സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

മാര്‍പ്പാപ്പായുടെ 21-ാമത് അപ്പസ്തോലികയാത്ര - നാലാംദിനം

ധാക്കയിലെ ദേശീയ രക്തസാക്ഷി മണ്ഡപത്തില്‍ പാപ്പാ പുഷ്പചക്രം അര്‍പ്പിക്കുന്നു, 30-11-2017 - RV

30/11/2017 16:31

ഫ്രാന്‍സീസ് പാപ്പായുടെ 21-ാമത് അപ്പസ്തോലികപര്യടനത്തിന്‍റെ ആദ്യഘട്ടം അവസാനിച്ചു രണ്ടാം ഘട്ടം ആരംഭിക്കുന്ന ദിനമാണ് പര്യടനത്തിന്‍റെ നാലാംദിനമായ നവംബര്‍ 30-ാം തീയതി.  യംഗോണിലെ സെന്‍റ് മേരീസ് കത്തീദ്രലില്‍ യുവ ജനങ്ങളോടൊത്തുള്ള പ്രഭാത ബലിയര്‍പ്പണത്തിനു ശേഷം പാപ്പാ ബംഗ്ലാദേശിലെ ധാക്കയിലേക്കു തിരിക്കുകയും പ്രാദേശികസമയം ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് അവിടെ എത്തിച്ചേരുകയും ചെയ്തു.  സ്നേഹോഷ്മളമായ യാത്രയയപ്പു സ്വീകരിച്ചു കൊണ്ട് മ്യാന്‍മറിനോടു വിടപറഞ്ഞ പാപ്പായുടെ പൈതൃകസ്നേഹവാത്സല്യങ്ങള്‍ ഏറ്റുവാങ്ങാന്‍ കാത്തിരുന്ന ബംഗ്ലാദേശിലെ സഭാസന്താനങ്ങള്‍ രാജ്യത്തോടൊത്തു ചേര്‍ന്ന് അവിസ്മരണീയമായ സ്വീകരണമാണ് ഒരുക്കിയത്. ചെറിയ അജഗണങ്ങളെതേടി, അതിരുകളിലേക്കെത്തുന്ന പരിശുദ്ധ പിതാവിന്‍റെ യാത്രയുടെ നാലാം ദിനപരിപാടികളുടെ വിവരണം കൊടുക്കുന്നു

1.  പാപ്പായുടെ മ്യാന്‍മര്‍ പര്യടനസമാപനം - യുവജനങ്ങളോടൊത്ത്

മ്യാന്‍മറിലെ പര്യടനവേളയില്‍ പാപ്പാവസതിയായിരുന്ന യംഗോണിലെ അതിമെത്രാസനമന്ദിരത്തില്‍ നിന്ന് ഊഷ്മളമായ യാത്രയയപ്പു സ്വീകരിച്ച് പാപ്പാ അമ്പതുമീറ്റര്‍ മാത്രം അകലെയുള്ള സെന്‍റ് മേരീസ് പള്ളിയിലേക്കു  പ്രാദേശികസമയം രാവിലെ ഒന്‍പതേ മുക്കാലിനു പുറപ്പെട്ടു.  വിശ്വാസികള്‍ക്കിടയിലൂടെ നീങ്ങിയ പാപ്പായെ ജനങ്ങള്‍ ആവേശത്തോടെ ആനന്ദാരവമുയര്‍ത്തി എതിരേറ്റു. 

ഒരു നൂറ്റാണ്ടിലധികമായി വിശ്വാസികള്‍ക്ക് ആത്മീയസങ്കേതമായി നിലകൊള്ളുന്ന യംഗോണ്‍ അതിരൂപതയുടെ കത്തീദ്രലാണ് അമലോത്ഭവമാതാവിന്‍റെ നാമത്തിലുള്ള സെന്‍റ് മേരീസ് ദേവാലയം. മ്യാന്‍മറിന്‍റെ എല്ലാഭാഗത്തുനിന്നുമെത്തിയ ബര്‍മന്‍ പരമ്പരാഗതവേഷങ്ങളണിഞ്ഞ ആയിരക്കണക്കിനു യുവജനങ്ങളുടെ ഉന്മേഷവും സന്തോഷവും തിരതല്ലുന്ന മുഖങ്ങള്‍ കത്തീഡ്രലിനുള്ളിലും പുറത്തുമായി പ്രകാശിച്ചുനിന്നു.  കഷ്ടതകളിലൂടെ തെളിയിക്കപ്പെട്ട വിശ്വാസശബ്ദം, സംഗീതമായി. അങ്ങനെ മ്യാന്‍മറിലെ പാപ്പായുടെ സമാപനപരിപാടി, വിശ്വാസത്തിന്‍റെ വലിയ ആഘോഷമായി മാറുകയായിരുന്നു

