സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

ശുഷ്കാന്തിയുള്ള സേവനത്തെക്കുറിച്ച് അജപാലന സമൂഹത്തോട്...

ബംഗ്ലാദേശിലെ അജപാനസമൂഹത്തോട്... - AFP

03/12/2017 11:34

ഡാക്ക, ഡിസംബര്‍ 2 ശനി
ബംഗ്ലാദേശിലെ പ്രേഷിതക്കൂട്ടായ്മയ്ക്ക് തന്‍റെ ബംഗ്ലാദേശ് സന്ദര്‍ശനത്തിന്‍റെ സമാപനദിനം, ഡിസംബര്‍ 2-Ɔ൦ തിയതി ശനിയാഴ്ച പാപ്പാ ഫ്രാന്‍സിസ് നല്കിയ സന്ദേശമാണ് താഴെ ചേര്‍ക്കുന്നത്. ഡാക്കയിലെ തേജ്ഗാവിലുള്ള പരിശുദ്ധ ജപമാലയുടെ നാമത്തിലുള്ള ദേവാലയത്തിലായിരുന്നു സമ്മേളനം. ഒരുങ്ങിയ നീണ്ട പ്രഭാഷണം മാറ്റിവച്ചിട്ട് ദ്വിഭാഷിയുടെ സഹായത്തോടെ സ്പാനിഷില്‍ പാപ്പാ ഏറെ ലാളിത്യത്തോടെ ബംഗ്ലാദേശിലെ വൈദികര്‍, സന്ന്യസ്തര്‍, വൈദികവിദ്യാര്‍ത്ഥികള്‍, സന്ന്യാസാര്‍ത്ഥിനികള്‍ എന്നിവരുടെ 1500-ല്‍ അധിമുണ്ടായിരുന്ന കൂട്ടായ്മയെ അഭിസംബോധനചെയ്തു.

ബംഗ്ലാദേശില്‍ ഫലമണിയുന്ന കടുകുമണി
തന്‍റെ സന്ദര്‍ശനം യാഥാര്‍ത്ഥ്യമാക്കിയതിന് നന്ദിപറഞ്ഞുകൊണ്ട് ആരംഭിച്ചു. വേദിയില്‍  അജപാലന രംഗത്തുള്ളവര്‍ പങ്കുവച്ച ജീവിതസാക്ഷ്യത്തിനും നന്ദിയര്‍പ്പിച്ചു. വിശ്വാസത്തില്‍ ക്രൈസ്തവ മക്കളെ ദൃഢപ്പെടുത്താനാണ് താന്‍ വന്നത്, അതുവഴി തന്നെത്തന്നെയും!   ബംഗ്ലദേശിലെ സഭ കടുകുമണിയാണ്. കാലത്തികവില്‍ ഫലമണിയുന്ന ഒരു വൃക്ഷമായി മാറുമത്. വിശ്വാസത്തിന്‍റെ വിത്ത് ഇവിടെ പാകിയ മിഷണറിമാരെ അനുസമരിക്കുന്നു.  ബംഗ്ലാദേശി സഭയ്ക്ക് 500 വര്‍ഷത്തെ പഴക്കമുണ്ട്. വിശ്വാസത്തിന്‍റെ പൗരാണികതയ്ക്ക് സാക്ഷ്യമാണ് സമീപത്തെ സെമിത്തേരി. പിന്നെ ഇവിടെ ദൈവവിളി സമൃദ്ധമാണ്. അത് കൃപയുടെ ധാരാളിത്തവുമാണ്. പരിശുദ്ധ ജപമാലയുടെ നാമത്തിലുള്ള ദേവാലയത്തിലാണ് നാം സമ്മേളിച്ചിരിക്കുന്നത്.

