സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

സന്തോഷംതേടി വഴിതെറ്റി അലയുവോര്‍: പാപ്പായുടെ ത്രികാലജപസന്ദേശം

ഫ്രാന്‍സീസ് പാപ്പാ , വത്തിക്കാനില്‍ ത്രികാലജപവേളയില്‍, 03/12/17 - REUTERS

04/12/2017 12:59

തന്‍റെ സപ്തദിന ഇരുത്തിയൊന്നാം വിദേശ അപ്പസ്തോലിക സന്ദര്‍ശനം കഴിഞ്ഞ് രണ്ടാം തിയതി ശനിയാഴ്ച രാത്രി വത്തിക്കാനില്‍ തിരിച്ചെത്തിയ ഫ്രാന്‍സീസ് പാപ്പാ ഞായറാഴ്ച (03/12/17) മദ്ധ്യാഹ്നത്തില്‍, പതിവുപോലെ, പൊതുവായ ത്രികാലപ്രാര്‍ത്ഥന നയിച്ചു. റോമില്‍ ശൈത്യത്തിന്‍റെ തീവ്രത ഏറിക്കൊണ്ടിരിക്കുന്ന ദിനങ്ങളാണെങ്കിലും ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയിരുന്ന 15000ത്തോളം പേര്‍ ഈ ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ടു.  

റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 4.30 ന് പാപ്പാ അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പ്രത്യക്ഷനായപ്പോള്‍ ജനങ്ങള്‍ തങ്ങളുടെ ആനന്ദം കരഘോഷങ്ങളാലും ആരവങ്ങളാലും അറിയിച്ചു. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ത്രികാലപ്രാര്‍ത്ഥനയ്ക്കൊരുക്കമായി നല്കിയ സന്ദേശത്തില്‍, ലത്തീന്‍ റീത്തിന്‍റെ   ആരാധനക്രമമനുസരിച്ച് ലോകരക്ഷകനായ ദൈവപുത്രന്‍റെ തിരുപ്പിറവിയാഘോഷത്തിന് ആത്മീയമായി ഒരുങ്ങുന്നതിനുള്ള സമയമായ ആഗമനകാലത്തിന് തുടക്കംകുറിക്കപ്പെട്ട ഈ ഞായറാഴ്ച(03/12/17) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട, മര്‍ക്കോസിന്‍റെ സുവിശേഷം അദ്ധ്യായം 13, 33 മുതല്‍ 37 വരെയുള്ള വാക്യങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന, ജാഗരൂകരായിരിക്കേണ്ടതിന്‍റെ, ഉണര്‍ന്നിരിക്കേണ്ടതിന്‍റെ, അനിവാര്യതയെക്കുറിച്ച്  യേശു സ്വശിഷ്യരെ ഓര്‍മ്മിപ്പിക്കുന്ന സംഭവം വിശകലനം ചെയ്തു.

പാപ്പായുടെ പ്രഭാഷണം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം എന്ന ആശംസയോടെ ആരംഭിച്ച തന്‍റെ  വിചിന്തനം പാപ്പാ ഇപ്രകാരം തുടര്‍ന്നു.                തിരുപ്പിറവിയില്‍ പരകോടിയിലെത്തുന്ന ആഗമനകാലപ്രയാണം ഇന്നു നാം ആരംഭിക്കയാണ്. നമ്മെ മുഖാമുഖം കാണുന്നതിനായെത്തുന്ന കര്‍ത്താവിനെ സ്വാഗതം ചെയ്യുന്നതിനും, അതോടൊപ്പംതന്നെ, ദൈവത്തിനായുള്ള നമ്മുടെ ദാഹം പരിശോധിച്ചറിയിന്നതിനും, ഭാവിയിലേക്കുറ്റുനോക്കുന്നതിനും ക്രിസ്തുവിന്‍റെ   പുനരാഗമനത്തിനായി നമ്മെത്തന്നെ ഒരുക്കുന്നതിനും വേണ്ടി നമുക്കു നല്കപ്പെട്ട ഒരു സമയമാണ് ആഗമനകാലം. മനുഷ്യാവസ്ഥയുടെ താഴ്മയില്‍ അവിടത്തെ ചരിത്രപരമായ ആഗമനത്തിന്‍റെ ഓര്‍മ്മ നാം ആചരിക്കുന്ന തിരുപ്പിറവിയാഘോഷദിനത്തില്‍ അവിടന്ന് നമ്മുടെ പക്കലേക്ക് വീണ്ടും വരും; അവിടത്തെ സ്വീകരിക്കാന്‍ നാം എപ്പോഴൊക്കെ സന്നദ്ധരാണോ അപ്പോഴെല്ലാം നമ്മുടെ ഉള്ളില്‍ അവിടന്നാഗതനാകും. ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ യുഗാന്ത്യത്തിലും അവിടന്ന് വീണ്ടും വരും. ആകയാല്‍ നാം ജാഗരൂഗരാകേണ്ടിയിരിക്കുന്നു, കര്‍ത്താവുമായി കണ്ടുമുട്ടുന്നതിന് പ്രത്യാശയോടെ പാര്‍ത്തിരിക്കേണ്ടിയിരിക്കുന്നു. ജാഗരൂഗതയുടെയും കാത്തിരിപ്പിന്‍റെയുമായ ചിന്തോദ്ദീപകാശയങ്ങളിലേക്കാണ് ഇന്നത്തെ ആരാധനാക്രമം നമ്മെ ആനയിക്കുന്നത്.

