് നമ്മുടെ ഹൃദയങ്ങള്‍ തുറക്കുകയാണു വേണ്ടത്. തന്‍റെ യുവത്വത്തില്‍ വചനത്തെ സ്വീകരിച്ച, മാംസംധരിച്ച ദൈവവചനത്തെ അനുഭവിച്ച ഏറ്റവും പരിശുദ്ധയായ മറിയം, നമ്മുടെ യാത്രയില്‍ എപ്പോഴും നമ്മെ സംരക്ഷിക്കുക യും സഹഗമിക്കുകയും ചെയ്യട്ടെ എന്ന വാക്കുകളോടെയാണ് ആഗമനകാലത്തിലെ ആദ്യ ഞായറാഴ്ച, ഡിസംബര്‍ മൂന്നാം തീയതിയില്‍ ഒപ്പിട്ട ഈ സന്ദേശം അവസാനിക്കുന്നത്.








All the contents on this site are copyrighted ©.