2017-12-01 13:26:00

കുടിയേറ്റം:കാലത്തിന്‍റെ അടയാളം-ആര്‍ച്ചുബിഷപ്പ് ഇവാന്‍


സാമ്പത്തിക, സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക ജീവിതത്തെ രൂപപ്പെടുത്തുന്ന വന്‍ ശക്തികളില്‍ ഒന്നാണ് കുടിയേറ്റമെന്ന് ഐക്യരാഷ്ട്രസഭയ്ക്ക് സ്വിറ്റ്സര്‍ലണ്ടിലെ ജനീവ പട്ടണത്തിലുള്ള കാര്യാലയത്തിലും ഇതര രാജ്യാന്തര സംഘടനകളിലും പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ഇവാന്‍ യുര്‍ക്കൊവിച്ച് പ്രസ്താവിച്ചു.

കുടിയേറ്റ കാര്യങ്ങള്‍ക്കായുള്ള അന്താരാഷ്ട്ര സംഘടനയുടെ,(OIM) ഒഐഎംന്‍റെ 108-Ͻമത് യോഗത്തെ ജനീവയില്‍ വ്യാഴാഴ്ച(30/11/17) സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കാലത്തിന്‍റെ ഒരടയാളമായ കുടിയേറ്റത്തെ ഒരു ഭീഷണി ആയിട്ടല്ല പ്രത്യുത സമാധാനസംസ്ഥാപനത്തിനുള്ള ഒരുവസരമായി ആത്മവിശ്വാസത്തോടുകൂടി കാണണമെന്ന് ആര്‍ച്ചുബിഷപ്പ് യുര്‍ക്കൊവിച്ച് ഫ്രാന്‍സീസ് പാപ്പായുടെ പ്രബോധനത്തിന്‍റെ അടിസ്ഥാനത്തില്‍ ഓര്‍മ്മിപ്പിച്ചു.

സംഘര്‍ഷങ്ങള്‍, പട്ടിണി, വിവേചനം, പീഢനങ്ങള്‍, കൊടും ദാരിദ്ര്യം, പ്രകൃതിദുരന്തങ്ങള്‍, പരിസ്ഥിതിത്തകര്‍ച്ച തുടങ്ങിയവയില്‍ നിന്ന് പലായനം ചെയ്യുന്നവരെ സ്വാഗതം ചെയ്യേണ്ടതിന്‍റെ അനിവാര്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

മെച്ചപ്പെട്ടൊരു ജീവിതം എന്ന പൊതുവായ ലക്ഷ്യമാണ് പലവിധ കാരണങ്ങളാല്‍ കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും ഉപേക്ഷിച്ച് നാടും വീടും വിടാന്‍ നിര്‍ബന്ധിതരായിത്തീരുന്ന എല്ലാ കുടിയേറ്റക്കാര്‍ക്കും ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ ഈ സഞ്ചാരത്തെ രൂപപ്പെടുത്തുന്നതില്‍ പരിസ്ഥിതിത്തകര്‍ച്ചയ്ക്കും പ്രകൃതിദുന്തങ്ങള്‍ക്കുമുള്ള വര്‍ദ്ധിച്ചുവരുന്ന പങ്കിനെക്കുറിച്ചു സൂചിപ്പിച്ച ആര്‍ച്ചുബിഷപ്പ് യുര്‍ക്കൊവിച്ച്  അതില്‍ പരിശുദ്ധസിംഹാസനത്തിനുള്ള ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.

കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുകയും അവര്‍ക്കും അവരുടെ അവകാശങ്ങള്‍ക്കും സംരക്ഷണം ഉറപ്പുവരുത്തുകയും മനുഷ്യവ്യക്തിയുടെ അനിഷേധ്യാവകാശമായ വികസനം അവരുടെ കാര്യത്തിലും പരിപോഷിപ്പിക്കുകയും അവര്‍ എത്തിച്ചേരുന്ന സമൂഹത്തിന്‍റെ ജീവിതത്തില്‍ അവരെ ഉള്‍ച്ചേര്‍ക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന പരിശുദ്ധസിംഹാസനത്തിന്‍റെ ബോധ്യം അദ്ദേഹം ആവര്‍ത്തിച്ചു വെളിപ്പെടുത്തുകയും ചെയ്തു.








All the contents on this site are copyrighted ©.