ബലിയര്‍പ്പണം 10.15-നാരംഭിച്ചു. അപ്പസ്തോലനായ വി. അന്ത്രയോസിന്‍റെ തിരുനാളിലെ ഈ ബലിയര്‍പ്പണം ലത്തീന്‍, ഇംഗ്ലീഷ്, ബര്‍മീസ് ഭാഷകളിലും വായനകള്‍ ഇംഗ്ലീഷിലും ബെര്‍മീസ് ഭാഷയിലുമായിരുന്നു. വിശ്വാസികളുടെ പ്രാര്‍ഥന തമിഴും ചൈനീസുമുള്‍പ്പെടെ ആറുഭാഷകളിലായിരുന്നു.

റോമാക്കാര്‍ക്കുള്ള ലേഖനത്തില്‍ നിന്നും വി. മത്തായിയുടെ സുവിശേഷത്തില്‍ വായനകളെത്തു ടര്‍ന്ന് പാപ്പാ വചനസന്ദേശം നല്‍കി.   ഇറ്റാലിയന്‍ ഭാഷയില്‍ നല്‍കപ്പെട്ട വചനസന്ദേശത്തിന് തത്സമയ ബര്‍മീസ് പരിഭാഷ നല്‍കുന്നുണ്ടായിരുന്നു. 

''നിങ്ങളുടെ സുന്ദരമായ ഈ രാജ്യത്തെ സന്ദര്‍ശനപരിപാടികള്‍ അവസാനിക്കുന്ന വേളയില്‍, ഈ ദിനങ്ങളില്‍ നാം അനവധിയായ അനുഗ്രഹങ്ങള്‍ക്ക് നിങ്ങളോടൊത്തു ദൈവത്തിനു കൃതജ്ഞത യര്‍പ്പിക്കാന്‍ ഞാനും ചേരുന്നു'' എന്നു പറഞ്ഞുകൊണ്ടാരംഭിച്ച വചനസന്ദേശത്തില്‍ പാപ്പാ പറഞ്ഞു: ''ആദ്യവായനയില്‍ നിന്ന് എന്‍റെ ഉള്ളില്‍ അനുരണനം ചെയ്യുന്ന ഒരു വാക്യം നിങ്ങളുമായി പങ്കു വയ്ക്കുന്നു. ഏശയ്യാപ്രവാചകന്‍റെ ഗ്രന്ഥത്തില്‍നിന്ന് ഉദ്ധരിച്ചുകൊണ്ട് പൗലോസ് ശ്ലീഹാ റോമിലെ യുവക്രൈസ്തവ സമൂഹത്തിന് കുറിച്ച ഈ വാക്കുകള്‍ ഒന്നുകൂടി കേള്‍ക്കാം. ''സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങള്‍ എത്ര സുന്ദരം എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്'' (Rom 10:15; cf. Is 52:7). 

യുവജനങ്ങളെ പ്രത്യേകമായി അഭിസംബോധന ചെയ്തുകൊണ്ട് പാപ്പാ തുടര്‍ന്നു: ''മ്യാന്‍മറിലെ പ്രിയ യുവജനങ്ങളെ, ഇന്നു നിങ്ങളുടെ യുവശബ്ദം കേള്‍ക്കുകയും നിങ്ങളുടെ ആലാപനം ശ്രദ്ധിക്കുക യും ചെയ്തപ്പോള്‍ ഈ വാക്കുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഞാനാഗ്രഹിക്കുന്നു.  അതെ, നിങ്ങള്‍ സ്വാഗത ശബ്ദമാണ്, നിങ്ങള്‍ മോഹനവും ധൈര്യമുണര്‍ത്തുന്നതുമായ കാഴ്ചയാണ്, എന്തെന്നാല്‍ നിങ്ങള്‍, നിങ്ങളുടെ യുവത്വത്തിന്‍റെ നല്ല വാര്‍ത്ത, നിങ്ങളുടെ വിശ്വാസത്തിന്‍റെയും ആവേശത്തിന്‍റെയും സുവിശേഷം ഞങ്ങള്‍ക്കു കൊണ്ടുവരികയാണ്. തീര്‍ച്ചയായും നിങ്ങള്‍ സുവിശേഷമാണ്, എന്തെന്നാല്‍ നിങ്ങള്‍, ക്രിസ്തുവിലുള്ള സഭയുടെ വിശ്വാസത്തിന്‍റെ സമൂര്‍ത്തമായ അടയാളങ്ങളായതിനാല്‍, നിങ്ങള്‍ ഞങ്ങള്‍ക്കേകുന്ന ആനന്ദവും പ്രതീക്ഷയും ഒരിക്കലും അസ്തമിക്കുന്നതല്ല''.

