സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ലോകം

സ്നേഹപൂര്‍വ്വം കിഴക്കിന്‍റെ പാത്രിയര്‍ക്കിസിന് ഒരു സഭൈക്യസന്ദേശം

Photo file : 24 May 2014. സാഹോദര്യക്കൂട്ടായ്മ ജരൂസലേമില്‍ - AP

01/12/2017 09:53

നവംബര്‍ 30-Ɔ൦ തിയതി വ്യാഴാഴ്ച

വിശുദ്ധ അന്ത്രയോസ് അപ്പസ്തോലന്‍റെ തിരുനാള്‍ സഭ  വ്യാഴാഴ്ച ആചരിച്ചു. മ്യാന്മര്‍ അപ്പസ്തോലിക യാത്രയ്ക്കിടയിലും കിഴക്കിന്‍റെ എക്യുമേനിക്കല്‍ പാത്രിയാര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന് ആശംസാസന്ദേശം അയക്കാന്‍ പാപ്പാ ഫ്രാന്‍സിസ് മറന്നില്ല. തന്‍റെ പ്രേഷിതയാത്രയുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കണമെന്നും സന്ദേശത്തിലൂടെ പാപ്പാ അഭ്യര്‍ത്ഥിച്ചു.

അപ്പസ്തോലന്‍ അന്ത്രയോസ് സാക്ഷ്യപ്പെടുത്തുന്ന കരുണാര്‍ദ്രനും സര്‍വ്വശക്തനുമായ ദൈവത്തിന്‍റെ മനുഷ്യരോടുള്ള സ്നേഹത്തിന്‍റെയും, സഭകള്‍ തമ്മിലുള്ള സാഹോദര്യ കൂട്ടായ്മയുടെയും അടയാളമാണ് ഈസ്താംബൂളിലെ ഓര്‍ത്തഡോക്സ് സഭാകേന്ദ്രത്തിലേയ്ക്ക്  ഈ വര്‍ഷവും വത്തിക്കാനില്‍നിന്നും പ്രതിനിധി സംഘത്തെ അയച്ചതെന്ന് പാപ്പാ സന്ദേശത്തില്‍ രേഖപ്പെടുത്തി. അപ്പോസ്തോലന്മാരായ പത്രോസും അന്ത്രയോസുംവഴി ഇരുസഭകളിലും ദൈവം വര്‍ഷിച്ചിട്ടുള്ള നന്മകളുടെ അടയാളമാണ് ഈ കൂട്ടായ്മയും കൂടിക്കാഴ്ചയും. പത്രോശ്ലീഹായുടെ ജൂണിലെ തിരുനാളില്‍ റോമിലേയ്ക്കും, അന്ത്രയോസ് അപ്പസ്തോലന്‍റെ നവംബറിലെ തിരുനാളില്‍ ഇസ്താംബൂളിലേയ്ക്കും സഭാപ്രതിനിധികള്‍ വന്നു പങ്കെടുക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കുമുള്ള പതിവ് ക്രിസ്തുവിലുള്ള സഹോദര്യബന്ധത്തിന്‍റെ പ്രതീകമാണ്.

ക്രിസ്തുവില്‍നിന്നു കേള്‍ക്കുകയും ഗ്രഹിക്കുകയും അനുഭവിക്കുകയും ചെയ്ത ജീവന്‍റെ  സുവിശേഷമാണ് അപ്പസ്തോലന്മാര്‍ പങ്കുവച്ചത്. അവരുടെ പ്രഖ്യാപനം സ്വായത്തമാക്കാന്‍  സാധിച്ചാല്‍ ക്രിസ്തുവിലൂടെ പിതാവിനോടും പരിശുദ്ധാത്മാവിനോടും നമുക്ക് ഐക്യപ്പെടാനാകും. അങ്ങനെ ക്രിസ്തുവില്‍ ജഞാനസ്നാനപ്പെട്ടവരുടെ ഐക്യവും കൂട്ടായ്മയും ആഗോളതലത്തില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സഭകള്‍ക്കു സാധിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കാം. അതിനായി എന്നും പരിശ്രമിക്കുകയും ചെയ്യാം! (1യോഹ. 1, 1-13). 
ആദ്യനൂറ്റാണ്ടില്‍ത്തന്നെ ഏഴു കൗണ്‍സിലുകളിലൂടെ പരിശുദ്ധ കുര്‍ബ്ബാനയിലും  ഇതര കൂദാശകളിലുമുള്ള വിശ്വാസം അപ്പസ്തോലന്മാര്‍ പഠിപ്പിച്ചത് കിഴക്കിന്‍റെയും പടിഞ്ഞാറിന്‍റെയും സഭകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചത് സഭകളുടെ ഐക്യത്തിന്‍റെയും കൂട്ടായ്മയുടെയും ആഴമുള്ള ഉള്‍പ്പൊരുളായി മനസ്സിലാക്കേണ്ടതാണ്. അതുകൊണ്ട് അപ്പോസ്തോലിക പൈതൃകം അംഗീകരിക്കുന്നതും ആദരിക്കുന്നതും സഭകളുടെ സാഹോദര്യ കൂട്ടായ്മയെ ബന്ധിപ്പിക്കുന്ന വലിയ ഘടകമാണ് (UR, 15). തിരുനാള്‍ ദിനത്തില്‍ ദൈവസ്നേഹത്തിന് നന്ദിപറയുമ്പോള്‍ നമ്മിലുണ്ടാകേണ്ട ഐക്യത്തിന്‍റെ സാക്ഷ്യം ഇന്ന് ലോകത്തിന് അനിവാര്യവും അടിയന്തിരവുമാണ്. ഇങ്ങനെ അനുസ്മരിപ്പിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.


(William Nellikkal)

01/12/2017 09:53