തന്‍റെ പുനരാഗമനവേളയില്‍ തന്നെ സ്വീകരിക്കാന്‍ സജ്ജരായി കാണപ്പെടേണ്ടതിന് ജാഗരൂഗരായിരിക്കാനും ഉണര്‍ന്നിരിക്കാനുമാണ് യേശു മര്‍ക്കോസിന്‍റെ സുവിശേഷം പതിമൂന്നാം അദ്ധ്യായം 33 മുതല്‍ 37 വരെയുള്ള വാക്യങ്ങളിലൂടെ നമ്മെ ആഹ്വാനം ചെയ്യുന്നത്. അവിടന്നു പറയുന്നു: “ശ്രദ്ധാപൂര്‍വ്വം ഉണര്‍ന്നിരിക്കുവിന്‍, സമയം എപ്പോഴാണെന്ന് നിങ്ങള്‍ക്കറിവില്ലല്ലോ....... അവന്‍ പെട്ടെന്ന് കയറിവരുമ്പോള്‍ നിങ്ങളെ നിദ്രാധീനരായി കാണരുതല്ലൊ.” മര്‍ക്കോസ് 13, 33 മുതല്‍ 36 വരെയുള്ള വാക്യങ്ങളില്‍ നിന്ന്.

ലോകത്തിന്‍റെ ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ ശ്രദ്ധയുള്ളവനായിരിക്കുന്നവന്‍ അശ്രദ്ധയാലോ ഉപരിപ്ലവതായലോ തകിടംമറിക്കപ്പെടാന്‍ സ്വയം അനുവദിക്കില്ല, അവന്‍ പൂര്‍ണ്ണ അവബോധത്തോടും മറ്റുള്ളവരുടെ കാര്യത്തിലുള്ള ഔത്സുക്യത്തോടുംകുടി ജീവിക്കും. ഈ മനോഭാവം പുലര്‍ത്തുകവഴി നമുക്ക് അപരന്‍റെ  കണ്ണീരിലും അയല്‍ക്കാരുടെ ആവശ്യങ്ങളിലും ശ്രദ്ധയുള്ളവരായിരിക്കുന്നതിനും മാനുഷികങ്ങളും ആദ്ധ്യാത്മികങ്ങളുമായ അവരുടെ കഴിവുകള്‍ മനസ്സിലാക്കുന്നതിനും സാധിക്കും. ശ്രദ്ധയുള്ളവന്‍ ലോകത്തിലേക്കും തിരിയുകയും ലോകത്തിലുള്ള നിസ്സംഗതയെയും നിഷ്ഠൂരതയെയും ചെറുക്കുകയും ലോകത്തിലുള്ളവയും സംരക്ഷിക്കപ്പെടേണ്ടവയുമായ മനോഹരങ്ങളായ നിധികളില്‍ ആനന്ദിക്കുകയും ചെയ്യും. ദൈവം നമ്മെ ആക്കിയിരിക്കുന്നത് എവിടെയാണോ അവിടെ വ്യക്തികളുടെയും സമൂഹങ്ങളുടെയും ദുരിതങ്ങളും ദാരിദ്ര്യവും, അതുപോലെതന്നെ അനുദിനമുള്ള ചെറിയകാര്യങ്ങളില്‍ നിഗൂഢമായിസ്ഥിതചെയ്യുന്ന നിധിയും തിരിച്ചറിയുന്നതിന് പരിശ്രമിക്കുക എന്നതാണ് ഇതിനര്‍ത്ഥം.