തുടര്‍ന്ന് അവര്‍ണനീയ സഹനങ്ങള്‍ ചുറ്റിലും കാണുമ്പോള്‍ എങ്ങനെ സുവിശേഷത്തെക്കുറിച്ച് സം സാരിക്കാനാവുമെന്നും, യേശുവിന്‍റെ നാമവും മുഖവും എങ്ങനെ അവര്‍ക്കിടയില്‍ സുവിശേഷമാകുന്നുവെന്നും പാപ്പാ വിശദീകരിച്ചു. റോമാക്കാര്‍ക്കുള്ള ലേഖനത്തില്‍ നിന്നുള്ള ആദ്യവായനയിലെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ട് സുവിശേഷപ്രഘോഷണത്തെക്കുറിച്ചുള്ള ആ ചോദ്യങ്ങള്‍ അവരുടെ സവിശേഷ ചിന്തയ്ക്കായി സമര്‍പ്പിച്ച പാപ്പാ, നിങ്ങളുടെ ദൈവവിളി എന്തുതന്നെയായാലും,'ധൈര്യ മുള്ളവരായിരിക്കുക, ഔദാര്യമുള്ളവരായിരിക്കുക, എല്ലാറ്റിനുമുപരി ആനന്ദം നിറഞ്ഞവരായിരിക്കുക' എന്നാഹ്വാനം ചെയ്തു. പാപ്പായുടെ സന്ദേശങ്ങളില്‍ പതിവായിരിക്കുന്നതുപോലെ, ഏവരെയും പരിശുദ്ധ അമ്മയ്ക്കു സമര്‍പ്പിച്ചുകൊണ്ട്, തനിക്കുവേണ്ടി പ്രാര്‍ഥിക്കുന്നതിനു മറക്കരുതേ എന്നപേ ക്ഷിച്ചുമാണ് പാപ്പാ സന്ദേശം അവസാനിപ്പിച്ചത്. 

ദിവ്യബലിയുടെ സമാപനാശീര്‍വാദത്തിനുമുമ്പ് കര്‍ദിനാള്‍ ചാള്‍സ് ബോ പാപ്പായ്ക്ക് ചുരുങ്ങിയ വാക്കുകളില്‍ കൃതജ്ഞതയര്‍പ്പിച്ചുകൊണ്ടു  ''ഇന്ന് സ്നേഹ സമാധാനങ്ങളുടെ ഈ പരിശു ദ്ധ തീര്‍ഥാടനസമാപനത്തില്‍ സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ദൗത്യം യുവജനങ്ങളെ പരിശുദ്ധ പിതാവ് ഭരമേല്‍പ്പിക്കുന്നതിനാല്‍ അത് ഒരിക്കലും അവസാനിക്കുകയില്ല'' എന്ന പ്രത്യാശ പങ്കുവച്ചു. സഭയുടെ ദൗത്യം പ്രത്യാശ പ്രസരിപ്പിക്കുക എന്നതാണെന്നും, പ്രത്യാശയുടെ അപ്പസ്തോലനായ പാപ്പായുടെ പിതൃസ്നേഹത്താല്‍ തങ്ങള്‍ ഏറെ സ്പര്‍ശിക്കപ്പെട്ടുവെന്നും അനുസ്മരിച്ച കര്‍ദിനാള്‍, ഈ രാജ്യത്തിന്‍റെ ചരിത്രം അനുഗൃഹീതമായി, എന്തെന്നാല്‍ അങ്ങയുടെ സന്ദര്‍ശനത്താല്‍ അങ്ങ് ഈ മണ്ണിനെ അനുഗ്രഹിച്ചു എന്ന വാക്കുകളോടെ പാപ്പായോടുള്ള കൃതജ്ഞത അറിയിച്ചു.