ആത്മീയതയുടെ ജീവനാഡി - ജപമാല
വിശ്വാസ രഹസ്യങ്ങളുടെ ധ്യാനമാണ് ജപമാല. സഭയുടെ ആത്മീയതയുടെ ജീവനാഡിപോലെ, ആത്മീയതയെയും പ്രേഷിതശുശ്രൂഷയെയും രൂപപ്പെടുത്തുന്ന ഘടകമാണത്. മറിയത്തോടു ചേര്‍ന്നിരിക്കാനും ജീവിതങ്ങള്‍ ക്രിസ്തുവിനായി സമര്‍പ്പിക്കാനും ജപമാല നമ്മെ സഹായിക്കും. ദൈവത്തോടു കരുതലുള്ളവരും വിശ്വസ്തരുമായിരിക്കാന്‍ ജപമാല സഹായിക്കും. അങ്ങനെ ജപമാല പ്രാര്‍ത്ഥനയിലൂടെ നാമും മറിയത്തോടൊപ്പം മംഗലവാര്‍ത്തയിലും, തിരുപ്പിറവിയിലും, ക്രിസ്തുവിന്‍റെ പരസ്യജീവിതത്തിലും, കുരിശിന്‍ ചുവട്ടിലും, ശൂന്യമായ കല്ലറയിങ്കലും, സെഹിയോന്‍ ഊട്ടുശാലയില്‍ പരിശുദ്ധാത്മാവിന്‍റെ ആഗമനവേളയിലും പങ്കുചേരുമ്പോള്‍ അല്ലെങ്കില്‍ ധ്യനിക്കുമ്പോള്‍ ആ അമ്മ കാണിച്ച വിനയാന്വിതമായ ശുഷ്കാന്തി പ്രകടമാക്കേണ്ടതും വളര്‍ത്തിയെടുക്കേണ്ടതുമാണ്.

മറിയത്തിന്‍റെ കരുതലുള്ള സമര്‍പ്പണം
മംഗലവാര്‍ത്തയിലേതുപോലൊരു വിധേയത്വം ചരിത്രത്തില്‍ മറ്റൊന്നു കാണാനുണ്ടോ?  ആ നിമിഷത്തിനായി അവള്‍ സ്നേഹത്തോടും വിശ്വാസത്തോടുംകൂടെ കാത്തിരുന്നു. മറിയത്തെപ്പോലെ ഈ കരുതലുള്ള സമര്‍പ്പണത്തിനായി ദൈവം ഇന്നു നമ്മെയും വിളിക്കുന്നു. എന്നുമുണ്ടാകേണ്ട ജീവസമര്‍പ്പണമാണ് വിളിയോടുള്ള പ്രതികരണം. പ്രാര്‍ത്ഥനയിലൂടെയും ധ്യാനത്തിലൂടെയും അനുദിനം ദൈവത്തോട് വിധേയത്വവും വിശ്വസ്തതയുമുള്ളവരായിരിക്കാന്‍ നമുക്കു ശ്രമിക്കാം. അനുദിനമുള്ള അജപാലന ശുശ്രൂഷകള്‍ ശ്രമകരമാണ്. നമ്മെ അത് പരിക്ഷീണിതരാക്കുന്നു. എന്നാല്‍ ദിവ്യകാരുണ്യത്തിലും തിരുവചനത്തിലും സന്നിഹിതനായ ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയിലൂടെയും അവിടുത്തെ സ്നേഹത്തിലൂടെയും ശുഷ്കാന്തിയെ പ്രോജ്വലിക്കപ്പെടേണ്ടതാണ്.