ജാഗരൂകനായ വ്യക്തി ജാഗരൂകരായിരിക്കാനുള്ള കര്‍ത്താവിന്‍റെ ക്ഷണം സ്വികരിച്ചവനാണ്. അവന്‍ നിരാശയുടെ, പ്രത്യാശാരാഹിത്യത്തിന്‍റെ, വ്യാമോഹത്തിന്‍റെ നിദ്രയ്ക്കധീനനാകാന്‍ സ്വയം അനുവദിക്കില്ല. അതോടൊപ്പം തന്നെ, ലോകത്തില്‍ നിറഞ്ഞൊഴുകുന്നതും ചിലപ്പോഴൊക്കെ വ്യക്തിപരവും കുടുംബസംബന്ധിയുമായ പ്രശാന്തതയെയും സമയത്തെയും ബലികഴിക്കുന്നതുമായ നിരവധിയായ പൊള്ളത്തരങ്ങളുടെ സ്വാധീനത്തെ തള്ളിക്കളയുകയും ചെയ്യുന്നു. ഏശയ്യാപ്രവാചകന്‍ ഇസ്രായേല്‍ ജനത്തിന്‍റെ വേദാനാജനകമായ അനുഭവം വിവരിക്കുന്നുണ്ട്. തന്‍റെ  വഴികളില്‍ നിന്ന് വ്യതിചലിക്കാന്‍ ദൈവം തന്‍റെ ജനത്തെ അനുവദിച്ചു എന്നൊരു പ്രതീതി ഉളവാക്കപ്പെടുന്നു.  ഈ തോന്നല്‍ ആ ജനത്തിന്‍റെ തന്നെ അവിശ്വസ്തതയുടെ ഫലമായിരുന്നു. നമ്മളും, പലപ്പോഴും, കര്‍ത്താവിന്‍റെ വിളിയോടുള്ള അവിശ്വസ്തതയുടെ ഇത്തരമൊരു അവസ്ഥയില്‍ ആണ്. അവിടന്നു നമുക്കു നല്ല വഴി, വിശ്വാസത്തിന്‍റ സരണി കാട്ടിത്തരുന്നു. അത് സ്നേഹത്തിന്‍റെ മാര്‍ഗ്ഗമാണ്. എന്നാല്‍ നാമാകട്ടെ, നമ്മുടെ സന്തോഷം തേടുന്നത് മറ്റെവിടെയോ ആണ്.

നാം നമ്മുടെ പാപങ്ങളിലും അവിശ്വസ്തതകളിലും ആമഗ്നരായി,  കര്‍ത്താവിന്‍റെ  വഴികള്‍ വിട്ട് സഞ്ചരിക്കാതിരിക്കുന്നതിനുള്ള മുന്‍വ്യവസ്ഥകളാണ് ശ്രദ്ധയുള്ളവരും ജാഗരൂകരുമായിരിക്കുകയും എന്നത്. നന്മയാലും ആര്‍ദ്രതയാലും നിറഞ്ഞ ദൈവസാന്നിദ്ധ്യത്താല്‍ നമ്മുടെ അസ്തിത്വത്തിന് അര്‍ത്ഥവും മൂല്യവും വീണ്ടും നല്കുന്നതിന് ആ അസ്തിത്വത്തിലേക്കു കടക്കാന്‍ ദൈവത്തെ അനുവദിക്കുന്ന വ്യവസ്ഥകളാണ് ശ്രദ്ധയുള്ളവരും ജാഗരൂകരും ആയിരിക്കുക എന്നത്. ദൈവത്തെ പാര്‍ത്തിരിക്കുന്നതില്‍ മാതൃകയും ജാഗരൂകതയുടെ പ്രതിരൂപവുമായ ഏറ്റം പരിശുദ്ധയായ കന്യകാമറിയം അവളുടെ സുതനായ യേശുവിനോടുള്ള നമ്മുടെ സ്നേഹത്തിന് നവജീവന്‍ പകര്‍ന്നുകൊണ്ട് അവിടന്നുമായുള്ള സമാഗമത്തിലേക്ക് നമ്മെ നയിക്കട്ടെ.  