ദിവ്യബലിയ്ക്കു ശേഷം ധാക്കയിലേക്കു പോകുന്നതിനുള്ള അടുത്ത ഒരുക്കമായിരുന്നു.  യംഗോണിലെ രാജ്യാന്തരവിമാനത്താവളത്തില്‍ പാപ്പായ്ക്ക് രാഷ്ട്രം ഔദ്യോഗിക യാത്രയയപ്പ് ഒരുക്കിയിരുന്നു. 18 കിലോമീറ്ററിലധികം വരുന്ന രാജ്യാന്തര വിമാനത്താവളത്തിലെത്തിയ പാപ്പാ യാത്രയയപ്പു സ്വീകരിച്ചു ഉച്ചയ്ക്ക് ഒരുമണിയോടുകൂടി വിമാനത്തിന്‍റെ പടവുകള്‍ കയറി മ്യാന്‍മറിനെ ആശീര്‍വദിച്ചു ധാക്കയിലേക്കു യാത്രയായി.  വിമാനത്തില്‍വച്ചായിരുന്നു പാപ്പായുടെ ഉച്ചഭക്ഷണം.

2. ഫ്രാന്‍സീസ് പാപ്പാ ബംഗ്ലാദേശിലെ ധാക്കയിലേക്ക്

റോമിലെ സമയത്തിന് അഞ്ചുമണിക്കൂര്‍ മുന്നോട്ടാണ് ബംഗ്ലാദേശിലെ സമയം.  എന്നു പറഞ്ഞാല്‍, ഇന്ത്യയുടെ സമയരേഖയില്‍ നിന്ന് അരമണിക്കൂര്‍ മുന്നിലാണത്.  പ്രാദേശികസമയം മൂന്നു മണിയോടുകൂടി പാപ്പാ യാത്ര ചെയ്തിരുന്ന ബിമാന്‍ എന്ന ബംഗ്ലാദേശ് എയര്‍ലൈന്‍സിന്‍റെ വ്യോമ വാഹനം ധാക്കയിലിറങ്ങി.

തെക്കനേഷ്യന്‍ രാജ്യമാണ്‌ ബംഗ്ലാദേശ് (Bangladesh). ഇന്ത്യയും മ്യാന്മറുമാണ്‌ അതിർത്തിരാജ്യങ്ങൾ. ഇന്ത്യയിലെ പശ്ചിമബംഗാള്‍ സംസ്ഥാനമെന്നതു പോലെ ബംഗാളി വംശജരുടെ രാജ്യമാണിത്. ഇന്ത്യാ വിഭജനത്തിൽ ബംഗാളിന്‍റെ മുസ്ലീം ഭൂരിപക്ഷ പ്രദേശം പാകിസ്താന്‍റെ ഭാഗമായി തീര്‍ന്നുവെങ്കിലും പാക്കിസ്ഥാനിലെ  ഭരണ കേന്ദ്രത്തിലേയ്ക്കുള്ള ദീര്‍ഘദൂരവും മറ്റു കാരണങ്ങളും ചേര്‍ന്ന് ബംഗ്ലാദേശ് എന്ന സ്വതന്ത്രരാജ്യം ആഗ്രഹിച്ച ജനത 1971-ൽ നടന്ന യുദ്ധത്തിലൂടെ അതു സഫലമാക്കി.

കുറഞ്ഞ ഭൂവിസ്തൃതിയും ഉയർന്ന ജനസംഖ്യയും ബംഗ്ലാദേശിന്റെ പ്രത്യേകതയാണ്. . രാഷ്ട്രീയ അസ്ഥിരതയും അടിക്കടി ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങളും സാമ്പത്തിക ഭദ്രതയെ തകിടം മറിക്കുന്നതിനാല്‍ ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നാണ് ബംഗ്ലാദേശ്. തലസ്ഥാനമായ ധാക്ക ക്രിസ്തുവര്‍ഷം ആയിരത്തോടടുത്ത് പണിചെയ്യപ്പെട്ട പുരാതനനഗരമാണെങ്കിലും ആധുനിക നഗരം ഇരുപതാം നൂററാണ്ടിന്‍റെ ആദ്യപാദത്തില്‍ പണിയപ്പെട്ടതാണ്. ധാക്കയില്‍ അതിരൂപത 1950-ല്‍ സ്ഥാപിതമായി. ഒരു ലക്ഷത്തില്‍ താഴെ മാത്രം കത്തോലിക്കരുള്ള ഈ രൂപതയുടെ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ പാട്രിക് ദ് റോസാരിയോ ആണ്. പത്തൊമ്പത് ഇടവകകളും 44 വൈദികരും ഉള്ള ഈ രൂപതയില്‍  സമര്‍പ്പിതരുടെ സാന്നിധ്യവും പ്രേഷിതപ്രവര്‍ത്തനങ്ങളും ശ്രദ്ധേയമാണ്. സീറോ മലബാര്‍ സഭാംഗവും ചങ്ങനാശ്ശേരി സ്വദേശിയുമായ ആര്‍ച്ചുബിഷപ്പ് ജോര്‍ജ് കോച്ചേരിയാണ് ബംഗ്ലാദേശിലെ അപ്പസ്തോലിക സ്ഥാനപതി, 

