2017-12-01 13:32:00

ലക്ഷ്യപ്രാപ്തിയില്‍ മാര്‍ഗ്ഗം പ്രധാനം ആര്‍ച്ചുബിഷപ്പ് ഇവാന്‍


മനുഷ്യന്‍ ലക്ഷ്യപ്രാപ്തിക്ക് അനിവാര്യങ്ങളായ നടപടികള്‍ക്കല്ല, പ്രത്യുത, സ്വന്തം പ്രവൃത്തികളുടെ അവസാന ഫലങ്ങള്‍ക്ക് ഊന്നല്‍ നല്കുന്ന പ്രവണതയാണ് പ്രബലപ്പെട്ടുനില്ക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയ്ക്ക് സ്വിറ്റ്സര്‍ലണ്ടിലെ ജനീവ പട്ടണത്തിലുള്ള കാര്യാലയത്തിലും ഇതര രാജ്യാന്തര സംഘടനകളിലും പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ഇവാന്‍ യുര്‍ക്കൊവിച്ച്.

“കായികവിനോദ സമഗ്രതാ ആഗോള സഖ്യ”ത്തിന്‍റെ (SPORT INTEGRITY GLOBAL ALLIANCE) പ്രത്യേക യോഗത്തെ അടുത്തയിടെ (28/11/17) സംബോധനചെയ്യുകയായിരുന്നു അദ്ദേഹം.

ലക്ഷ്യത്തിനുമാത്രം പ്രാധാന്യം കല്പിക്കുന്ന പ്രവണതദൃശ്യമാണെങ്കിലും ഒരു ലക്ഷ്യം നേടണമെങ്കില്‍ കഠിനാദ്ധ്വാനവും പരിശീലനവും, നിശ്ചയദാര്‍ഢ്യവും അര്‍പ്പണമനോഭാവവുമൊക്കെ ആവശ്യമാണെന്ന അവബോധം നമ്മില്‍ പലര്‍ക്കുമുണ്ടെന്ന് വസ്തുത അദ്ദേഹം അനുസ്മരിച്ചു.

ഈ സവിശേഷതകള്‍ തന്നെയാണ് കായികവിനോദത്തിനും പ്രചോദനമേകുന്നതെന്നും പുരാതന കാലം മുതല്‍ തന്നെ കായികവിനോദത്തെ കണ്ടിരുന്നത് മനുഷ്യവ്യക്തിയുടെ പക്വതയ്ക്കും വളര്‍ച്ചയ്ക്കുമുള്ള മാര്‍ഗ്ഗമായിട്ടാണെന്നും ആര്‍ച്ചുബിഷപ്പ് യുര്‍ക്കൊവിച്ച് വിശദീകരിച്ചു.

മനുഷ്യവ്യക്തിയുടെ നൈസര്‍ഗ്ഗിക സ്വഭാവത്തെ നിയന്ത്രിച്ചു നിറുത്താനും വ്യക്തികളെ പൊതുലക്ഷ്യോന്മുഖമാക്കി ഒറ്റക്കെട്ടായി നിറുത്താനും കായികവിനോദങ്ങള്‍ക്കുള്ള ശക്തി അദ്ദേഹം എടുത്തുകാട്ടി.

അങ്ങനെ കായികവിനോദം വ്യക്തിമാഹാത്മ്യവാദത്തെയും സ്വാര്‍ത്ഥതയെയും ജയിച്ചുകൊണ്ട്, എല്ലാ തലങ്ങളിലും, പൊതുനന്മയെ യഥാര്‍ത്ഥത്തില്‍ ഊട്ടിവളര്‍ത്തുന്ന ഏകഘടകമായ സാഹോദര്യത്തിന്‍റെയും ഐക്യത്തിന്‍റെയും യുക്തിക്ക് ഇടം നല്‍കുന്നുവെന്നും ആര്‍ച്ചുബിഷപ്പ് യുര്‍ക്കൊവിച്ച് കൂട്ടിച്ചേര്‍ത്തു. 








All the contents on this site are copyrighted ©.