ശുഷ്കാന്തിയുള്ള സേവനം
വിശ്വാസജീവിതത്തില്‍ ശുഷ്ക്കാന്തിയുള്ളവര്‍ ലോകത്തെ മറ്റൊരു വിധത്തില്‍‍ കാണാന്‍ സാധിക്കും, കാണേണ്ടത്. അവര്‍ മറ്റുള്ളവരുടെ ആവശ്യങ്ങളോട് കരുതലുള്ളവരായിരിക്കും. അവരുടെ ആശയും പ്രത്യാശയും, സന്തോഷവും ആകാംക്ഷയും, ഭീതിയും ജീവിതഭാരവുമെല്ലാം അവര്‍ തിരിച്ചറിയും, മനസ്സിലാക്കും. കഴിവും ശൈലിയും രീതികളും അവര്‍ മനസ്സിലാക്കും.
അത് സഭയുടെ വളര്‍ച്ചയ്ക്കായി വിശ്വാസത്തോടും വിശുദ്ധിയോടുംകൂടെ അവര്‍ ഉപയോഗിക്കുകയും ചെയ്യും. അങ്ങനെ നാം ശുശ്രൂഷചെയ്യുന്നവര്‍ക്ക് നമ്മുടെ സേവനം ഒരു ആത്മീയ സാന്ത്വനലേപനമായി തീരും.

ക്രിസ്തുവിന്‍റെ ആര്‍ദ്രത
ക്രിസ്തുവിന്‍റെ പീഡകള്‍ നാം ജപമാലയില്‍ ധ്യാനിക്കുന്നുണ്ട്. ദുഃഖത്തിന്‍റെ രഹസ്യങ്ങള്‍ അവിടുത്തെ രക്ഷണീയ ശക്തിയാണു വെളിപ്പെടുത്തുന്നത്. ആഴമായ അതിന്‍റെ ധ്യാനം ജീവിതങ്ങളെ കരയുന്നവരുടെ കണ്ണീരൊപ്പുന്ന സ്വയാര്‍പ്പണമാക്കി മാറ്റും. പൗരോഹിത്യവും സമര്‍പ്പണജീവിതവും ഒരു തൊഴിലല്ല. അത് വ്യക്തിഗത നേട്ടങ്ങള്‍ക്കുള്ള ഒരു ഉപാധിയുമല്ല.
അത് സേവനവും സ്നേഹസമര്‍പ്പണവുമാണ്. നല്ലിടയനായ ക്രിസ്തുവിന് തന്‍റെ ആടുകളോടുള്ള ആര്‍ദ്രമായ സ്നേഹസമര്‍പ്പണം പോലെയാണത്. അനുദിനം ഈ സ്നേഹത്തോട് നമ്മെ സാരൂപ്യപ്പെടുത്താനായാല്‍ നമ്മുടെ ജീവിതങ്ങള്‍ ക്രിസ്തുവിനുള്ളതാണ്. അതു നമുക്കുള്ളതല്ലെന്ന് മെല്ലെ മനസ്സിലാകും. അതിനാല്‍ “ഞാനല്ല, എന്നില്‍ ക്രിസ്തു ജീവിക്കുന്നു,” എന്ന വചനം നമ്മുടെയും ജീവിതാനുഭവമാകും. (ഗലാത്തി. 2, 22).  അതിനാല്‍... ജപമാലരാജ്ഞിയുടെ മാദ്ധ്യസ്ഥ്യം പ്രാര്‍ത്ഥിക്കാം. അനുദിനം വിശുദ്ധിയില്‍ വളര്‍ന്ന് നാം ലോകത്തിന് സുവിശേഷത്തിന്‍റെ മുറിവുണക്കുന്ന സാന്ത്വനശക്തിയുടെയും അനുരജ്ഞനത്തിന്‍റെയും സമാധാനത്തിന്‍റെയും സാക്ഷികളാകട്ടെ!

പ്രഭാഷണത്തിന്‍റെ അന്ത്യത്തില്‍ പ്രേഷിത സമൂഹത്തെ കന്യകാനാഥയ്ക്കു സമര്‍പ്പിച്ചുകൊണ്ട് പ്രാര്‍ത്ഥിച്ചു.
തുടര്‍ന്ന് പാപ്പാ ഫ്രാന്‍സിസ് എല്ലാവര്‍ക്കും അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.  


(William Nellikkal)

03/12/2017 11:34