വിമാനത്താവളത്തിലെ ഔദ്യോഗിക സ്വീകരണവേളയില്‍, പ്രസിഡന്‍റ് അബ്ദുള്‍ ഹമീദ്, രാഷ്ടീയനേതൃത്വം, സഭാനേതൃത്വം  വിശ്വാസികളുടെ പ്രതിനിധികള്‍ എന്നിവരോടൊത്ത് പരാമ്പരാഗത നൃത്തച്ചുവടുകളുമായി കുട്ടികളും എത്തിയിരുന്നു.  സ്വാഗതഗാനമുതിര്‍ത്ത്, സൈനികബഹുമതികളോടെ, രാഷ്ട്രത്തലവനടുത്ത ആദരവേകി രാജ്യം പാപ്പായെ സ്വീകരിച്ചു.

തുടര്‍ന്ന് പാപ്പാ ആദ്യം സന്ദര്‍ശിച്ചത് ദേശീയ രക്തസാക്ഷി മണ്ഡപമായിരുന്നു. 1971-ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യസമരത്തില്‍ വീരചരമം പ്രാപിച്ചവരുടെ സ്മാരകമായ ഇത് ഏതാണ്ട് സ്തൂപാകൃതിയോടുകൂടിയ 45 മീ. ഉയരത്തിലുള്ള ഒരു നിര്‍മ്മിതിയാണ്.  അവിടെ പാപ്പാ പുഷ്പചക്രം സമര്‍പ്പിച്ചു.  സന്ദര്‍ശകഗ്രന്ഥത്തില്‍ ഒപ്പുവച്ച പാപ്പാ അവിടത്തെ സമാധാനാരാമത്തില്‍ വൃക്ഷത്തെ നടുകയും ചെയ്തു.  പിന്നീട് ബംഗബന്ധു സ്മാരക മ്യൂസിയത്തിലെത്തിയ പാപ്പാ അവിടെ രാഷ്ട്രപിതാവായ ഷേയ്ക്ക്  മുജിബൂര്‍ റഹ്മാന്‍റെ സ്മാരകത്തില്‍ ആദരമര്‍പ്പിച്ചു സന്ദര്‍ശകഗ്രന്ഥത്തില്‍ ഒപ്പുവച്ചു.

വൈകിട്ട് അഞ്ചുമണിയോടുകൂടി രാഷ്ട്രപതിഭവനിലെത്തിയ പാപ്പായ്ക്ക് ഔദ്യോഗിക വരവേല്‍പ്പു നല്‍കി. ഇന്ത്യന്‍-ഇസ്ലാമിക ശില്പകലയുടെ മകുടോദാഹരണമാണ് ബംഗാഫപന്‍ എന്ന പേരിലുള്ള ഈ മന്ദിരം. പ്രസിഡന്‍റ് അബ്ദുള്‍ ഹമീദ് 2013-ലാണ് ബംഗ്ലാദേശിന്‍റെ തലവനായി തെരഞ്ഞെടുക്കപ്പെട്ടത്.  17.30-ന് പ്രസിഡന്‍റുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയ പാപ്പാ, കുടുംബാംഗങ്ങളെ പരിചയപ്പെടുകയും പരസ്പരം സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തു.