ഈ വാക്കുകളില്‍ തന്‍റെ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ ത്രികാലജപം നയിക്കുകയും ആശീര്‍വ്വാദമേകുകയും ചെയ്തു. ആശീര്‍വ്വാദനന്തരം ഫ്രാന്‍സീസ് പാപ്പാ താന്‍ നവമ്പര്‍ 26 മുതല്‍ ഡിസമ്പര്‍ 2 വരെ മ്യാന്മാറിലും ബംഗ്ലാദേശിലും അജപാലന സന്ദര്‍ശനം നടത്തിയത് അനുസ്മരിക്കുകയും ഈ സന്ദര്‍ശനവേളയില്‍ പ്രാര്‍ത്ഥനയാല്‍ തന്നെ അനുഗമിച്ച സകലര്‍ക്കും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ആ ജനതകളുമായി, പ്രത്യേകിച്ച് അന്നാടുകളിലെ കത്തോലിക്കാസമുഹങ്ങളുമായി കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞതിനും അവര്‍ അവരുടെ സാക്ഷ്യത്തില്‍ പടുത്തയര്‍ത്തപ്പെട്ടതിനും കര്‍ത്താവിനു നന്ദിയോതുന്നതില്‍ തന്നോടൊന്നുചേരാന്‍ പാപ്പാ എല്ലാവരേയും ക്ഷണിച്ചു. ജീവിതപരീക്ഷണങ്ങളില്‍പ്പെട്ടതും എന്നാല്‍ കുലീനതയാര്‍ന്നതും പുഞ്ചിരിതൂകുന്നതുമായ അനേകം വദനങ്ങള്‍ തന്‍റെ മനസ്സില്‍ പതിഞ്ഞുകിടക്കുന്നുവെന്നും പാപ്പാ പറഞ്ഞു. അവരെയെല്ലാവരേയും താന്‍ ഹൃദയത്തില്‍ പേറുകയും പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ വെളിപ്പെടുത്തി. മ്യന്മാറിലെയും ബംഗ്ലാദേശിലെയു ജനങ്ങള്‍ക്ക് പാപ്പാ ഒരിക്കല്‍ കൂടി നന്ദി പറഞ്ഞു.

മദ്ധ്യ അമേരിക്കന്‍ നാടായ ഹൊണ്ടൂരാസില്‍ വിവാദ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് സംജാതമായിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ നിലവിലുള്ള പ്രശ്നങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ ആ ജനതയ്ക്ക് കഴിയുന്നതിനായി പ്രാര്‍ത്ഥിച്ചു.

ത്രികാലപ്രാര്‍ത്ഥനയില്‍ സംബന്ധിച്ച റൊമേനിയക്കാരുള്‍പ്പടെയുള്ള വിധരാജ്യാക്കാരും റോമാക്കാരുമടങ്ങിയ തീര്‍ത്ഥാടകരെയും സ്ഥൈര്യലേപനം സ്വീകരിച്ച ഇറ്റലിക്കാരായ യുവജനത്തെയും പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്തു. എല്ലാവര്‍ക്കും ശുഭ ഞായറും നല്ലൊരാഗമനകാലപ്രയാണവും ആശംസിച്ച പാപ്പാ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുത് എന്ന പതിവഭ്യര്‍ത്ഥന നവീകരിച്ചു. ഏവര്‍ക്കും നല്ലൊരുച്ചവിരുന്നു നേരുകയും ഇറ്റാലിയന്‍ ഭാഷയില്‍  “അരിവെദേര്‍ച്ചി” (arrivederci) അതായത്, വീണ്ടും കാണാം എന്ന് പറയുകയും ചെയ്തുകൊണ്ട് പാപ്പാ ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.

ശബ്ദരേഖ:

 

04/12/2017 12:59