പിന്നീട് അവിടെ മറ്റൊരു ശാലയില്‍ സമ്മേളിച്ചിരുന്ന രാഷ്ട്രാധികാരികള്‍, പൗരനേതൃത്വം, സൈനിക മേധാവികള്‍ എന്നിവരുമായി പാപ്പാ കൂടിക്കാഴ്ച നടത്തി. പാപ്പായെയും പാപ്പായോടുത്തുണ്ടായിരുന്ന കര്‍ദിനാള്‍ പാട്രിക് ദ്റോസാരിയോയെയും മറ്റു വിശിഷ്ടാതിഥികളെയും അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്‍റ് സ്വാഗതമരുളി.

അസ്സലാമലൈക്കും എന്ന പ്രാരംഭാശംസയോടെ നല്‍കിയ സ്വാഗതത്തില്‍, ഏറെ ആകാംക്ഷ യോടും ആദരവോടും കൂടി തങ്ങള്‍ പാപ്പായെ വരവേല്ക്കുന്നതിനൊരുങ്ങുകയായിരുന്നു എന്നും, പാപ്പായുടെ സന്ദര്‍ശം, തങ്ങള്‍ ജീവിക്കുന്ന വിവിധ മതസമൂഹങ്ങളുടെ സമാധാനപൂര്‍ണമായ സഹജീവനത്തിന്‍റെ പുരാതനപാരമ്പര്യത്തിന് അംഗീകാരമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.  പ്രധാനമന്ത്രി ഷേയ്ക്ക ഹസീനയുടെ നേതൃത്വത്തില്‍, ദാരിദ്ര്യനിര്‍മാര്‍ജനത്തിനും, ചൂഷണം അവസാനിപ്പിക്കുന്നതിനും, ഒപ്പം, സുസ്ഥിരവികസനലക്ഷ്യങ്ങള്‍ നേടുന്നതിനുമായി അക്ഷീണം പ്രയത്നിക്കുന്നുവെന്ന് അദ്ദേഹം പാപ്പായെ അറിയിച്ചു. പാപ്പായുടെ ലോകത്തോടുള്ള അഭ്യര്‍ഥനകളെ സൂചിപ്പിച്ചും, തങ്ങള്‍ മതസ്വാതന്ത്ര്യം ഏറെ വിലമതിക്കുന്നുവെന്ന് എടുത്തുപറഞ്ഞും അദ്ദേഹം പരിശുദ്ധ പിതാവിനെ ഏറെ ആനന്ദത്തോടും ആദരവോടുംകൂടി സ്വാഗതം ചെയ്തു.

തുടര്‍ന്ന് പാപ്പാ സമ്മേളനത്തെ അഭിസംബോധന ചെയ്തു.

''ബംഗ്ലാദേശിലെ എന്‍റെ പര്യടനാരംഭത്തില്‍ തന്നെ, പ്രിയപ്പെട്ട പ്രസിഡന്‍റ്, ഈ രാജ്യം സന്ദര്‍ശിക്കുന്നതിന് താങ്കള്‍ ദയവോടെ എന്നെ ക്ഷണിച്ചതിനും, താങ്കളുടെ ഔദാര്യപൂര്‍ണമായ സ്വാഗതവചസ്സുകള്‍ക്കും നന്ദിപറഞ്ഞുകൊളളുന്നു'' എന്ന വാക്കുകളോടെയാണ് പാപ്പാ തന്‍റെ സന്ദേശം തുടങ്ങിയത്.  തുടര്‍ന്ന് തന്‍റെ മുന്‍ഗാമികളായ പോള്‍ ആറാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍, എന്നീ പാപ്പാമാരുടെ കാലടികളെ പിന്തുടര്‍ന്നുകൊണ്ട് കത്തോലിക്കാസഹോദരങ്ങളുമൊത്തു പ്രാര്‍ഥിക്കുന്നതിനും, അവര്‍ക്ക് വാത്സല്യവും പ്രോത്സാഹനവുമേകുന്ന സന്ദേശം നല്‍കുന്നതിനുമാണ് താന്‍ ഇവിടെ വന്നിരിക്കുന്നതെന്ന് പാപ്പാ വ്യക്തമാക്കി.

ബംഗ്ലാദേശ് ഒരു ചെറിയ രാജ്യമാണെങ്കിലും പാപ്പാമാരുടെ ഹൃദയത്തില്‍ അതിനു സവിശേഷമായ ഒരു സ്ഥാനമുണ്ടെന്നു ചൂണ്ടിക്കാണിച്ച പാപ്പാ, നദികളും ജലപാതങ്ങളും നിറഞ്ഞ മനോഹരമായ ഈ രാജ്യത്തെ വിവിധ ഭാഷകളും സംസ്ക്കാരങ്ങളും  പാരമ്പര്യങ്ങളും ഇന്നിന്‍റെ രാഷ്ട്രീയ സാമൂഹികമേഖലകളെ സമ്പന്നമാക്കുകയും ഐക്യപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അനുസ്മരിച്ചു.

ഒരു സമൂഹത്തിനോ ഒരു രാഷ്ട്രത്തിനോ തനിയെ ഒറ്റപ്പെട്ട പുരോഗതിയോ അതിജീവനമോ കൈവരി ക്കുക ഇന്നത്തെ ലോകത്തില്‍ അസാധ്യമാണെന്ന് ചൂണ്ടിക്കാട്ടി: ''ബംഗ്ലാദേശിന്‍റെ സ്ഥാപകപിതാക്കന്മാര്‍, പ്രത്യേകിച്ച് ആദ്യപ്രസിഡന്‍റായിരുന്ന രാഷ്ട്രപിതാവ്‍ ഈ തത്വം മനസ്സിലാക്കുകയും അത് ദേശത്തിന്‍റെ ഭരണഘടനയില്‍ ഉള്‍ച്ചേര്‍ക്കുന്നതിനും ശ്രമിച്ചു... യഥാര്‍ഥവും സത്യസന്ധവുമായ സംവാദം ഭാവിയിലേയ്ക്കു നോക്കുന്നതാണ്, അത് പൊതുനന്മയുടെ ശുശ്രൂഷയ്ക്കായി ഐക്യം പടുത്തുയര്‍ത്തുന്നതാണ്... എല്ലാ പൗരന്മാരുടെയും അവകാശങ്ങള്‍, പ്രത്യേകിച്ച്, പാവങ്ങളുടെയും ശബ്ദമില്ലാത്തവരുടെയും അവകാശങ്ങള്‍ക്കായി പരിശ്രമിച്ചുകൊണ്ടുള്ളതാണ്''.  ഈ അടുത്തനാളുകളില്‍ മാനവസ്നേഹത്തിന്‍റെ വ്യതിരിക്തമുദ്ര പതിപ്പിക്കുന്നതിന് ബംഗ്ലാദേശ് സമൂഹത്തിനു കഴിഞ്ഞു എന്ന് പ്രത്യേകമായി അനുസ്മരിച്ച പാപ്പാ ലക്ഷക്കണക്കിന് അഭയാര്‍ഥികളെ സ്വാഗതം ചെയ്ത രാജ്യത്തിന്‍റെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിക്കുന്നതിന് ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തുകയായിരുന്നു.  സന്ദര്‍ശനത്തിന്‍റെ ആദ്യലക്ഷ്യം, കത്തോലിക്കാസമൂഹമാണെങ്കിലും, വിവിധ സഭകളുടെയും വിവിധ മതങ്ങളുടെയും നേതാക്കളുമായി സംവദിക്കുന്നതിനും ലഭിക്കുന്ന അവസരം ഏറെ വിലമതിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി.

ഉന്നതമായ ചുമതലകളുള്ള നിങ്ങളേവരും, നീതിയുടെയും, ശുശ്രൂഷയുടെയും ഉന്നതമായ ആദര്‍ശങ്ങളാല്‍ എപ്പോഴും പ്രചോദിപ്പിക്കപ്പെടട്ടെ എന്നും, നിങ്ങളുടെമേലും, ബംഗ്ലാദേശിലെ എല്ലാ ജനങ്ങളുടെ മേലും, ഐക്യത്തിന്‍റെയും സമാധാനത്തിന്‍റെയും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്നും പ്രാര്‍ഥിച്ചുകൊണ്ടാണ് പാപ്പാ തന്‍റെ സന്ദേശം അവസാനിപ്പിച്ചത്. 

പ്രാദേശികസമയം 6.30-ന് അവിടെ നിന്നു അപ്പസ്തോലിക സ്ഥാനപതിമന്ദിരത്തിലേക്കു തിരിച്ച പാപ്പാ, അവിടെ അത്താഴത്തിനു ശേഷം പ്രാര്‍ഥനയ്ക്കും വിശ്രമത്തിനുമായി നീങ്ങിയതോടെ നവംബര്‍ മുപ്പതാംതീയതിയിലെ സന്ദര്‍ശനപരിപാടികള്‍ക്കു സമാപനമായി.

30/11/2017 16:31